Saturday, January 8, 2022

മലയാള സിനിമയിലെ ജൂഡോ നിമിഷം

 

മലയാളത്തിലെ പ്രശസ്തയായ ഒരു നടിയെ ലേഡി സൂപ്പർ സ്റ്റാർ എന്നു വിശേഷിപ്പിക്കുമ്പോൾ തമാശയെക്കാളെറേ വേദനയാണ് തോന്നാറ്. അവർ അടുത്ത കാലത്ത് അഭിനയിച്ച ചിത്രങ്ങളിൽ അവർക്കു നൽകിയ ഇടം കണ്ടാൽ ആ വേദന വർധിക്കും. മലയാള സിനിമയിലെ മെഗാ സ്റ്റാറിനും, നടനവിസ്മയത്തിനും, ഒന്നു, രണ്ടും  ആറുമൊക്കെയായ തമ്പുരാക്കന്മാർക്കുമൊക്കെ അഭിനയത്തിൽ ഒപ്പത്തിനൊപ്പം നിന്ന വ്യക്തിയാണവർ. അഭിനയത്തിന്റെ വിവിധ ഭാവങ്ങളെ വിസ്മയങ്ങളെ വളരെ അനായാസം പൊലിപ്പിച്ചെടുത്ത ഒരു നടിയാണ്. അവരെയാണിന്ന്, സിനിമയക്ക് പുറത്ത് ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി നൽകി, എന്നാൽ സിനിമയ്ക്കകത്ത് സത്ത വറ്റിയ , ശുഷ്ക്കിച്ച കഥാപാത്രങ്ങളിലേക്ക് ഒതുക്കി നിർത്തിയിരിക്കുന്നത്.

അവർക്കീ പട്ടം കൽപ്പിച്ചു നൽകുന്നതും അതെ സമയം അവരെ സിനിമകളിൽ അരികുവത്കരിക്കുകയും ചെയ്യുന്നത് മലയാള സിനിമ ഭരിക്കുന്ന ആണധികാരങ്ങൾ തന്നെയാണ്. അവർക്കിന്നതിന്റെ ആവശ്യമുണ്ട്. അത്തരം പട്ടങ്ങളിലൂടെയും, സംഘടനയിലെ വൈസ് പ്രസിഡന്റ് പദവിയിലൂടെയുമൊക്കെയാണ് അവർ  മലയാള സിനിമാ വ്യവസായ രംഗത്ത് തുല്യത ഉണ്ടെന്ന് വരുത്താൻ ശ്രമിക്കുന്നത്. അതു കഴിഞ്ഞ് സിനിമയിലേക്ക് വരുമ്പോൾ ഈ സൂപ്പർ സ്റ്റാറുകളെ , മഹാ നടൻമാർ തളയ്ക്കുന്ന പ്രേതമായോ, കുളിരുള്ള കർക്കിടക രാത്രികളിൽ പുതയ്ക്കാനുള്ള പുതപ്പായോ എങ്ങിനെ മാറ്റണമെന്ന് സിനിമാ ലോകം ഭരിക്കുന്നവർക്കറിയാം. 

മലയാള സിനിമയിൽ അത്തരം പ്രേതങ്ങളെയും, പുതപ്പുകളെയും കണ്ട് മടുത്തിരിക്കുമ്പോഴാണ്, താരപരിവേഷം ഒരല്പം പോലുമില്ലാത്ത എന്നാൽ അസാധാരണമായ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങളുള്ള ചില പുതിയ സിനിമകൾ വന്നത്.

പാട്രിയാർക്കിയുടെ അച്ചുതണ്ടിൽ തിരിഞ്ഞു തുടക്കം കുറിച്ച ഒരു സിനിമയാണ് തിങ്കളാഴ്ച നിശ്ചയം. എന്നാൽ സിനിമയുടെ ഒടുവിൽ , സാധാരണക്കാരായ മൂന്നു പെൺകുട്ടികൾ ആ തണ്ടൊടിക്കുന്നതാണ് നാം കാണുന്നത്. അപകർഷതാബോധത്തിന്റെയും, ആണഹങ്കാരത്തിന്റെയും, പഴയ പ്രതാപത്തിന്റെയും പിന്നെ മറ്റനേകം കോപ്ലസുകളുടെയും ഒരു മിശ്രിതമാണ് സിനിമയിലെ അച്ഛൻ. കടം തിരിച്ചു ചോദിക്കാൻ വരുന്നവരിൽ നിന്നും ഓടി വീട്ടിനുള്ളിൽ ഒളിച്ചിരിക്കുന്ന ആളായാണ് ആ അച്ഛനെ സിനിമ ആദ്യം പരിചയപ്പെടുത്തുന്നത്. ആ അവസ്ഥയിൽ നിന്നും അയാളെ രക്ഷിക്കുന്നത് അയാളുടെ ഭാര്യയാണ്. എന്നിട്ടും അവിടെ നിന്നു അങ്ങോട്ടുള്ള ഓരോ സീനിലും ആ ആൺ ക്കോമരം ഉറഞ്ഞു തുള്ളുന്നതാണ് കാണുന്നത്. എന്നാൽ ആ പാർട്രയാക്കിക്കൽ വ്യക്ഷം, ചിതലു തിന്ന് ഉള്ളു പോടായതാണ് എന്നറിയാൻ അധിക സമയം വേണ്ടി വന്നില്ല. മൂത്ത മകൾ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയപ്പോൾ അവളുടെ പ്രേമ വിവാഹത്തിന് സമ്മതം മൂളിയ കക്ഷിയാണത്. അതും, സ്വന്തം കുടുംബത്തിൽ തന്നെ യോജിച്ച ചെക്കൻ ഉണ്ടായിട്ടും, ഒരു സാധാരണ ബസ്സ് ജീവനക്കാരനെ സ്നേഹിച്ച് വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നവളാളവൾ . അതു കൊണ്ട് തന്നെ അനുജത്തിയും ചേച്ചിയുടെ പാത പിന്തുടരുന്നതിൽ അത്ഭുതമില്ല. സമൂഹം കൽപ്പിച്ചു കൊടുക്കുന്ന ആണത്തമൊന്നു ഇല്ലാത്തവനാണ് കാമുകൻ. ജീപ്പിൽ വന്നിറങ്ങി, പല നിറത്തിലുള്ള മുണ്ട് മാടി കുത്തി ഭാവി അമ്മായിയപ്പനോട് തീപ്പാറുന്ന ഡയലോഗുകൾ ചാമ്പുന്ന അമാനുഷനൊന്നുമല്ല അയാൾ. ഇഷ്ടപ്പെട്ട പെണ്ണിനെ എങ്ങിനെ സ്വന്തമാക്കുമെന്നറിയാതെ പകച്ചു നിൽക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരനാണ് അയാൾ. പൊതുവഴിയിലൂടെ നടക്കുമ്പോൾ നമ്മൾ കണ്ടുമുട്ടാൻ സാധ്യതയുള്ള ഒരാൾ. അയാൾക്കു ധൈര്യം പകരുന്നത് , എടുത്തു പറയാൻ ഒരു തൂവലും തൊപ്പിയിലിലാത്ത ആ പെൺക്കുട്ടിയാണ്. അടുത്ത കാലത്ത് മലയാള സിനിമ കണ്ട ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് ഈ സഹോദരിമാർ. സിനിമയിലാണെങ്കിലും, തന്റെ താത്പര്യമില്ലായ്മ വ്യക്തമാക്കാൻ," ഞാൻ  ശബരിമലയിൽ പോകാൻ ആലോചിക്കുന്നുണ്ട്" എന്ന് ചങ്കൂറ്റത്തോടെ രാഷ്ട്രീയം പറയാൻ കഴിയുന്ന എത്ര സൂപ്പർ സ്റ്റാറുകൾ ഉണ്ട് ഇന്ന് മലയാള സിനിമയിൽ ? ആ സംഭാഷണം ആ പെൺകുട്ടിയുടെ രാഷ്ട്രീയ നിലപാടല്ല എന്ന് അംഗീകരിക്കുന്നു. എങ്കിലും സൗഹൃദ സംഭാഷണങ്ങളിൽ പോലും പറയാൻ മടിക്കുന്ന, എന്നാൽ വളരെ പ്രസ്കതമായ ഒരു വിഷയത്തെ വളരെ സ്വാഭാവികമായി ആ പെൺകുട്ടിയിലൂടെ അവതരിപ്പിച്ചതിന് ഈ സിനിമയുമായി ബന്ധപ്പെടവരൊക്കെ അഭിനന്ദനം അർഹിക്കുന്നു. ആണത്തമുള്ള ഒരു പുരുഷ കഥാപാത്രവും ഈ സിനിമയിലില്ല. സ്വന്തം ദൗർബല്യങ്ങളെയും, പോരായ്മകളെയും ആണഹന്തകളെയും , സ്വയം സൃഷ്ടിച്ചെടുത്ത അധികാരത്തിന്റെയും കരുത്തിന്റെയും പൊയ്മുഖങ്ങൾക്കു പിന്നിൽ ഒളിപ്പിച്ചു വെച്ച ഏതാനും എം.സി. പികളെ ഈ സിനിമയിലുള്ളൂ. ക്ലൈമാക്സിൽ ആ മുഖം മൂടികളും പൂർണമായും വലിച്ചു കീറുന്നത് എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചു പെണ്ണാണ്. അവളുടെ, അപക്വമെന്ന് തോന്നാവുന്ന ഇടപെടൽ അതുവരെ പരിഹരിക്കപ്പെടാതെ കിടന്നിരുന്ന പല പ്രശ്നങ്ങളുടെയും പരിഹാരം കാണാൻ സഹായിച്ചു. ജനാധിപത്യ മര്യാദകളെ പുച്ഛിച്ച്, കണ്ണുരുട്ടിയും, ഭീഷണിപ്പെടുത്തിയും ഭൂരിപക്ഷം നേടിയെടുക്കാനുള്ള ആണധികാരത്തിന്റെ ശ്രമങ്ങളുടെ മുഖത്തേറ്റ ഒരടിയായിരുന്നു  ആ ചെറുപ്പക്കാരിയായ പെൺകുട്ടിയുടെ ഇടപ്പെടൽ കൊണ്ട് സാദ്ധ്യമായത്. ഇതുവരെ വെള്ളിത്തിരയിൽ കണ്ടു പരിചയിച്ചവരല്ല ഇതിലെ അഭിനേത്രികളൊന്നും. എന്നിട്ടും തുടക്കക്കാരുടെ യാതൊരു പതർച്ചയുമില്ലാതെ എത്ര തന്മയത്വത്തോടെയും, സ്വഭാവികമായുമാണ് അവർ ആ വേഷങ്ങൾ കൈകാര്യം ചെയ്തത്. അഭിനയത്തിന്റെ കിരീടവും ചെങ്കോലും എക്കാലവും തങ്ങളുടെ കൈയിലാവും എന്നു കരുതുന്നവർക്ക് ഒരു താക്കീതാണ് ഈ പുതുമുഖങ്ങൾ .

കനകവും കാമിനിയും മൂലം കലഹമെന്ന ചിന്തയ്ക്ക് സ്ത്രീ വിരുദ്ധതയോളം പഴക്കമുണ്ട്. മുകളിൽ പറഞ്ഞ സിനിമയിലെ അച്ഛന്റെ മറ്റൊരു പതിപ്പാണ് ഇതിൽ ഭർത്താവായി വരുന്നത്. അയാളും അങ്ങാടിയിൽ ജയിക്കാനാവാത്തവനാണ് . 

ഭക്ഷണപ്രിയനായ ശിവനാണ് ഇയാളുടെ ഉപദേശിയും വഴി കാട്ടിയും. ശിവന്റെ ഭക്ഷണക്കൊതി നർമം ചാലിച്ചാണ് അവതരിപ്പിച്ചതെങ്കിലും, അത് വിരൽ ചൂണ്ടുന്നത് സവിശേഷമായ ഒരു മാനസികാവസ്ഥയിലേക്കാവാം. സമൂഹത്തിലെ ഏറ്റവും അടിസ്ഥാന ഘടകമായ കുടുംബത്തിൽ സ്ത്രീയാണ് ഭക്ഷണവും രതിയുമൊരുക്കേണ്ടത്  എന്നാണ് പൊതുവേയുള്ള വിശ്വാസം. അതു രണ്ടും ലഭ്യമാകാതെ വരുമ്പോഴാണ്  പുരുഷന് ആർത്തി കൂടുന്നത്. ഇങ്ങനെ അവർക്കു വേണ്ടത് ഒരുക്കി കൊടുക്കാൻ സ്ത്രീകളിലാത്ത കുറേ പുരുഷ കഥാപാത്രങ്ങളെയാണ് പിന്നെ ഈ  സിനിമയിൽ കാണുന്നത്.( അമ്മ ഇടയ്ക്കിടെ ഭക്ഷണത്തിന് ആരൊക്കെ ഉണ്ടാവുമെന്ന് ചോദിക്കുന്നുണ്ട്). Theatre of Absurdity എന്ന സങ്കേതമാണ് സിനിമയ്ക്കു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ തീർത്തും അബ്സേർഡ് അല്ലാത്ത കുറെ പുരുഷ കഥാപാത്രങ്ങളാണ് പിന്നെ അരങ്ങത്തേക്കെത്തുന്നത്. അവരുടെ പല പെരുമാറ്റങ്ങളും വളരെ അബ്സേർഡായി നമ്മുക്ക് തോന്നുന്നുവെങ്കിൽ അത് ജീവിത യാഥ്യാർത്ഥ്യവും അബ്സേർഡിറ്റിയും തമ്മിൽ വളരെ നേരിയ വ്യത്യാസമേ ഉള്ളൂ എന്നാണ് സൂചിപ്പിക്കുന്നത്. അല്ലെങ്കിൽ, സാധാരണ ജീവിതത്തിൽ പുരുഷൻമാരുടെ പല പെരുമാറ്റങ്ങളും തീർത്തും അബ്സേർഡാണ് എന്ന് പരോക്ഷമായി പറഞ്ഞു വെയ്ക്കുകയുമാവാം. എന്നാൽ ആൺ കഥാപാത്രങ്ങൾ അവരുടെ അഹന്തയുടെയും , സന്ദേഹത്തിന്റെയും കെട്ടുകളഴിക്കുമ്പോൾ രണ്ടു സ്ത്രീ കഥാപാത്രങ്ങളാണ് അവരെ യാഥാർത്ഥ്യത്തിന്റെ ലോകത്തിലേക്ക് ഇടയ്ക്കിടെ തിരികെ കൊണ്ടുവരുന്നത്. തീരുമാനങ്ങളെടുക്കാൻ കഴിയാതെ പ്രശ്നങ്ങൾക്കു ചുറ്റും വഴുതി കളിക്കുന്ന ആൺ പോഴത്തങ്ങളെ ആ സ്ത്രീകളാണ് അവരു ദേശിച്ച കുറ്റിയിൽ കൊണ്ടു കെട്ടുന്നത്. മഹാനടന്മാരുടെയും, ജനപ്രിയ നായകരുടെയും വെറും നിഴലായി മാറുന്ന കഥാപാത്രങ്ങളായി സ്ത്രീകൾ പുറംതള്ളപ്പെടുന്ന മലയാള സിനിമയിൽ ഇത്തരം വ്യക്തവും തെളിവാർന്നതുമായ കഥാപാത്രങ്ങളെ കാണുമ്പോൾ ഇനിയും പ്രതീക്ഷയ്ക്കുള്ള  വകയുണ്ടെന്ന അറിവ് വലിയൊരു ഊർജ്ജമായി നിറയുന്നു. തികഞ്ഞ വ്യക്തിത്വമുള്ള ആ കഥാപാത്രങ്ങൾ സിനിമയെ മുന്നോട്ടു നയിക്കുന്നതിൽ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. അതു പോലെ വേറിട്ടു നിൽക്കുന്നതാണ് അവരുടെ അഭിനയവും. താരപ്രഭയുടെ കണ്ണഞ്ചിപ്പിക്കുന്ന വലിയ കാൻവാസോ, കൈയടി നേടാനാവുന്ന തീപ്പൊരി ഡയലോഗുകളോ അവർക്കില്ല. ഒരു ഹോട്ടൽ ലോബിയുടെ പരിമിതമായ ഇടമാണ് അവർക്കുള്ളത്. അതിലൊരാൾ അധിക നേരവും പാതി മറയ്ക്കുന്ന ഹോട്ടൽ കൗണ്ടറിന്റെ പിന്നിലാണ്. വളരെ സ്വഭാവികമായ ശാരീരിക ചലനങ്ങൾ കൊണ്ടും ഭാവവ്യതിയാനങ്ങൾ കൊണ്ടുമാണവർ അഭിനയത്തിന്റെ അനേകം സാധ്യതകൾ കണ്ടെത്തുന്നത്. രണ്ടു പേരും സിനിമാ രംഗത്ത് താരതമ്യേന പുതുമുഖങ്ങളാണ്. എന്നാൽ കിട്ടിയ അവസരങ്ങളിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ചവരുമാണ്. ഇവരുടെ കൈയിൽ സിനിമാഭിനയ കല സുരക്ഷിതമാണ്. നാളെ , സൂപ്പർ സ്റ്റാറുകളായി മാറി ഇവരും സിനിമാ കച്ചവടത്തിന്റെ വലിയ ലോകത്തിന്റെ പുറമ്പോക്കുകളിലേക്ക് ബെട്ടിയിട്ട ബാഴത്തണ്ടു പോലെ വലിച്ചെറിയപെടാതിരിക്കട്ടെയെന്ന് ആശിക്കുക മാത്രം ചെയ്യാം.

സമീപ കാലത്തെ മലയാള സിനിമയെടുത്തു നോക്കിയാൽ , ഒരു കൂട്ടം സ്ത്രീ കഥാപാത്രങ്ങളില്ലെങ്കിൽ കഥയ്ക്ക് ഒരല്പം പോലും മുന്നോട്ട് പോകാൻ കഴിയാത്തൊരു സിനിമയെക്കുറിച്ച് പറഞ്ഞാൽ അത് തീർത്തും അസംഭവ്യമായി തോന്നും. എന്നാൽ അത്തരമൊരു സിനിമ സാധ്യമായത് എന്നെ അത്ഭുതപ്പെടുത്തിയെന്നതാണ് സത്യം. മനുഷ്യ ബന്ധങ്ങളിലും, സെക്സിലും രാഷ്ട്രീയത്തിലും തികഞ്ഞ തന്റേടത്തോടെ സ്വാതന്ത്ര്യത്തൊടെ  ഇടപ്പെടുന്ന കഥാപാത്രങ്ങളെ വളരെ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. കാഷ്വൽ സെക്സിൽ  നിസങ്കോചത്തോടെ ഏർപ്പെടാന്നും, ബാറിൽ ചെന്നിരുന്ന് ബിയർ കുടിക്കാനും തയ്യാറാവുന്ന ആ കഥാപാത്രങ്ങൾ അതെ സമയം, സ്നേഹവും , പരസ്പരം മനസ്സിലാക്കാനുമുള്ള കഴിവു തന്നെയാണ് ജീവിതത്തിൽ വലുതെന്ന് തുറന്നു പറഞ്ഞ് തങ്ങളുടെ തരളമായ മനസ്സിനെ തുറന്നു കാട്ടാനും തയ്യാറാവുന്നു. കാപട്യമില്ലാത്ത, അസ്വാഭാവികതയില്ലാത്ത ഇത്തരം കഥാപാത്രങ്ങൾ മലയാളം സിനിമയിലേക്ക് തിരിച്ചു വരുന്നു എന്നത് ആശ്വാസമേകുന്നു. അതിലെ ഓരോ കഥാപാത്രവും കഥയോട് മാത്രമല്ല, അവിടുത്തെ ജീവിത പരിസരവുമായി എത്രമേൽ ലയിച്ചു ചേർന്നിരിക്കുന്നു. അതിൽ ഒരു കഥാപാത്രം പോലുമില്ലാതെ കഥയ്ക്ക് ഒരടി പോലും മുന്നോട്ട് പോകാനാവില്ല. അത്രയേറെ ജീവനും ഊർജ്ജവും ആ കഥാപാത്രങ്ങൾക്കു നൽകിയ തിരകഥാകൃത്ത് പ്രത്യേക അഭിനന്ദനമർഹിക്കുന്നു. എന്നാൽ സിനിമയുടെ ഒടിവിലുള്ള ആ ജൂഡോ പ്രയോഗമാണ് സിനിമയുടെ ഹൈലൈറ്റ്. എതിർപ്പും, കുതികാൽ വെട്ടും, കൊളളരുതായ്മയും മാത്രം കൈമുതലായ ഒരാണിനെയാണ് ഒരു സ്ത്രീ കഥാപാത്രം മലർത്തിയടിച്ചത്. തന്റെ വൃത്തിക്കെട്ട കളി ജയിക്കാൻ സ്വന്തം ഭാര്യയെ ഒരു കുഴിയിലേക്കെറിഞ്ഞ് വിജയശ്രീലാളിതനായി നിൽക്കുമ്പോഴാണ് അയാൾക്ക് ആ അടിയേറ്റത്. അത് ഒരു കഥാപാത്രത്തിനു മാത്രം കിട്ടിയ അടിയല്ല.  എന്തിലും കുറ്റം കാണുന്ന എല്ലാറ്റിനേയും വിമർശിക്കുന്ന ഒരിക്കലും നന്മയുടെ ഭാഗമാകാൻ കഴിയാത്ത , പണത്തിന്റെയും ആണധികാരത്തിന്റെയും ധാർഷ്ട്യത്തിൽ പുളയ്ക്ക ന്നവരുടെ മുഖത്തേറ്റ ഒരടിയാണ് അത്. A small step to man, but a giant leap for mankind എന്നു പറഞ്ഞതു പോലെ മലയാള സിനിമയുടെ ശുഭകരമായ ഭാവിയിലേക്കുള്ള വലിയൊരു കാൽ വെപ്പാവുമിത് എന്നു ഞാൻ പ്രതീക്ഷിക്കുന്നു. മലയാള സിനിമയിലെ സ്ത്രീ സങ്കൽപ്പങ്ങളെ തന്നെ മാറ്റിമറിക്കാൻ കെൽപ്പുള്ളതാണ് ആ ജൂഡോ മൂവ്മെന്റ്. വെറും എട്ടാം ക്ലാസ്സും ഗുസ്തിയിൽ നിന്നും സ്ത്രീ കഥാപാത്രങ്ങൾ ജൂഡോയിലേക്ക് വളർന്നതിനെ തീർത്തും അവഗണിക്കാനാവില്ല. ഇതിലെ അഭിനേത്രികളാരും തന്നെ താരപ്പൊലിമയുള്ളവരല്ല. എന്നിട്ടും അസാധാരണമായ കൈയൊതുക്കത്തോടെയാണ് അവർ ഓരോ കഥാപാത്രങ്ങളെയും പൊലിപ്പിച്ചെടുത്തത്.  

മലയാള സിനിമ താരാധിപത്യത്തിന്റെയും പുരുഷ മേധാവിതത്തിന്റെയും കൈകളിൽ നിന്നും മുക്തി നേടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. താരമൂല്യത്തിന്റെ ആർഭാടത്തിൽ എന്തും സിനിമയെന്ന പേരിൽ പടച്ചു വിടാമെന്ന ധാർഷ്ട്യം അവസാനിക്കേണ്ടി യിരിക്കുന്നു. ആ മാറ്റം വരേണ്ടത് സിനിമയ്ക്കകത്തു നിന്ന് തന്നെയാണ്. ജീവിത ഗന്ധികളായ സാമൂഹ്യ ബോധമുള്ള ചിന്തിപ്പിക്കുന്ന സിനിമകൾ വന്നാൽ പ്രേക്ഷകർ രണ്ടു കൈയും നീട്ടി അതിനെ സ്വീകരിക്കുമെന്നു അനുഭവപ്പെട്ടാൽ അത് പുതിയ വിധത്തിൽ ചിന്തിക്കുന്നവർക്ക്  വലിയ ഊർജ്ജം പകരും. അതു മാത്രം പോര, യുക്തിക്കു ഒരു തരത്തിലും നിരക്കാത്ത അമാനുഷിക കഥാപാത്രങ്ങളെ വെച്ച് പടച്ചുവിടുന്ന സിനിമകളെ അതർഹിക്കുന്ന അവജ്ഞയോടെ തള്ളി പറയുകയും വേണം.

സിനിമയെ പുതിയ ദിശയിലേക്ക് വഴിത്തിരിച്ചുവിടാൻ കഴിയുന്ന ഒരു പാട് പ്രതിഭകൾ ഇന്ന് ആ രംഗത്തുണ്ട്. അവരെ പ്രോത്സാഹിപ്പിക്കേണ്ടത് നല്ല സിനിമയെ സ്നേഹിക്കുന്ന എല്ലാവരുടെയും കടമയാണ്. 

പ്രത്യേകിച്ചും, മെഗാസ്റ്റാറുകളെയും , ലേഡി സൂപ്പർ സ്റ്റാറുകളെയും ഒരു ജൂഡോ നീക്കം കൊണ്ട് മലർത്തിയടിക്കാൻ കഴിയുന്ന ഒരു പിടി നല്ല അഭിനേത്രികളുണ്ട് ഇന്ന്. ഇതവരുടെ വഴറ്റി പ്പിഴപ്പാണ് എന്നറിയാം. നിലനിൽപ്പിനു വേണ്ടി ഇവർക്കും പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വന്നേക്കാം. ഗത്യന്തരമില്ലാതെ ഇവരും അധികാരം കൈയാളുന്നവർക്കിടയിൽ ഞെരിഞ്ഞു തീർന്നേക്കാം.

എങ്കിലും ഇവരൊന്നും ലേഡി സൂപ്പർ സ്റ്റാറുകൾ ആകരുതെയെന്നും ; ഭാവിയിൽ ജനപ്രിയ നായകൻമാരെ വിവാഹം ചെയ്ത് പ്രമുഖ മാസികയുടെ മുഖചിത്രമായി മാറരുതെയെന്നും ; പകരം, മറ്റാർക്കും വിട്ടു കൊടുക്കാതെ തങ്ങളുടേത് മാത്രമെന്ന് കരുതി നാലു ചുറ്റും അതിർത്തികൾ തീർത്ത സിനിമാ സാമ്രാജ്യത്തിന്റെ മതിലുകളെ തട്ടി മാറ്റി ഒരു പുതിയ വഴി തീർക്കുന്നവർ വരുമെന്നു ഞാൻ പ്രത്യാശിക്കുന്നു. അതിനായി, പ്രേയസിക്ക് സൗഗന്ധികം തേടി പോകുന്ന ഭീമന്റെ  പുതിയ വഴികൾ തെളിയട്ടെ.

Friday, December 24, 2021

ആഫ്റ്റര്‍ ലൈവ്‌സ്' : ആഫ്രിക്കൻ അനുഭവങ്ങളുടെ ഭൂപടം

 ആഫ്റ്റര്‍ ലൈവ്‌സ്' : ആഫ്രിക്കൻ അനുഭവങ്ങളുടെ ഭൂപടം


2021ലെ സാഹിത്യ നോബല്‍ സമ്മാന ജേതാവായി പ്രഖ്യാപിച്ചതിനുശേഷം അബ്ദുള്‍ റസാക്ക് ഗുർണയും അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലോകമറിയും. ‘പാരഡൈസ്’ ബുക്കര്‍ പ്രൈസിനും വൈറ്റ് ബ്രഡ് അവാര്‍ഡിനും ഷോര്‍ട്ട് ലിസ്​റ്റ്​ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അഡ്‌മെയറിങ്ങ് സൈലന്‍സ്, ബൈ ദ സീ ബുക്കര്‍ സമ്മാനത്തിന് ലോങ് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അത്ര അറിയപ്പെടുന്ന എഴുത്തുകാരനായിരുന്നില്ല ഗുർണ. ‘ആഫ്റ്റര്‍ ലൈവ്‌സ്' എന്ന  പുസ്തകത്തിലൂടെ അദ്ദേഹത്തിന്റെ  എഴുത്തിലേക്ക് കടന്നുചെല്ലാനും ആ വായനാനുഭവം പങ്കുവെയ്ക്കാനുമാണ് ശ്രമിക്കുന്നത്.

‘ആഫ്റ്റര്‍ ലൈവ്‌സ്' പൂര്‍ണമായും ആഫ്രിക്കന്‍ പശ്ചാത്തലത്തിലാണ് എഴുതപ്പെട്ടത്. ഖാലിഫ്, ഇല്യാസ്, ഹംസ എന്നീ മൂന്നു കഥാപാത്രങ്ങളും, അവര്‍ക്കു ചുറ്റുമുള്ള മറ്റു ചിലരുടെയും ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തിന്റെ കാലഘട്ടത്തിലെ ഒരു ആഫ്രിക്കന്‍ ടൗണിലാണ് കഥയുടെ അധിക ഭാഗവും നടക്കുന്നത്. ആ പട്ടണമേതാണ് എന്ന്​ എഴുത്തുകാരന്‍ വ്യക്തമാക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. കാരണം കഥയാണ് പ്രസക്തം, സ്ഥലമല്ല എന്നോ, അല്ലെങ്കില്‍ ഈ കഥകള്‍ ഏതു പ്രദേശത്തിനും ചേരുമെന്നോ ആവാം എഴുത്തുകാരന്‍ ഉദ്ദേശിക്കുന്നത്.

ഖാലിഫിന്റെ അച്ഛന്‍ ഗുജറാത്തിലാണ് ജനിച്ചതും വിദ്യാഭ്യാസം ചെയ്തതും. മുബൈയില്‍ ചെന്ന് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു. പഠിപ്പു കഴിഞ്ഞ് ആഫ്രിക്കയിലെ ഒരു തോട്ടത്തിലെ കണക്കെഴുത്തുകാരനായി ജോലി കിട്ടിയപ്പോള്‍ അത് വേണ്ടെന്നു വെയ്ക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. അയാള്‍ക്ക്​ ആഫ്രിക്കന്‍ സ്ത്രീയിലുണ്ടായ ആണ്‍കുട്ടിയാണ് ഖാലിഫ. അച്ഛനെ പോലെ തന്നെ ഖാലിഫും കണക്കെഴുതാനും ഇംഗ്ലീഷും പഠിച്ചു. അതിനു ശേഷം രണ്ടു ഗുജറാത്തി സഹോദരന്‍മാര്‍ നടത്തുന്ന ബാങ്കില്‍ ജോലിക്കു കയറി. അച്ഛനമ്മമാരില്‍ നിന്ന്​ അകലെയുള്ള പട്ടണത്തിലായിരുന്നു ഖാലിഫിന്റെ ജോലി. അപ്പോള്‍ ജര്‍മനിയായിരുന്നു അവിടം ഭരിച്ചിരുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം, അമ്മ മരിച്ചു എന്നറിയുമ്പോഴാണ് ഖാലിഫ് നാട്ടിലേക്ക് പോകുന്നത്. അപ്പോഴാണ് അച്ഛനും അസുഖ ബാധിതനാണ് എന്ന് ഖാലിഫ് അറിയുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ അച്ഛനും മരിക്കുമ്പോള്‍ അവരുടെ എല്ലാ സാധനങ്ങളും പള്ളിക്കു ദാനം ചെയ്ത് ഖാലിഫ് ജോലിയിലേക്ക് മടങ്ങുന്നു.

ഒറ്റ മകനാണെങ്കിലും അവര്‍ തമ്മില്‍ അത്ര വൈകാരിക ബന്ധമൊന്നുമില്ലെന്ന് നാമറിയുന്നു. ആ സമയത്ത് അമൂര്‍ ബിയാഷാര എന്നൊരു കച്ചവടക്കാരനു വേണ്ടിയാണ് ഖാലിഫ് ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന് ഖാലിഫിനെ വിശ്വാസമായിരുന്നു. അതുകൊണ്ട് അദ്ദേഹം തന്നെ മുന്‍കൈയെടുത്ത് ഖാലിഫിന്റെ വിവാഹം നടത്തുന്നു. വിവാഹശേഷമാണ് തന്റെ ഭാര്യ അമൂറിന്റെ മരുമകളാണ് എന്ന് ഖാലിഫറിയുന്നത്. ബി ആഷ- അതായിരുന്നു അവരുടെ പേര്, അമൂറിന്റെ സഹോദരിയുടെ ഏക മകൾ. അവരുടെ അച്ഛന്‍ അമൂറില്‍ നിന്ന്​ ഒരു പാട് പണം കടം വാങ്ങിയിരുന്നു. കടം തിരിച്ചടയ്ക്കാന്‍ കഴിയാതെയായപ്പോള്‍ അമൂര്‍ ആ വീട് അയാളുടെ പേരില്‍ എഴുതി വാങ്ങി. അമ്മ മരിച്ചു പോയെങ്കിലും ആഷ അവിടെ തന്നെയാണ് താമസിച്ചിരുന്നത്. അതുകൊണ്ട് അവര്‍ക്കൊരു തുണയായാണ് ഖാലിഫിനെ കൊണ്ട് കല്യാണം കഴിപ്പിച്ചത്. എങ്കിലും ആഷയ്ക്ക് അമൂറിനെ വെറുപ്പായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ അയാളെ പഴി പറഞ്ഞിരുന്നു. ആ സമയത്ത് അമൂറിന്റെ മകന്‍ പഠനമൊക്കെ കഴിഞ്ഞ് അച്ഛനോടൊപ്പം ചേര്‍ന്നു. അയാള്‍ക്ക് മരക്കച്ചവടത്തിലായിരുന്നു താത്പര്യം. ബി ആഷയ്ക്ക് വെറുപ്പും അവജ്ഞയും അമൂറിനോട് മാത്രമായിരുന്നില്ല, ജീവിതത്തോട് മൊത്തമായിരുന്നു. പഴയ സാഹചര്യങ്ങള്‍ നല്‍കിയ കയപ്പേറിയ അനുഭവങ്ങൾ മറന്ന് പുതിയ സൗഭാഗ്യങ്ങളെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല. അതുകൊണ്ടുതന്നെ കുടുംബ ബന്ധങ്ങളെ ഉറപ്പിച്ചു നിര്‍ത്തേണ്ട ഇഴകള്‍ അവരുടെ ജീവിതത്തില്‍ നിന്നും ഊര്‍ന്നു  പോയിക്കൊണ്ടിരുന്നു. ഖാലിഫിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബം ഒരു അഭയമല്ലാതാവുന്നു. അയാളും ആ വിധിയെ സ്വീകരിച്ച് തന്നിലേക്കു തന്നെ ഒതുങ്ങി കൂടുകയാണ് ഉണ്ടായത്.

അതിനിടയില്‍ അമൂറിന്റെ പെട്ടെന്നുള്ള മരണം കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അമൂര്‍ തന്റെ കച്ചവട രഹസ്യങ്ങളൊന്നും ആരോടും പങ്കു വെച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പലരുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍ സൗമ്യമായി ഒതുക്കി തീര്‍ക്കാന്‍ അയാളുടെ മകന് അല്പം ബുദ്ധിമുട്ടേണ്ടി വന്നു. അത് കച്ചവടത്തേയും ബാധിച്ചു. എങ്കിലുമയാള്‍ ( നാസൂര്‍ എന്നാണയാളുടെ പേര്) ഖാലീഫയെ ജോലിയില്‍ നിന്ന്​ പിരിച്ചു വിടുകയോ അവരെ വീട്ടില്‍ നിന്ന്​പുറത്താക്കുകയോ ചെയ്തില്ല. എന്നാല്‍ ഓഫീസില്‍ നിന്ന്​ ഖാലിഫക്ക് ഗോഡൗണിലേക്ക് മാറേണ്ടിവന്നു. അവിടെ കാര്യമായ പണിയുമുണ്ടായിരുന്നില്ല. അത് ഖാലിഫയുടെ ജീവിതത്തെ കൂടുതല്‍ വിരസമാക്കി.

ഈ സാഹചര്യത്തിലേക്കാണ് ഇല്യാസ് എന്ന വ്യക്തി കടന്നുവരുന്നത്. വളരെ ചെറുപ്പത്തില്‍ വീട്ടില്‍ നിന്ന്​ ഒളിച്ചോടിയ ഒരാളാണ് ഇല്യാസ്. അച്ഛനും അമ്മയും രോഗികളായിരുന്നു. വീട്ടിലെ ദുരിതത്തില്‍ നിന്നുമാണ് അയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. അങ്ങിനെ അഭയമാകാത്ത, ശിഥിലമാകപ്പെടുന്ന കുടുംബങ്ങളുടെ ഒരാവര്‍ത്തനം നമുക്കു പുസ്തകത്തില്‍ കാണാം. വീട്ടില്‍ നിന്ന്​ഓടിയൊളിക്കുന്നവരാണ് അധികവുമെന്നു തോന്നും. വീടു വിട്ടിറങ്ങിയ ഇല്യാസിനെ അസ്‌ക്കാരികള്‍ എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ സൈനികരില്‍ ഒരാള്‍ പിടിച്ച് തന്റെ അടിമയെ പോലെയാക്കുന്നു. ഒടുവില്‍ അയാളില്‍ നിന്ന്​ രക്ഷപ്പെട്ട് ഇല്യാസ് എത്തിപ്പെടുന്നത് ഒരു ജര്‍മന്‍ തോട്ടമുടമയുടെ അടുത്താണ്. അയാള്‍ അവനോട് കരുണ കാണിക്കുക മാത്രമല്ല, സ്‌കൂളില്‍ വിട്ട് അടിസ്ഥാന വിദ്യാഭ്യാസവും കൊടുക്കുന്നു. അത് ഇല്യാസില്‍ തീര്‍ത്താല്‍ തീരാത്ത കടപ്പാടായി മാറുന്നു. ആ വിദ്യാഭ്യാസത്തിന്റെ ബലത്തിലാണ് ടൗണില്‍ ജോലി തേടി അയാളെത്തുന്നത്.  പിന്നീട് അയാള്‍ ഖലീഫയുടെ അടുത്ത സുഹൃത്തായി മാറുന്നു.

സുഹൃത്തുക്കളുടെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധം കൊണ്ടയാള്‍ പഴയ വീട്ടന്വേഷിച്ച് പോകുന്നു. അപ്പോഴേക്കും അയാളുടെ അച്ഛനും അമ്മയും മരിച്ചിരുന്നു. അയാളുടെ അനുജത്തിയെ  പരിചയമുള്ള ഒരു കുടുംബത്തില്‍ ഏല്‍പ്പിച്ചാണ് അച്ഛന്‍ മരിച്ചത്. അഫിയ എന്നാണ് അവളുടെ പേര്. പറയത്തക്ക ബന്ധമൊന്നുമില്ലെങ്കിലും,അവരെ അവള്‍ അമ്മാമനെന്നും അമ്മായിയെന്നുമാണ് വിളിച്ചിരുന്നത്. അവര്‍ അവളെ ക്രൂരമായൊന്നും പീഡിപ്പിച്ചില്ലെങ്കിലും ഒരു പണിക്കാരിയുടെ പരിഗണനയെ അവര്‍ക്ക് കൊടുത്തിരുന്നുള്ളൂ. അനാഥയായ ഒരു പെണ്‍കുട്ടി അതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കുക? അന്വേഷിച്ച് ആ വീട് കണ്ടെത്തി  ഇല്യാസ് അവളെ അവിടെ നിന്നും കൂട്ടികൊണ്ടു പോകുന്നു. പടണത്തിലെ വാടക വീട്ടില്‍ അവരൊരുമിച്ചു താമസമാരംഭിക്കുന്നു. വാടകവീടിന്റെ മുകള്‍ നിലയിലുള്ള സഹോദരിമാര്‍ അവളുടെ നല്ല സുഹൃത്തുക്കളായി. ഇല്യാസ് അവളെ എഴുത്തും വായനയും പഠിക്കാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ ജീവിതം വലിയ അലല്ലിലാതെ നീങ്ങുമ്പോഴാണ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്.

നല്ലവനായ ജര്‍മന്‍ തോട്ടമുടമ്മ ചെയ്ത നന്മയ്ക്ക് പ്രത്യുപകാരമായി ജര്‍മന്‍ സൈന്യത്തില്‍ ചേരാന്‍ ഇല്യാസ് തീരുമാനിക്കുന്നു. അതുകൊണ്ട് അയാള്‍ക്കും അഫിയക്കും ഉണ്ടാകാവുന്ന കെടുതികളെക്കുറിച്ച് മറ്റുള്ളവര്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പിന്‍മാറാന്‍ അയാള്‍ തയ്യാറായിരുന്നില്ല. ജര്‍മനിയോട് അയാള്‍ അത്രത്തോളം കടപ്പെട്ടിരുന്നു. ശുഷ്‌ക്കമായ ദേശീയതയുടെയും വര്‍ഗീയതയുടെയും പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അന്ധഭക്തരായി മാറുന്ന അനുയായികള്‍ കളം നിറഞ്ഞാടുന്ന ഈ കാലഘട്ടത്തില്‍ ഇല്യാസിന്റെ തീരുമാനത്തിനു പിന്നിലെ യുക്തി മനസ്സിലാക്കാന്‍ വായനക്കാര്‍ക്കു പ്രയാസമുണ്ടാവില്ല. അഫിയയെ തിരിച്ചു പഴയ വീട്ടിലാക്കിയാണ് ഇല്യാസ് യുദ്ധമുഖത്തേക്ക് യാത്രയാവുന്നത്. അവിടെ ചെന്ന്​ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ എഴുത്തും വായനയും പഠിക്കുന്നതു കണ്ട അമ്മാമന്‍ അവളെ തല്ലി തീരെ അവശയാക്കി. അവളെങ്ങിനെയോ ആ വിവരം ഖലീഫായെ അറിയിച്ചു. അയാള്‍ ചെന്ന് അവളെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. നന്മ മാത്രം ഉദ്ദേശിച്ച് ഖലീഫ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് അയാള്‍ക്കൊരു പാട് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം, അഫിയയെ കൊണ്ടു വന്നത് രണ്ടാമത്തെ ഭാര്യയാക്കി വെയ്ക്കാനാണെന്ന് ഭാര്യ തന്നെ അയാളെ കുറ്റപ്പെടുത്തുന്നുണ്ട്. അതൊന്നും അയാളെ വല്ലാതെ അലട്ടുന്നില്ല.

അവിടെ നിന്ന്​ നാം ചെന്നെത്തുന്നത് മറ്റൊരു കഥാപാത്രത്തിലേക്കാണ്. മറ്റ് വഴികളൊന്നുമില്ലാത്തതു കൊണ്ടാണ് ഹംസ ജര്‍മന്‍ സൈന്യത്തോടൊപ്പം ചേരാമെന്നു തീരുമാനിക്കുന്നത്. ഹംസയ്ക്ക് അവരോട് യാതൊരു കടപ്പാടുമില്ല. അയാളുടെ പിന്‍കാല ജീവിതത്തെക്കുറിച്ച് ചില സൂചനകള്‍ മാത്രമേ കഥാകാരന്‍ അപ്പോള്‍ തരുന്നുള്ളൂ. എന്നാല്‍ അയാളുടെ ശാരീരിക സൗകുമാര്യത്തെ കുറിച്ചുള്ള വ്യക്തമായ പരാമര്‍ശങ്ങള്‍ ആദ്യം മുതല്‍ തന്നെയുണ്ട്. അയാളെ പരിശോധിക്കുന്ന ക്യാമ്പ് ഡോക്ടര്‍ ഹംസയുടെ ജനനേന്ദ്രിയത്തില്‍ അമര്‍ത്തി തന്റെ അസിസ്റ്റന്റിനോട് എന്തോ അശ്ലീല ചുവയുള്ള പരാമര്‍ശം നടത്തുന്നുണ്ട്.  പലര്‍ക്കുമിടയില്‍ സ്വവര്‍ഗരതിയൊരു അംഗീകരിക്കപ്പെട്ട കാര്യമാണ് എന്ന തരത്തിലുള്ള സംസാരങ്ങളും നാം കേള്‍ക്കുന്നു. അതുകൊണ്ടുതന്നെ മുതിര്‍ന്ന ഒരു സൈനികോദ്യോഗസ്ഥന്‍, ഹംസയെ തന്റെ വ്യക്തിപരമായ ജോലികള്‍ക്കു വേണ്ടി നിയമിക്കുമ്പോള്‍ ക്യാമ്പില്‍ അവരെക്കുറിച്ചുളള അപവാദങ്ങള്‍ നിറയുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു പെരുമാറ്റവും ആ ഉദ്യോഗസ്ഥനില്‍ നിന്നുമുണ്ടാവുന്നില്ല. മാത്രമല്ല, മരിച്ചു പോയ തന്റെ അനുജന്റെ ഓര്‍മകളാണ് ഹംസ അയാളിലുണ്ടാക്കുന്നത്. അതിനുപുറമേ ,യുദ്ധം കൊടുമ്പിരി കൊള്ളുമ്പോഴും സമയമുണ്ടാക്കി അദ്ദേഹം ഹംസയെ ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്നുണ്ട്. ഹംസയോടുള്ള ആ ഉദ്യോഗസ്ഥന്റെ കരുതല്‍ മറ്റുള്ളവരുടെ അപ്രിയത്തിന് കാരണമാവുന്നു. ഒടുവില്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ ഹംസയെ ആയുധം കൊണ്ട് അരയില്‍ വെട്ടി മാരകമായി പരിക്കേല്‍പ്പിക്കുന്നതും ഈ വിരോധം കാരണമാണ്. അപ്പോഴേക്കും യുദ്ധം അവസാനിക്കാറായിരുന്നു. ജര്‍മനിയുടെ തോല്‍വി സുനിശ്ചിതമായിരുന്നു. അപ്പോഴും മുറിവേറ്റു കിടക്കുന്ന ഹംസയെ ഒരു ജര്‍മന്‍ പാസ്റ്ററുടെ അടുത്ത് ഏല്‍പ്പിച്ചാണ് ആ ഉദ്യോഗസ്ഥന്‍ തിരിച്ചു പോകുന്നത്. ഗുരുതരമായി മുറിവേറ്റ ഹംസയെ ആ പാസ്റ്ററും കുടുംബവുമാണ് മാസങ്ങളോളം ശുശ്രൂഷിക്കുന്നത്. ആ കരുതലിന്റെ ഫലമായി ഹംസ വീണ്ടും ജീവിതത്തിലേക്ക്, അല്പം മുടന്തിയാണെങ്കിലും, തിരിച്ചു വരുന്നു.

നരഹത്യയുടെയും, ഫാസിസത്തിന്റെയും, വംശീയതയുടെയും പ്രതീകമായിരുന്നു ഒരിക്കല്‍ ജര്‍മനി. എന്നാല്‍ സ്‌നേഹമയിയായ തോട്ടമുടമസ്ഥനിലൂടെ, ഹംസയെ സഹോദരതുല്യം സ്‌നേഹിക്കുന്ന പട്ടാള ഉദ്യോഗസ്ഥനിലൂടെ, ഒരപരിചിതനെ മാസങ്ങളോളം പരിചരിക്കുന്ന പാസ്റ്ററിലൂടെ, രാജ്യവും ഭരണകൂടങ്ങളും എത്ര ക്രൂരമായാലും, നന്മയുടെ ഉറവിടം വറ്റാത്ത മനുഷ്യഹൃദയങ്ങള്‍ എന്നും  എവിടേയും ഉണ്ടാവുമെന്ന് കാട്ടി തരികയാണ് കഥാകൃത്ത് ചെയ്യുന്നത്.

ജര്‍മനി യുദ്ധത്തില്‍ പരാജയപ്പെട്ടതു കൊണ്ട് ഹംസയ്ക്ക് അവിടെ തുടരാന്‍ കഴിയില്ലായിരുന്നു. അലഞ്ഞു തിരിഞ്ഞ് അയാളെത്തുന്നത് നാസൂറിന്റെയടുത്താണ്. നാസൂര്‍ യുദ്ധത്തിന്റെ കെടുതിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുകയാണ്. എങ്കിലും അയാള്‍ പൂര്‍ണമായും നശിച്ചിട്ടില്ല. നാസൂര്‍ ഹംസയ്ക്ക് ജോലി കൊടുക്കുന്നു. അങ്ങിനെ ഹംസയും ഖാലിഫും കണ്ടുമുട്ടുന്നു. ആദ്യത്തെ നീരസത്തിനു ശേഷം ഖാലിഫ് ഹംസയ്ക്ക് തന്റെ വീടിന്റെ പുറത്തുള്ള ഒരു മുറി താമസിക്കാന്‍ കൊടുക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും, യുദ്ധം കഴിഞ്ഞതാണെങ്കിലും ആ സ്ഥലത്തിനോ, അവിടുത്തെ ആളുകള്‍ക്കോ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് നമുക്ക് കാണാന്‍ കഴിയും. ഖാലിഫിനും ആഷയ്ക്കും ജീവിതത്തോടുള്ള നിസ്സംഗത കൂടിയിട്ടുണ്ട്. അഫിയ വളര്‍ന്ന് യുവതിയായിട്ടുണ്ട്. ഇല്യാസിനെ കുറിച്ച് വിവരമൊന്നുമില്ലായിരുന്നെങ്കിലും ഒരിക്കല്‍ അയാള്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. സ്വാഭാവികമായും ഹംസയ്ക്കും അഫിയക്കുമിടയില്‍ അനുരാഗം മൊട്ടിടുന്നു. അഫിയയാണ് ഈ ബന്ധത്തിന് മുന്‍കൈയെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പല വിലക്കുകള്‍ ഉണ്ടായിട്ടും അവള്‍ ഹംസയുടെ മുറിയിലേക്ക് ചെല്ലുകയും നിസങ്കോചം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. ആ സ്ത്രീ കരുത്തിനെ വായനക്കാരന് കാണാതിരിക്കാനാവില്ല. അത്തരം ശക്തമായ ഒരു കഥാപാത്രത്തെ എഴുത്തുകാരന്‍ കഥയിലേക്ക് കൊണ്ടുവന്നത് വെറുതെയാകില്ല. നല്ലൊരു സമൂഹം പടുത്തുയര്‍ത്താന്‍ സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങുന്നതിന്റെ സൂചനയാവാമത്.ആ സമയത്താണ് ഹംസയുടെ പൂര്‍വ്വ കഥയുടെ ചുരുളഴിയുന്നത്. കടം തിരിച്ചടയ്ക്കാനാവാതെ അച്ഛന്‍ ഹംസയെ ഒരു കച്ചവടക്കാരന് വില്‍ക്കുകയായിരുന്നു. അയാളുടെ കടയില്‍ വിടുവേല ചെയ്താണ് ഹംസ വളര്‍ന്നത്. ഒടുവില്‍ അയാളും അവിടെ നിന്നും ഓടിപ്പോകുന്നു. ബാല്യകാല ദുരിതങ്ങളില്‍ നിന്ന്​ഓടിയൊളിക്കാന്‍ ശ്രമിക്കുന്ന ഇല്യാസിന്റെയും, ഹംസയുടെയും ജീവിതങ്ങള്‍ക്ക് സാദൃശ്യം തോന്നുന്നത് യാദൃശ്ചികമാകാന്‍ വഴിയില്ല. ഖാലിഫ് അവരുടെ ബന്ധത്തെ പിന്തുണയ്ക്കുന്നു. ആഷയ്ക്കും വിരോധമൊന്നുമില്ലെങ്കിലും തനിക്ക് ലഭിക്കാത്ത സൗഭാഗ്യം മറ്റൊരാള്‍ക്ക് ലഭിക്കുന്നതില്‍ അത്ര സന്തുഷ്ടയല്ല. അതുകൊണ്ട് കൂടിയാവും അവരുടെ വിവാഹത്തിനു ശേഷം അധികം കഴിയുന്നതിന് മുമ്പ് ആഷ മരിക്കുന്നു.  

ഹംസയുടെയും അഫിയുടെയും മകന് അവര്‍ ഇല്യാസ് എന്നാണ് പേരിട്ടത്. അവനൊരു സ്വപ്നജീവിയായാണ് വളര്‍ന്നത്. എങ്കിലും കൂടുതല്‍ പഠിക്കാനും ജോലിക്കുമായൊക്കെ അവന്‍ ഒടുവില്‍ ജര്‍മ്മനിയിലേക്ക് പോകുന്നു. അപ്പോഴേക്കും ജര്‍മനിയുടെ കൈയില്‍ നിന്ന്​ അധികാരം ബ്രിട്ടീഷുകാരുടെ കൈകളില്‍ എത്തിയിരുന്നു.

ജോലിയുടെ ഭാഗമായി ഇല്യാസ് തന്റെ അമ്മാമനെ അന്വേഷിച്ചിറങ്ങുന്നുണ്ട്. യുദ്ധം കഴിഞ്ഞും വളരെ കാലം അമ്മാവന്‍ ജര്‍മ്മനിയില്‍ ജീവിച്ചിരുന്നു എന്നും ഒരു ജര്‍മന്‍ സ്ത്രീയെ വിവാഹം കഴിച്ചു എന്നും അതില്‍ മൂന്നു കുട്ടികളുണ്ടായിരുന്നു എന്നും അവന്  വിവരം ലഭിക്കുന്നു. ജര്‍മന്‍ കോളോണിയല്‍ ഭരണം തിരിച്ചു വരണമെന്ന് ആത്മാര്‍ഥമായി ആഗഹിക്കുന്ന ആളായിരുന്നു അമ്മാമനെന്നും ഇല്യാസ് കണ്ടെത്തുന്നു. നമ്മള്‍ ഇവിടെ കഷ്ടതയുടെ നടുവില്‍ നരകിക്കുമ്പോള്‍ അമ്മാമന്‍ ജര്‍മനിക്കുവേണ്ടി പാട്ടുപാടിയും കൊടി പിടിച്ചും നടക്കുകയായിരുന്നെന്ന് ഇല്യാസ് നീരസത്തോടെ പറയുന്നുണ്ട്. ആ സമയത്ത് നിയമം മാറിയതു കൊണ്ട് ഒരു ജര്‍മന്‍കാരിയെ കല്യാണം കഴിച്ചുവെന്ന കുറ്റത്തിന് ഇല്യാസിനെ കോണ്‍സന്‍ട്രേഷന്‍ കാമ്പിലേക്ക് അയക്കുന്നു. അയാള്‍ അവിടെ വെച്ചു മരിക്കുന്നു. അയാളുടെ ജീവിച്ചിരിക്കുന്ന ഓരേയൊരു മകനും ആ കാമ്പിലെത്തിയെന്നും അവിടെ നിന്ന്​ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വെടിയേറ്റ് മരിച്ചു എന്ന വിവരവും നമ്മള്‍ അറിയുന്നു. മരണത്തില്‍ പോലും ഇല്യാസിന് കൂട്ടു കൊടുക്കാന്‍ സ്‌നേഹമുള്ള ഒരാളുണ്ടായിരുന്നു എന്നു പറഞ്ഞാണ് നോവല്‍ അവസാനിക്കുന്നത്.

വലിയൊരു കാന്‍വാസില്‍ കുറേയേറെ കഥാപാത്രങ്ങളുമായി എഴുതിയ പുസ്തകമല്ല ഇത്. പ്രധാനപ്പെട്ട വളരെ കുറച്ചു കഥാപാത്രങ്ങളെ ഇതിലുള്ളൂ. 

വ്യക്തികള്‍ ചേര്‍ന്ന് കുടുംബമാകുന്ന, കുടുംബങ്ങള്‍ കൂടി സമൂഹമാകുന്ന, സമൂഹങ്ങള്‍ രാഷ്ട്രത്തെ നിര്‍മിക്കുന്ന ഒരു പരിണാമം ഇവിടെ കാണുന്നില്ല. ദിശയറ്റു പോയ, വിധിക്കു കീഴടങ്ങുന്ന കുറച്ചാളുകളിലൂടെ, നിരന്തരമായ കോളോണിയല്‍ ഭരണത്തിന്റെ ഭാരത്തിനടിയില്‍ അമര്‍ന്ന് മുരടിച്ചു പോയ ഏതാനും വ്യക്തികളിലൂടെ, കുടുംബങ്ങളിലൂടെ രാജ്യത്തിന്റെ ഒരു പരിഛേദം കാട്ടിത്തരാനാണ് എഴുത്തുകാരന്‍ ശ്രമിച്ചത് എന്നു തോന്നുന്നു.

ഖാലിഫ വിധിയെ പഴിച്ച് ജീവിച്ചയാളാണ്. അതുകൊണ്ടുതന്നെ അവരുടെ കുടുംബവും പുഷ്‌ക്കലമാകാതെ പോയി. സ്വന്തം സഹോദരിയെ പോലും ഉപേക്ഷിച്ച് രാജ്യഭക്തിയുടെ പേരില്‍ നാടുവിട്ടു പോയതാണ് ഇല്യാസ്. ദിശാബോധമില്ലാതെ എവിടെയൊക്കെയോ സഞ്ചരിച്ച് ഒടുവില്‍ അപ്രതീക്ഷിതമായി ഒരു കുടുംബത്തിന്റെ തണലില്‍ എത്തിപ്പെട്ട ആളാണ് ഹംസ. കുടുംബത്തേയും സമൂഹത്തേയും മുന്നോട്ടു നയിക്കേണ്ടവര്‍ തുടക്കത്തിലെ മുരടിച്ചു പോകുന്നു. അതിനിടയില്‍, ഒരു കുടുംബം കെട്ടിപ്പടുക്കാന്‍ സ്വയം മുന്നിട്ടിറങ്ങുന്ന അഫിയയും, ജീവിതത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോയ അവരുടെ മകനുമാണ് പ്രതീക്ഷക്കു വക തരുന്നത്. നൂറ്റാണ്ടുകളുടെ അടിമപെടലിന്നു ശേഷം ഒരു രാജ്യത്തിന്റെ തന്നെ പുത്തന്‍ ഉണര്‍വിന്റെ, വീണ്ടെടുക്കലിന്റെ സൂചനയാകാം അത്.

വളരെ ലളിതവും എന്നാല്‍ തീര്‍ത്തും അനുയോജ്യവുമായ ഭാഷയാണ് എഴുത്തുകാരന്‍ ഉപയോഗിച്ചിരിക്കുന്നത്. അത് വായനയെ കൂടുതല്‍ എളുപ്പമാക്കുന്നു. ഹംസയും അഫിയയും തമ്മിലുള്ള രഹസ്യ സ്വഭാവമുള്ള പ്രണയത്തിന്റെ വിവരണം അതീവ ഹൃദ്യവും കാവ്യാത്മകവുമാണ്.

പുസ്തകത്തിന്റെ പ്രധാന ഉദ്ദേശ്യം രാഷ്ട്രീയമല്ലെങ്കിലും തന്റെ രാഷ്ട്രീയ നിലപാട് എഴുത്തിലൂടെ ഉറക്കെ പറയാന്‍ എഴുത്തുകാരന്‍ ഒട്ടും മടി കാണിക്കുന്നില്ല. കഥയിലെ കേന്ദ്ര കഥാപാത്രങ്ങളൊക്കെ മുസ്​ലികളാണ്​. അവരുടെ കഥ ഉറക്കെ പറയുമ്പോഴും, മനസ്സില്‍ ഒരു പാട് നന്മ കൊണ്ടു നടന്നിരുന്ന ഖലീഫ തന്റെ മരണത്തിനു ശേഷം മാത്രമാണ് പള്ളിയില്‍ പ്രവേശിക്കുന്നത് എന്ന് ചൂണ്ടി കാണിക്കാനുള്ള ആര്‍ജ്ജവവും എഴുത്തുകാരന്‍ കാണിക്കുന്നുണ്ട്. 

കൊളോണിയലിസത്തെ കുറിച്ച് പറയുമ്പോള്‍ നാമോര്‍ക്കുക ബ്രിട്ടനെ ആണെങ്കിലും, ജര്‍മന്‍ കൊളോണിയലിസവും ഒട്ടും ദേദമായിരുന്നില്ല എന്നു പുസ്തകം പറയുന്നുണ്ട്. സ്വദേശീയരുടെ കലാപങ്ങളെ അടിച്ചമര്‍ത്തിയും, ഭീതിയഴിച്ചുവിട്ടും നടത്തിയ ക്രൂരതകള്‍ അവിടുത്തെ ജനങ്ങളെ ശാരീരികമായും മാനസികമായും എത്രമേല്‍ തളര്‍ത്തിയിട്ടുണ്ട് എന്ന് പുസ്തകത്തിലുടനീളം പരാമര്‍ശമുണ്ട്. കടം കൊടുത്ത് സാധാരണ ജനങ്ങളെ അവരുടെ വരുതിയിലാക്കി, ഏതു യുദ്ധകാലത്തും, പണവും കൗശലവും കൊണ്ട് ബിസിനസ്സിന് ഒരു കോട്ടവും തട്ടാതെ നോക്കുന്ന കച്ചവടക്കാരെ അവതരിപ്പിച്ചു കൊണ്ട്, അന്നുമിന്നും നിലനില്‍ക്കുന്ന ക്യാപിറ്റലിസത്തിന്റെ അവസരവാദ സമീപനങ്ങളെ ഗുര്‍ണ തുറന്നുകാട്ടുന്നു. പൊളിറ്റിക്കല്‍ കറക്​റ്റ്​നസ്സിനുവേണ്ടി തന്റെ രാഷ്ട്രീയത്തെ മറച്ചു പിടിക്കുന്ന എഴുത്തുകാരനല്ല അബ്ദുള്‍ റസാക്ക് ഗുർണ. 

അതി വൈകാരിക മുഹൂര്‍ത്തങ്ങളോ, തീവ്രാനുഭവങ്ങളോ, ദാര്‍ശനിക ഉള്‍ക്കാഴ്ചകളോ ഈ പുസ്തകം സമ്മാനിക്കുന്നില്ല. എഴുത്തുകാരന്റെ കടമ കഥ പറയുകയെന്നതാണെന്നും  അതിന്റെ വ്യാഖ്യാനങ്ങള്‍ വായനക്കാരന് വിട്ടു കൊടുക്കണമെന്നും വിശ്വസിക്കുന്ന എഴുത്തുകാരനാണ് ഗുർണ എന്നു തോന്നുന്നു. സമൂഹത്തിലേക്കോ, ചരിത്രത്തിലേക്കോ നീട്ടിയ ഒരു കണ്ണാടിയല്ല ഈ പുസ്തകം. തന്റെ ചുറ്റും കാണുന്ന കാഴ്ചകളുടെ അനുഭവങ്ങളുടെ ഒരു രേഖാചിത്രം മാത്രമേ എഴുത്തുകാരന്‍ വരയ്ക്കുന്നുള്ളൂ. എന്നാല്‍ ആ വരയ്ക്ക് ഗഹനതയുണ്ട്. പുസ്തകം വായിച്ചു കഴിയുമ്പോള്‍ വായനക്കാരന്‍ അനുഭവിക്കുന്നത് ആ ഗഹനതയാവും.

Saturday, December 4, 2021

ജീവിതത്തിലേക്ക്​ ഭരണകൂടം അരിച്ചരിച്ചിറങ്ങുമ്പോള്‍ ​​​​​​​അന്ന അഹ്​മത്തോവയെ വായിക്കാം


ഒരു രാജ്യത്ത്​, പുഴയിലെ വെള്ളം ചുവന്നുതുടുത്തതാണെങ്കില്‍ അവിടുത്തെ ഭരണകൂടം ആളുകളെ കൊന്നൊടുക്കുകയാണെന്നും, അഥവാ വെള്ളം കറുത്തു കലങ്ങിയതാണെങ്കില്‍ അറിവിന്റെ ഉറവിടമായ പുസ്തകങ്ങള്‍ പുഴയില്‍ എറിഞ്ഞു നശിപ്പിക്കുകയാണെന്നും എവിടെയോ വായിച്ചിട്ടുണ്ട്. ഭരണകൂടം പുസ്തകങ്ങള്‍ നശിപ്പിക്കുമെന്ന് ഉറപ്പായപ്പോള്‍ രാജ്യത്തെ ഓരോ വ്യക്തിയും ഓരോ പുസ്തകം മനഃപാഠമാക്കിയ കഥയും എവിടെയോ വായിച്ചിട്ടുണ്ട്. എത്ര തച്ചുടയ്ക്കാന്‍ ശ്രമിച്ചാലും അക്ഷരങ്ങള്‍ക്കു നാശമില്ലെന്ന് ഈ കഥ നമ്മെ ഓര്‍മിപ്പിക്കുന്നു.

എന്നാല്‍ ചോദ്യം ചെയ്യുന്നവര്‍ക്കു നേരെ നിറയൊഴിക്കാന്‍ മടിക്കാത്ത, അവരെ തുറങ്കലിലടയ്ക്കാന്‍ തയ്യാറാവുന്ന; അറിവിനു മുകളില്‍ മിത്തിന്റെയും, ആള്‍ദൈവ വചനങ്ങളുടെയും, അസത്യങ്ങളുടെയും കോട്ടകള്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഒരു ഭരണകൂടം രാജ്യം ഭരിക്കുമ്പോള്‍ ഒരു വായനക്കാർ എന്തു ചെയ്യണം? അവർക്ക്​ കൂടുതല്‍ കൂടുതല്‍ ആവേശത്തോടെ വായിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. വെറുതെ വായിച്ചതു കൊണ്ടു മാത്രം കാര്യമില്ല. വായിച്ചത് പങ്കുവെയ്ക്കുകയും, മറ്റുള്ളവരെ വായിക്കാന്‍ പ്രേരിപ്പിക്കുകയും, വേണ്ടിവന്നാല്‍ വായിച്ചത് ഒരിക്കലും നഷ്ടപ്പെടാതിരിക്കാന്‍ മനസ്സിന്റെയാഴങ്ങളില്‍  സൂക്ഷിച്ചു വെയ്ക്കുകയും വേണം. പൂക്കളെക്കുറിച്ചും പൂമ്പാറ്റകളെക്കുറിച്ചും മാത്രം വായിച്ചാല്‍ പോരാ. ഫാസിസ്റ്റ് ശക്തികളും, മതവെറിയന്‍മാരും പടച്ചുവിടുന്ന, മിത്തുകളെയും പുരാണങ്ങളെയും ചരിത്രത്തെയും വളച്ചൊടിച്ച് വികലമാക്കിയ സൃഷ്ടികളില്‍ അഭിരമിച്ചിട്ടും കാര്യമില്ല. തിക്തമായ അനുഭവങ്ങളില്‍ നിന്നും, ചെറുത്തുനില്‍പ്പില്‍ നിന്നും, പോരാട്ടവീര്യങ്ങളില്‍ നിന്നും കടഞ്ഞെടുത്ത കൃതികള്‍ വായിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. അത്തരമൊരു അനിവാര്യതയാണ് എന്നെ അന്ന അഹ്​മത്തോവയില്‍ എത്തിച്ചത്. 

ജീവിതകാലം മുഴുവന്‍ തിക്താനുഭവങ്ങളാല്‍ വേട്ടയാടപ്പെട്ടവരാണ് അന്ന അഹ്​മത്തോവ. ആദ്യ ഭര്‍ത്താവ് കവിയായിരുന്നു. വിവാഹജീവിതം നിരാശാജനകമായിരുന്നു. പിന്നീട് ആ ബന്ധം വേര്‍പെട്ടെങ്കിലും, ഭരണകൂടം ശിക്ഷ നടപ്പാക്കി അദ്ദേഹത്തിനെ വധിച്ചത് അന്നയെ ആകെ ഉലച്ചു. അതിനിടയില്‍ ഒന്നാം ലോക മഹായുദ്ധത്തിന്റെ കെടുതികള്‍. സര്‍ ചക്രവര്‍ത്തിമാരുടെ സാമ്രാജ്യം തകര്‍ന്നെങ്കിലും പകരം വന്ന കമ്യൂണിസ്റ്റ് സംവിധാനം അന്നയ്ക്ക് ഒരു വിധത്തിലും സഹായകരമായിരുന്നില്ല. 1925 ല്‍ അവരുടെ പുസ്തകങ്ങള്‍ നിരോധിക്കപ്പെട്ടു. താമസിയാതെ സ്റ്റാലിന്റെ ഉരുക്കുമുഷ്ടി അവര്‍ക്കു നേരെയും നീണ്ടു. 1935 ല്‍ മകന്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. ഇടയില്‍ മോചിതനായെങ്കിലും 1949 ല്‍ വീണ്ടും അറസ്റ്റിലായി, പത്തു വര്‍ഷത്തോളം സൈബീരിയന്‍ ജയിലില്‍ കഴിയേണ്ടി വന്നു. 

ഇത്തരം വ്യക്തിപരവും, ചരിത്രപരവും രാഷ്ട്രീയവുമായ ദുരനുഭവങ്ങള്‍ക്കിടയിലിരുന്നാണ് അന്ന കവിതകളെഴുതിയത്.

അന്നയുടെ കവിതകള്‍ വായിക്കാന്‍ അന്നത്തെ റഷ്യന്‍ ചരിത്രത്തെക്കുറിച്ചറിയേണ്ട കാര്യമില്ല. കാരണം ഏറെ കുറെ സമാനമായ ഒരു അവസ്ഥയാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. 

വ്യത്യസ്തമായി ചിന്തിക്കുന്നവരെ അര്‍ബന്‍ നക്‌സലൈറ്റ് എന്നു മുദ്രക്കുത്തി തുറങ്കലിലടയ്ക്കുന്ന , എണ്‍പതിലേറെ പ്രായുള്ള, പാര്‍ക്കിന്‍സണ്‍ രോഗത്താല്‍ വലയുന്ന, ഒരു പുരോഹിത തടവുകാരന് വെറുമൊരു സ്‌ട്രോയും, സ്ലിപ്പറും നിഷേധിക്കുന്ന നിയമ സംവിധാനത്തെക്കുറിച്ചറിയാന്‍  റഷ്യന്‍ ചരിത്രം വായിക്കേണ്ട കാര്യമില്ല. എന്നാല്‍ അതിനെതിരെ എങ്ങനെ ശബ്ദമുയര്‍ത്തണമെന്നറിയാന്‍ അന്നയുടെ കവിതകള്‍ ഉപകരിക്കും.

 മകന്‍ ജയിലിലാകുമ്പോള്‍ അവരെഴുതിയ Requiem എന്ന വിഖ്യാത കവിതയിലെ വരികള്‍ ഈ കെട്ട കാലത്തിന് എത്ര അനുയോജ്യമാണ് എന്നത് നമ്മെ അത്ഭുതപ്പെടുത്തും. മകനെ കാണാന്‍ ജയിലിനുപുറത്തു കാത്തു നില്‍ക്കുമ്പോള്‍, മറ്റൊരു സ്ത്രി , ഇതൊക്കെ കവിതയാക്കി കൂടെ എന്നു ചോദിച്ചതാണ് ഈ കവിതയ്ക്ക് പ്രചോദനമെന്ന് കവി തന്നെ പറയുന്നുണ്ട്. നീണ്ട മാസങ്ങളും മണിക്കൂറുകളും അവര്‍ മകനെ കാണാന്‍ ജയിലിനു മുന്നില്‍ കാത്തു നിന്നു. ആ കാത്തു നില്‍പ്പിന്റെയിടയില്‍ അനുഭവിച്ച പീഡയുടെ ഹൃദയ ഭേദകമായ വിലാപമാണ് Requiem എന്ന കവിത.

രാഷ്ട്രീയ പകപോക്കലിന്റെയും, ഭരണകൂട കുതന്ത്രങ്ങളുടെയും ബലിയാടുകളാവുന്നവരെക്കുറിച്ച് എത്ര തീക്ഷണമായാണ്  ‘എത്ര നിഷ്‌കളങ്കരുടെ, നിരപരാധികളുടെ ജീവിതമാണ് അപഹരിക്കപ്പെടുന്നത് ' എന്ന വരികളിലൂടെ അവര്‍ ചോദിക്കുന്നത്. ( How many innocent blameless lives are being taken away - Raquiem). പിന്നീട്, മകനെ വിട്ടുകിട്ടാന്‍, അവന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവര്‍ നടത്തിയ ശ്രമങ്ങളുടെ വര്‍ണന നമ്മുടെ കരളലിയിപ്പിക്കും. ‘കഴിഞ്ഞ പതിനേഴു മാസങ്ങളായി നിന്നെ തിരികെ വീട്ടിലെത്തിക്കാന്‍ ഞാന്‍ കരഞ്ഞു നടക്കുന്നു; ഈ കശാപ്പുക്കാരുടെ കാല്‍ക്കലില്‍ വീഴുന്നു; ....ഒടുവിലിപ്പോള്‍ എനിക്ക് മനുഷ്യനാര് മൃഗമാര് എന്നു തിരിച്ചറിയാതായിരിക്കുന്നു’ എന്നു കവി പറയുമ്പോള്‍ ഹൃദയം നുറുങ്ങിയുള്ള ആ വേദന തിരിച്ചറിയാന്‍ നമുക്ക് പ്രയാസമില്ല. കാരണം നമ്മുടെ നാട്ടില്‍ ഇതൊരു സ്ഥിരം കാഴ്ചയായി മാറുകയാണല്ലോ. ( For seventeen months I have been screaming. Calling you home. I 've thrown myself at the feet of butchers for you, my son and my horror. Everything has become muddled for ever.... I can no longer distinguish who is an animal ,who is a person, and how long the wait can be for an execution - Raquiem) 

ഇവിടെ, ഒരു സംസ്ഥാന സര്‍ക്കാറിനെതിരായി വാര്‍ത്ത കൊടുത്തതിന്​ ഒരു ജേര്‍ണലിസ്റ്റ് ജയിലില്‍ കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായല്ലോ. അങ്ങനെ എത്രയനേകം പേര്‍ ഭരണകൂട ഭീകരതയുടെ ബലിയാടുകളായി, നീതി നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നു. ആ കുടുംബങ്ങളത്രയും എഴുതാനാഗ്രഹിക്കുന്ന വരികളല്ലേ കവി എന്നേക്കമായി എഴുതി വെച്ചത് ? 

അധികാര വര്‍ഗത്തിന് അന്നയും, അവരുടെ കവിതകളും എന്നും കണ്ണിലെ കരടായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ എഴുത്തുകാരുടെ സര്‍ഗാത്മകതയെ പൂര്‍ണമായും ഞെരിച്ചമര്‍ത്താനാണ് അധികാരികള്‍ ശ്രമിക്കുക. അതിനെതിരെ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ എഴുത്തുകാര്‍ വലയാറുണ്ട്. ഭയമുള്ളവര്‍ നിശ്ശബ്​ദരാകും. ഭീരുക്കള്‍ ഭരണകൂടത്തിന്റെ പക്ഷം ചേരും. മറ്റുള്ളവര്‍ കൂടുതല്‍ സുരക്ഷിത താവളങ്ങള്‍ തേടും. എന്നാല്‍ അക്ഷരം ആയുധമാണെന്നും, അക്രമങ്ങള്‍ക്കും , അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ സമൂഹ മനസ്സാക്ഷിയെ തൊട്ടുണര്‍ത്തുകയെന്നതാണ് കവിധര്‍മമെന്നും തിരിച്ചറിഞ്ഞ വിരളമായ കുറച്ചു എഴുത്തകാരില്‍ ഒരാളാണ് അന്ന അഹ്​മത്തോവ. അന്ന്, പല എഴുത്തുകാരും അന്യരാജ്യങ്ങളില്‍ അഭയം തേടിയപ്പോള്‍ , എല്ലാ കെടുതികള്‍ക്കും നടുവിലും മാതൃരാജ്യത്തെ ഉപേക്ഷിക്കാന്‍ അന്ന തയ്യാറായില്ല. മാത്രമല്ല,  ‘അങ്ങനെ ശത്രുക്കളില്‍ നിന്ന്​ ഓടിയൊളിക്കുന്നവളല്ല ഞാനെന്നും, ഒരു പ്രഹരത്തിനും ഞങ്ങളെ പിന്തിരിപ്പിക്കാന്‍ ആവില്ല' എന്നും അവര്‍ കവിതയിലൂടെ അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചു. ( I am not one of those who left the land/ to the mercy of its enemies..../ We, the survivors do not flinch/ from anything, not from a single blow- I am not the one who left the land ). എഴുത്തുകാരന്റെ ധര്‍മം ഭരണകൂടത്തിന് ഓശാന പാടലല്ല എന്ന് ഇതിനെക്കാള്‍ വ്യക്തമായി മറ്റൊരാള്‍ക്കും പറഞ്ഞു വെയ്ക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. 

ഒരു മനുഷ്യായസ്സിന് താങ്ങാന്‍ കഴിയുന്നതിനെക്കാള്‍ ഏറെ ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോഴും കരള്‍ കടയുന്ന വേദനയില്‍ ജ്വലിപ്പിച്ചെടുത്ത അക്ഷരങ്ങള്‍ കൊണ്ട്  ‘നമ്മുടെ തകര്‍ന്ന വീടിനു വേണ്ടി ഞാന്‍ കുടിക്കുന്നു; ലോകം ക്രൂരവും പരുത്തതുമാണെന്ന സത്യത്തിനു വേണ്ടി; ദൈവം നമ്മെ രക്ഷിച്ചില്ല എന്ന വസ്തുതയക്കു വേണ്ടി ' ( I drink to our ruined house.../ To the fact that the world is brutal and coarse/ To the fact that God did not save us'-  Last Toast) എന്നെഴുതാന്നുള്ള ചങ്കൂറ്റം എത്ര എഴുത്തുകാര്‍ക്കുണ്ട്? ദൈവത്തിന്റെ പേരില്‍ മന്ദിരങ്ങള്‍ പണിതുയര്‍ത്തുന്ന, വോട്ടു ബാങ്കുകള്‍ ശക്തിപ്പെടുത്തുന്ന ഈ രാജ്യത്ത്, അന്യമതസ്ഥനായി എന്ന ഒറ്റക്കാരണത്താല്‍ അയല്‍ക്കാരന്റെ വീട് തകര്‍ക്കപ്പെടുമ്പോള്‍, ആ തകര്‍ന്ന കുടുംബത്തെ രക്ഷിക്കാന്‍ ഒരു ദൈവവും വരില്ലെന്ന് ഉറക്കെ പറയുന്ന എഴുത്തുകാരെ അന്വേഷിച്ചിറങ്ങുന്ന ഒരു വായനക്കാരന്‍ എവിടെയാവും ചെന്നെത്തുക? സ്വന്തം വീട്ടിന്റെ സുരക്ഷിതതത്തിലിരുന്നു പോലും ഇത്തരം കവിതകള്‍ വായിക്കാന്‍ തന്നെ നാമിന്നു ഭയക്കുന്നു. ദൈവനാമത്തില്‍ രാജ്യത്താകെ വെറുപ്പിന്റെ രാഷ്ട്രീയം ആളിക്കത്തിക്കുമ്പോള്‍ ഒരിക്കലും സഹായത്തിനെത്താത്ത ദൈവത്തെക്കുറിച്ചെഴുതാന്‍ അസാമാന്യമായ ധൈര്യം വേണം. ആ സ്ഥൈര്യം ഇല്ലാത്തതു കൊണ്ടാണ് അന്നയെ പോലുള്ള എഴുത്തുകാർ നമുക്കധികമില്ലാതെ പോകുന്നത്.

മകനെ വിട്ടു കിട്ടുമെന്ന പ്രതീക്ഷയില്‍ അന്നയും കുറച്ചു കാലം ഭരണകൂടത്തിനെ തൃപ്തിപ്പെടുത്തുന്ന കവിതകള്‍ എഴുതിയെന്നൊരു ആക്ഷേപവും കണ്ടില്ലെന്നു നടിക്കാനാവില്ല. എങ്കിലും അതിനു മുമ്പ് ,  ‘ഈ കാലഘട്ടം മറ്റുള്ളതിനെക്കാള്‍ മോശമായതെങ്ങിനെ? ഭയവും, ദുഃഖവും വിഹ്വലതയും നമ്മെ കീഴടക്കുമ്പോള്‍ , ഒരിക്കലും ഉണങ്ങാനാവാത്ത മുറിവുകള്‍ നാം നമ്മളില്‍ തന്നെ അടിച്ചേല്‍പ്പിച്ചില്ലേ' എന്നു കവി ചോദിക്കാന്‍ മടിക്കുന്നില്ല. (Why is this age worse than earlier ages? / In a stupor of grief and dread/ have we not fingered the foulest wounds/ and left them unhealed by our hands?).

ചുറ്റും കളിയാടുന്ന ഭീകരതയുടെ മുഴുവന്‍ ഉത്തരവാദിത്വവും അധികാര വര്‍ഗത്തിന്റേതാണ് എന്നു പറഞ്ഞു കൈയൊഴിയാന്‍ കഴിയില്ലെന്ന് അന്ന നമ്മെ ഓര്‍മിപ്പിക്കുന്നു. വിധേയത്വം കൊണ്ട് നാം നമ്മളില്‍ തന്നെ അടിച്ചേല്‍പ്പിച്ചതാണ് ഈ മുറിവുകള്‍ എന്ന് കവി കുറ്റപ്പെടുത്തുമ്പോള്‍ അതില്‍ നിന്ന്​ ഒഴിഞ്ഞു മാറാന്‍ നമുക്കും കഴിയുന്നില്ല. 

വെറുതെ കുറെ ചോദ്യങ്ങള്‍ ചോദിച്ചും, പലതും ഓര്‍മിപ്പിച്ചും മാറിനില്‍ക്കുന്ന കവിയല്ല അന്ന അഹ്​മത്തോവ. ആ  ഇരുണ്ട കാലത്തും കവിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും എന്തു ചെയ്യണമെന്ന വ്യക്തമായ ധാരണ അവര്‍ക്കുണ്ടായിരുന്നു. ‘ഇന്നെനിക്ക് ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്, ഓര്‍മകളെ കശാപ്പു ചെയ്യണം, ജീവനുള്ള ആത്മാവിനെ കരിങ്കല്ലാക്കണം , എന്നിട്ട് വീണ്ടും ജീവിച്ചു തുടങ്ങാന്‍ എന്നെ തന്നെ പഠിപ്പിക്കണം.' ( I have a lot of work  to do today;/ I need to slaughter memory, / Turn my living soul to stone,/ Then teach myself to live again). ദുരിതകാലങ്ങളില്‍ നിന്നും കരകയറാന്‍ മനസ്സിനെയും ശരീരത്തിനെയും ദൃഢമാക്കിയേ മതിയാവൂ. ആ വെല്ലുവിളി സ്വയം ഏറ്റെടുക്കാന്‍ കവി തയ്യാറാവുകയാണ് ഇവിടെ. 

ജീവിതത്തിന്റെ എല്ലാ തുറകളിലേക്കും ഭരണകൂടത്തിന്റെ കരാള ഹസ്തങ്ങള്‍ നീണ്ടു വരുമ്പോള്‍ കലയ്ക്കും കവിതയ്ക്കും എന്തെങ്കിലും പ്രസക്തിയുണ്ടോ? ഉണ്ടെന്ന് അന്ന അഹ്​മത്തോവയുടെ വരികള്‍ ഉറപ്പു തരുന്നു. ചുറ്റും പടരുന്ന കൂരിരുട്ടില്‍ കത്തിച്ചു വെച്ച ചെരാതിലെ വെളിച്ചമാവുന്നു അവരുടെ കവിതകള്‍.  ‘ഞങ്ങള്‍ കണ്ണീരൊഴുക്കുന്നവരല്ല, കൂടുതല്‍ അഭിമാനമുള്ളവരാണ്, ഈ മേഘങ്ങള്‍ നീങ്ങി പുതിയ പ്രതീക്ഷകള്‍ ഉണ്ടാവു'മെന്ന (Surely the reckoning will be made/ after the passing of this cloud/ we are the people without tears,/ straighter than you...more proud') അവരുടെ വരികള്‍ ഇരുണ്ട ആകാശത്തില്‍ വെട്ടിത്തിളങ്ങുന്ന നക്ഷത്രങ്ങളാകുന്നു. വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന മകനെയോര്‍ത്ത് വിലപിക്കുമ്പോഴും  ‘അങ്ങ് വിദൂരതയില്‍ പ്രതീക്ഷയുടെ ഗാനമെന്നുമുണ്ടെന്ന'

(But hope still sings forever in the distance- Requiem)  കവിയുടെ വാക്കുകള്‍ സമൂഹത്തിന് പകര്‍ന്നു തരുന്ന ഊര്‍ജ്ജവും ശുഭാപ്തി വിശ്വാസവും വളരെ വലുതാണ്. അങ്ങിനെ എല്ലാ കെടുതികള്‍ക്കു നടുവിലും, അക്ഷരവൃക്ഷത്തിന്റെ തണല്‍ പടര്‍ത്തി നില്‍ക്കുന്ന ഈ കവിയെ നമ്മള്‍ അറിയാതെ പോകരുത്.

അന്നയുടെ കവിതകളെക്കുറിച്ച് ഇനിയും പലതുമെഴുതാം. എന്നാല്‍ പ്രതീക്ഷക്കു വകയുണ്ടോ എന്നു പോലും സംശയിക്കുന്ന ഒരു കാലഘട്ടത്തില്‍ കവിയും, കവിതയും സമൂഹവുമായി എങ്ങിനെ സംവേദിക്കണമെന്നറിയാന്‍ അന്നയേയും, അവരുടെ ഏതാനും വരികളേയും കൂട്ടുപിടിക്കാന്‍ മാത്രമാണ് ഞാന്‍ ശ്രമിച്ചത്. കൂട്ടത്തില്‍ അന്ന അഹ്​മത്തോവയുടെ കവിതകള്‍ വായിക്കാത്തവര്‍ക്ക്, അല്ലെങ്കില്‍ അത് വേണ്ടപോലെ ആഴത്തിലറിയാത്തവര്‍ക്ക് അവരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഈ കുറിപ്പിനുണ്ട്.

വേണ്ടത്ര അറിയപ്പെടാതെ അഥവാ വായിക്കപ്പെടാതെ പോയ കവിയാണ് അന്ന. ഒന്നിലേറെ തവണ നോബല്‍ സമ്മാനത്തിന് നിര്‍ദേശിക്കപ്പെട്ട കവിയാണെങ്കിലും അര്‍ഹിക്കുന്ന അംഗീകാരം അവര്‍ക്കു ലഭിച്ചിട്ടില്ല. പോപ്പുലര്‍ ഫിക്ഷനും, മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളും അരങ്ങു ഭരിക്കുന്ന പുസ്തക വിപണിയില്‍ അന്ന അഹ്​മത്തോവയ്ക്ക് പിടിച്ചു നില്‍ക്കാന്‍ പ്രയാസമാവും. അതുകൊണ്ടു തന്നെ അവര്‍ കൂടുതല്‍ വായിക്കപ്പെടണം. നരകതുല്യമായി കൊണ്ടിരിക്കുന്ന ഈ വിനാശകാലത്തിലും അവരുടെ വരികള്‍ നെഞ്ചില്‍ ചാട്ടൂളി പോലെ തറയ്ക്കുകയും , പ്രതീക്ഷയുടെ പ്രഭാനാളങ്ങള്‍ പടര്‍ത്തുകയും ചെയ്യുന്നുണ്ട്. അത് കൂടുതല്‍ വായനക്കാര്‍ അറിയേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. 

I asked,  ‘what do you want'?

He said, 'to be with you in hell.

- Guest.

Sunday, November 28, 2021

It is nature again, this time as wind

 


At New Delhi people are really gasping for breath. It is almost like living in a gas chamber (though none of us have any prior experience of it). In spite of this fact, Delhiites seems to be least bothered. Either we are used to it or we have surrendered to the inevitable faith. The government bodies or respective authorities don’t give us any confidence. Interestingly, few weeks back Prime Minister of the country attended the World Climate conference and while addressing the representatives from other countries announced that by 2070 India will reach net-zero. He claimed to have taken many steps to control pollution which will have far reaching results. It is not a surprise that this irony of assuming the role of world savior while our own capital city is choking, is not lost on the citizens because , it seems ,they have long back ceased to believe what politicians, even if it is the Prime Minister of the country, promise. This is not the first time we are facing such an abysmal condition.  It is a hazard by which we are living for the last many years. Every part of the Governments machinery pretends to be deeply involved in finding solution for this seriously deteriorating situation. Experts make comments and provide advice; scientists talk of innovative methods to tackle this menace; Courts pass diktats and threaten to take severe actions; bureaucrats blame each other; while political parties are busy in the game of passing the buck. While all these dramas are enacted the situation has gone from worse to unlivable.  That is when I read in the news that the situation has improved suddenly. I was curious to know who wove the magic wand. Then I realised that it is the strong wind that has facilitated in sweeping away the dangerous particles hovering above us. It has helped the situation to improve to a great extend giving us lot of respite. With all those scientific discoveries we made, it was the natural wind who came as a savior. While we human being condescend about its supreme ability to control the planet Earth and even beyond, it is the nature that repeatedly comes to our rescue. Still, for all those wounds the super human inflict upon the world, the nature has to always take the brunt. In spite of all those abuses, every time nature intervenes, like the loving mother. I have added one more line to my prayer- let there be wind always in my city!

“The impulse of thy strength, only less free

Than thou, O uncontrollable!...

As thus with thee in prayer in my sore need.

Oh, lift me as a wave, a leaf, a cloud!

I fall upon the thorns of life! I bleed!

A heavy weight of hours has chain’d and bow’d

One too like thee; tameless, and swift, and proud”

Ode To west Wind- P.B.Shelley

 

Sunday, October 31, 2021

യന്ത്രപ്പാവയുടെ മുഖത്തടി

 


കൊത്തിയതൊന്നും ശരിയാവാതിരുന്നപ്പോൾ

കല്ലിനെ ശപിച്ചു

ഉള്ളാഴങ്ങളില്ലൊന്നും വിരിയാതിരുന്നപ്പോൾ

മണ്ണിനെ പഴിച്ചു

കുഴച്ച മണ്ണ് കലമാകാതിരുന്നപ്പോൾ

വിരലിനെ ദുഷിച്ചു

മേൽക്കൂര കൂട്ടാൻ ശ്രീ കോവിലേറിയപ്പോൾ

കൈ വിറച്ചു

ഉളിയൂർന്നു

പിൻകഴുത്തിൽ വീണിട്ടും

മുറിയേൽപ്പിക്കാതെ ത്തെറിച്ച

ഉളിയെടുത്തു തന്ന് മകൻ പറഞ്ഞു

ഇനിയുംമറ്റൊരു കഴുത്തിനെ ലക്ഷ്യമാക്കി

 ഉളിയെറിയാതെ,

പെരുന്തച്ചനെന്ന പഴയവസ്ത്രമൂരിവെച്ച്

ഉരച്ചും , തപിച്ചും , മിനുക്കിയും

പുതിയ ആയുധങ്ങൾക്ക് മൂർച കൂട്ടി

സ്വന്തം ശിൽപ്പങ്ങൾ തീർക്കൂ.

Sunday, October 10, 2021

കോഫി ഹൗസിൽ ഇന്നും, അവൾ

 വല്ലാതെ മടുത്തപ്പോൾ നടക്കാനിറങ്ങി

കൊഴുപ്പും വിഴുപ്പുമിളക്കിക്കളയാനൊരല്പ ദൂരം

മൂടിക്കെട്ടിയ മാനം കണ്ടപ്പോൾ

മനസ്സും കൂടെപ്പോന്നിട്ടുണ്ടെന്നറിഞ്ഞു

ഓർക്കാതെ പെയ്ത മഴ ഓടിച്ചു കയറ്റിയത്

ഓർമകൾ മായാത്ത പഴയ കോഫി ഹൗസിലേക്ക്

കൈ കഴുകുമ്പോൾ , ആകാശത്തു നിന്നിറങ്ങി വന്ന 

 മിന്നൽപ്പിണരിൽ ഒന്നു പകച്ചു,

മുമ്പിലെ കണ്ണാടിയിലവളെ  കണ്ടുവോ?

പ്രായമേറെയായിട്ടും കുറയുന്നില്ല

മനസ്സിന്റെ ഭ്രമങ്ങളൊന്നും .

മരകസേരയിലിരുന്നപ്പോൾ

പരിചിതമായ ഒരു ഗന്ധം

ഇതവളുടേതല്ലേയെന്ന് പിടഞ്ഞോർക്കുമ്പോഴതാ

പെരുമഴയത്തുമൊരുതരി

നനയാതെ അവൾ മുന്നിൽ വന്നിരിക്കുന്നു

ആരും കാണാതെ, ആരുമറിയാതെ 

അവൾക്കേറെ പ്രിയപ്പെട്ട മസാലദേശ പകുത്തുവെച്ചു

ചട്ടിണിയരികിലേക്ക് നീക്കിവെച്ചു.

മറ്റൊരാളവിടെ ഇരിക്കാനാഞ്ഞപ്പോൾ

അരുതെന്നു വിലക്കി കൈകൾ വെച്ചു

മറുപാതിയാർക്കെന്ന മട്ടിൽ

വെയിറ്റർ ചൂഴ്ന്നു നോക്കിച്ചിരിച്ചു

മഴ പെയ്തൊഴിഞ്ഞപ്പോൾ

മനസ്സിലെ വിഭ്രമങ്ങൾ ശമിച്ചപ്പോൾ

ബാക്കി പകുതിയും ഞാൻ തന്നെ കഴിച്ചു.

വെയിറ്റർ ഒരാൾക്കുള്ള ബില്ല് തന്നു

എന്നിട്ടും, ഒരല്പം വൈകിയാണെങ്കിലും, 

എങ്ങാനും വന്നെങ്കിലോ എന്നോർത്ത്

കാപ്പി ഒരു കവിൾ മാത്രം കുടിച്ച്

ബാക്കി അവൾക്കായി കരുതിവെച്ചു.

Friday, October 1, 2021

ഈറ്റിലങ്ങളിൽ ഇരുൾ നിറയുമ്പോൾ



കുറെ ദിവസമായി മകൻ വീട്ടിലുള്ളതു കൊണ്ടാവാം, പഴയ കഥകൾ പല ദിക്കിൽ നിന്നുമിറങ്ങി വന്നത്. അവ പലയിടത്തും ഒളിച്ചിരിക്കുകയായിരുന്നു. ( അതോ ഞാനിതു വരെ കാണാതിരുന്നതോ) ബുക്കിലും, ഷെൽഫിലും, കത്തിലും , തുണിയിലും, ഊണിലും, മുറ്റത്തും, മാവിലും, ചിലയ്ക്കുന്ന അണ്ണാനിലും, അലമാറിയിലെ കൂറ മിഠായിയുടെ മണത്തിലും , മുറ്റത്തു വീണ തൂവലിന്റെ സ്പർശത്തിലുമാക്കെ അതുണ്ടായിരുന്നു.

പുതിയ തലമുറയ്ക്ക് പഴയ കഥകൾ കേൾക്കാനിഷ്ടമാണ്. എന്തായിരിക്കും അവരതിൽ തിരയുന്നത് ? ആ കാലവും സ്ഥലരാശിയും അവർക്ക് ദുരൂഹമാണ്. ഭാവനയിൽ പോലും കൊരുത്തെടുക്കാൻ കഴിയാത്തത് . ഒരിക്കലും സ്വന്തമാക്കാനാവാത്ത അനുഭവങ്ങളിൽ അഭയം തിരയുകയാവാം. അവിശ്വസനീയമായ ആ കഥകൾ വരച്ചിടുന്ന വാങ്മയ ചിത്രങ്ങളുടെ ചാരുതയാവാം. എത്രയകലേക്ക് പോയാലും മണ്ണടരുകൾക്കിടയിൽ നിന്നുമൊരു നിമന്ത്രണം പോലെയുയരുന്ന ഉൾവിളി കളാവാം. എന്തായാലും, സൂത്രത്തിൽ കൂടെ നടന്ന്, പണ്ടെന്നോ മനസ്സിന്റെ യറകളിൽ വെച്ചു പൂട്ടിയ കഥകൾ പതുക്കെ തോണ്ടിയെടുക്കാനുള്ള സാമാർത്ഥ്യമുണ്ട് അവർക്ക്. ഉള്ളിൽ നിന്നും പൊട്ടിയൊഴുകുന്ന കഥകളുടെ ഉറവ കാണുമ്പോഴാണ് ഇത്രയേറെ നാം മനസ്സിൽ പേറി നടന്നിരുന്നോ എന്ന് നാം തന്നെ അത്ഭുതപ്പെടുക.

ഒാർമ്മകളെ മനസ്സിൽ ഒതുക്കി വെച്ചും മറ്റുള്ളവരായി പങ്കുവെച്ചും പൊലിപ്പിച്ചെടുക്കാൻ എളുപ്പമാണ്. ആവശ്യമുള്ളപ്പോൾ അനായാസമായി അതിലേക്കൊരു മടക്കയാത്ര ചെയ്യാനും കഴിയും. എന്നാൽ ആ ഓർമകൾ മേഞ്ഞിരുന്ന ഭൂമികയിലേക്കുള്ള മടക്കയാത്ര , അത്രയെ ളുപ്പമല്ല. അമൂർത്തമായ ഓർമകളെ മൂർത്തമായ ഒരു പരിസരത്തിൽ അവനു പരിചയപ്പെടുത്തി കൊടുക്കാമെന്ന തോന്നൽ അപ്പോഴാണ് ഉണ്ടായത്.

സ്വന്തം മക്കളിൽ ചിലരോട് അമ്മമാർക്ക് കൂടുതൽ സ്നേഹമുണ്ടാകുന്നതു പോലെ ഭൂമിയിലെ ചില പ്രദേശങ്ങളോട് പ്രകൃതിക്കു കൂടുതൽ ഇഷ്ടമുണ്ടാവുമെന്നു തോന്നുന്നു. അങ്ങിനെ ഭൂമിദേവിയുടെ മാറിട മൊരല്പം കൂടുതൽ ചുരന്നിടത്താണ് എന്റെ ജനനം. ജനിച്ചതവിടെയാണെങ്കിലും വളർന്നത് പലദിക്കിലാണ്. പലമണ്ണിന്റെ രുചിയറിഞ്ഞിട്ടും വേരുകളൊടുവിൽ തേടിച്ചെല്ലുന്നത് പ്രൗഡമായ ആ നാലുക്കെട്ടിലെ ഒരിരുണ്ട യറയിലെ മുലപ്പാൽ മധുരമാണ്. അറയിരുണ്ടതാണെങ്കിലും അവിടുത്തെ ഓർമ്മകൾ വർണ്ണാഭമാണ്. പരന്ന വെയിലു പോലെ തെളിവാർന്നതാണ്. 

ആശയം പങ്കുവെച്ചപ്പോൾ അവനായി കൂടുതൽ ആവേശം. പ്രിയ സുഹൃത്ത് സുധീർ എല്ലാം ശരിയാക്കി കാത്തിരിക്കാമെന്നു പറഞ്ഞപ്പോൾ യാത്ര നീട്ടിയില്ല. തറവാട്ടിലിന്നാരോ വാടകയ്ക്ക് താമസിക്കുന്നുണ്ട്.

പഴയ പറമ്പിലേക്ക് കാലെടുത്തു വെച്ചപ്പോൾ തന്നെ മാറ്റങ്ങൾ പ്രകടമായിരുന്നു. വിശാലമായ പറമ്പിനെ സെന്റുകളായി മുറിച്ച് വീട്ടുകൾ വെച്ചിരിക്കുന്നു. ഊഞ്ഞാലുക്കെട്ടാറുള്ള മാവു നിന്നിരുന്നിടത്ത് ഇരു നില മാളികയാണ്. തൊഴുത്തിന്റെ യവശിഷ്ടം പോലും ബാക്കിയില്ലാതെ മണ്ണിലമർന്നിരിക്കുന്നു. കിണറ്റിന്റെയാഴങ്ങളിൽ തെളിനീരു പോലെ ഓർമ്മകൾ ഉറഞ്ഞു നിൽക്കുന്നു. ഒരു തിരിപ്പോലും വെയ്ക്കാത്ത സർപ്പക്കാവിന്  മുകളിൽ വലിയ ഇലഞ്ഞി മരമിപ്പോഴും നരച്ച ഒരു കുട ചൂടി നിൽക്കുന്നു. ആധുനിക ലോകത്തോട് എങ്ങിനെ കോപിക്കണമെന്നറിയാത്ത സർപ്പങ്ങൾ കാവിന്റെ തണുവിൽ ചുരുണ്ട് കിടക്കുന്നുണ്ടാവാം.

ഓടു മേഞ്ഞ ഉമ്മറത്തിന് കാര്യമായ മാറ്റമൊന്നുമില്ല. മൂന്നു വശത്തും മുട്ടോളമുയരത്തിൽ (ചെറുപ്പത്തിലത് അരയ്ക്കു മീതെയായിരുന്നു ) കല്ലുകൊണ്ട് കെട്ടിയ ഇരിപ്പിടങ്ങളുള്ള വലിയ ഉമ്മറം. വീതിയുണ്ടെങ്കിലും, ആ തിണ്ണയിലൂടെ വേഗത്തിൽ ഓടാൻ തുടങ്ങിയാൽ വലുതായി എന്നാണർത്ഥം. എന്നാൽ അവധി ദിവസങ്ങളിൽ വരുമ്പോൾ അതിലൂടെ ഓടാൻ കഴിയില്ല. അത്രക്കധികം ആളുകളാവുമവിടെ . ഒരേ സമയം പത്തിരുപത് ആളുകൾക്ക് ആ തിണ്ണ മേൽ ഇരിക്കാനാവും . 

'ഞങ്ങളുടെ ശബ്ദം കേട്ട് വീട്ടുകാരിയിറങ്ങി വന്നു. വിളിച്ചപ്പോൾ മക്കൾ അറകളിൽ നിന്നുമിറങ്ങി വന്നു. മകന് പിറന്നയിടം കാട്ടിക്കൊടുക്കാൻ വന്ന അച്ഛനാണെന്ന് പറഞ്ഞപ്പോൾ അവർക്ക് കൗതുകമേറി. ഒരല്പകാലം അവിടെ തങ്ങാൻ വന്നവരാണവരെങ്കിലും  ഞാൻ ജനിച്ചു വീണ വീട്ടിലേക്ക് " വരൂ" യെന്നു പറഞ്ഞവർ എന്നെ ക്ഷണിച്ചു. 

ഉമ്മറത്തു നിന്നും കരിങ്കലിന്റെ രണ്ടു മൂന്നു പടികൾ കയറിയാൽ പൂമുഖമായി. രണ്ടു വശത്തും കട്ടിയുള്ള മരപ്പലക പാകിയ തിണ്ണകൾ.  അവധി ദിനങ്ങളിൽ പൂമുഖം അരങ്ങായി മാറും. രണ്ടു തൂണിലേക്കും സാരി വലിച്ചു കെട്ടിയാൽ ഇത് സ്റ്റേജായി. പാട്ടും, ഡാൻസും , നാടകവും, കൈ കൊട്ടി കളിയും പുലരും വരെ നീളും. ഉമ്മറം കാണികളെ കൊണ്ട് നിറയും.വാതിലിനു മുകളിൽ വലിയ കൊമ്പുള്ള മാനിന്റെ തല . അവിടിവിടെ കൊമ്പൊടിഞ്ഞ് പൊടി പിടിച്ച മാനിന്റെ കണ്ണുകളിൽ വല്ലാത്ത ദൈന്യത .

അകത്തേക്കു കടന്നാൽ തളമാണ്. ഇംഗ്ലീഷിലെ എൽ എന്ന അക്ഷരത്തിന്റെ യാകൃതിയിലുള്ള തളത്തിന്റെ ഒരു വശത്താണ് നടുമുറ്റം. കമ്പി വലയിട്ടടച്ചിട്ടുണ്ടെങ്കിലും അതിലൂടെ ഇപ്പോഴും ഒരു കീറാകാശം കാണാം.

തളത്തിന്റെയിടതു ഭാഗത്തെ ജനലിനരികിലാണ് മുത്തശ്ശിയുടെ കട്ടിലുണ്ടായിരുന്നത്. നിലത്തു നിന്ന് രണ്ടടിയുയരത്തിൽ . വെള്ള വിരിപ്പും , വെള്ള തലയിണയുറയുമുള്ള കട്ടിൽ. ആകെ വെളുത്തിട്ടല്ലാതെ മുത്തശ്ശിയെ കണ്ടിട്ടില്ല. വെളുത്ത മുണ്ട്, വെളുത്ത റൗക്ക , വെളുത്ത മുടി. ഓർമ്മയിലൂടെ മുത്തശ്ശിയുടെ സാമീപ്യം അറിയാൻ ശ്രമിച്ചപ്പോൾ ചിന്ത മുറിച്ചു കൊണ്ട് വീട്ടമ്മ പറഞ്ഞു,

ഇപ്പോൾ ഇവിടെയൊന്നും കിടക്കാൻ കഴിയില്ല നിറയെ എലിയാണ്.

മുത്തശ്ശി കിടന്നിരുന്ന കട്ടിലിന്നെതിരെയുള്ള ചുമരു നിറയെ ദൈവങ്ങൾ വസിച്ചിരുന്നു. അവിടെ സന്ധ്യക്ക് വിളക്കുവെച്ചിരുന്നു. ഒരുമിച്ചിരുന്ന് നാമം ജപിച്ചിരുന്നു. 

ഇപ്പോൾ മുത്തശ്ശിയും കട്ടിലുമില്ലാത്ത അകത്തളം. ദൈവങ്ങൾ ഒഴിഞ്ഞു പോയ ചുമർ . നടുമിറ്റത്തിന്റെ ഒരു വശത്ത് ഭസ്മക്കൊട്ട തൂക്കിയിട്ടിരുന്നു. മാറാല മൂടിയ ആ കൊട്ടയിൽ നിന്നും ആരാകും അവസാനമായി ഭസ്മം തൊട്ടതെന്ന് രസത്തോടെ ഓർത്തു. മറ്റേ മൂലയിൽ ചന്ദനമരയ്ക്കാനുള്ള കല്ല്. വെറുതെ വിരലോടിച്ചപ്പോൾ കെട്ടിക്കിടന്ന ഗതകാല സ്മൃതികളുടെ തണുപ്പ് വിരലുകളിലേക്ക് അരിച്ചു കയറി.

തളത്തിൽ നിന്നും ഒരു വശത്തേക്ക് കടന്നാൽ നേരിയ ഇടനാഴിയാണ്. അതിനോട് ചേർന്ന് മൂന്നറകൾ. പണ്ടൊക്കെ ആദ്യത്തെയറയിൽ നിറയെ സാധനങ്ങളായിരുന്നു. രണ്ടാമത്തേത് മച്ചകമാണ്. എപ്പോഴും ചന്ദനവും ചന്ദനത്തിരിയും ഭസ്മവുമൊക്കെ മണക്കുന്ന മച്ച്. അതു തുറക്കാനൊന്നു മടിച്ചു. മച്ചിലേക്ക് കയറാനുള്ള മനശുദ്ധി ഇപ്പോഴുമില്ല. 

ദേവിക്ക് തൊട്ടടുത്തുള്ള അറയാണ് പ്രസവ മുറി . അറയുടെ ഇരുട്ടിലേക്ക് കയറിയപ്പോൾ ഇതോ ആ മുറിയെന്ന് മകൻ  അറിയാതെ ഉറക്കെ ചോദിച്ചു പോയി. സ്വിച്ചിട്ടപ്പോൾ സി എഫ് എല്ലിന്റെ പാൽ വെളിച്ചം മുറിയിൽ നിറഞ്ഞു. ഒരു മൂലയിൽ കട്ടിലുണ്ട്. അതിനു മുകളിൽ കുറെ സാധനങ്ങളും . എലിയെ പേടിച്ചെല്ലാം മുകളിൽ കയറ്റി വെച്ചിരിക്കയാണ് , വീട്ടുക്കാരി പറഞ്ഞു. അനേകം പേർക്കു ജന്മം നൽകിയ ആയിടം ഇന്ന് എലിയുടെ അക്രമത്തെ ഭയന്ന് ഇരുട്ടിലാണ്ടു കിടക്കുകയാണ്. പുറത്തു വന്നപ്പോൾ തീവ്രമായൊരു അനാഥത്വം എന്നെ  പൊതിഞ്ഞു. ഈയിരുട്ടറ തേടിയാണോ ഞാൻ തിരികെ വന്നത്? പഴുതുകളെല്ലാമടച്ചുപൂട്ടിയ ഈ ഈറ്റില്ലത്തിലെവിടെയാണ് ഞാൻ?

അവിടെ നിന്നും കടക്കുന്നത് ഊൺ തളത്തിലേക്കാണ്. കളിച്ചും, കുളത്തിൽ മദിച്ചും വയറെരിഞ്ഞു വരുമ്പോൾ , ഈ തളത്തിൽ ചമ്രം പടിഞ്ഞിരുന്ന്, കൊതിയോടെ കൈകളിൽ ഏറ്റുവാങ്ങിയ ഉരുളകളാണ് വിശപകറ്റിയത്. ഒരു വലിയ പാത്രത്തിൽ എല്ലാം കൂട്ടി കുഴച്ച് അമ്മമ്മ ഞങ്ങളെയൂട്ടും. ഭക്ഷണം, സ്നേഹവാത്സല്യത്തിന്റെ ഉരുളകളായി കൈകളിൽ വെച്ചു തരുന്ന ആ സൗഭാഗ്യം ഞാൻ മറ്റൊരിടത്തും അനുഭവിച്ചിട്ടില്ല. ഇളം ചൂടുള്ള ആ ഉരുളകളുടെ സ്വാദ് പിന്നീടൊരിക്കലും അറിഞ്ഞിട്ടില്ല. 

അടുക്കളയിലേക്ക് ഒന്നെത്തി നോക്കി.  പണ്ട് നാലടുപ്പുകൾ കെടാതെയെരിഞ്ഞ അടുക്കള . അവിടെ നാലു കൈകളുള്ള നാണ്യേമ്മ . കടുക് വറുത്ത, പപ്പടം ചുട്ട, പ്രഥമൻ കുറുകിയ മണം നിറഞ്ഞു നിന്നയടുക്കള . ഇപ്പോൾ,നാലടുപ്പും , ഇനിയൊരിക്കലും കനലെരിയാത്ത വിധം സിമന്റിട്ട് മൂട്ടിയിരിക്കുന്നു. അടുക്കളയെ ചൂഴ്ന്ന രുചിയും മണവും മറ്റെവിടേക്കോ നാടുകടത്തപ്പെട്ടിരിക്കുന്നു

അടുക്കളപ്പുറത്ത് കൈ കഴുകുന്ന കുപ്പയാണ്. അതിനിടതു വശത്ത്, അടച്ചിട്ട വാതിലിനപ്പുറം നീണ്ട ഇടനാഴി. അതിന്റെയറ്റത്ത് കലവറ. അടച്ചിട്ട വാതിലിലേക്ക് നോക്കി, എലിയെ പേടിച്ചടച്ചിട്ടതാവുമല്ലേ എന്നു ഞാൻ ചോദിച്ചപ്പോൾ വീട്ടുക്കാരിക്ക് വലിയ ആശ്വാസം തോന്നി. ഒരാളെങ്കിലും ചോദിച്ചല്ലോ. സഹതാപം പങ്കുവെയ്ക്കാനൊരാളെ കിട്ടിയ ആഹ്ലാദത്തിൽ അവർ എലിയുടെ ശല്യങ്ങളെക്കുറിച്ച് വിസ്തരിച്ചു പറഞ്ഞു. എന്റെ ചോദ്യത്തിലെ വേദനയുടെയാഴം അവർക്കറിയാൻ കഴിഞ്ഞില്ല.

പുറത്തേക്കിറങ്ങുമ്പോൾ അദൃശ്യമായ ഏതല്ലാമോ മാളങ്ങളിൽ നിന്നും അനേകമെലികൾ എന്നെ തുറിച്ചു നോക്കുന്നതു പോലെ തോന്നി. മണ്ണും കല്ലും കൊണ്ടു പടുത്ത ഈ ജീവിത പരിസങ്ങളുടെ ജീർണ്ണതയിൽ നിന്നും എന്റെ പ്രാക്തന സ്മൃതികളുടെ പടിപ്പുരയോളം അവ വന്നെത്തിയിരിക്കുന്നു എന്നു ഞാനറിഞ്ഞു.

ഉമ്മറത്തിനപ്പുറം, താഴെപ്പറമ്പിൽ , ക്ഷയിച്ച ഏതാനും കവുങ്ങിൻ തലപ്പുകൾ. ഒരിക്കൽ ,ആ പറമ്പാകെ അവ തിങ്ങി നിന്നിരുന്നു. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ചാഞ്ചാടിയാണ് അടയ്ക്ക പറിച്ചിരുന്നത്. വേണ്ടെന്ന് മനസ്സ് പറഞ്ഞിട്ടും ഞങ്ങൾ പറമ്പിന്റെ അറ്റത്തുള്ള കുളത്തിലേക്ക് നടന്നു. പാതിയുമിടിഞ്ഞ കുളപ്പുര ദൂരെ നിന്നേ കണ്ടു. പടവെല്ലാമഴിഞ്ഞുടഞ്ഞ കുളത്തിൽ, ചുറ്റുമുള്ള മരത്തിലെ ഇലകളും കൊമ്പുകളും വീണ് ചീഞ്ഞിരിക്കുന്നു. കൈക്കുടന്നയിൽ തെളിനീരേറ്റി നിൽക്കുന്ന കുളമാണ് ഇന്നും എന്റെയോർമ്മയിൽ. അതിനു പകരമിതാ വക്കിടിഞ്ഞ , പായൽ നിറഞ്ഞ, കെട്ടി കിടക്കുന്ന ഒരല്പം വെള്ളം. ഇനിയീ ചിത്രം മനസ്സിൽ നിന്നും മായ്ക്കാൻ ഞാനൊരു  മഷിത്തണ്ടു എവിടെ തിരയണം?

കുളത്തിൽ നിന്നും നടന്നുകയറിയത് ആളൊഴിഞ്ഞ മുറ്റത്തേക്ക്. ദീപം തെളിയാത്ത തുളസിത്തറ. പിച്ചകവും, മന്ദാരവും നന്ത്യാർവട്ടവും പൊഴിഞ്ഞു വീഴാത്ത നടപ്പാത. അവിടെ നിന്നും നോക്കുമ്പോൾ പണ്ട് പ്രതാപത്തോടെ തലയുയർത്തി നിന്നിരുന്ന നാലുക്കെട്ട് കാണാൻ കഴിഞ്ഞില്ല. പകരം കൂനി കൂടി നിൽക്കുന്ന ഓടിട്ട ഒരു വീടുമാത്രമാണ് മുന്നിൽ. നഷ്ടബോധത്തിന്റെ മുൾപ്പടർപ്പിൽ കുരുങ്ങി മനസ്സു മുറിഞ്ഞു. ഇനി ഓർമകളിൽ മാത്രമവശേഷിക്കുന്ന വിധം പലതും നഷ്ടമായത് ഞാനറിഞ്ഞു.

എന്നിട്ടും ഇടയ്ക്കു കയറി വന്ന കാറ്റിൽ ഒരു പവിഴമല്ലിയുടെ മണമുണ്ടോ എന്നു ഞാൻ മോഹിച്ചു.ഇല്ല . പകരം അടുക്കളയിൽ നിന്നു മുയർന്ന പുതിയ രുചിക്കൂട്ടുകളുടെ ഗന്ധം മാത്രം.  കൂടെ ,മുഖം മൂടിയണിഞ്ഞ എന്റെ നിശ്വാസത്തിന്റെ ഈർപ്പവും. 

എന്റെ നിരാശയും അനാഥത്വവും സുധീർ തിരിച്ചറിഞ്ഞു. അതറിഞ്ഞതു കൊണ്ടാവാം, നമുക്ക് അമ്പലക്കുളത്തിലേക്ക് ചാടാമെനെന്നെ പ്രലോഭിപ്പിച്ചത്. 

പടി കടന്നു ചെന്നപ്പോഴതാ ആകാശത്തു നിന്നാരുടെയോ ഇന്ദ്രനീലക്കല്ലു ഊരി വീണതുപോലെ തെളിവാർന്ന അമ്പലക്കുളം. എന്നെങ്കിലും നീ വരുമെന്നറിയുന്നതു കൊണ്ടാണ് ഞാൻ നിറഞ്ഞു നിൽക്കുന്നതെന്നു പറഞ്ഞതെനെ ക്ഷണിച്ചു. കുളത്തിലേക്കെടുത്തു ചാടി ഞാൻ ശരീരത്തിന്റെ ജഡതയും കൊഴുപ്പും ഇളക്കി കളഞ്ഞു. നീന്തലറിയാത്ത മകൻ പടവിന്റെ സുരക്ഷിതത്തിൽ തുടിച്ചു മദിച്ചു. വെള്ളത്തിന്റെ കുളിരിൽ ആണ്ടു കിടന്നപ്പോൾ കുളക്കരയിലെ കൂറ്റനരയാലിൽ നിന്നും ആലിലകൾ  ജലതലത്തിലേക്ക് വന്ന് തൊട്ടു വിളിച്ചു. കുളിച്ചു കയറുമ്പോൾ ശരീരം തണുക്കും. എങ്കിലും ഒരിക്കലുമൊടുങ്ങാത്ത ഉൾ താപത്തിന്റെ തീക്ഷണത ശമിപ്പിക്കാൻ കുറച്ചുനേരം എന്റെ തറയിലേക്ക് പോരൂ യെന്നു പറഞ്ഞു ക്ഷണിച്ചു. സുഖദുഖങ്ങളും , വിദ്വേഷങ്ങളും, ആകുലതകളും , ആശങ്കകളും, ആസുരതകളും, ജരാനരകളുമേൽക്കാത്ത ജ്ഞാന വ്യദ്ധനെ പോലെ ആ കൂറ്റൻ ആൽ മരം ജന്മാന്തരങ്ങളായി പടർന്നു നിൽക്കുന്നു. എന്നിട്ടും ഞാനീ വഴിയമ്പലത്തിൽ നിന്നും മറ്റെന്തോ തിരഞ്ഞു പോയതെന്തിനായിരുന്നു ?

കൃഷ്ണന്റെയും ഗണപതിയുടേയും അമ്പല മുറ്റത്തിലൂടെ നടന്നു കയറിയത് പ്രകൃതിയൊരുക്കി വെച്ച മരതക ഗൃഹത്തിലേക്ക് (അൻവർ അലിയോട് കടപ്പാട്.) പത്തേക്കറോളം സ്ഥലത്ത് പച്ച കുടകൾ ഏറ്റിനിൽക്കുന്ന മരങ്ങൾ. അവയ്ക്കിടയിൽ വള്ളികൾ, പടർപ്പുകൾ. കൂടൊരുക്കിയ കിളികൾ. ജൈവ വൈവിദ്ധ്യത്തിന്റെ ഉൾവിളികൾ. ചുറ്റും പടർന്നേറുന്ന അശാന്തിക്കിടയിലും ശാന്തിയുടെ തുരുത്തായി നിലക്കൊള്ളുന്ന ചന്ദനക്കാവ്. സർവ്വസാധകയായ ദേവിക്കു മുന്നിൽ കൈകൂപ്പി ഞാനെന്താണ് ആവശ്യപ്പെടേണ്ടത് - കരുണയോ, സ്നേഹമോ, സാഹോദര്യമോ, സഹവർതിത്ത്വമോ? അതോ, ഏതു കൊടും വേനലിലും വാടാത്ത ഒരു കാവ് എന്റെ മനസ്സിലും തീർക്കണേയെന്നോ?

സുധീറിന്റെ വീട്ടിലേക്ക് ചെന്നപ്പോൾ ആരാണെന്ന് അമ്മയ്ക്ക് മനസ്സിലായില്ല. അമ്മയുടെ കാതും മനസ്സും പതുക്കെയാണ്. ഉറക്കെ പറഞ്ഞാൽ കാതു കേൾക്കും, മനസ്സ് കേൾക്കണമെന്നില്ല. " വാരിയത്തെ രാജു"വാണെന്ന് സുധീർ ഉറക്കെ പറഞ്ഞപ്പോൾ , " ശാന്തയുടെ മകനാണോ" എന്നു തിരിച്ചു ചോദിച്ചു. അന്നുച്ചയ്ക്ക്  ഭക്ഷണം കഴിച്ചോ എന്നു ഇടയ്ക്ക് മറന്നു പോകുന്ന മനസ്സാണ്. പക്ഷെയെന്റെ അമ്മയെ മറന്നിട്ടില്ല. ഓർമകൾക്കെന്താഴം !

കാറിൽ തിരികെ പോകുമ്പോൾ , ഏതു നിമിഷവും , അദൃശ്യമായ അനേകം പൊത്തുകളിൽ നിന്നും പതുങ്ങി വരാവുന്ന ആ എലികളെന്റെ സ്വാസ്ഥ്യം കെടുത്തി. അവയാരാണ്, അല്ലെങ്കിൽ എന്താണ് ? ഓരോ ജീവകോശങ്ങൾക്കുള്ളിലും പതിയിരിക്കുന്ന ഭയമാവാം. ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഊർജ്ജ സംഭരണികളുടെ അടിഭാഗം കരളുന്ന ജഡത്വമാവാം. സ്വയം ഓരോ മാളങ്ങളിലേക്കുൾ വലിഞ്ഞ് ഒറ്റപ്പെട്ടു പോയ നമ്മൾ തന്നെയാവാം. "അഴലിന്റെ പഞ്ചാഗ്നി നടുവിൽ അഞ്ചിന്ദ്രിയങ്ങളും  പുകയുമ്പോൾ", നിരന്തരമായ ജീവിത യുദ്ധത്തിൽ തളർന്നേകനാവുമ്പോൾ , രോഗപീഡയുടെ വേദനയിൽ പിടയുമ്പോൾ , ഒരിറ്റു കനിവും കാരുണയും തണലായി  കരുതി കാത്തിരുന്ന മുത്തശ്ശി മരത്തിന്റെ തായ് വേരാണ് ആ എലികൾ കരളുന്നത്. തൊഴുത്തിലെ പൈയ്യും , തൊടിയിലെ മാവും  മുറ്റത്തെ മുല്ലയും പോരെന്ന് തോന്നി , നിധി തേടി നഗരങ്ങളിലേക്ക് പോകുമ്പോൾ നാമുപേക്ഷിച്ചു പോയ അഭയ കേന്ദ്രത്തിന്റെ നെടുത്തൂണുകൾക്കിടയിലാണ് അവ പതിയിരിക്കുന്നത്. എല്ലാ വാതിലും ജനലുമെപ്പോഴുമടച്ച് തങ്ങളുടെ തന്നെ ഉള്ളിലേക്കുള്ളിലേക്ക് നമ്മെ ചുരുങ്ങാൻ പ്രേരിപ്പിക്കുന്ന വിധം നമ്മുടെ ജീവിതത്തിലേക്ക് അവ അതിക്രമിച്ചു കയറിയിരിക്കുന്നു. ആഘോഷങ്ങളും , ആരവങ്ങളുമൊഴിഞ്ഞു പോയ അകത്തളങ്ങളിലെ കഴുക്കോലുകൾ അവ കാർന്നെടുത്തിരിക്കുന്നു. നടന്നു തളർന്ന്, വെറും നിലത്തിന്റെ കുളിർമ്മയിൽ ഒരല്പം വിശ്രമിക്കുമ്പോൾ, അരമതിലിൽ കാലാട്ടിയിരുന്ന് സ്വപ്നങ്ങൾ കാണുമ്പോൾ കരളും, കാലും കരണ്ടു തിന്നാൻ തയ്യാറായി അനേക മെലികൾ എവിടെയോ പതിയിരിക്കുന്നു എന്ന യറിവ് എന്നെ ഭയചകിതനാക്കുന്നു. ഇനിയൊരു വാടകക്കാരനായി പോലും ഈ ശരണാലയത്തിലേക്ക് തിരിച്ചു വരാൻ ആവാത്ത വിധം അതിന്റെ അടിത്തറയിലേക്കിറങ്ങുന്ന കൂർത്ത പല്ലുകൾ അമരുന്നത് തലമുറകളായി പകർന്നു കിട്ടിയ ഒരു സംസ്കാരത്തിലാണ്. കൂടുമ്പോൾ ഇമ്പം തോന്നാത്ത വിധം ശിഥിലമായി പോയ കൂട്ടുകുടുബത്തിന്റെ, എല്ലാവരേയും കൂട്ടി നിർത്താൻ ശ്രമിച്ച ഒരു പൈതൃകത്തിന്റെ, ജീർണതയിലാണ് അവർ അഭിരമിക്കുന്നത്. 

ഇനി മറ്റൊരു ജന്മത്തിനും ഇടം കൊടുക്കാത്ത വിധം ഈറ്റിലത്തിന്റെ ഇരുട്ടിൽ ഈ ക്ഷുദ്ര ജീവികൾ പ്രതിരോധമുയർത്തുമ്പോൾ ,   ഞാനെന്തു ചെയ്യണം ?

ഈയിടം ചുടണോ? അതൊ വിടണോ? തേങ്ങാക്കൊത്തിന്റെ പ്രലോഭനങ്ങളിൽ എലിപ്പത്തായങ്ങളിലേക്ക് അനായാസം കയറി വരുന്നവയല്ല ഇവരെന്ന് എനിക്കറിയാം.

എന്റെ നിരാശ മകനറിഞ്ഞു. " സാരമില്ല. അച്ഛന് ജനിച്ചയിടം എന്നു പറയാനെങ്കിലും ഒരു സ്ഥലമുണ്ട്. എനിക്കോ ? ശരിയാണ്, അവൻ ജനിച്ചയിടം തേടി ചെന്നാൽ നിറയെ വെളിച്ചവും ആർഭാടവുമുള്ള ഏത് ആശുപത്രി മുറിയിലാണ് ചെന്നെത്തുക? എനിക്ക് ചൂണ്ടി കാണിക്കാൻ ഒരു മുറിയെങ്കിലും ഉണ്ട് എന്ന സത്യം മനസ്സിൽ കുളിരു നിറച്ചു. കാറിന്റെ ചില്ല് താഴത്തിയിട്ടപ്പോൾ കാറ്റ് മുഖത്തേക്ക് വീശി. അപ്പോൾ, തെളിനീരിൽ കുളിച്ച കുളിരോർമയിൽ, നൂറ്റാണ്ടകളായി ആലിലകൾ ഉരുക്കഴിക്കുന്ന ശാന്തി മന്ത്രങ്ങളിൽ, ഋതുഭേദങ്ങളിലും ഒരിക്കലും വാടാതെ തന്റെ നെഞ്ചിലേറ്റി നിൽക്കുന്ന കാവിന്റെ ഹരിതാഭകളിൽ, ഞാൻ പ്രതീക്ഷയുടെ നാമ്പു കണ്ടു. ആത്മാവിരിക്കുന്ന ശരീരങ്ങളിൽ നിന്നും, ശരീരം പാർക്കുന്നയിടങ്ങളിൽ നിന്നും ഭയത്തെ, ഒറ്റപ്പെടലിനെ , ജീർണ്ണതയെ , പ്രകൃതി സംഗീതത്തിന്റെ മാന്ത്രികതയിൽ, മാളങ്ങളിൽ നിന്നും പുറത്തു ചാടിക്കുന്ന ഒരു കുഴലൂത്തുകാരൻ വരുമെന്നും, അവയെ കുന്നിൻച്ചെരിവിന്നപ്പുറത്തെ ചക്രവാള സീമയിലേക്ക് നയിക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു.

അതുവരെ, എന്റെ ഓർമകളും ഗൃഹാ തുരത്വവും വെറും കാൽപനികതയാണെന്ന പരിഹാസമറിഞ്ഞും, " Memories beautify life, but only forgetting makes it bearable" എന്ന് ബൽസാക്ക് പറഞ്ഞത് അയവിറക്കിയും , ഞാനെന്റെ ഓർമകളിലേക്ക് തിരിച്ചു പോകട്ടെ.