Saturday, August 30, 2025

കിണർ കവിതകൾ

1) ഒരല്പം കുഴിച്ചപ്പോൾ തന്നെ

ഉറവയുണർന്നു, നീരു പൊടിഞ്ഞു

ആദ്യം കലങ്ങി കലഹിച്ചവ പിന്നെ

പതിയെയൂറി തെളിഞ്ഞു

കുറച്ചു കൂടിയാഴമാവാം, മുത്തശ്ശൻ പറഞ്ഞു

നീരു തെളിഞ്ഞില്ലേ,യിനിയെന്തിതെന്ന്

എന്നിലെ അക്ഷമനായ സന്ദേഹി.

എനിക്കും നിനക്കും കോരിയെടുക്കാനിതു മതി

ഒരല്പം കൂടി കുഴിച്ചാൽ ഇനിയിതു

വഴി വരുന്നവർക്കുമൊരു കരുതലാവും,

മുത്തശ്ശൻ്റെ മന്ദഹാസ മൊഴി

പഴമയുടെ പൊരുളുകൾക്കെന്താഴം !!


2) ഒരു തൊടിയിൽ രണ്ടു വീടെങ്കിലും

കിണറൊന്നായിരുന്നു

രണ്ടു അടുക്കളയിലാണ് വെപ്പെങ്കിലും

കുടിച്ചത് ഒരേ വെള്ളത്തിന്റെ കഞ്ഞിയാണ്

വെവേറെ കുളിമുറിയിൽ കുളിക്കുമ്പോഴും

സോപ്പ് പതഞ്ഞതൊരോ നീരിൽ

രണ്ടു മുറ്റത്തെ ഉദ്യാനം നനയുന്നത്

ഒരേ കിണർ വെള്ളത്തിൽ

കിണറിന്റെ ആഴമില്ലാത്തതു കൊണ്ടാവാം

മനസ്സും വീടും രണ്ടായത്.


3)പാതയിലൂടെ നടക്കുമ്പോൾ

 എന്നെ മറികടന്നു പോയ

ലോറിയുടെ പിറകിൽ വലിയ 

അക്ഷരത്തിലെഴുതിയിരിക്കുന്നു

"കുടിവെള്ളം."

വീട്ടിൽച്ചെന്ന് വിശേഷമറിയിക്കുമ്പോൾ

സഞ്ചരിക്കുന്ന കിണറുകളെക്കുറിച്ചു 

പറഞ്ഞാൽ അമ്മമയ്ക്കു മനസ്സിലാവുമോ?

വീടെത്തിയാൽ വർഷങ്ങളായി മുറ്റത്തു 

ചുരുണ്ടും വരണ്ടും കിടക്കുന്ന കിണറിന്

ദീർഘയാത്രയ്ക്കൊരു ടിക്കറ്റെടുത്തു കൊടുക്കണം


5 comments:

  1. ആഴമുള്ള വരികൾ👍👍👍

    ReplyDelete
  2. ചിന്തോദ്ദീപകം. ഈ കിണർ ചിന്തകൾ ആഴമുളളവ തന്നെ. എഴുതിയ ആളുടെ സ്വത്വമുളള വരികൾ

    ReplyDelete
  3. പഴയ കാലത്തെ ഒരു കിണറിനെ ആശ്രയിക്കുന്ന നിരവധി വീടുകളെ കുറിച്ച് വായിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു ആശയം തോന്നിയിട്ടില്ല.... ഒരുമയുടെ വേറിട്ട പാതകൾ (2)

    ReplyDelete