Sunday, January 25, 2026

രണ്ടു പെൺമക്കളുമായി ഒരച്ഛൻ കെ.എൽ.എഫിൽ

 


രാവിലെ, ആദ്യത്തെ സെഷനിൽ ഇരിക്കുമ്പോഴാണ് മന്ദീപ് വരുന്നത് കണ്ടത്. അത്ഭുതം തോന്നി. തൃശ്ശൂരിൽ നിന്നും അതിരാവിലെ പുറപ്പെട്ട് കോഴിക്കോട് കെ.എൽ എഫിൽ വരാനുള്ള സാഹിത്യ ബന്ധമൊന്നും അവനില്ല . ഇനി ബിസിനസ്സ് ആവശ്യത്തിനാണെങ്കിൽ, മരുന്നു കച്ചവടക്കാരന് പുസ്തകത്തിനും ചർച്ചകൾക്കും ഇടയിൽ എന്തു കാര്യം?

തത്ക്കാലം ദേവ്ദത് പട്നായിക്ക് മിത്തോളജിയിലെ തന്നെ  മിത്തുകളെ പൊളിച്ചടുക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു.

സെക്ഷൻ കഴിഞ്ഞു കണ്ടപ്പോഴാണ് കുട്ടികളെയും കൂട്ടിയാണ് വന്നതെന്ന് മന്ദീപ് പറഞ്ഞത്.

" അവർക്ക് സുനിതാ വില്യംസിനെ കാണണമെന്നു പറഞ്ഞു " .എൻ്റെ അത്ഭുതം കണ്ടിട്ടാവും അവൻ വിശദീകരിച്ചു.

അതെന്നെ കൂടുതൽ അത്ഭുതപ്പെടുത്തി.ഇത്തരമൊരു സാഹിത്യ ഉത്സവത്തിനെ സുനിതാ വില്യംസിനെ പോലെയുള്ളവരുടെ വരവ് എങ്ങിനെ സ്വാധീനിക്കുമെന്ന എൻ്റെ സംശയത്തിന് വ്യക്തമായ ഒരുത്തരമായിരുന്നു അത്. പതിനെട്ടും ഇരുപതും വയസ്സുള്ള രണ്ടു പെൺകുട്ടികളെ നൂറോളം കിലോമീറ്റർ അകലെ നിന്നും ഈ വേദിയിലേക്ക് ആകർഷിക്കുന്നിടത്താണ് സുനിതാ വില്യംസ് എന്ന അപൂർവ വ്യക്തിത്വത്തിൻ്റെ പ്രഭാവം നാം മനസ്സിലാക്കേണ്ടത്. 

" ശ്യൂനാകാശത്ത്, ഒരു കൊച്ചു പേടകത്തിലിരിക്കുമ്പോൾ ഞാൻ ഒറ്റ ഭൂമിയെ കാണുന്നുള്ളൂ. പിന്നെയെന്തിനാണ് മനുഷ്യൻ മതത്തിൻ്റെയും, ജാതിയുടെയും ,വർഗത്തിൻ്റെയും ,നിറത്തിൻ്റെയുമൊക്കെ പേരിൽ പരസ്പരം പോരാടുന്നത്" എന്ന ലളിതമായ ചോദ്യത്തിലൂടെയവർ നമ്മുടെയെല്ലാം ഉള്ളു പൊള്ളിച്ചു. സംസ്ക്കാരങ്ങൾ പകർന്നു തന്ന അറിവുo, നൂറ്റാണ്ടുകളുടെ അനുഭവസമ്പത്തും, ശാസ്ത്രവും, കലയും രാഷ്ട്രീയവുമൊക്കെ പാകപ്പെടുത്തിയെടുത്ത പക്വതയും ഉണ്ടെന്നു ഗർവ് പറയുന്ന പഴയ തലമുറ, ചാട്ടൂളി പോലെ നെഞ്ചിൽ തുളച്ചു കയറുന്ന, ആ ചോദ്യത്തിനു മുന്നിൽ പതറി നിൽക്കുന്നിടത്താണ് ഈ രണ്ടു പെൺകുട്ടികളുടെ വരവ് പ്രസക്തമാവുന്നത്.

അത്, Genz എന്ന് നമ്മൾ പേരിട്ടു വിളിക്കുന്ന പുതിയ തലമുറയെക്കുറിച്ചുള്ള പല മുൻവിധികളും ശരിയാണോ എന്നു സ്വയം ചോദിക്കാൻ എന്നെ പ്രേരിപ്പിച്ചു.

മാളും, സിനിമയും, അമ്യൂസ്മെൻ്റ് പാർക്കും ,ബാൻഡും ,കഫേയുമൊക്കെ മാത്രമാണ് അവരെ ആകർഷിക്കുന്ന ഘടകങ്ങൾ എന്ന എൻ്റെ ധാരണയെ തിരുത്തി കുറിച്ചു അവർ രണ്ടു പേരും. 

ഞാൻ പങ്കുവെച്ച ബ്രോഷർ നോക്കി, വളരെ ആവേശത്തോടെയാണ് അവർ ഒരു വേദിയിൽ നിന്നും മറ്റൊരു വേദിയിലേക്ക് ഓടിക്കയറിയത്. എപ്പോഴും ബിസിനസ്സ് മാത്രം ചിന്തിക്കുകയും ,സ്വതവേ ഒരു അരസികനാണെന്നും ഞാൻ മുദ്ര കുത്തിയ മന്ദീപ് അവരുടെ ആവേശത്തിൽ പങ്കു ചേർന്നു എന്നത് , രക്ഷിതാക്കളും പുതിയ തലമുറയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള എൻ്റെ പല ആശങ്കകളെയും അകറ്റി . വലിയ ജോലിത്തിരക്കുകൾ ഉണ്ടായിട്ടും, മക്കൾക്കു വേണ്ടി ,ഒരു സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ, ഒരു മുഴുവൻ ദിവസവും മാറ്റി വെച്ച ആ അച്ഛനോട് എനിക്ക് മതിപ്പും ബഹുമാനവും തോന്നി.

അഭൂതപൂർവമായ തിരക്കാണ് കെ.എൽ.എഫിൽ. അതിലധികവും പുതിയ തലമുറയും.  അവരിലധികവും ഫോട്ടോ ഷൂട്ടിന് വന്നവരാണ് എന്നാണ് ഞാൻ കരുതിയിരുന്നത്. ഇവരൊക്കെ ഇത്തരം വേദികളെ എത്രത്തോളം ഗൗരവത്തിൽ കാണുന്നുണ്ട് എന്ന എൻ്റെ സംശയത്തിന് ഈ രണ്ട് മിടുക്കി പെൺകുട്ടികൾ വളരെ ആഴത്തിലുള്ള മറുപടി തന്നു .

അറിവിനോടും, പുസ്തകങ്ങളോടും, ചർച്ചകളോടുമൊക്കെ പുതിയ തലമുറയ്ക്ക് ഒരിഷ്ടക്കുറവുമില്ല. അവരെ കൂടി ആകർഷിക്കുന്ന, ഉൾക്കൊള്ളുന്ന വിധത്തിൽ അത് ഒരുക്കണമെന്നു മാത്രം.

അച്ഛനും കുട്ടികളും ഒരുമിച്ചിരുന്നു കേട്ട അവസാന ചർച്ച ബെൻ ജോൺസൻ്റെതായത് യാദൃശ്ചികമാവില്ല. എല്ലാ പ്രതികൂല അവസ്ഥകളോടും പടപൊരുതി , ലോകത്തിലെ ഏറ്റവും വേഗതയേറിയ വ്യക്തിയെന്ന വിജയപീഠത്തിൽ കയറി അവിടെ ചുവടുറപ്പിക്കും മുമ്പ് , പരാജയത്തിൻ്റെ പടുകുഴിയിലേക്ക് പതറി വീണ ഒരു മനുഷ്യൻ്റെ കഥ എന്ത് പാoമാണ് അവർക്ക് നൽകിയത് എന്ന് ഞാൻ ചോദിച്ചില്ല.

ദൃഢനിശ്ചയവും നിരന്തര പ്രയത്നവും ഉണ്ടെങ്കിൽ ആകാശം പോലും അപ്രാപ്യമല്ലെന്നും, ഉയരത്തിലിരുന്ന് ചിന്തിക്കുമ്പോൾ എല്ലാ ജീവജാലങ്ങളും ഒന്നാണ് എന്നു പഠിപ്പിച്ച സുനിത വില്യംസിനും , പരാജയത്തിൻ്റെയും പരിഹാസത്തിൻ്റെയും ആഴത്തിൽ ഉള്ള മുറിവുകളിൽ നിന്നും തിരികെ വന്ന് വീണ്ടും സ്വന്തം വ്യക്തിത്വം വീണ്ടെടുക്കാമെന്നു തെളിയിച്ച ബെൻ ജോൺസനുമിടയിലെ ആ ഒരു ദിവസം രണ്ടു പെൺകുട്ടികൾക്കും ധന്യമായിട്ടുണ്ടാവും എന്നുറപ്പാണ്. അവരെ, വളരെ ആവേശത്തോടെ അവിടെ എത്തിച്ച അച്ഛനും അത് വളരെ അർത്ഥപൂർണമായ ഒരു ദിവസമായിട്ടുണ്ടാവും.

പോകുന്നതിനു മുമ്പ് അവർ വീട്ടിലേക്ക് വന്നു. ചിരപരിചിതരെ പോലെ അടുക്കളയിൽ കയറി, ഇഞ്ചിയൊക്കെ ചതച്ചിട്ട, നല്ല മസാല ചായ ഉണ്ടാക്കി തന്നു. ചായ കുടിച്ച് മന്ദീപ് ,സഖാവ് ബേബിയെ പോലെ കപ്പ് കഴുകി വെച്ചു. കുട്ടികൾ അടുക്കള തുടച്ചു വെച്ചു.

അവർ കാറിലേക്ക് കയറുമ്പോൾ ,അങ്ങ് പടിഞ്ഞാറ് ,ഞാൻ വീണ്ടും ഉദിക്കുമെന്ന ഉറപ്പോടെ , സൂര്യൻ അസ്തമിക്കുന്നു . പകരം, കൊതിപ്പിക്കുന്ന ഒരു ചന്ദ്രക്കല ഉദിക്കുന്നു .

വാങ്ങി കൊണ്ടുവന്ന പുസ്തകങ്ങൾ അടക്കിവെയ്ക്കുമ്പോൾ മനസ്സ് നിറഞ്ഞു. എന്തൊരു ലളിതസുന്ദരമായ ദിവസം.

ഇടയ്ക്കെങ്കിലും , എല്ലാ കുടുംബങ്ങളും അവരുടെ ദിവസങ്ങൾ ഇങ്ങനെ അർത്ഥപൂർണമാക്കിയാൽ ,ഇനി വരുന്ന അനകം തലമുറകൾക്ക് ഇവിടെ വാസ്യം സാദ്ധ്യമാണ്.

6 comments:

  1. സുന്ദരം, മനോഹരം..!👍❤️

    ReplyDelete
  2. പുതുതലമുറ പൊളിയാണ്. നമുക്കില്ലാത്ത നിരവധി ഗുണങ്ങൾ അവർക്കുണ്ട്. സുനിതാ വില്യംസിൻ്റെയും ബെൻ ജോൺസൻ്റെയുമൊക്കെ വിനയം അതിശയിപ്പിച്ചു. നമ്മുടെ നാട്ടിലെ പ്രഗത്ഭരൊക്കെ അവരെ കണ്ട് പഠിക്കണം.

    ReplyDelete