മറച്ചിട്ട
കസേര വീട്
മൂന്ന്
ചെങ്കലിൻ അടുപ്പ്
തുമ്പപ്പൂ
ചോറ്
പിച്ചിപ്പറിച്ചയില
കൂട്ടാൻ
വാഴക്കൂമ്പുടച്ച്
ഉപ്പേരി
ചേമ്പില
കുമ്പിളിൽ നിന്നും
പ്ലാവില
കൈയിലാക്കി
വാഴയിലയിൽ
നീ
ചോറു
വിളമ്പി
ഉണ്ടെഴുന്നേറ്റപ്പോൾ
തണൽ
വിരിച്ച മൂവാണ്ടൻ
മാവിൻ
ചുവട്ടിൽ നീ
പിഞ്ഞിയ
തോർത്ത്
മെത്തയാക്കി
വിരിച്ചു
കാലൊരല്പം
മുടന്തിയ പാവയെ
അരികിൽ
ഉറക്കാൻ കിടത്തി
ഞാനുണ്ടയിലയിൽ
തന്നെ
ഊണു
കഴിച്ച്, പാത്രങ്ങൾ
എടുത്തു
വെച്ച് നീയരികിൽ
വന്നു
കിടന്നു.
നിൻ്റെ
മാറിൻ ചൂടേറ്റ് ശാന്തമായുറങ്ങുന്ന
കുഞ്ഞിൻ്റെ
മുഖം നോക്കി
നമ്മൾ
സ്വപ്ന സൗധങ്ങൾ പണിതു.
പുകയേറ്റു
കലങ്ങിയ
നിൻ്റെ
കണ്ണുകൾക്ക് കരിമഷിയും
കനലേറ്റു വാടിയ
കൈകൾക്ക് കുപ്പിവളകളും
വാങ്ങണമെന്നോർത്ത്
ഞാനൊന്നു
മയങ്ങി.
വീണ്ടുമുണർന്ന്
ജീവിതയാത്രയ്ക്ക്
പാഥേയമൊരുക്കി,
അങ്ങുയരെ
മാവിൻ കൊമ്പിൽ
നിന്നും
നിനക്കായ്
പറിച്ചെടുത്ത
പച്ചമാങ്ങ
തിന്നതിൻ
ചുണയാൽ
പൊള്ളിയ
നിൻ ചുണ്ടിൽ
ഒരുമ്മ
തന്നു യാത്ര പറയവേ
ഇടവഴിക്കപ്പുറത്തേ
പെരുവഴിയിത്ര
കനൽ
നിറഞ്ഞതാണെന്നറിഞ്ഞില്ല
മനോഹരം. കുട്ടിക്കളികളെ ഇടവഴിക്കപ്പുറത്തേക്ക് കനൽ നിറഞ്ഞ പെരുവഴിയിലേക്ക് കൂടെ കൂട്ടി വലിയ ജീവിതാർത്ഥം പറഞ്ഞു വെച്ചു. ഭാവനാപൂർണം, നല്ലെഴുത്ത്.
ReplyDelete