ചേയാ എന്ന പേരു തന്നെയാണ് എന്നെ ആദ്യം ആകർഷിച്ചത്. അച്ഛൻ്റെ മേശപ്പുറത്ത് പുസ്തകമിരിക്കുന്നതു കണ്ടപ്പോൾ വല്ലാത്ത കൗതുകം തോന്നി. അത്യാവശ്യം വായനയും എഴുത്തുമൊക്കെയുള്ള എനിക്ക് ഈ വാക്കിൻ്റെ അർത്ഥമറിയില്ലല്ലോ എന്ന അങ്കലാപ്പിലാണ് പുസ്തകം കൈയിലെടുത്തത്. തീരെ പരിചിതമല്ലാത്ത ഒരു സന്യാസിയുടേതാണ് മുഖച്ചിത്രം .കരുണ നിറഞ്ഞ കണ്ണുകൾ. ഏതെല്ലാമോ ചിന്തകളാൽ കലുഷിതമായ മുഖത്തെ ചുളിവുകൾക്കിടയിലും ശാന്തത ഒളിഞ്ഞിരിക്കുന്നു. ഇദ്ദേഹത്തെ കുറിച്ചാണ് ഈ പുസ്തകമെങ്കിൽ ,ത്യാഗത്തിൻ്റെയും കരുണയുടെയും നിശ്ചയദാർഡ്യത്തിൻ്റെയും അനിതരസാധാരണങ്ങളായ അനുഭവങ്ങൾ അതിൻ്റെ ഉള്ളടക്കത്തിൽ ഉണ്ടാവുമെന്ന് മനസ്സ് പറഞ്ഞു.ആ ഉള്ളറിവ് ശരിയായിരുന്നു എന്ന് പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ തീർച്ചയായി.
ചേയാ എന്ന വാക്കിൻ്റെ അർത്ഥം മുൻവചനമായി തന്നെ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. അത് വായിച്ചപ്പോൾ വിശ്വസിക്കാനാവാതെ തരിച്ചിരുന്നു പോയി.' ഒരു കാലത്ത് താഴ്ന്ന ജാതിയിൽപ്പെട്ടവർ ഉയർന്ന ജാതിക്കാരെ കണ്ടാൽ തിരിച്ചറിയാൻ വിളിച്ചു പറയേണ്ട അടയാളവാക്കായിരുന്നു ' ചേയാ'. അതിനു മറുപടിയായി പറയേണ്ട അടയാള വാക്കാണ് 'ഹോയ്'. അതു കേട്ടാൽ താഴ്ന്ന ജാതിക്കാർ വഴി മാറിക്കൊടുക്കണമെന്നായിരുന്നു സാമൂഹിക രീതി'. തൊട്ടുകൂടായ്കയെക്കുറിച്ചൊക്കെ അനേകം കഥകൾ കേട്ടിട്ടുണ്ടെങ്കിലും ,താഴ്ന്ന ജാതിക്കാർ ഇത്തരമൊരു വാക്ക് വിളിച്ചു പറയണമെന്നത് ആദ്യമായി അറിയുകയായിരുന്നു. ആ വാക്കിൻ്റെ പ്രഹര ശേഷി എന്നെ വല്ലാതെ തളർത്തി.
ഒരു മനുഷ്യൻ എവിടെ, ആരിലൂടെ, ഏതു നിറത്തിൽ ജനിക്കണമെന്നത് അവന് നിശ്ചയിക്കാനാവില്ല. എന്നാൽ നിറത്തിൻ്റെയും ജാതിയുടെയും മതത്തിൻ്റെയുമൊക്കെ പേരിൽ മാറ്റി നിർത്തപ്പെടണമെന്ന സാമൂഹിക നീതി മനുഷ്യനിർമിതമാണ്. ഞാൻ അധകൃതനാണ് എന്ന് സ്വയം വിളിച്ചു പറയേണ്ടി വരുന്ന വലിയ വിഭാഗം ജനങ്ങൾ ഈ സമൂഹത്തിലുണ്ടായിരുന്നു എന്ന ഒർമപ്പെടുത്തൽ എന്നിൽ നടുക്കമുണ്ടാക്കി.
ചേയാ എന്ന രണ്ടു വാക്കുകൾ ഉറക്കെ പറഞ്ഞ് സ്വയം മാറി നിൽക്കേണ്ടി വരുന്ന ഒരു സമൂഹത്തിനെ സൃഷ്ടിച്ചവരുടെ മനസ്സ്, അത് ഏത് ഉന്നതകുലജാതരുടേതായാലും , എത്രമാത്രം നീചവും, ജീർണവും സങ്കുചിതവുമാവും.
രണ്ടു വാക്കുകളിലൂടെ അവർ നമുക്കിടയിൽ പണിതുയർത്തിയ കൂറ്റൻ മതിലുകൾ കുറേയൊക്കെ തകർക്കപ്പെട്ടിട്ടുണ്ടെങ്കിലും ,അതിൻ്റെ,മറികടക്കാനാവാത്ത അനേകം അവശിഷ്ടങ്ങൾ ഇന്നും ബാക്കിയുണ്ട് എന്നതാണ് സത്യം .
ജാതിയുടെയും നിറത്തിൻ്റെയും പേരിൽ പടുത്തുയർത്തിയ അനേകം മതിലുകളെ തകർത്തു കളയുകയെന്നത് ജീവിത വ്രതമാക്കി മാറ്റിയ മഹാമനസ്ക്കനായിരുന്നു സ്വാമി ആനന്ദതീർത്ഥർ എന്ന് പുസ്തകം വായിച്ചപ്പോൾ മനസ്സിലായി .
എന്നിട്ടും ഞാൻ അദ്ദേഹത്തെ അറിയാതെ പോയത് എന്തു കൊണ്ടാവാം? അയിത്തോച്ചാടനം എന്നു കേൾക്കുമ്പോൾ എൻ്റെ മനസ്സിലേക്ക് കയറി വരുന്ന ചിത്രങ്ങളിലൊന്നും ഈ പേരുണ്ടായിരുന്നില്ല എന്നതാണ് സത്യം . വാക്കിനെക്കാൾ ഏറെ പ്രവൃത്തിയെ തൻ്റെ ജീവിത സപര്യയാക്കിയതു കൊണ്ടാവാം അദ്ദേഹം അധികം അറിയപ്പെടാതെ പോയത്. അനുയായികൾക്ക് ഉദ്ധരിക്കാൻ പാകത്തിൽ അദ്ദേഹം മഹത് വചനങ്ങളൊന്നും എഴുതി വെച്ചിട്ടുണ്ടാവില്ല. എന്നാൽ അദ്ദേഹത്തിൻ്റെ നിരന്തരമായ കർമ ധീരതയാൽ ഉയർത്തപ്പെട്ട അനേകം ആളുകളുടെ മനസ്സിൽ അദ്ദേഹം ഏറ്റുവാങ്ങിയ ശാരീരികവും മാനസികവുമായ പീഡനങ്ങളുടെ മുറിയും നോവും ഒരിക്കലും മാറാത്ത മായാത്ത ഓർമകളായി ആദരവായി എന്നും നിറഞ്ഞു നിൽക്കുന്നുണ്ടാവും. ഒരിക്കലും തളരാത്ത പ്രയത്നത്താൽ ആ കൂറ്റൻ മതിലിൻ്റെ ഏതാനും ഭാഗങ്ങളെങ്കിലും പൊളിക്കാൻ കഴിയുമ്പോൾ, ചേയാ എന്നു സ്വയം വിളിച്ചു പറയാതെ ,സവർണ രഥമുരുളുന്ന ജീവിതത്തിൻ്റെ പൊതുവഴിയിലേക്ക്, തൊട്ടുകൂടാത്തവർ എന്നു മുദ്രകുത്തപ്പെട്ടവർ നെഞ്ചുയർത്തി കയറി നിൽക്കുമ്പോൾ, അദ്ദേഹത്തിൻ്റെ ജീവിതം ധന്യമാവുന്നു .
ചരിത്രവും പഠനങ്ങളുമൊക്കെ ഏതാനും മഹത് വ്യക്തികളിലേക്ക് മാത്രമൊതുങ്ങുമ്പോൾ , അനേകം സമരങ്ങൾക്കും ചെറുത്തുനിൽപ്പുകൾക്കും നേതൃത്വം കൊടുത്ത സ്വാമി ആനന്ദതീർത്ഥരെ പോലെയുള്ളവരെ നാം അറിയാതെ പോകുന്നു. മാനുഷിക മൂല്യങ്ങൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഇത്തരം അപൂർവ വ്യക്തിത്വങ്ങളെക്കുറിച്ച് പല തലമുറകൾ അറിയേണ്ടത് ചരിത്രപരവും സാമൂഹികവുമായ ആവശ്യമാണ്. ആ കർത്തവ്യം ഈ പുസ്തകത്തിൻ്റെ രചയിതാവായ ആർ. ഉണ്ണിമാധവൻ വളരെ ഭംഗിയായി നിറവേറ്റിയിരിക്കുന്നു . സ്വാമിജിയെ പോലെയുള്ളവരുടെ ജീവിതത്തിൽ നിന്നും എന്ത് മാറ്റിവെയ്ക്കണം എന്നത് ഒരു എഴുത്തുകാരനെ കുഴപ്പിക്കുന്ന കാര്യമാണ്. എന്നാൽ സ്വാമിജിയുടെ ജീവിതത്തിലെ ഏറ്റവും പ്രസക്തമായ എല്ലാം ഭാഗങ്ങളും വളരെ കൃത്യത്തയോടെ അവതരിപ്പിച്ചു എന്നതാണ് ഈ പുസ്തകത്തിൻ്റെ വിജയം. ഈ പുസ്തകം വായിക്കുമ്പോൾ അസാമാന്യനായ ഒരു മനുഷ്യ സ്നേഹിയെ അറിയാൻ കഴിഞ്ഞതിലുള്ള അതിയായ സന്തോഷവും, ഒരു നല്ല പുസ്തകം വായിക്കാൻ കഴിഞ്ഞതിലുള്ള സുഖവും ഞാൻ അനുഭവിക്കുന്നു.
മുഴുവനായിട്ടല്ലെങ്കിലും , ഞാനിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് പിന്നിൽ സ്വാമിജിയെ പോലുള്ളവരുടെ ആത്മത്യാഗമുണ്ടെന്ന അറിവിന് മുന്നിൽ ഞാൻ വിനയപൂർവം തല കുനി ക്കുന്നു. ഈ പുസ്തകം വായിച്ചിട്ടില്ലെങ്കിൽ അത് എനിക്കൊരു വലിയൊരു നഷ്ടമാകുമായിരുന്നു. ചേയാ എന്ന വാക്ക് നമുക്കിടയിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ടെങ്കിലും ആ വാക്ക് ഉൾക്കൊള്ളുന്ന വിവേചനത്തിൻ്റെയും വിദ്വേഷത്തിൻ്റെയും ഉണങ്ങാത്ത വേരുകൾ, വീണ്ടുമൊരു വിഷവൃ ക്ഷമായി വളരാനുള്ള അവസരം കാത്ത് മണ്ണിൻ്റെ അടുരുകൾക്കുള്ളിൽ പതിയിരിക്കുന്നുണ്ട്. ആ വിദ്വേഷം മനുഷ്യ മനസ്സുകളിൽ നിന്നും പാടെ നീക്കം ചെയ്യപ്പെടണമെങ്കിൽ സ്വാമിജിയെ പോലുള്ളവരുടെ ആത്മത്യാഗത്തിൻ്റെ കഥകൾ നാം കൂടുതൽ അറിയണം. ആ കഥകൾ കൂടുതൽ ആളുകളിലേക്ക് എത്തണം. അതിന് ഇത്തരം പുസ്തകം കൂടുതൽ പേർ വായിക്കണം.
സങ്കുചിതമായ ജാതി മത ചിന്തകൾക്കതീത്തമായി ,സ്നേഹത്തിൻ്റയും സമത്വത്തിൻ്റെയും ഒരു ലോകം വിഭാവനം ചെയ്യുന്നവർക്ക് ഈ പുസ്തകം വലിയ പ്രചോദനമാവും.