ഒരു കുളിമുറി പാട്ടുകാരൻ
എസ്.പി.ബിയെ ഓർക്കുമ്പോൾ.
എന്നെ പോലൊരാൾക്കും എസ്.പി.ബിയെ
കുറിച്ച് പറയാനുണ്ട് എന്നതാവും അദ്ദേഹത്തിന്റെ മഹത്ത്വം.
ചെറുപ്പത്തിൽ സിനിമ കാണാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. സാമ്പത്തികമാണ് പ്രശ്നം. എങ്കിലും തച്ചോളി അമ്പുവും, പടയോട്ടവും ഒക്കെ വരുമ്പോൾ അച്ഛൻ എല്ലാവരെയും കൊണ്ടുപോകും. നേരെത്തെ പോയി ക്യു നിന്ന് സെക്കന്റ് ഷോ കാണും . അച്ഛന്റെ ഒരു സഹപ്രവർത്തകൻ എല്ലാ സിനിമയും കാണുമായിരുന്നു. അവർ രണ്ടു പേരും ജോലിക്കാരായതു കൊണ്ട് മാത്രമാണ് അവർക്കു അതിനു കഴിഞ്ഞത്. സിനിമ കണ്ടു വന്നു അവരുടെ കുട്ടികൾ അതിന്റെ കഥ പറയുമ്പോൾ ഞങ്ങൾക്കു അസൂയ തോന്നുമായിരുന്നു.
അങ്ങിനെ ഒരു ദിവസമാണ് അവർ ശങ്കരാഭരണം എന്നൊരു സിനിമ വന്നിട്ടുണ്ടെന്നും ,അത് തീർച്ചയായും കാണണമെന്നും പറയുന്നത്. തെലുങ്കിൽ നിന്നും മലയാളത്തിലാക്കിയ സിനിമ, പോരാത്തതിന് പരിചയമുള്ള ഒരു നടനോ നടിയോ ഇല്ല. എനിക്ക് സിനിമ കാണാൻ വലിയ താത്പര്യം തോന്നിയില്ല. പക്ഷെ കുറെ പാട്ടുകൾ ഉണ്ടെന്നു കേട്ടപ്പോൾ കാണണം എന്ന് തോന്നി .
സിനിമ കണ്ടപ്പോൾ എനിക്ക് കഥയൊന്നും കാര്യമായി മനസിലായില്ല. പക്ഷെ സിനിമ കണ്ടു പുറത്തിറങ്ങിയപ്പോൾ പാട്ടുകൾ കൂടെ പോന്നു. അന്ന് പാട്ടൊക്കെ ഇഷ്ടംപോലെ കേൾക്കാനുള്ള സൗകര്യമൊന്നുമില്ല. എങ്കിലും ഏതാനും ദിവസങ്ങൾ കൊണ്ട് എവിടെ നോക്കിയാലും ശങ്കരാഭരണത്തിലെ പാട്ടുകൾ. അതും "ശങ്കര" എന്ന പാട്ട് എല്ലാവരുടെയും മനസ്സ് കവർന്നു.പലയിടത്തിനു നിന്നും കേട്ട് വരികൾ ഹൃദ്യസ്ഥമാക്കി. പക്ഷെ പാടാൻ ധൈര്യമില്ല. നല്ല ശാസ്ത്രീയമായ അടിത്തറയുണ്ടെങ്കിൽ മാത്രം പാടാൻ കഴിയുന്ന പാട്ടുകൾ.
പാട്ട് പഠിക്കണം എന്നത് വലിയ ആശയായിരുന്നു. എന്നാൽ അന്നൊക്കെ അതൊന്നും ചിന്തിക്കാൻ പോലും കഴിയാത്ത മോഹങ്ങളാണ്. അടുത്ത വീട്ടിലെ കുട്ടികൾ പാട്ടു പഠിക്കുന്നുണ്ടായിരുന്നു . ഒരു ശനിയാഴ്ച അവരെ കളിക്കാൻ വിളിക്കാൻ പോയപ്പോൾ അവർ അകത്തു പാട്ട് പഠിക്കുന്നത് കേട്ടു . ടീച്ചറുടെ മനോഹരമായ ശബ്ദവും, സംഗീതത്തിന്റെ മാന്ത്രികതയും എന്നെ അവിടെ പിടിച്ചിരുത്തി . ക്ലാസ്സു കഴിയുന്നത് വരെ ഞാൻ ഉമ്മറത്തിരുന്നു. മറ്റൊരു ദിവസവും അങ്ങിനെ ഉണ്ടായി. പിറ്റേന്നു അമ്മയെന്നോട് ഇനിമുതൽ ആ വീട്ടിലേക്കു പോകണ്ടായെന്നു പറഞ്ഞു. ഞാൻ ഉമ്മറത്തിരുന്നു, ഫീസ് കൊടുക്കാതെ പാട്ട് പഠിക്കുന്നു എന്ന് ടീച്ചർക്ക് ആക്ഷേപമുണ്ടത്രേ. അത് ടീച്ചറുടെ അഭിപ്രായം തന്നെ ആയിരുന്നോ എന്ന് എനിക്ക് ഇന്നും ഉറപ്പില്ല.
എന്തായാലും ഓട്ടകീശയുമായി ഒരു സിംഹത്തിന്റെ മടത്തേടി അലഞ്ഞതൊന്നുമില്ല. അപ്പോഴാണ് ആ വാർത്ത അറിയുന്നത്. ശങ്കരാഭരണം എന്ന സിനിമയിൽ പാടിയ ആൾ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല. അദ്ദേഹത്തെ കുറിച്ച് വീണ്ടും കുറെ കഥകൾ. അദ്ദേഹത്തിന്റെ പേര് എസ്. പി. ബാലസുബ്രഹ്മണ്യം എന്നാണ് . പേര് ഓർമിച്ചു വെക്കാൻ കഴിഞ്ഞില്ല. യേശുദാസ്, ജയചന്ദ്രൻ, ഏറിയാൽ കിഷോർ, റാഫി എന്നൊക്കെ കേട്ട് പഠിച്ചവന് ഇതൊരു കടിച്ചാൽ പൊട്ടാത്ത പേരായിരുന്നു. ( ജയചന്ദ്രന് പോലും അന്ന് ഇനിഷ്യൽ ഇല്ല).പക്ഷെ ആ വാർത്ത വലിയൊരു പ്രോത്സാഹനമായി . അന്ന് തന്നെ, കുളിക്കാൻ കയറിയപ്പോൾ , അത് വരെ പാടാൻ മടിച്ചിരുന്ന " ശങ്കരാ " എന്ന പാട്ട് തൊണ്ടതുറന്നു പാടി. പക്ഷെ , ശാസ്ത്രീയ സംഗീതം പഠിക്കാത്ത ആ വലിയ പേരുകാരൻ അനായാസമായി പാടിയ പാട്ട് പാടാൻ കഴിയാതെ ഞാൻ വഴിയിൽ ഇടറി നിന്നു . എങ്കിലും അതൊരു വലിയ പ്രചോദനമായിരുന്നു. കുളിമുറിയിൽ കയറി ഏതു പാട്ടും സങ്കോചമില്ലാതെ പാടാൻ തുടങ്ങി.
യേശുദാസിനും , ജയചന്ദ്രനും തരാൻ കഴിയാത്ത ഒരു ധൈര്യം ആ പുതിയ പാട്ടുകാരന് തരാൻ കഴിഞ്ഞു. മറ്റുള്ള പാട്ടുകാർ നമുക്കൊന്നും സ്വപ്നം കാണാൻ കഴിയാത്ത ഉയരത്തിലാണ് എന്ന് തോന്നിയിരുന്ന സമയത്താണ് " നിനക്കും പാടാം" എന്ന പറയുന്ന പോലെ ഒരു പാട്ടുകാരൻ വരുന്നത് .
ആ ലാളിത്യമാകാം എന്നെ ആ പാട്ടുകാരനോട് കൂടുതൽ അടുപ്പിച്ചത് . പിന്നെ അദ്ദേഹത്തെകുറിച്ചറിയുന്നത് ഹിന്ദി പാട്ടുകളിലൂടെയാണ്.
" തേരെ മേരെ ബീച്ച് മേ " എന്ന് പാടി അദ്ദേഹം വന്നപ്പോൾ അക്ഷരാത്ഥത്തിൽ , നമ്മൾ തമ്മിലുള്ള ഈ ബന്ധം എത്ര അജ്ഞാതമാണ് എന്ന് ഓർത്തുപോയി. യേശുദാസിന്റെ ഉച്ചാരണ ശുദ്ധിയോ ,അക്ഷര സ്ഫുടതയോ ഇല്ലാത്ത ആലാപനം. തികച്ചും ഒരു മദ്രാസി ഹിന്ദി പാടുന്നത് പോലെ. എന്നിട്ടും ആ പാട്ട് , പ്രേക്ഷകരുടെ ഇതുവരെ അറിയാത്ത ഏതൊക്കെയോ തന്ത്രികളിൽ തൊട്ടു.ഓരോ തവണ കേൾക്കുമ്പോഴും പാട്ടിന്റെ സാന്ദ്രതയും, സൗന്ദര്യവും കൂടി കൂടി വന്നു. അത് മറ്റൊരു സൗകര്യത്തിനു വഴിതെളിച്ചു. ഉച്ചാരണത്തിന്റെ പോരായ്മ ഭയക്കാതെ പാടാൻ കുറച്ചു ഹിന്ദി പാട്ടുകൾ കിട്ടി.അതിനു മുമ്പ് , ഹിന്ദി പാട്ടുകൾ പാടുമ്പോൾ ഉച്ചാരണത്തിലെ മലയാളി ചൊവ നമുക്കുതന്നെ അരോചകമായി തോന്നിയിരുന്നു. ആ സിനിമയിലെ പാട്ടുകൾ ഹിറ്റ് ആയത്തോടു കൂടി ആ ബുദ്ധിമുട്ടും മാറി കിട്ടി. അപ്പോഴേക്കും ഇന്ത്യയിൽ തന്നെ അദ്ദേഹം അറിയപ്പെടുന്ന ഗായകനായി മാറിയിരുന്നു. നീണ്ട, പരിചയമില്ലാത്ത പേര് ഉച്ചരിക്കാനുള്ള വിഷമം ഒഴിവാക്കാൻ, അവർ അദ്ദേഹത്തെ എസ്. പി. ബി എന്ന് വിളിച്ചു തുടങ്ങി. ഒന്നോർത്താൽ മറ്റൊരു ഗായകനും കിട്ടാത്ത ഒരു അംഗീകാരമാണ് അത്. മുഹമ്മദ് റാഫിയെന്നും, മലേഷ്യ വാസുദേവനെന്നും, കമുകറ പുരുഷോത്തമനെന്നും, ലത മങ്കേഷ്കറെന്നും ,ആശ ബോൺസ്ലെ എന്നുമൊക്കെ ഗായിക ഗായകന്മാർ അറിയപെടുന്നിടത്താണ് ഒരാൾ മൂന്ന് ഇനീഷ്യലായി അംഗീകരിക്കപ്പെടുന്നത് . ഒരാളുടെ പേര് ഇനീഷ്യലായി ചുരുങ്ങുമ്പോൾ അയാൾ നമ്മുടെ മനസ്സിൽ വളർന്നു വലുതാവും എന്നതിന് ഉദാഹരണമാണ് എസ്.പി.ബി
പിന്നീട് ബോംബയിൽ ചെന്ന് ധൈര്യസമേതം ഹിന്ദി പാട്ടുകൾ പാടുമ്പോൾ പലരും ,നിങ്ങൾ എസ്. പി. ബിയെ പോലെയാണ് പാടുന്നത് എന്ന് പറയാറുണ്ട്. അദ്ദേഹത്തിന്റെ അപാരമായ സംഗീത സിദ്ധിയുടെ ഏഴയലത്തു പോലുമെത്താത്ത നമുക്കു ഇത്തരം പ്രോത്സാഹനങ്ങൾ കിട്ടുന്നത്, ദക്ഷിണേന്ത്യൻ ഉച്ചാരണ സവിശേഷതയെ, അസാധാരണമായ തന്റെ കഴിവുകൊണ്ട് , ഹിന്ദി ഉച്ചാരണവുമായി അതി മനോഹരമായി അദ്ദേഹം കൂട്ടിച്ചേർത്ത് കൊണ്ട് മാത്രമാണ്.
പിന്നെ അദ്ദേഹത്തിനെ കുറിച്ച് എന്തൊക്കെ കഥകൾ കേട്ടു. ഗാനമേളയിലേ കുസൃതികൾ, കൂടെ ഉപകരണകൾ വായിക്കുന്ന ഓരോ കലാകാരനോടുമുള്ള കരുതൽ, ബഹുമാനം, അദ്ദേഹത്തിന്റെ മനുഷ്യ സ്നേഹം, ഓടക്കുഴൽ വായിക്കുമ്പോൾ ശ്രുതി തെറ്റിയ കലാകാരന് വേണ്ടി വീണ്ടും ആ പാട്ടു പാടിയ മഹാമനസ്സു, ഡോളിയിൽ തന്നെ ഏറ്റി മലകയറുന്നവരുടെ കാല് തൊട്ടു നമസ്കരിക്കുന്ന ഭക്തി, ലാളിത്യം, സഹപാട്ടുകാരോടുള്ള സ്നേഹം. അങ്ങിനെ എത്ര കഥകൾ. എവിടെ ചെന്നാലും എസ്,.പി.ബി ഊർജത്തിന്റെ ഉറവിടമാകും . അദ്ദേഹം പറയുന്നതെല്ലാം ഹൃദയത്തിൽ നിന്നുമായതു കൊണ്ട് അതിനു അസാധാരണമായ ആഴവും, അർത്ഥവും ഉണ്ടാവും. അതൊന്നും അഭിനയമായിരുന്നില്ല. ഒട്ടും കളങ്കമില്ലാത്ത മനസിന്റെ സ്വാഭാവികമായ പ്രതികരണങ്ങൾ മാത്രമായിരുന്നു അതൊക്കെ. അദ്ദേഹത്തിനെ അങ്ങിനെ പെരുമാറാനെ കഴിയൂ.
അതുകഴിഞ്ഞാണ് വേറൊരു കഥകേൾക്കുന്നത് - അദ്ദേഹം ഐസ് ക്രീമും, ചോക്കലേറ്റും കഴിക്കും, പുകവലിക്കും, മദ്യം കഴിക്കും. അത്തരം കഥകളുടെ സത്യാവസ്ഥ അറിയാൻ ശ്രമിക്കാറില്ല . ഒരു ഗായകനാകാൻ ഒഴിച്ചുകൂടാൻ കഴിയാത്ത എന്തൊക്കെ വേണമെന്നു നമ്മേ പറഞ്ഞുപഠിപ്പിച്ച എല്ലാത്തിനെയും പൊളിച്ചെഴുതുന്ന ഒരു മഹാപ്രതിഭയുടെ അപ്രസക്തങ്ങളായ കഥകളുടെ പിന്നാലെ എന്തിനു പോകണം. ജീവിതം ഒരു ആഘോഷമാക്കിയ ഒരു വ്യക്തി അങ്ങിനെയൊക്കെ ചെയ്തില്ലെങ്കിലെ അത്ഭുതമുള്ളു. ഒരു ഐസ് ക്രീം കഴിച്ച , അല്ലെങ്കിൽ രണ്ടു പെഗ് അടിച്ചിരിക്കുന്ന എസ് .പി.ബിയുടെ വായ തുറന്നാൽ അവിടെ ഒരു നാദപ്രപഞ്ചത്തിന്റെ സൗന്ദര്യം മുഴുവൻ കാണാൻ കഴിയുമായിരുന്നു. അതുകൊണ്ടു തന്നെ , പാടണമെങ്കിൽ ഐസ് ക്രീമും ,മദ്യവുമൊക്കെ ഉപേക്ഷിക്കണമെന്നു ഉപേദേശിച്ചവർക്കു ,എസ്, പി .ബിയുടെ ഉദാഹരണം കാട്ടിക്കൊടുത്തു.
ചുരുക്കത്തിൽ എന്നെ പോലുള്ള കുളിമുറി പാട്ടുകാർക്ക് അദ്ദേഹം നൽകിയ പ്രോത്സാഹനത്തിന്റെ കുറിച്ച് അദ്ദേഹം തന്നെ അറിയുന്നുണ്ടാവില്ല. പാടാൻ ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറ വേണമെന്ന് നിർബന്ധമില്ല എന്ന അറിവ്, ഏതുഭാഷയിലും ഉള്ള പാട്ടുകൾ തന്റെ തന്നെ ഉച്ചാരണത്തിൽ പാടാനുള്ള കഴിവ്, മനസ്സിൽ സംഗീതത്തോട് അഗാധമായ സ്നേഹമുണ്ടെങ്കിൽ കഠിനമായ ചര്യകളും, നിഷ്ഠകളും ആവശ്യമില്ലെന്നു പറയാൻ കാണിച്ച ധൈര്യം, അതൊക്കെ മതിയായിരുന്നു കുളിമുറിയിൽ കയറി എല്ലാം മറന്നു പാടാൻ.
കോവിഡ് നമ്മിൽ നിന്നും എന്തൊക്കെയോ തട്ടിയെടുക്കുന്നു. എങ്കിലും നമുക്ക് ഏറെ പ്രിയപ്പെട്ട ഈ പാട്ടുകാരനെ തന്നെ വേണമെന്ന് അതു എന്തിനാണ് ശഠിച്ചതു എന്ന് മനസിലാവുന്നില്ല. ചിലതങ്ങിനെയാണ് , നമ്മുടെ ഏറ്റവും പ്രിയപ്പെട്ടത് തട്ടിയെടുക്കുമ്പോഴെ അതിനു തൃപ്തിയാവൂ .
ദുഃഖമല്ല തോന്നുന്നത്. ദുഃഖം സമയത്തോടൊപ്പം അലിഞ്ഞില്ലാതെയാവും . എന്നാൽ ഉള്ളിൽ തോന്നുന്നത് വേദനയാണ്. അത് ഒരിക്കലും മാഞ്ഞുപോകില്ല. ഒരു മുറിവായി , നീറ്റലായി അത് എന്നും ഉള്ളിൽ ഉണ്ടാവും . അതിനു ഒരു മറുമരുന്നേയുള്ളൂ , എസ് .പി. ബിയെന്ന മൂന്നക്ഷരവും, അദ്ദേഹം പാടി അനശ്വരമാക്കിയ ആയിരകണക്കിന് പാട്ടുകളുടെ സ്വാന്ത്വനവും.
ഇനിയുള്ള ശിഷ്ടകാലം പാടാൻവേണ്ടി നാല്പത്തിനായിരിത്തിലേറെ പാട്ടുകൾ ബാക്കിവെച്ചിട്ടാണ് അദ്ദേഹം പോയത്. അതുധാരാളമാണ്. എങ്കിലും , അദ്ദേഹത്തിന്റെ ആ ചിരി, സ്റ്റേജിലെ തമാശകൾ, പാട്ടിൽ കൊണ്ടുവരുന്ന അത്ഭുതകരമായ ശ്രുതിഭേദങ്ങൾ , കൂടെപാടുന്നവരെ , ഉപകരണങ്ങൾ വായിക്കുന്നവരെ ചേർത്തുപിടിക്കുന്ന ആ ഊഷ്മളത, ഭൂമിയോളം താഴ്ന്ന ആ ലാളിത്യം , ഇതൊക്കെ ഇനി ഉണ്ടാവില്ലലോ എന്നോർക്കുമ്പോൾ , ആരെയും അത്ഭുതപെടുത്തുന്ന സ്വരഭേദങ്ങളോടെ , അനുഗ്രഹീതമായ ആ ശബ്ദത്തിൽ ഇനി ഒരു പുതിയ പാട്ട് കേൾക്കാൻ കഴിയില്ലലോ എന്ന സത്യമറിയുമ്പോൾ മനസ്സിൽ എന്തോ കൊളുത്തി വലിക്കുന്ന ഒരു വേദന.
രാജേഷ് ആത്രശ്ശേരി
No comments:
Post a Comment