പനി പിടിച്ചു കിടക്കുമ്പോൾ കണ്ടു
സദാകറങ്ങുന്ന പങ്ക,
നരച്ച് നിറമടർന്ന ചുമർ
കഴിക്കാനാവാതെ മാറ്റി വെച്ച്
പാട കെട്ടിയ കഞ്ഞി
മേശമേൽ അടുക്കമില്ലാതെ കൂട്ടിയിട്ട പുസ്തകങ്ങൾ
ചുമരിൽ തൂക്കിയ മുഷിഞ്ഞ വസ്ത്രം
മടുപ്പകറ്റാൻ തിരിഞ്ഞു കിടന്നപ്പോൾ
ജാലകത്തിനപ്പുറം തെളിയുന്നു തളിരിലകൾ
കുമിളപോൽ പൊട്ടി വിരിയുന്ന തരുശാഖ
അതിൽ തണൽ തേടി,
ചിറകൊതുക്കി ഒരു മഞ്ഞ കിളി
ആകാശനീലയിൽ
മഞ്ഞവസ്ത്രം മുക്കുന്ന വെയിൽപ്പെണ്ണ്
ചുമരിലൂടേന്തി വലിഞ്ഞെന്നെനോക്കി
പുഞ്ചിരിക്കുന്നു ഒരൊറ്റ മന്ദാരം
കാഴ്ച്ചയുടെ കുളിരിൽ
കണ്ണടച്ചു കിടക്കുമ്പോൾ
നെറ്റിയിൽ, മഴയുടെ
ഈറൻ വിരലുകളാലെന്ന പോലൊരു മൃദു സ്പർശം
ചെവിയിൽ പതിയുന്നു
ശലഭച്ചിറകുകളുടെ സൂക്ഷ്മസംഗീതം
നാവിൽ, പുൽനാമ്പിൽനിന്നിറ്റുവീഴും
മഞ്ഞിൻകണംപോൽ ,
കൈപ്പിനെയലിയിപ്പിക്കുന്ന തേൻ മധുരം
ജനലരികിൽ, എനിക്കു വേണ്ടി മാത്രം
കരൾ തുറന്ന പൂവിൻ വശ്യഗന്ധം
ജ്വരബാധിതമായാഴങ്ങളിൽ
അക്ഷരങ്ങളുടെ വിസ്ഫോടനം
കണ്ണ് തുറക്കുമ്പോൾ
വിയർപ്പിൽ കുതിർന്ന മെത്തയിൽ
ആരോ മുല്ലപ്പൂ ചൊരിഞ്ഞപോലൊരു കവിത
ഹൃദ്യം❤️
ReplyDeleteThank you Santhosh
Deleteമനോഹരം, വരികളും ആശയവും ഇഴചേർന്നു കിടക്കുന്നു. പനി തൊട്ടുനോക്കാൻ രണ്ടു വിരലുകൾ ആരാണ് ആഗ്രഹിക്കാത്തത്. കവിതയുണർത്തുന്ന ജ്വരമയക്കങ്ങൾ ഇനിയുമുണ്ടാകട്ടെ.
ReplyDeleteThank you Satheesh
Delete