Sunday, July 30, 2023

കുഞ്ഞി വായിലെ ലോകം



ആകുലമായ വാർത്തകൾ ചുറ്റിലും,

മതവും, മാംസവും, മതിലും രണ്ടു തട്ടിലാക്കിയവർ

കോറിയിടുന്ന ആസുര ചിത്രങ്ങൾ .

 മഹാവ്യാധിയിൽ ഒറ്റപ്പെട്ടു പോയവർ .

പ്രളയത്തിൽ മാത്രം ഒന്നിക്കുന്നവർ.

വയ്യാ, ഒരു പുറത്തിനപ്പുറം വായിക്കുവാൻ, പത്രത്താളിൽ നിന്നും തലയുയർത്തി നോക്കുമ്പോൾ കണ്ടു അടുത്ത വീട്ടിലെ രണ്ടവയസ്സുകാരി മുറ്റത്തോടി കളിക്കുന്നു.

കുറുമ്പിയാണവൾ

കുസ്യതിക്ക് കാൽതളയിട്ട വൾ

ചിന്തയിൽ ഇനിയും കറ പുരളാത്തോൾ

ആനാകുലമായി കുലുങ്ങി ചിരിപ്പവൾ

വെറുതെ വിളിച്ചാൽ ഓടിയെത്തും

അവൾക്കില്ലയതിരുകൾ,

പൂക്കൾ നുള്ളിയും

പൂമ്പാറ്റകളെ തൊട്ടും

അവൾ പാറി നടക്കും

അടുക്കള മണം കേട്ടാൽ അവളിങ്ങോട്ടെത്തും 

അയലത്തെ കിങ്ങിണ്ണി പൂച്ച കരഞ്ഞാലങ്ങോട്ടോടും

അടുത്ത വീട്ടിലെ ചേച്ചിക്കും ചേട്ടനുമൊപ്പം മഴയത്ത് കടലാസ്സ് തോണികളിറക്കും.

കാത്തിരിക്കാറുണ്ട് ഞങ്ങളവളെ,

അവൾക്കായ് തുറന്നിടും വാതിലുകളെപ്പോഴും,

കുഞ്ഞിച്ചെരുപ്പിന്റെ കീ കീ ഒച്ചയ്ക്കായ് കാതോർക്കും,

കൂട്ടിലെ സ്ഫടിക ഭരണിയിൽ മധുരങ്ങൾ കരുതും,

അവളുടെ ചിരിയും കൊഞ്ചലും ഉള്ളുണർത്തും,

അവളിലൂടെ ഭാവിയുടെ പാൽനിലാവു കാണും


എന്നാൽ , ഇന്നലെ മുറ്റത്തു കളിക്കുമ്പോൾ അവൾ വാരി വിഴുങ്ങിയ ഒരു പിടി മണ്ണു മാറ്റുവാനവളുടെ

കുഞ്ഞി വായ പിളർന്നപ്പോൾ കണ്ടു,

നാം ഒന്നല്ലെന്നു പറഞ്ഞാർത്തും കയർത്തുമാ യുധമേറ്റിയോർ തീർത്ത

രണനദികൾക്കിടയിൽ, അറുത്തു വാങ്ങിയ പെരുവിരൽ പോലെ വല്ലാതെ

ചുരുങ്ങിപ്പോയ, ചോരയുറഞ്ഞ മണ്ണിൽ കുരുങ്ങിയ ഒരു മഹാരാജ്യം.

Friday, July 28, 2023

ഉൾവാതിൽ

 


ഉൾവാതിലിന് വല്ലാത്ത ഞെരുക്കം.

തുറക്കാനുമടയ്ക്കാനും ബലം.

എണ്ണയിട്ടു, വിജാഗിരി മാറ്റി

എന്നിട്ടും, തുറക്കുമ്പോൾ

അത് പ്രതിഷേധിച്ചു.

"എപ്പോഴുമുള്ളിൽ തന്നെ

 അടച്ചിരുന്നിട്ടാണ്.

ഇടയ്ക്കെങ്കിലും തുറക്കണം

നാലാളെ വിളിച്ചകത്തു കയറ്റണം", വിദഗ്ധൻ പറഞ്ഞിട്ടും മനസ്സനുവദിച്ചില്ല.

ഒടുവിൽ,  തുറക്കാതെ തുരുമ്പിച്ചയുള്ളം മാറ്റിവെച്ചു.

പുതിയ സാങ്കേതിക വിദ്യയാണ്.

തുറന്നിട്ടാൽ താനെയടയും

താക്കോൽ എപ്പോഴും കൈയിൽ വേണം.

ഇന്ന്,മഴ കണ്ട ആഹ്ളാദത്തിൽ

വാതിൽ തുറന്നിറങ്ങി

താക്കോൽ മറന്നു

വാതിലടഞ്ഞു

എന്നിൽ നിന്നും ഞാനും

പുറത്തായി

Wednesday, July 5, 2023

മഴയത്ത്

 മഴയത്ത്

ഉൾച്ചൂടിന്റെ പുതപ്പിൽ

മൂടി പുണർന്നു കിടക്കണം

കട്ടിലിനോരത്തെ 

ജാലകച്ചില്ല തുറക്കണം

മഴ തഴുകിയുണർത്തിയ

ഇലച്ചാർത്തുകൾ കാണണം

ഇണതേടി പറന്നൊരു

പക്ഷിയുപേക്ഷിച്ചു

പോയ, കുതിർന്ന

ഒരു തൂവൽ തേടണം

എന്നോയടഞ്ഞുപ്പോയ

ഈ ചെപ്പിലേക്കോർമ്മയുടെ

മഞ്ചാടിമണി വീഴണം

ഇറയത്തിറ്റു വീഴും

മഴത്തുള്ളിതൻ താളത്തിൽ

മോഹിച്ചൊരാൾ വരുന്നതിൻ

പദസ്വനം കേൾക്കണം

ആകാശമാകെ നിറഞ്ഞ

ഘനശ്യാമ ഭംഗിയിൽ

മനസ്സിൽ ഒളിച്ചു വെച്ച

മയിൽപ്പീലികളൊക്കെ വിരിയണം

കരളിലൊളിപ്പിച്ച കനവുകളൊക്കെ

കനലായ് എരിയണം

ഉൾത്താപത്തിലാണ്ട്

മയങ്ങിയുണരും വിയർപ്പിൽ

പ്രണയത്തിന്റെ സൗഗന്ധിക

സൗരഭമുണ്ടാവണം

Thursday, June 29, 2023

മാങ്കോസ്റ്റീൻ ക്ലബ്

 


 

അനുഭവം പങ്കുവെയ്ക്കാതിരിക്കാൻ കഴിയില്ല. സംഗീതവും സിനിമയും നെഞ്ചേറ്റി നടക്കുന്ന ഒരു പറ്റം ചെറു ബാല്യക്കാരുടെ കൂട്ടായ്മയാണ് മാങ്കോസ്റ്റീൻ. കഴിഞ്ഞ മൂന്നു വർഷത്തിൽ അവർ കുറച്ച് മ്യൂസിക്കൽ വീഡിയോകളും, ഹ്രസ്വ സിനിമകളുമൊക്കെ ചെയ്തു. വളരെ സമകാലീന പ്രസക്തിയുള്ള വിഷയങ്ങളാണ് അവർ തിരഞ്ഞെടുക്കുക. അവരുടെ എല്ലാ വർക്കുകളുടെയും നൈതികതയും, ആത്മാർത്ഥയും, രാഷ്ട്രീയവും, ക്രിയത്മകതയും , സുതാര്യതയും എന്നെ ആകർഷിച്ചിട്ടുണ്ട്.

അവരുടെ കൂട്ടത്തിലെ ഒരു ചെറുപ്പക്കാരൻ എന്റെ പ്രിയ സുഹൃത്തിന്റെ മകനാണ്. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോഴാണ് അവനിൽ സിനിമാ ഭ്രമം ആവേശിച്ചത്. സാമ്പ്രദായികമായ വിദ്യാഭ്യാസം വേണ്ടെന്നു വെച്ച് അവൻ സിനിമയുടെ വഴിയിലേക്കിറങ്ങിയപ്പോൾ അവന്റെ അച്ഛൻ അനുഭവിച്ച ആധി ഞാൻ അടുത്തു നിന്നറിഞ്ഞിട്ടുണ്ട്. മക്കൾ ഉയർച്ചയുടെ പടവുകൾ പടിപടിയായി കയറി പോകണമെന്ന ആധുനിക കാല സമവാക്യവുമായി ചേർന്നു പോകുന്നതായിരുന്നില്ല തീരുമാനം. സാമ്പത്തികമോ സാമൂഹികമോ ആയ ഒരു സുരക്ഷയും ഉറപ്പു നൽക്കാത്ത മേഖലയാണ് സിനിമ . അവിടെ ചുവടുറപ്പിക്കുക എളുപ്പമല്ല. അവൻ ഇഷ്ടപ്പെട്ട വഴിയിലൂടെ നടക്കട്ടെ എന്ന് സുഹൃത്തിനോട് പറയുമ്പോഴും ഉള്ളിൽ ഭയവും അരക്ഷിതത്വവും ഉണ്ടായിരുന്നു. സുഹൃത്തും സിനിമാ ഭ്രാന്തനായതുകൊണ്ട് തീരുമാനമെടുക്കാൻ വലിയ പ്രയാസമുണ്ടായില്ല.

ഇങ്ങനെ വ്യത്യസ്തമായ വഴിയെ പോകണമെന്നു ശാഠ്യം പിടിച്ച പല സുഹൃത്തുക്കളുടെ മക്കളും പാതിവഴിയിൽ പകച്ച് എവിടെയുമെത്താതെ ലക്ഷ്യമറ്റവരായതിന്റെ അനേകം അനുഭവങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ അവരുടെ ആഗ്രഹത്തിന്റെ തീവ്രതയും, അവർ എത്തിച്ചേരുന്ന കൂട്ടായ്മകളുടെ ക്രിയാത്മകതയും അവരുടെ വളർച്ചയിൽ വലിയ പങ്കു വഹിക്കുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രത്യുഷ് സംവിധാനം ചെയ്ത ചില ഹ്രസ്വ സിനിമയിൽ നിന്നും പ്രത്യുഷിന്റെ സിനിമയോടുള്ള പ്രണയം ഞാനറിഞ്ഞിരുന്നു. പ്രത്യുഷ് ഭാഗമായ മാക്കോസ്റ്റീൻ എന്ന കൂട്ടായ്മയെ കുറിച്ച് സുഹൃത്താണ് പറഞ്ഞത്. അവരുടെ ചില ഷോർട്ട് ഫിലിംസ് കണ്ടപ്പോൾ വലിയ പ്രതീക്ഷയും തോന്നി.

മാങ്കോസ്റ്റീൻ ക്ലബിന്റെ മൂന്നാം വാർഷികവും, അവരുടെ പുതിയ ഹ്രസ്വ സിനിമയായ" കാതലോര"ത്തിന്റെ റിലീസും ആഘോഷിക്കുന്ന ചടങ്ങിലേക്ക് അവിചാരിതമായാണ് ഞാൻ എത്തുന്നത്. കോഴിക്കോട് ബീച്ചിലുള്ള തക്കാര ഹോട്ടലിന്റെ പിറകലുള്ള ഹാളിലാണ് പരിപാടി. ഞാൻ ഒരല്പം മുമ്പെത്തി. ഹാളിലേക്ക് കയറിയപ്പോൾ ഞാനൊന്ന് അമ്പരന്നു. യൗവനതീക്ഷണമായ ഊർജ്ജം പ്രസരിപ്പിക്കുന്ന ഒരു കൂട്ടം ആളുകൾ. മുടി വളർത്തിയവർ, അത് കെട്ടിവെച്ചവർ, താടി നീട്ടിയവർ, അലസമായ വസ്ത്രം ധരിച്ചവർ, ഉറക്കെ സംസാരിച്ചും, ചിരിച്ചും പരസ്പരം കെട്ടിപിടിക്കുന്നവർ. അവർക്കിടയിൽ തല നരച്ച ഞാനും. ഒട്ടും പരിചിതമല്ലാത്ത ഒരിടത്തിൽ ചെന്നു പെട്ടപ്പോൾ ഞാൻ പകച്ചു. പ്രത്യുഷ് വന്ന് കെട്ടി പിടിച്ചാണ് എന്നെ അകത്തേക്ക് കൂട്ടി കൊണ്ടു പോയത്. സ്പർശത്തിലെ ഊഷ്മളത ഹൃദയത്തെ തൊട്ടു.

നൂറുകണക്കിന് ചെറുപ്പക്കാർ അവിടെ ഒത്തു കൂടിയിരുന്നു. തീർത്തും അനാർഭാടമായ സജ്ജീകരണങ്ങൾ. അനൗപചാരികമായ ചടങ്ങുകൾ. ക്ലബിലെ ഒന്നു രണ്ടു പേർ അവരുടെ പ്രവർത്തനത്തെ കുറിച്ച് പറഞ്ഞു. കൃത്യം ഏഴു മണിക്ക് സിനിമ പ്രകാശിപ്പിച്ചു. സ്വവർഗ പ്രണയത്തിന്റെ ആത്മാവ് ഒപ്പിയെടുത്ത ഒരു കൊച്ചു ദൃശ്യ കവിത. അതിന്റെ അണിയറ പ്രവർത്തകരൊക്കെ വളരെ വികാരാധീതരായി സംസാരിച്ചു. അവരുടെ സംസാരത്തിലെ ആത്മാർത്ഥത എന്നെ വല്ലാതെ സ്പർശിച്ചു. ഒട്ടും ജാഡയില്ലാത്ത ഹൃദയ ഭാഷ. എങ്കിലും അതിൽ അവരുടെ കഴിവിനെ കുറിച്ചുള്ള വിശ്വാസം പ്രകടമായിരുന്നു. സിനിമ കഴിഞ്ഞപ്പോൾ എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുന്നതു കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. അപൂർവമായി ലഭിക്കുന്ന ജൈവവാസനകളെയും ക്രിയാത്മകതയേയും അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും അവർ കാണിക്കുന്ന സത്യസന്ധതയിൽ ഞാൻ പുതിയ തലമുറയുടെ സൗവർണ രശ്മികൾ വിടരുന്നത് കണ്ടു. സ്നേഹത്തിന്റെയും കരുതലിന്റെയും അദൃശ്യമായ ഒരിഴ അവിടെ കൂടിയിരുന്ന എല്ലാവരേയും കോർത്തിണക്കിയ പോലെ തോന്നി. പങ്കുവെയ്ക്കലിനു ശേഷം അവർ തന്നെ എഴുതി ചിട്ടപ്പെടുത്തിയ കുറെ പാട്ടുകൾ അവർ പാടി. ആർദ്രവും ആഴവുമുള്ള വരികൾ. ലളിതമായ സംഗീതം. ഹൃദയത്തിൽ തൊടുന്ന താളരാഗലയം. സത്യമായും എനിക്കവരെ കുറിച്ച് വലിയ അഭിമാനം തോന്നി. ചെറുപ്രായത്തിൽ തന്നെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന ക്രിയാത്മകതയ്ക്ക് പലതരത്തിൽ രൂപം നൽകാൻ അവർക്ക് കഴിയുന്നുണ്ട് എന്നത് ചെറിയ നേട്ടമല്ല.

അവരുടെ പ്രായത്തിൽ എനിക്കൊക്കെ നഷ്ടമായത് ഇത്തരമൊരു കൂട്ടായ്മയാണ് എന്ന് അവർക്കിടയിൽ ഇരുന്നപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. എല്ലാ രംഗത്തിലും പെട്ട ആളുകളും അവരുടെ കൂട്ടായ്മയുടെ ഭാഗമാണ് എന്നതാണ് ക്ലബിന്റെ സവിശേഷത. അവർക്കിടയിൽ തന്നെ കഥാകൃത്തും, സംവിധായകനും, ഛായാഗ്രാഹകനും, ഗാനരചയിതാവും, സംഗീത സംവിധായകനും, വസ്ത്രാലങ്കാര വിദഗ്ധരും, പാട്ടുകാരനുമൊക്കെയുണ്ട്. ഇവരുടെ കൂട്ടായ പരിശ്രമത്തിൽ നിന്നാണ് ഓരോ വർക്കും പിറവിയെടുക്കുന്നത്. ഇവരുടെ ചിന്തയുടെയും, രാഷ്ട്രീയത്തിന്റെയും, ഭാവനയുടെയും മനോഹരമായ ഒരു സമ്മേളനം ഇവർ അണിയിച്ചൊരുക്കുന്ന ഓരോ ആൽബത്തിലും പ്രകടമാണ്.

 

പ്രത്യൂഷിന്റെ പല ചിത്രങ്ങളിൽ നിന്നും അവനിലെ സംവിധായകനെ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ പക്വമായി വരുന്ന അവനിലെ കലാകാരനെ കൂടുതൽ മിനുക്കിയെടുക്കാൻ കൂട്ടായ്മക്കു കഴിഞ്ഞു എന്ന് എനിക്കന്നു മനസ്സിലായി. പരസ്പരം ഊർജ്ജവും പ്രോത്സാഹനവും പകർന്ന് ഓരോ വ്യക്തിയിലേയും കലാകാരനെ കൂടുതൽ പൊലിപ്പിച്ചെടുക്കാൻ മാങ്കോസ്റ്റീൻ ക്ലബിന് കഴിയുന്നുണ്ട് എന്ന് നിസ്സംശയം പറയാൻ കഴിയും.

മറ്റൊരു പ്രധാന കാര്യം അന്നവിടെ കൂടിയവരിൽ ആരും തന്നെ മദ്യത്തിന്റെ യോ മറ്റു ലഹരി വസ്തുക്കളുടെയോ സ്വാധീനത്തിൽ ആയിരുന്നില്ല എന്നതാണ്. നാലാൾ കൂടുന്നിടത്ത് മദ്യത്തിന്റെ അഥവാ ലഹരിയുടെ സാന്നിധ്യം അനിവാര്യമായ ഒരു കാലത്താണ് ഇവർ വ്യത്യസ്തരാവുന്നത്. അവരുടെ സ്വകാര്യ നിമിഷങ്ങളിൽ അവരത് ആസ്വദിക്കുന്നുണ്ടാവാം. എന്നാൽ, ഇത്തരം ഒരു പരിപാടിക്ക് ഇന്ധനമാവാൻ ലഹരി വേണ്ട എന്ന തീരുമാനം അഭിനന്ദനം അർഹിക്കുന്നു. സിരകളിൽ സിനിമയും സംഗീതവും ഒഴുകുന്നവർക്ക് മറ്റു ലഹരിയുടെ ആവശ്യമുണ്ടാവില്ല.

ഞാനിത് എഴുതാനുള്ള കാരണങ്ങൾ ചിലതാണ്. ഒന്ന്,നിങ്ങളുടെ മക്കൾ കലയുടെ പാതയിലേക്ക് പോകാൻ താത്പര്യം കാണിക്കുന്നുണ്ടെങ്കിൽ അവരെ തീർത്തും നിരുത്സാഹപ്പെടുത്തരുത്. അവർക്ക് കലയോട് തീവ്രമായ മോഹവും അവർക്കു ചുറ്റും സമാന ചിന്തയുള്ള സുഹൃത്തുക്കളും ഉണ്ടെങ്കിൽ അവർക്ക് രംഗത്ത് വിജയിക്കാനാവും.

രണ്ട്, മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും പിടിയിലമരുന്ന പുതിയ തലമുറയെ കുറിച്ച് ആശങ്കപ്പെടുമ്പോൾ അത്തരം പ്രലോഭനങ്ങളെ അവഗണിക്കാൻ കഴിയുന്ന ഇതു പോലെയുള്ള ചെറുപ്പക്കാരെ കാണാതെ പോകരുത്. ഇവർ, മറ്റുള്ളവരുമായി പങ്കുവെയ്ക്കാവുന്ന നല്ല ഉദാഹരണമാണ്.

മൂന്ന്, മക്കൾ തിരഞ്ഞെടുക്കുന്ന വഴിയിലൂടെ , അവർക്കൊപ്പം ഒരല്പ ദൂരം മാതാപിതാക്കളും നടന്നാൽ, അവർ വഴി തെറ്റാതിരിക്കാൻ അത് ഒരു വലിയ പരിതി വരെ സഹായിക്കും.

നാല്, ക്രിയാത്മകത മനസ്സിലുള്ളവർ ഒത്തു ചേർന്നാൽ അവർക്ക് മനോഹരമായ കലാരൂപങ്ങൾ സൃഷ്ടിക്കാനാവും

അഞ്ച് , ഇങ്ങിനെയും ഒരു കൂട്ടം ചെറുപ്പക്കാർ സമൂഹത്തിൽ ഉണ്ടെന്ന് ഉറക്കെ പറയേണ്ടത് കാലത്തിന്റെ ഒരാവശ്യമാണ്.

മാങ്കോസ്റ്റീൻ മരത്തിനെ വിഖ്യാതമാക്കിയത് ബേപ്പൂർ സുൽത്താനാണ്. അദ്ദേഹത്തെ പോലെ തന്നെ, മറ്റൊരു മാങ്കോസ്റ്റീന്റെ മരത്തണലിൽ ഇരുന്ന് വലിയൊരു ദുനിയാവ് സ്വപ്നം കാണുന്നവരാണ് ചെറുപ്പക്കാർ. ഒന്നും ഒന്നും കൂട്ടി ഇമ്മിണി വല്ല്യൊരു ഒന്ന് ഉണ്ടാക്കാനാണ് ഇവർ ശ്രമിക്കുന്നത്.

വാണിജ്യ ലോകത്തെ വർഷാവസാന കണക്കെടുപ്പിൽ ചിലപ്പോൾ ഇവരുടെ ബാലൻസ് ഷീറ്റ് ടാലി ആയില്ല എന്നു വരാം. എന്നാൽ ഇവരുടെ ഏറ്റവും പുതിയ ഷോർട്ട് ഫിലിമായ " കാതലോരം" രണ്ടാഴ്ച കൊണ്ട് അമ്പതിനായിരത്തിലധികം ആളുകൾ കണ്ടു എന്നത് പ്രതീക്ഷ നൽകുന്നു. മാങ്കോസ്റ്റീൻ ക്ലബിന്റെ തരുശാഖകളിൽ ഇനിയും വസന്തത്തിന്റെ തളിരിലകൾ നിറയട്ടെ.

Sunday, May 21, 2023

തുഞ്ചൻപ്പറമ്പിൽ

 

തുഞ്ചൻപ്പറമ്പിൽ

 

കഴിഞ്ഞ ദിവസം, സുഗതകുമാരി ടീച്ചറുടെ വീടിനെ കുറിച്ച് വാർത്ത വന്നപ്പോൾ, പ്രിയ സുഹൃത്ത് പി. സുധാകരൻ ഫേസ്ബുക്കിൽ, നമ്മൾ എങ്ങിനെയാണ് എഴുത്തുകാരേയും, കലാകാരൻമാരേയും ആദരിക്കുന്നത് എന്നതിനെ പറ്റി ഒരു കുറിപ്പ് ഇട്ടിരുന്നു. അവസരത്തിൽ,, ഒരിക്കൽ ഡെൻമാർക്കിൽ പോയപ്പോൾ, ഹാൻ ആൻഡേഴ്സന്റെ സ്മാരകമായി മാറ്റിയ പഴയ വീട്ടിലേക്ക് എന്നെ അവിടെ ഉള്ളവർ അഭിമാനത്തോടെ കൊണ്ടുപോയത് ഞാൻ ഓർത്തിരുന്നു. അടുത്തിടെ , 'ഒരു രാജ്യം എഴുത്തുകാരനെ ആദരിക്കുന്ന വിധം ' എന്ന ഒരു ലേഖനവും ഒരു വാരികയിൽ വന്നു.

 ഇതൊക്കെ ഓർക്കാൻ കാരണം, മലയാളത്തിന്റെ പ്രിയ കാഥികനായി അറിയപ്പെടുന്ന എം.ടി യുടെ നവതി ആഘോഷത്തിന്റെ ഭാഗമായി നാലഞ്ചു ദിവസമായി തുഞ്ചൻപറമ്പിൽ നടക്കുന്ന പരിപാടിയിൽ പങ്കു ചേർന്നപ്പോഴാണ്.

 എം.ടിയെ കുറിച്ച് അനേകം കഥകളും അനുഭവങ്ങളും പറഞ്ഞും, വായിച്ചും അറിഞ്ഞിട്ടുണ്ട്. അതിൽ കൂടുതലായി ആർക്കെങ്കിലും എന്തെങ്കിലും പറയാനും പങ്കുവെയ്ക്കാനും ഉണ്ടാവുമെന്നു ഞാൻ കരുതുന്നില്ല.

 എന്നിട്ടും ഒരു നേരമെങ്കിലും പരിപാടികളുടെ ഭാഗമാകണം എന്നു തോന്നിയത്, ഒരു കലാകാരനെ സമൂഹം ആദരിക്കുമ്പോൾ അതിൽ പങ്കു ചേരണം എന്നു തോന്നിയതു കൊണ്ടു മാത്രമാണ്.

 കലയെ പൊതുവേയും, എഴുത്തിനെ പ്രത്യേകിച്ചും അവഗണിക്കുന്ന കാലത്ത്; സാമൂഹ്യ മാധ്യമങ്ങളിൽ നാലു വരിയെഴുതിയാൽ പോലും പ്രസിദ്ധനാകുന്ന സമയത്ത്; ചാറ്റ് ജി പിടി എഴുത്തുകാരന്റെ കസേര തട്ടിയെടുക്കുന്ന നേരത്ത്, ഒരു എഴുത്തുകാരനെ ആദരിക്കാൻ നാലഞ്ചു ദിവസങ്ങൾ മാറ്റിവെയ്ക്കുന്നത് ഒരുപാട് പ്രതീക്ഷ നൽകുന്നു എന്നതിന് തർക്കമുണ്ടാവില്ല.

ഇത്ര വലിയ ഒരാദരം മറ്റൊരു മലയാളി എഴുത്തുകാരന് കിട്ടുമോ എന്ന് എനിക്കുറപ്പില്ല. ഇനി വരാൻ പോകുന്ന തലമുറയിലും അങ്ങനെ ഒരെഴുത്തുകാരൻ ഉണ്ടാകുമോ എന്നും ഉറപ്പില്ല.

 എന്നാലും, ഓരോ കലാകാരനും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമൂഹത്തിന്റെ ആദരവും സ്നേഹവും അർഹിക്കുന്നുണ്ട്. അതു പ്രകടമാക്കാനുള്ള ഉത്തരവാദിത്വം നമ്മൾ ഓരോ വ്യക്തിക്കൾക്കും ഉണ്ട്.

 എല്ലാവർക്കും ഇത്ര വിപുലമായ സ്നേഹാദരം കിട്ടുമോ എന്ന് ഉറപ്പില്ല. എന്നാൽ ഒരു ചിത്രകാരന്റെ ചിത്ര പ്രദർശനം കണ്ടും, നർത്തകിയുടെ നൃത്തം ആസ്വദിച്ചും, എഴുത്തുക്കാരന്റെ പുസ്തകം വായിച്ചുമൊക്കെ നമുക്കാ ആദരവും സ്നേഹവും പ്രകടിപ്പിക്കാം.

 നാലഞ്ചു ദിവസമായി തുഞ്ചൻപ്പറമ്പിൽ നടക്കുന്ന ഉത്സവം, മനുഷ്യ മനസ്സിൽ നിന്നും, കലയോടും സാഹിത്യത്തോടുമൊക്കെയുള്ള സ്നേഹം, പൂർണമായും വറ്റി പോയിട്ടില്ല എന്നതിന് തെളിവാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

  ആഘോഷങ്ങൾ ഏതാനും വ്യക്തികളിൽ മാത്രം ഒതുങ്ങാതെ , കലാ ലോകത്തുള്ള എല്ലാവർക്കും വേണ്ടിയും, അത് പലവിധത്തിൽ ആണെങ്കിൽ കൂടി, ആവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

 തുഞ്ചൻ പറമ്പിൽ എത്തിച്ചേർന്ന ഉത്സാഹികളെ കണ്ടപ്പോൾ , എഴുത്തും വായനയുമൊക്കെ ഇനിയും കുറേ ദൂരം കൂടി സഞ്ചരിക്കുമെന്ന ഒരുറപ്പ് എനിക്കുണ്ടായി.

 വാൽക്കഷ്ണം: അവിടെ വന്നു പോകുന്ന അനേകം പ്രശസ്തർക്കിടയിലും, വിനീത് എന്ന നടന്റെ ചുറ്റിലുമായിരുന്നു ഏറ്റവും വലിയ ആൾക്കൂട്ടമെന്നത് ഒരു സ്വാഭാവികതയായി കണ്ട് ഞാൻ കണ്ണടച്ചു.

 

Thursday, April 20, 2023

മാറഴകിന്റെ വ്യഥകൾ

 

 

 

കഴിഞ്ഞാഴ്ചയാണ് B32 മുതൽ 44 വരെയെന്ന സിനിമ കണ്ടത്. അന്ന് പ്രദർശനത്തിന്റെ അവസാന ദിവസമായിരുന്നു. പുറത്ത്, സിനിമാകാശം, വിഷു റിലീസുകളുടെ മഴവെള്ള പാച്ചിലിന് തയ്യാറാവുകയായിരുന്നു. സ്ത്രീകൾക്കു വേണ്ടി, സ്ത്രീകളാൽ ഒരുക്കിയ സ്ത്രീ പക്ഷ സിനിമ എന്നൊക്കെയായിരുന്നു പ്രചാരണം. പൊതുവേ അത്തരം സിനിമകൾ കാണാറില്ല. അവ വേഗം മടുപ്പിക്കും. എന്നാൽ സംരംഭത്തെ ഒരു ടിക്കറ്റു കൊണ്ടെങ്കിലും പിന്തുണയ്ക്കണം എന്നു തോന്നിയതു കൊണ്ടാണ് കാണാൻ പോയത്. പ്രവൃത്തി ദിവസം ഉച്ചയ്ക്കും സിനിമാശാലയിൽ കുറേ ആളുകളെ കണ്ടപ്പോൾ സന്തോഷം തോന്നി.

സ്ത്രീ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എഫ്.ഡി.സി നിർമ്മിക്കുന്ന സിനിമയാണ് എന്ന സവിശേഷത സിനിമയ്ക്കുണ്ട്. അതു കൊണ്ട് തന്നെ ഇതൊരു സ്ത്രീപക്ഷ സിനിമയാണ് എന്ന വിധത്തിലാണ് പ്രചരിച്ചിരുന്നത്. ഇത് തീർച്ചയായും സ്ത്രീകളെ കുറിച്ചുള്ള സിനിമയാണ്. എന്നാൽ, സിനിമ സ്ത്രീകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നതാണ് അതിന്റെ മേന്മ.

 വളരെ ലളിതവും സത്യസന്ധവുമായ ഒരു സിനിമയാണിത്. വിഷയം സ്ത്രീയാകുമ്പോൾ ഒരു പാട് മെലോഡ്രാമയ്ക്കും, വയലൻസിനുമൊക്കെ ഏറെ സാധ്യതയുണ്ട്. അടുത്ത കാലത്തിറങ്ങിയ പല സ്ത്രീ പക്ഷ സിനിമകളിലും , പുരുഷനെ ശാരീരികമായി അടിച്ചിടുന്ന സ്ത്രീ കഥാപാത്രങ്ങളെ കണ്ട് പ്രേക്ഷകർ കൈയടിച്ചതാണ്. എന്നാൽ അതിവൈകാരികതയുടേയും, കായികബലത്തിന്റെയും കെണിയിൽ വീഴാതെ വളരെ സൗമ്യമായി ഏതാനും സ്ത്രീകളുടെ ജീവിതം വരച്ചു കാട്ടാനാണ് തിരക്കഥാക്കൃത്തു കൂടിയായ സംവിധായിക ശ്രമിക്കുന്നത്. അതവർ, ഒരു തുടക്കകാരിയുടെ പതറിച്ച ഒട്ടുമില്ലാതെ, രണ്ടു മണിക്കൂറിനുള്ളിൽ പറഞ്ഞു തീർത്തു.

അതു പോലെ തന്നെ സ്ത്രീകളുടെ മറിടത്തിന്റെ വലിപ്പ ചെറുപ്പകളിലൂടെ കഥ പറയാൻ ശ്രമിക്കുമ്പോൾ തിരക്കഥാകൃത്തിനും, സംവിധായികയ്ക്കും നല്ല കൈയൊതുക്കം വേണം. അതവർക്ക് വേണ്ടുവോളമുണ്ട് എന്ന് സിനിമ തെളിയിക്കുന്നു

 തുടക്കം മുതൽ തന്നെ പ്രേക്ഷകരെ സിനിമയിലേക്ക് പിടിച്ചു നിർത്താൻ അതിന്റെ കഥയ്ക്കും, ശില്പഭദ്രതയ്ക്കും, സംവിധാന മികവിനും, അഭിനയ തികവിനും കഴിയുന്നുണ്ട്.

 പറയുന്ന കഥയ്ക്ക് വലിയ പുതുമയൊന്നും അവകാശപ്പെടാനില്ല എന്നത് സത്യമാണ്. എന്നാൽ നാം കണ്ടും കേട്ടും മടുത്ത സംഭവങ്ങളുടെ സൂക്ഷമതയിലേക്ക് ക്യാമറ തിരിച്ചു വെയ്ക്കാൻ കഴിഞ്ഞു എന്നതാണ് സിനിമയുടെ വിജയം.

 ജീവിതത്തിൽ പലതരത്തിലുള്ള ദുരിതമനുഭവിക്കുന്ന സ്ത്രീകളെ ചിത്രീകരിക്കുമ്പോൾ, അവർക്കൊപ്പം അവരുടെ നേർ വിപരീതമായ സ്ത്രീ കഥാപാത്രങ്ങളെയും തന്നെ പ്രതിഷ്ഠിച്ചത് പുതുമയുള്ളതായി. ആത്മാർത്ഥമായി ജോലി ചെയ്തിട്ടും ഉദ്യോഗ കയറ്റം കിട്ടാത്ത പെൺകുട്ടിയോട്, രംഗത്ത് സ്ഥാനക്കയറ്റം കിട്ടാൻ കഠിനാദ്ധ്വാനം മാത്രം പോരാ മെയ്യഴകു കൂടി വേണമെന്നു പറയുന്നത് മറ്റൊരു സ്ത്രീയാണ്. പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മയായ പെൺകുട്ടിയെ , തന്റെ സ്വന്തം കുഞ്ഞിനെ ലാളിക്കാനും മുലയൂട്ടാനും അനുവദിക്കാത്തത് അവളുടെ അമ്മ തന്നെയാണ്. സ്ത്രികളെ അധിക്ഷേപിക്കുന്നതും, അവഗണിക്കുന്നതും പുരുഷൻമാർ മാത്രമല്ല എന്ന് സിനിമ വ്യക്തമാക്കുന്നു.

ഇതിലെ പുരുഷ കഥാപാത്രങ്ങൾ കൂടുതൽ സൗമ്യരും ദുർബലരും ആണെന്ന് തോന്നി. ദാമ്പത്യ ജീവിതത്തിൽ നിന്നുമിറങ്ങിപോയ ഭാര്യയോട് എനിക്കൊരു അവസരം കൂടി തരുമോ എന്ന് ചോദിക്കുന്ന ഭർത്താവ് മലയാള സിനിമയ്ക്ക് പരിചിതമല്ല. അതു പോലെ തന്നെ സ്വയം കെട്ടിപ്പടുത്ത എല്ലാ പരുക്കൻ ഭാവങ്ങളെയും തട്ടിത്തെറുപ്പിച്ചു പൊട്ടിക്കരയുന്ന അച്ഛനേയും നാം അധികം കണ്ടിട്ടുണ്ടാവില്ല.

മിതത്ത്വമാണ് സിനിമയുടെ സവിശേഷത. ഓരോ സീനും എന്താവണമെന്ന കൃത്യമായ ധാരണ സംവിധായികയ്ക്കുണ്ട്. സിനിമ മുഴുവൻ അവരുടെ കൈക്കുള്ളിൽ ഭദ്രമാണ്.

കണ്ടും കേട്ടും അറിഞ്ഞ കഥകളിലേക്ക് സൂക്ഷമമായി ഇറങ്ങി ചെന്നിടത്താണ് സിനിമയുടെ വിജയമിരിക്കുന്നത്. ഇതിലെ ഒരു കഥാപാത്രം, " കല്യാണം കഴിക്കുമ്പോൾ ഭർത്താവിന്റെ വീടിനു പിന്നിൽ കായലാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കായലിന് ഇത്ര ഭംഗിയുണ്ട് എന്നിപ്പോഴാണ് അറിയുന്നത് ," എന്ന അർത്ഥത്തിൽ ഡയലോഗ് പറയുന്നുണ്ട്. രണ്ടു വരികളിൽ ഒരു സ്ത്രീയുടെ അടച്ചിടലും, കൂടുതുറന്നു പുറത്തു വരലും ധ്വനിപ്പിക്കാൻ കഴിയുന്നത് തിരക്കഥയുടെ മികവ് കൊണ്ടാണ്. നടിയാവാൻ ആഗ്രഹിച്ച് മുന്നിലെത്തുന്ന പെൺകുട്ടിയുടെ ശരീരത്തിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്ന ഒരു സിനിമാ സംവിധായകന്റെ ശ്രമം വളരെ പുതുമയോടെയാണ് ചിത്രീകരിച്ചത്. അതുപോലെ തന്നെ, തന്റെ ഒരു ക്ലൈന്റിന്റെ മകളെ സ്വന്തം ഭാര്യയ്ക്കൊപ്പം കണ്ടപ്പോൾ ഭർത്താവ്, ഇത് ഇന്ന ആളുടെ മകളല്ലെ, 'What is her story' എന്നു ചോദിക്കുന്നുണ്ട്. എല്ലാം വെറും സ്റ്റോറിയായി മാറുന്ന കാലത്ത് വാക്കിനെ അതി വിദഗ്ധമായാണ് സംവിധായിക ഉപയോഗിച്ചിട്ടുള്ളത്.

എടുത്തു പറയേണ്ട മറ്റൊരു കാര്യം അഭിനയത്തിന്റെ മികവാണ്. നമുക്ക് പരിചയമുള്ള വളരെ കുറച്ചു അഭിനേതാക്കളെ ഇതിലുള്ളൂ. എന്നാൽ എല്ലാവരുടെയും അഭിനയം തീർത്തും സ്വഭാവികവും സൂക്ഷമവും ആയിരുന്നു. സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

 തികച്ചും വ്യത്യസ്തരെന്നു തോന്നിക്കുന്ന അഞ്ചാറു പേരുടെ കഥയെ അനായാസമായി, അതീവ ഹൃദ്യതയോടെ കോർത്തിണക്കി രണ്ടു മണിക്കൂറിനുള്ളിൽ പ്രേക്ഷകന്റെ മനസ്സിൽ തട്ടുന്ന വിധം അവതരിപ്പിക്കാൻ നല്ലൊരു തിരക്കഥാകൃത്തിനും സംവിധായിക്കയ്ക്കുമേ കഴിയൂ. അതിൽ ശ്രുതി ശര്യണം പൂർണമായി വിജയിച്ചിരിക്കുന്നു.

കെ.എഫ് ഡി.സിയുടെ ഒതുങ്ങിയ ബഡ്ജറ്റിൽ നിന്നു കൊണ്ട് നല്ലൊരു സിനിമ അണിയിച്ചൊരുക്കിയതിന് ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.

ഒരു സിനിമ ആസ്വദിക്കാൻ മഹാനടന്മാരുടെ സാമീപ്യവും, ആർഭാടങ്ങളും ആഘോഷങ്ങളും, ആർപ്പുവിളികളും ഒന്നും വേണ്ട എന്ന് സിനിമ തെളിയിക്കുന്നു.

ഒരു സ്ത്രീ പക്ഷ സിനിമയായി ഇതിനെ അവതരിപ്പിച്ചത് സിനിമയ്ക്ക് ഗുണം ചെയ്തോ എന്നറിയില്ല. എന്തായാലും വളരെ പോസിറ്റിവായിട്ടാണ് സിനിമ അവസാനിക്കുന്നത്. പീഡനവും അവഹേളനവും അതിക്രമവും നേരിടുമ്പോഴും, സ്ത്രീകൾക്ക് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്ന് സിനിമ പറയുന്നു.

ഒരു സ്ത്രീ പക്ഷ സിനിമ എന്ന ലേബൽ സിനിമയ്ക്ക് ആവശ്യമില്ല. അതിന്റെ കലാമൂല്യം കൊണ്ട് മാത്രം പ്രേക്ഷകർ കണ്ട് ആസ്വദിക്കേണ്ട സിനിമയാണ് ഇത്. വിഷു ചിത്രങ്ങളുടെ കുത്തൊഴുക്കിൽ ചിത്രo ഒലിച്ചു പോകില്ലെന്ന് ഉറപ്പു വരുത്തേണ്ടതും, ഇനിയും കൂടുതൽ പേർക്കു സിനിമ കാണാനുള്ള അവസരം ഉണ്ടാവേണ്ടതും നല്ല സിനിമകളുടെ ഭാവിക്ക് ആവശ്യമാണ്.