ഒറ്റ
ഒറ്റക്കാണ് നടത്തം
പൊരിവെയിലിലും കൂടെ ഒരു നിഴൽ മാത്രം
മഴയത്തു, കുടകീഴിൽ ഒരാൾ മാത്രം
തിരക്കിന്റെ പാത മുറിച്ചു കടക്കുമ്പോൾ
ഒരു വിരലില്ല കോർക്കുവാൻ
നടക്കുമ്പോൾ" അത് നോക്കു"
എന്ന് ചൂണ്ടുവാൻ ആരുമില്ലാത്ത
സഞ്ചാരം
ഒറ്റക്കാണ് പാചകം
തിളച്ച വെള്ളത്തിലേക്കിടുമ്പോൾ
ഒരു പിടി അരി തന്നെ ബാക്കിയാവുന്നു
ഉപ്പിടാത്ത പൊടിയരി കഞ്ഞിക്കൊപ്പെം
ഓർമകളുടെ കനലിൽ ചുട്ട പപ്പടം
തൊട്ടുകൂടാൻ പോലുമില്ല ഉപ്പിലിട്ടതൊന്നും
ഒരുങ്ങാത്ത സദ്യക്ക് കാത്തിരുന്ന്
തൊടിയിലെ വാഴയില വാടുന്നു
വിളമ്പിത്തരാനും , വിളമ്പിക്കൊടുക്കാനുമില്ലാത്ത
തീൻമേശ
എരിവും പുളിയും ചവർപ്പും മധുരവും
രുചിഭേദങ്ങളൊന്നുമില്ലാതെ
പാചകം ചെയ്ത കലത്തിലൊതുങ്ങുന്നു അന്നം
കറിവേപ്പില പോലും ബാക്കിവെക്കാതെ
കഴുകി കമഴ്ത്തിവെച്ച പാത്രങ്ങൾ
ഒറ്റക്കാണ് കിടപ്പു
കട്ടിലിന്റെ ഒരു അരികു ചേർന്ന്
കിനാവുപോലും കെട്ടിപുണരാൻ വരാത്ത
മറുഭാഗത്തു, ഒരല്പം പോലും ചുളിയാത്ത വിരി
ഇണയെ കാത്തുകിടക്കുന്ന തലയിണ
നിശബ്ദതയിൽ മുഴങ്ങുന്ന
ഘടികാരത്തിണ്റ്റെ തുടിപ്പ്
അപൂർവമാണെങ്കിലും,
പാലപ്പൂ ഗന്ധമേറ്റിയെത്തും നിലാവിൽ
പതിയുയർത്തി , പെട്ടന്ന് തളർന്നു
ഇരുട്ടിന്റെ മറവിലേക്കിഴയുന്ന സർപ്പം
ഭയമായി , ദുസ്വപ്നമായ് വിളിച്ചുണർത്തുന്നു
തനിച്ചാണ് ഉണരുന്നത്
ഒരു പുതുമയുമില്ലാത്ത പുലരി
ശ്രുതി തെറ്റിയ കിളികളുടെ ചിലയ്ക്കൽ
ഒരേ രാഗത്തിൽ അമ്പലത്തിലെ ഭക്തിഗാനം
ഉറങ്ങിക്കൊണ്ടേയിരിക്കുവാൻ ആവാത്തത് കൊണ്ട്
ഉണരുന്നു
ഒറ്റക്ക് നടക്കാൻ
ഒറ്റക്കയുണ്ണാൻ
ഒറ്റക്ക് കിടക്കുംവരെ
രാജേഷ് ആത്രശ്ശേരി
Super kavitha
ReplyDelete