Thursday, April 20, 2023

മാറഴകിന്റെ വ്യഥകൾ

 

 

 

കഴിഞ്ഞാഴ്ചയാണ് B32 മുതൽ 44 വരെയെന്ന സിനിമ കണ്ടത്. അന്ന് പ്രദർശനത്തിന്റെ അവസാന ദിവസമായിരുന്നു. പുറത്ത്, സിനിമാകാശം, വിഷു റിലീസുകളുടെ മഴവെള്ള പാച്ചിലിന് തയ്യാറാവുകയായിരുന്നു. സ്ത്രീകൾക്കു വേണ്ടി, സ്ത്രീകളാൽ ഒരുക്കിയ സ്ത്രീ പക്ഷ സിനിമ എന്നൊക്കെയായിരുന്നു പ്രചാരണം. പൊതുവേ അത്തരം സിനിമകൾ കാണാറില്ല. അവ വേഗം മടുപ്പിക്കും. എന്നാൽ സംരംഭത്തെ ഒരു ടിക്കറ്റു കൊണ്ടെങ്കിലും പിന്തുണയ്ക്കണം എന്നു തോന്നിയതു കൊണ്ടാണ് കാണാൻ പോയത്. പ്രവൃത്തി ദിവസം ഉച്ചയ്ക്കും സിനിമാശാലയിൽ കുറേ ആളുകളെ കണ്ടപ്പോൾ സന്തോഷം തോന്നി.

സ്ത്രീ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എഫ്.ഡി.സി നിർമ്മിക്കുന്ന സിനിമയാണ് എന്ന സവിശേഷത സിനിമയ്ക്കുണ്ട്. അതു കൊണ്ട് തന്നെ ഇതൊരു സ്ത്രീപക്ഷ സിനിമയാണ് എന്ന വിധത്തിലാണ് പ്രചരിച്ചിരുന്നത്. ഇത് തീർച്ചയായും സ്ത്രീകളെ കുറിച്ചുള്ള സിനിമയാണ്. എന്നാൽ, സിനിമ സ്ത്രീകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നതാണ് അതിന്റെ മേന്മ.

 വളരെ ലളിതവും സത്യസന്ധവുമായ ഒരു സിനിമയാണിത്. വിഷയം സ്ത്രീയാകുമ്പോൾ ഒരു പാട് മെലോഡ്രാമയ്ക്കും, വയലൻസിനുമൊക്കെ ഏറെ സാധ്യതയുണ്ട്. അടുത്ത കാലത്തിറങ്ങിയ പല സ്ത്രീ പക്ഷ സിനിമകളിലും , പുരുഷനെ ശാരീരികമായി അടിച്ചിടുന്ന സ്ത്രീ കഥാപാത്രങ്ങളെ കണ്ട് പ്രേക്ഷകർ കൈയടിച്ചതാണ്. എന്നാൽ അതിവൈകാരികതയുടേയും, കായികബലത്തിന്റെയും കെണിയിൽ വീഴാതെ വളരെ സൗമ്യമായി ഏതാനും സ്ത്രീകളുടെ ജീവിതം വരച്ചു കാട്ടാനാണ് തിരക്കഥാക്കൃത്തു കൂടിയായ സംവിധായിക ശ്രമിക്കുന്നത്. അതവർ, ഒരു തുടക്കകാരിയുടെ പതറിച്ച ഒട്ടുമില്ലാതെ, രണ്ടു മണിക്കൂറിനുള്ളിൽ പറഞ്ഞു തീർത്തു.

അതു പോലെ തന്നെ സ്ത്രീകളുടെ മറിടത്തിന്റെ വലിപ്പ ചെറുപ്പകളിലൂടെ കഥ പറയാൻ ശ്രമിക്കുമ്പോൾ തിരക്കഥാകൃത്തിനും, സംവിധായികയ്ക്കും നല്ല കൈയൊതുക്കം വേണം. അതവർക്ക് വേണ്ടുവോളമുണ്ട് എന്ന് സിനിമ തെളിയിക്കുന്നു

 തുടക്കം മുതൽ തന്നെ പ്രേക്ഷകരെ സിനിമയിലേക്ക് പിടിച്ചു നിർത്താൻ അതിന്റെ കഥയ്ക്കും, ശില്പഭദ്രതയ്ക്കും, സംവിധാന മികവിനും, അഭിനയ തികവിനും കഴിയുന്നുണ്ട്.

 പറയുന്ന കഥയ്ക്ക് വലിയ പുതുമയൊന്നും അവകാശപ്പെടാനില്ല എന്നത് സത്യമാണ്. എന്നാൽ നാം കണ്ടും കേട്ടും മടുത്ത സംഭവങ്ങളുടെ സൂക്ഷമതയിലേക്ക് ക്യാമറ തിരിച്ചു വെയ്ക്കാൻ കഴിഞ്ഞു എന്നതാണ് സിനിമയുടെ വിജയം.

 ജീവിതത്തിൽ പലതരത്തിലുള്ള ദുരിതമനുഭവിക്കുന്ന സ്ത്രീകളെ ചിത്രീകരിക്കുമ്പോൾ, അവർക്കൊപ്പം അവരുടെ നേർ വിപരീതമായ സ്ത്രീ കഥാപാത്രങ്ങളെയും തന്നെ പ്രതിഷ്ഠിച്ചത് പുതുമയുള്ളതായി. ആത്മാർത്ഥമായി ജോലി ചെയ്തിട്ടും ഉദ്യോഗ കയറ്റം കിട്ടാത്ത പെൺകുട്ടിയോട്, രംഗത്ത് സ്ഥാനക്കയറ്റം കിട്ടാൻ കഠിനാദ്ധ്വാനം മാത്രം പോരാ മെയ്യഴകു കൂടി വേണമെന്നു പറയുന്നത് മറ്റൊരു സ്ത്രീയാണ്. പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മയായ പെൺകുട്ടിയെ , തന്റെ സ്വന്തം കുഞ്ഞിനെ ലാളിക്കാനും മുലയൂട്ടാനും അനുവദിക്കാത്തത് അവളുടെ അമ്മ തന്നെയാണ്. സ്ത്രികളെ അധിക്ഷേപിക്കുന്നതും, അവഗണിക്കുന്നതും പുരുഷൻമാർ മാത്രമല്ല എന്ന് സിനിമ വ്യക്തമാക്കുന്നു.

ഇതിലെ പുരുഷ കഥാപാത്രങ്ങൾ കൂടുതൽ സൗമ്യരും ദുർബലരും ആണെന്ന് തോന്നി. ദാമ്പത്യ ജീവിതത്തിൽ നിന്നുമിറങ്ങിപോയ ഭാര്യയോട് എനിക്കൊരു അവസരം കൂടി തരുമോ എന്ന് ചോദിക്കുന്ന ഭർത്താവ് മലയാള സിനിമയ്ക്ക് പരിചിതമല്ല. അതു പോലെ തന്നെ സ്വയം കെട്ടിപ്പടുത്ത എല്ലാ പരുക്കൻ ഭാവങ്ങളെയും തട്ടിത്തെറുപ്പിച്ചു പൊട്ടിക്കരയുന്ന അച്ഛനേയും നാം അധികം കണ്ടിട്ടുണ്ടാവില്ല.

മിതത്ത്വമാണ് സിനിമയുടെ സവിശേഷത. ഓരോ സീനും എന്താവണമെന്ന കൃത്യമായ ധാരണ സംവിധായികയ്ക്കുണ്ട്. സിനിമ മുഴുവൻ അവരുടെ കൈക്കുള്ളിൽ ഭദ്രമാണ്.

കണ്ടും കേട്ടും അറിഞ്ഞ കഥകളിലേക്ക് സൂക്ഷമമായി ഇറങ്ങി ചെന്നിടത്താണ് സിനിമയുടെ വിജയമിരിക്കുന്നത്. ഇതിലെ ഒരു കഥാപാത്രം, " കല്യാണം കഴിക്കുമ്പോൾ ഭർത്താവിന്റെ വീടിനു പിന്നിൽ കായലാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കായലിന് ഇത്ര ഭംഗിയുണ്ട് എന്നിപ്പോഴാണ് അറിയുന്നത് ," എന്ന അർത്ഥത്തിൽ ഡയലോഗ് പറയുന്നുണ്ട്. രണ്ടു വരികളിൽ ഒരു സ്ത്രീയുടെ അടച്ചിടലും, കൂടുതുറന്നു പുറത്തു വരലും ധ്വനിപ്പിക്കാൻ കഴിയുന്നത് തിരക്കഥയുടെ മികവ് കൊണ്ടാണ്. നടിയാവാൻ ആഗ്രഹിച്ച് മുന്നിലെത്തുന്ന പെൺകുട്ടിയുടെ ശരീരത്തിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്ന ഒരു സിനിമാ സംവിധായകന്റെ ശ്രമം വളരെ പുതുമയോടെയാണ് ചിത്രീകരിച്ചത്. അതുപോലെ തന്നെ, തന്റെ ഒരു ക്ലൈന്റിന്റെ മകളെ സ്വന്തം ഭാര്യയ്ക്കൊപ്പം കണ്ടപ്പോൾ ഭർത്താവ്, ഇത് ഇന്ന ആളുടെ മകളല്ലെ, 'What is her story' എന്നു ചോദിക്കുന്നുണ്ട്. എല്ലാം വെറും സ്റ്റോറിയായി മാറുന്ന കാലത്ത് വാക്കിനെ അതി വിദഗ്ധമായാണ് സംവിധായിക ഉപയോഗിച്ചിട്ടുള്ളത്.

എടുത്തു പറയേണ്ട മറ്റൊരു കാര്യം അഭിനയത്തിന്റെ മികവാണ്. നമുക്ക് പരിചയമുള്ള വളരെ കുറച്ചു അഭിനേതാക്കളെ ഇതിലുള്ളൂ. എന്നാൽ എല്ലാവരുടെയും അഭിനയം തീർത്തും സ്വഭാവികവും സൂക്ഷമവും ആയിരുന്നു. സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

 തികച്ചും വ്യത്യസ്തരെന്നു തോന്നിക്കുന്ന അഞ്ചാറു പേരുടെ കഥയെ അനായാസമായി, അതീവ ഹൃദ്യതയോടെ കോർത്തിണക്കി രണ്ടു മണിക്കൂറിനുള്ളിൽ പ്രേക്ഷകന്റെ മനസ്സിൽ തട്ടുന്ന വിധം അവതരിപ്പിക്കാൻ നല്ലൊരു തിരക്കഥാകൃത്തിനും സംവിധായിക്കയ്ക്കുമേ കഴിയൂ. അതിൽ ശ്രുതി ശര്യണം പൂർണമായി വിജയിച്ചിരിക്കുന്നു.

കെ.എഫ് ഡി.സിയുടെ ഒതുങ്ങിയ ബഡ്ജറ്റിൽ നിന്നു കൊണ്ട് നല്ലൊരു സിനിമ അണിയിച്ചൊരുക്കിയതിന് ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.

ഒരു സിനിമ ആസ്വദിക്കാൻ മഹാനടന്മാരുടെ സാമീപ്യവും, ആർഭാടങ്ങളും ആഘോഷങ്ങളും, ആർപ്പുവിളികളും ഒന്നും വേണ്ട എന്ന് സിനിമ തെളിയിക്കുന്നു.

ഒരു സ്ത്രീ പക്ഷ സിനിമയായി ഇതിനെ അവതരിപ്പിച്ചത് സിനിമയ്ക്ക് ഗുണം ചെയ്തോ എന്നറിയില്ല. എന്തായാലും വളരെ പോസിറ്റിവായിട്ടാണ് സിനിമ അവസാനിക്കുന്നത്. പീഡനവും അവഹേളനവും അതിക്രമവും നേരിടുമ്പോഴും, സ്ത്രീകൾക്ക് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്ന് സിനിമ പറയുന്നു.

ഒരു സ്ത്രീ പക്ഷ സിനിമ എന്ന ലേബൽ സിനിമയ്ക്ക് ആവശ്യമില്ല. അതിന്റെ കലാമൂല്യം കൊണ്ട് മാത്രം പ്രേക്ഷകർ കണ്ട് ആസ്വദിക്കേണ്ട സിനിമയാണ് ഇത്. വിഷു ചിത്രങ്ങളുടെ കുത്തൊഴുക്കിൽ ചിത്രo ഒലിച്ചു പോകില്ലെന്ന് ഉറപ്പു വരുത്തേണ്ടതും, ഇനിയും കൂടുതൽ പേർക്കു സിനിമ കാണാനുള്ള അവസരം ഉണ്ടാവേണ്ടതും നല്ല സിനിമകളുടെ ഭാവിക്ക് ആവശ്യമാണ്.

 

 


Sunday, March 12, 2023

കിണറാഴങ്ങളുടെ വേദന

 

കിണറാഴങ്ങളുടെ വേദന

 

വലിയ നിരത്തിലേക്കെത്താൻ ഇടവഴികൾ താണ്ടി നടക്കുകയായിരുന്നു. നടത്തം പതിവുള്ളതാണ്. ചക്രമുരഞ്ഞ് മുറിവേറ്റ നടവഴികൾക്ക് നടയാത്രക്കാരെ കാണുമ്പോൾ പ്രത്യേക സ്നേഹമാണ്. അവ ടാറെഴുതിയ കണ്ണുകളാൽ പതുക്കെ ക്ഷണിക്കും; കൂർത്ത കല്ലുകളെ മാറിലെ വ്രണത്തിലേക്കൊളുപ്പിക്കും. പാതയുടെ പരിശ്രമം കണ്ട് വഴിയോരത്തെ ചെടി, ഒരു കുഞ്ഞു പൂവടർത്തി അതിന്റെ പ്രോത്സാഹനം അറിയിക്കും. വഴിയോരത്തെ മാവ് തണൽ ശാഖ ഒരല്പം കൂടി നീട്ടും. ഒരു ചിത്രശലഭം പുഞ്ചിരിച്ച് കുറുകേ പറക്കും. എല്ലാവർക്കുമുള്ളത്ഇടയ്ക്കിടെ ഇതിലെ നടക്കണേ’ എന്ന അപേക്ഷ മാത്രമാണ്.

ഒരല്പം മുന്നോട്ടു പോയപ്പോൾ ഒരു ഞരക്കം കേട്ടതു പോലെ തോന്നി. ദാഹാർത്തമായ വരണ്ട തൊണ്ടയാൽ ആരോ പിൻവിളി വിളിച്ചതു പോലെ.നടത്തം നിർത്തി ചുറ്റും കണ്ണോടിച്ചിട്ടും ആരേയും കാണുന്നില്ല. ആരാവും?

തെല്ലിട കൂടി നിന്നപ്പോൾ അടുത്തുള്ള പറമ്പിൽ നിന്നാവുമെന്നു തോന്നി. ഡോമിനന്റ് കാസ്റ്റിന്റെ പഴയൊരു തറവാടു പറമ്പാണ്. വെട്ടി പിരിഞ്ഞപ്പോൾ മുറിച്ചു മാറ്റപ്പെട്ട കഷ്ണം കിട്ടിയത് പുതിയ തലമുറയിൽ പെട്ട ഒരാൾക്കാണ്. അവനങ്ങ് ആസ്ത്രേലിയയിൽ ആയതു കൊണ്ടാവും ഏറ്റവും അറ്റത്തെ കഷ്ണം തന്നെ അവനു കൊടുത്തത്. അവനിനി തിരികെ വരുമോ ആവോ. ഇനി വന്നാലും ഗൂഗിൽ മാപ്പിൽ നോക്കാൻ പോലും അവനീ സ്ഥലത്തിന്റെ വിലാസമറിയുന്നുണ്ടാവില്ല.

നിറയെ കാടു പിടിച്ചു കിടക്കുന്ന സ്ഥലം. ഒരിഞ്ചുപോലും ഒഴിവാക്കാതെ വെട്ടി വെടുപ്പാക്കി വെച്ചിരുന്ന പറമ്പാണ്. ഒരു കുന്നോളം ഉയരത്തിൽ തേങ്ങ കൂട്ടിയിട്ടിരുന്ന ഇടമാണ്. അതാണ് ഇന്ന് അനാഥമായി കിടക്കുന്നത്. വർഷംതോറും സെന്റിന് ലക്ഷങ്ങൾ വെച്ചു കയറുന്നത് മണ്ണ് അറിയുന്നുണ്ടാകുമോ? വിദേശത്തു പോയി കോടികൾ സമ്പാദിക്കുന്ന മക്കളുടെ ഒറ്റയാകപ്പെട്ട അമ്മയെ പോലെ മണ്ണും ഒരു പാഴ് ജന്മമായി.

അപ്പോൾ പറമ്പിന്റെ ഓരത്തു നിന്ന് വീണ്ടും ഞരക്കം. ഒരു വടിയെടുത്ത്, വളർന്നു നിന്ന പാഴ്ചെടികൾ വകഞ്ഞു മാറ്റി ചെന്നപ്പോൾ കണ്ടു, അരമതിലിന്റെ വക്കിടിഞ്ഞു വീണ ഒരു കിണർ.

മുകളിൽ വല പോലെ നെയ്ത മാറാലയ്ക്കു താഴെ കിണറിന്റെ ആഴമറിയുന്നില്ല. വീണ്ടു സൂക്ഷിച്ചു നോക്കിയപ്പോൾ ഒരിക്കലും മങ്ങാൻ മടിക്കുന്ന ഓർമകൾ പോലെ താഴെ ഒരല്പം പഴകിയ വെള്ളം കെട്ടി കിടക്കുന്നതു കണ്ടു.

ഒരിക്കലും വറ്റാത്ത തെളിനീരേറ്റി നിന്ന നിറകുടമായിരുന്നു. ഒരു പറമ്പിനെയാകെ നട്ടു നനച്ച ജല സ്രോതസ്സായിരുന്നു. ഇന്ന് വരണ്ട തൊണ്ടയിലൂടെ അത് എന്തിനോ വേണ്ടി ഞരങ്ങുകയാണ്.

കിണറില്ലാത്ത വീടിനെ കുറിച്ച് ചിന്തിക്കാൻ കഴിയാത്ത കാലമുണ്ടായിരുന്നു. അടുക്കളയും ഊണുമുറിയും കിടപ്പറയും പൂമുഖവും പോലെ അനിവാര്യമായിരുന്നു വീടിന് കിണറും. കിണറിനെ എത്ര വേഗമാണ് നാം മറന്നത്.

കിണറുമായുള്ള എന്റെ ബന്ധം തുടങ്ങുന്നത് എന്റെ കുട്ടിക്കാലത്താണ്. എന്റെ ദേഷ്യത്തിന്റെയും, വികൃതിയുടെയും , വാശിയുടെയും അളവ് ആദ്യമറിഞ്ഞിരുന്നത് കിണറാഴങ്ങളാണ്. കുസ്യതിയും വാശിയും മൂക്കുമ്പോൾ ഞാൻ കൈയിൽ കിട്ടിയതെല്ലാം കിണറിലേക്ക് വലിച്ചെറിഞ്ഞു. സ്പൂണും, കുഞ്ഞു പാത്രങ്ങളുമൊക്കെ വലിച്ചെറിഞ്ഞ് ഞനെന്റെ കലിയടക്കി. ഞാനെറിഞ്ഞതിനെയെല്ലാം കിണർ അരുമയോടെ ഏറ്റുവാങ്ങി. തെളിനീരിൽ കഴുകി അവയെ തന്റെ മടിത്തട്ടിൽ സൂക്ഷിച്ചു വെച്ചു. കിണറിൽ വീണു പോയതെടുക്കാൻ വല്ലപ്പോഴും  കിണറിന്റെ ആഴമറിയുന്ന ശശിയേട്ടൻ ജലത്തിന്റെ തിരശ്ശീലകൾ വകഞ്ഞു മാറ്റി ചെല്ലുമ്പോൾ അവയെല്ലാം തിരികെ കൊടുത്തു. പിന്നീട്, വലുതായപ്പോൾ, കോപാവേശങ്ങളെ എറിഞ്ഞു തീർക്കാൻ ഇരിടമില്ലാത്തതു കൊണ്ട് ജീവിതത്തിൽ എന്തെല്ലാം വ്യഥകൾ ഞാൻ അനുഭവിക്കേണ്ടി വന്നു.

കിണറിന്റെ അരമറയ്ക്കു മുകളിലൂടെ താഴേക്കു നോക്കാനായപ്പോഴാണ് ഞാൻ വലുതായല്ലോ എന്നമ്മ പറഞ്ഞത്. അതിനു ശേഷം കിണർ ശക്തി തെളിയിക്കാനൊരിടമായിരുന്നു. അനുജൻ പതിനഞ്ചു വലിയിൽ ഒരു ബക്കറ്റു വെള്ളം കോരിയപ്പോൾ ഞാനത് അഞ്ചു വലിയിൽ തീർത്തു. ഒറ്റ നിൽപ്പിന് ഇരുപതും മുപ്പതും ബക്കറ്റ് വെള്ളം കോരി കരുത്ത് തെളിയിച്ചു. അച്ഛന്റെ ‘മിടുക്കൻ’ എന്ന അപൂർവമായ സർട്ടിഫിക്കറ്റ് വാങ്ങി. ഒറ്റക്കൈ കൊണ്ട് വെള്ളം കോരി ഇളയവരെ അമ്പരിപ്പിച്ചു.

പിന്നെ കിണറൊരു മറയായി. പരസ്യമായി വായിക്കാൻ കഴിയാത്ത പുസ്തകങ്ങൾ ആ മറയിലിരുന്ന് വായിച്ചു തീർത്തു. ഒരല്പം കൂടി വളർന്നപ്പോൾ ആ മറയുടെ തണലിലിരുന്ന് പുകവലിച്ചു.

ചുറ്റും മോട്ടോറുകൾ വന്നപ്പോൾ കിണറിനെ പഴിച്ചു. എന്നും വെള്ളം കോരി തഴമ്പിച്ച കൈവെള്ള നോക്കി നെടുവീർപ്പിട്ടു. ഒടുവിൽ, ശ്വാസം വലിക്കാൻ ബുദ്ധിമുട്ടനുഭവിച്ച മുത്തശ്ശിയെ ആശുപത്രിയിലാക്കിയ സമയത്താണ് കിണറിന് മോട്ടോർ വെച്ചത്. ആദ്യമായി മോട്ടോറിട്ടപ്പോൾ കിണറൊന്ന് ഞരങ്ങി. അപ്പോൾ, മൂക്കിൽ ഘടിപ്പിച്ച കുഴലിലൂടെ ശ്വാസമെടുക്കുന്ന മുത്തശ്ശിയെ ഓർമ വന്നു.

 ഇടയ്ക്കിടെ സിമന്റിന്റെ ടാങ്ക് ശപിച്ചും പ്രാകിയും കഴിക്കേണ്ടി വന്നപ്പോൾ ഒരിക്കൽ പോലും കഴുകി വൃത്തിയാക്കേണ്ടി വന്നിട്ടില്ലാത്ത കിണറിനെ കുറിച്ചോർത്ത് അത്ഭുതപ്പെട്ടു.

യൗവനത്തിലേക്ക് കടന്നപ്പോൾ, മഴക്കാലങ്ങളിൽ കിണർ ഉന്മാദിനിയായ പ്രണയിനിയായി. മുകൾ നിരപ്പിലേക്ക് മുഖ മുയർത്തി അതെന്നെ കൊതിപ്പിച്ചു. യൗവനത്തിളപ്പിൽ ഞാനതിന്റെ നിറഞ്ഞ മാറിലേക്ക് എടുത്തു ചാട്ടി. അതിൽ നീന്തി തുടിച്ചു. ആഴങ്ങളിലേക്ക് ഊളയിട്ട് സ്വപ്നങ്ങൾ കണ്ടു.

നഗരത്തിലേക്ക് ചേക്കേറുന്നതിനു മുമ്പ് സുഹൃത്തുക്കളുമായുള്ള ആഘോഷത്തിന് ഫുൾ ബോട്ടൽ പൊട്ടിച്ചടിച്ചത് കിണറ്റിലെ വെള്ളം കോരിയാണ്. അന്ന് അതൊരു വേർപിരിയലാവും എന്നു കരുതിയില്ല.

നഗരത്തിലെത്തിയപ്പോൾ മറ്റു പലതിനേയും എന്ന പോലെ ഞാൻ കിണറിനെയും മറന്നു.

താമസ സ്ഥലത്തെ വെള്ളത്തെ കുറിച്ചു ചോദിച്ചപ്പോൾ, ഇവിടെ രണ്ടു കുഴൽ കിണറുണ്ടെന്ന ഉടമസ്ഥന്റെ മറുപടിയിൽ ഞാൻ തൃപ്തനായി. ഞാനൊരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ കുഴൽ കിണറിലെ വെള്ളം പൈപ്പിലൂടെ എന്റെ ജീവിതത്തിലേക്ക് ഒഴുകിയെത്തി.

പിന്നീട് ഞാൻ കിണറിനെ കുറിച്ച് ചിന്തിച്ചിട്ടെയില്ല. ഒരനിവാര്യതയിൽ നിന്നും അതൊരു ആനാവശ്യമായി തീർന്നിരുന്നു. അപ്പോഴേക്കും പണം കൊടുത്താൽ വെള്ളം കിട്ടുന്ന സംവിധാനങ്ങൾ ഉണ്ടായിരുന്നു. സ്വന്തം വീടു വെച്ചപ്പോൾ ഉണ്ടായിരുന്ന കിണർ മൂടിയാണ് അവിടെ ആമ്പൽ വളർത്താൻ ഒരു   വാട്ടർ ബോഡി പണിതത്.

ഇനിതാ വർഷങ്ങൾക്കു ശേഷമൊരു കിണറിന്റെ ദീനമായ ഞരക്കം എന്റെ വഴി തടയുന്നു.

പൊളിഞ്ഞടർന്ന മതിലിനു മുകളിലൂടെ ഒരിക്കൽ കൂടി നോക്കി. ഇനിയും വറ്റിയിട്ടില്ലാത്ത ഒരല്പം കണ്ണീരു മാത്രം ആ ആഴത്തിൽ ബാക്കിയായി.

എന്തു ചെയ്യണമെന്നറിയാതെ ഞാൻ നിസാഹായനായി. കിണർ എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. ജീവിക്കാൻ നമുക്കാവശ്യമില്ലാതായി തീർന്ന അനേകം കാര്യങ്ങളിൽ ഒന്നു മാത്രമാണ് കിണർ.

അപൂർവമായി ഒരു വഴിയാത്രക്കാരനെ കണ്ടപ്പോൾ അത് തന്റെ സങ്കടം അറിയിച്ചു എന്നെയുള്ളൂ. കയറി വന്നതിന് നന്ദി സൂചകമായി കിണർ ഒരിക്കൽ കൂടി ഞരങ്ങി.

യാത്രയിൽ ആവശ്യമാവും എന്നു കരുതി,വാട്ടർ പ്യൂരിഫയറിൽ നിന്നും പ്ലാസ്റ്റിക്ക് ബോട്ടലിൽ നിറച്ച  വെള്ളത്തിൽ നിന്നും മൂന്ന് തുള്ളി ആ കിണറാഴത്തിലേക്ക് ഉറ്റിച്ച് ഞാൻ ഇടവഴിയിലേക്കിറങ്ങി.

Thursday, January 19, 2023

Uff, KLF

 

 

സാഹിത്യ ഉത്സവങ്ങൾ ഇന്ന് പുതുമയല്ല. ലോകത്ത് പലയിടത്തും അതു നടക്കുന്നു. അപ്പോൾ പ്രബുദ്ധ കേരളത്തിനെങ്ങിനെ പിറകോട്ട് പോകാനാവും? വർഷങ്ങളായി നടന്നു വരുന്ന ഉത്സവത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ച് പറയാനല്ല കുറിപ്പ്. പകരം, നാലു ദിവസം നീണ്ടു നിന്ന ഉത്സവത്തിലെ ചില കാഴ്ചകൾ,ചിന്തകൾ പങ്കുവെയ്ക്കുക മാത്രമാണ് ചെയ്യുന്നത്.

കേരളത്തിന്റെ സാഹിത്യ ഉത്സവത്തിന് Kerala Literary Festival  എന്ന ഇംഗ്ലീഷ് പേരിടുന്നത് എന്തുകൊണ്ടെന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. അതിനൊരുത്തരം എനിക്കുമില്ല. ഉത്സവത്തിൽ പങ്കെടുക്കുന്നവർ ലോകത്തിന്റെ നാനാ ദിക്കിൽ നിന്നും വരുന്നതു കൊണ്ടാവും കൂടുതൽ സ്വീകാര്യമായ ഭാഷ ഉപയോഗിച്ചത്. അതുകൊണ്ട്, മലയാളികളായ നമുക്ക് , കേരള സാഹിത്യോത്സവം എന്നു സ്വയം പറഞ്ഞ് സമാധാനിക്കാം.

 ഇത്തവണത്തെ ഒരുക്കങ്ങൾ കൂടുതൽ വിപുലമായിരുന്നു. ഇത്തരം ഉത്സവങ്ങൾ സാഹിത്യത്തിലും ചർച്ചയിലും പുസ്തകങ്ങളിലും മാത്രമൊതുങ്ങി നിൽക്കേണ്ടതല്ല എന്നു തെളിയിക്കുന്നതായിരുന്നു. അതുകൊണ്ടാവാം വേദികൾക്കിടയിൽ കുറേ കച്ചവട കൂടാരങ്ങൾ കണ്ടത്. കെട്ടിട നിർമ്മാതാക്കളും, വിദേശ പഠന സഹായികളും, പെർഫ്യൂമും, ടീഷർട്ടും ബാഗും വിൽക്കുന്നവരുമൊക്കെ കൂട്ടത്തിൽ ഉണ്ടായിരുന്നു. സാഹിത്യത്തിനിടയിൽ പെർഫ്യൂമിന് എന്തു കാര്യമെന്നു നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. എന്നാൽ കലയായാലും സാഹിത്യമായാലും വിപണിയിൽ വിൽക്കപ്പെടണമെങ്കിൽ പലതരം സുഗന്ധ തൈലങ്ങൾ പുരട്ടണമെന്ന ലളിതമായ കച്ചവട സൂത്രവാക്യമാണ് കൊച്ചു കച്ചവട കുടിലുകൾ പറയാതെ പറഞ്ഞത്.

 ഉത്സവത്തിന്റെ മറ്റു കച്ചവട സാധ്യതകളെ എത്ര മനോഹരമായി ഉപയോഗിച്ചിരിക്കുന്നു എന്ന കാണിച്ചു തന്നത് കൂടെ വന്ന സുഹൃത്താണ്. വേദികൾക്കൊക്കെ സാഹിത്യവുമായി ബന്ധപ്പെട്ട പേരുകളാണ് നൽകിയിരിക്കുന്നത്. തൂലിക, എഴുത്തോല, വാക്ക്, അക്ഷരം, കഥ എന്നിങ്ങനെ ഇമ്പമുള്ള പേരുകൾ. അതിനിടയിൽ ഒരു വേദിയുടെ പേര് മാത്രം മാഗോ എന്നു കണ്ടപ്പോഴാണ് സുഹൃത്ത് അന്ധാളിച്ചത്. തൂലികയ്ക്കും എഴുത്തോലയ്ക്കുമിടയിൽ മാങ്ങ എങ്ങിനെ വന്നു എന്ന് ഞാനും അമ്പരന്നു. ആരോടു ചോദിക്കുമെന്നറിയാതെ, ഇനിയിത് വൈലോപ്പിള്ളി കവിതയുടെ ഇംഗ്ലീഷ് തർജ്ജമയാണോ എന്നു സംശയിച്ചു നിൽക്കുമ്പോഴാണ് വേദിക്കു മുന്നിൽ വേദിയുടെ പേരുള്ള ഒരു പ്രമുഖ FM കമ്പനി അവരുടെ തട്ടകം ഒരുക്കുന്നതു കണ്ടത്. സുഹൃത്ത് എന്നെ നോക്കി അർത്ഥവർത്തായി ചിരിച്ചപ്പോൾ ഞങ്ങൾ ചില അനുമാനങ്ങളിലെത്തി. അതു മാത്രമല്ല, അപ്പുറം മണലിലിറക്കി കെട്ടിയ , കോഴിക്കോട്ടേ രണ്ടു പ്രമുഖ ഹോട്ടലുകളുടെ കൂടാരവും കണ്ടു. ഇടയ്ക്ക് അവിടെ നിന്നും, ചട്ടിയിൽ നിന്നും കോരിയെടുത്ത ചൂടുള്ള പഴം പൊരി കഴിക്കുമ്പോഴാണ്, ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നും അരികു വൽക്കരിക്കപ്പെടുന്ന, എപ്പോഴും ചൂഷണം ചെയ്യപ്പെടുന്ന, അടിച്ചമർത്തപ്പെടുന്ന, പട്ടിണിയും പരിവട്ടവുമായി വലയുന്ന കീഴാള വർഗ്ഗം, ഇന്ന് നിലനിൽക്കുന്ന യാഥാസ്തിക രാഷ്ട്രീയ സ്ഥാപനങ്ങളെ അട്ടിമറിച്ച് ഒരു പുതിയ രാഷ്ട്രീയ ബദലായി ഉയർന്നു വരുമെന്ന ചർച്ച കേട്ടത്.

 എന്തായാലും അടുത്ത കൊല്ലമാകുമ്പോഴേക്കും വേദികളുടെ പേര് മാങ്ങയ്ക്കും അപ്പുറത്തേക്കും നീണ്ടാൽ അത്ഭുതമില്ല. അദാനിയെന്ന പേരിട്ട വേദിയിലിരുന്ന് മാധ്യമങ്ങളെയും പ്രസാധകരേയും കേർപ്പറേറ്റുകൾ വിലയ്ക്കു വാങ്ങുന്നതിലെ അപകടത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിലെ അപഹാസ്യതയോർത്ത് ഞാൻ ഉള്ളിൽ ഊറി ചിരിച്ചു.

ഇത്തവണത്തെ പുസ്തക സ്റ്റാൾ പുതുമയുള്ളതായിരുന്നു. പഴയ ലൈറ്റ് ഹൗസിനും ചുറ്റുമാണ് പുസ്തകങ്ങൾ വിൽക്കാൻ വെച്ചത്. പണ്ട് വിളക്കുമാടത്തെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. അങ്ങകലെ, വഴി തേടുന്ന കപ്പലുകൾക്ക് ദിശ കാട്ടി കൊടുക്കുന്ന വെളിച്ചം. അന്ന് ഇവിടേക്ക് പ്രവേശനമില്ലായിരുന്നു. നമ്മുക്ക് അപ്രാപ്യമായ അകലത്തിലായിരുന്നു വെളിച്ചം. ഇന്നത് പ്രവർത്തിക്കുന്നില്ല. കെട്ടുപ്പോയ വിളക്കുമരത്തിന് ചുവട്ടിൽ, ചെരാതിലെരിയുന്ന ദീപനാളങ്ങൾ പോലെ പുസ്തകങ്ങളെ വിന്യസിച്ചു കണ്ടപ്പോൾ കൗതുകം തോന്നി. പലർക്കും വെളിച്ചവും ദിശയുമാകാവുന്ന പുസ്തകങ്ങളെ നോക്കി, ഗതകാല സ്മൃതികളും, ഉള്ളിലിനിയും കെടാത്ത വെളിച്ചവുമായി കാവൽ നിൽക്കുന്ന പഴയ വിളക്കുമാടം ഹൃദയത്തെ സ്പർശിച്ചു.

അഭൂതപൂർവമായ തിരക്കായിരുന്നു ഉത്സവ പറമ്പിൽ. എന്നാൽ എല്ലാവരും ചർച്ചകൾ കേൾക്കാനും, പുസ്തകങ്ങൾ വാങ്ങാനുമെന്നും വന്നവരല്ല.കടപ്പുറം കോഴിക്കോടിന്റെ സിരാ കേന്ദ്രമായതുകൊണ്ട്, ഇവിടെയെന്തു നടക്കുന്നു എന്നറിയാനുള്ള ആകാംക്ഷയോടെ കയറി വന്നവരാണ് പലരും.  പിന്നെയുള്ളത് ചെറുപ്പക്കാരുടെ തിരക്കാണ്. അവരുടെ ഭാഷയിൽ ഇത്ര വലിയ ഒരു സംഭവം ഇവിടെ നടക്കുമ്പോൾ അവിടെ ചെന്നൊന്ന് ചിൽ ചെയ്തില്ലെങ്കിൽ സീനാകെ ശോകമാവും. അതുകൊണ്ടവർ ഒരു വേദിയിൽ നിന്നും മറ്റൊരു വേദിയിലേക്ക് പറന്നിറങ്ങുന്നു, കഴിയുന്നതു മുഴുവൻ ക്യാമറയിൽ പകർത്തുന്നു, ചർച്ചയ്ക്ക് വന്നവരുമായി സെൽഫിയെടുക്കുന്നു, ഉടനെ തന്നെ തങ്ങളുടെ നേട്ടങ്ങളെ സോഷ്യൽ മീഡിയ വഴി ലോകത്തെ അറിയിക്കുന്നു. പലപ്പോഴും, വേദിക്ക കത്തിരുന്നും, പുറത്ത്  നിന്നും, ചർച്ചകളോട് യാതൊരു താത്പര്യമില്ലാതെ പരസ്പരം സംസാരിക്കുന്ന ഇവരോട് , കുറച്ചപ്പുറം മാറി നിന്നു സംസാരിക്കാൻ പറയേണ്ടി വന്നു. കാലങ്ങൾക്കു ശേഷം പലരേയും കണ്ടുമുട്ടാനുള്ള വേദിയായി ചിലർക്കിത് .

 അതോടൊപ്പം തന്നെ ചില രസകരമായ കാഴ്ചകളും ഉണ്ടായിരുന്നു.

ചുട്ടുപൊള്ളുന്ന വെയിലത്ത് കുറേ നേരം കടലിനോട് സല്ലപിച്ച്, പരസ്പരം പുണർന്നും കൈ കോർത്തും, തണലു തേടിയെത്തിയ യുവമിഥുനങ്ങൾ വന്നു കയറിയത്" കടലിന്റെ മണം: ആസ്കതിയുടെ തിരയിളക്കങ്ങൾ" എന്ന ചർച്ചയിലേക്കാണ്. ഉള്ളിലെ പ്രണയ മോഹങ്ങളുടെ അലയടങ്ങാത്ത അവർക്ക് ചർച്ചയൊന്നും മനസ്സിലായിട്ടുണ്ടാവില്ല. എങ്കിലും കടലിന്റെ മണം നുകർന്ന്, ആസക്തിയുടെ തിരയിളക്കങ്ങളെ ഒതുക്കി, തോളിൽ തലചായ്ച്ചും മുട്ടിയുരുമ്മിയും അവർ ചർച്ച തീരുന്നതു വരെ അവിടെയിരുന്നു. Unstoppable Us എന്ന വിഷയം ചർച്ച ചെയ്യുന്ന വേദിക്കരികിലേ തണലിൽ മൂന്നാലു വയസ്സുള്ള കുട്ടി, അകത്ത് സംസാരിക്കുന്നത് യുവൽ നാവാ ഹരാരിയാണ് എന്നറിയാതെ, സുഖമായി മണ്ണ് വാരി കളിക്കുന്നത് കണ്ടു. സീ ക്യൂനിൽ നിന്നാകണം, രണ്ട് ബിയറു മടിച്ചെത്തിയ മദ്ധ്യവയസ്ക്കൻ വന്നു കയറിയത് " ശകുനി : ഇതിഹാസ വായന" യുടെ വേദിയിലേക്കാണ്. സ്റ്റേജിൽ രണ്ടു സ്ത്രീകളെ കണ്ടതു കൊണ്ടാവാം, കുറച്ചു കഴിഞ്ഞപ്പോൾ," ഇതിലാരാണ് ശകുനി " എന്നയാൾ എന്നോട് ചോദിച്ചു. " രണ്ടു പേരും" എന്നു ഞാൻ മറുപടി പറഞ്ഞപ്പോൾ അയാൾ സന്തുഷ്ടനായി. പിന്നെയും കുറേ നേരമിരുന്ന് രണ്ടു ശകുനിമാരെ നേരിൽ കാണാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെ അയാൾ വീണ്ടും വെയിലിലേക്കിറങ്ങി. " പ്രപഞ്ചത്തിൽ നാം തനിച്ചാണോ" എന്ന വേദിയിൽ ഒരുമ്മയേയും നാലും ഏഴും വയസ്സുള്ള രണ്ട് കുട്ടികളെയും കണ്ടു. തിരക്കു കുറവുള്ള ഒരു വേദിയിൽ അവരെ യിരുത്തി ഭർത്താവ് എവിടേക്കോ മുങ്ങിയതാണ്. പ്രപഞ്ചത്തിലല്ലെങ്കിലും, ജീവിതത്തിൽ പൊതുവേയും, വേദിയിൽ പ്രത്യേകിച്ചും കുറേ നേരമായി ഒറ്റപ്പെട്ടത്തിന്റെ ഭയം അവരുടെ കണ്ണിൽ നിഴലിച്ചിരുന്നു.

ഇത്തവണ പുസ്തകങ്ങൾക്ക് കുറച്ചധികം സ്ഥലം ഒഴിച്ചു വെച്ചത് ഉചിതവും ഉപകാരവുമായി. എത്ര പേർ പുസ്തകം വാങ്ങിയെന്നറിയില്ലെങ്കിലും പുസ്തകശാലയിൽ പൊതുവേ നല്ല തിരക്കുണ്ടായിരുന്നു. പലരും പുസ്തകങ്ങളുടെ ഫോട്ടോ എടുക്കുന്നത് എന്തിനാണ് എന്ന് എനിക്കു മനസ്സിലായില്ല. എന്തായാലും, Lords Of Deccan എന്ന തന്റെ പുസ്തകത്തെ പറ്റി ആദ്യ ദിവസം തന്നെ ചർച്ചയിൽ പങ്കെടുത്ത അനിരുദ്ധ് കനിസേട്ടിയുടെ പുസ്തകം ഒറ്റ ദിവസം കൊണ്ടു തന്നെ വിറ്റഴിഞ്ഞത് പുസ്തക പ്രേമികൾ ഇപ്പോഴും ഉണ്ട് എന്നതിന്റെ തെളിവാണ് എന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം

 അറിവും, ധിഷണയും, ചിന്തയും, ക്രിയാത്മകതയും ഉള്ളവരുടെ ചർച്ച കേൾക്കാൻ ആളുകൾ തടിച്ചു കൂടുമെന്ന് പല വേദികളും തെളിയിച്ചു. നല്ല വാഗ്മികൾ ശ്രോതാക്കളെ കാന്തം കൊണ്ടെന്ന പോലെ അവരുടെ ചർച്ചകളിലേക്ക്  പിടിച്ചു വലിച്ചു.

 അവസാന ദിവസം പ്രധാന വേദിയുടെ അകത്ത്, ഇരുവശവും കമ്പിവേലി കൊണ്ട് മറച്ചതു കണ്ടു. വൈകുന്നേരത്തെ സമാപന സമ്മേളനത്തിനു വരുന്ന ഏതെങ്കിലും മന്ത്രിയുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള ഏർപ്പാടാകാം.  ജയിലുപോലെ തോന്നിച്ച ഇരുമ്പഴിക്കുള്ളിലിരുന്ന് , ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും, പൗര സ്വാതന്ത്ര്യത്തെക്കുറിച്ചും, ഭരണാധികാരികൾ കൂടുതൽ ജനകളിലേക്ക് ഇറങ്ങി ചെല്ലേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെയുള്ള പ്രഭാഷണങ്ങൾ സാകൂതം കേട്ടിരിക്കുന്ന സാധാരണ ജനങ്ങളെ കണ്ടപ്പോൾ ഒരല്പം വേദന തോന്നി.

സാഹിത്യ ഉത്സവത്തിന് പല കുറ്റങ്ങളും കുറവുകളും പോരായ്മകളുമൊക്കെ ഉണ്ടാവാം.  എന്നാൽ, വായനയേയും പുസ്തകങ്ങളെയും സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകൾ ഒരിടത്ത് ഒത്തു ച്ചേരുമ്പോൾ അവിടെ രൂപപ്പെടുന്നത് ഊർജ്ജത്തിന്റെ ബൃഹത്തായ ഒരു സംഭരണിയാണ്. അതിൽ നിന്നും ഒരല്പമെങ്കിലും കേരിയെടുക്കുകയെന്നതാണ് ഉത്സവത്തിൽ പങ്കെടുക്കുന്നതിന്റെ പ്രധാന ഉദ്ദേശം. മനസ്സിൽ ഉദിച്ച ഒരാശയത്തിനെ നാലായിരത്തിലധികം പേജുകളിലേക്ക് പകർത്തി, അതിൽ നിന്നുമാണ് അറന്നൂറോളം പേജുള്ള പുസ്തകം ഉണ്ടാവുന്നതെന്ന് ഒരെഴുത്തുകാരി പങ്കുവെയ്ക്കുമ്പോൾ, എഴുത്തിന്റെ മഹാ പ്രപഞ്ചത്തിൽ നടന്നു തീർക്കാൻ ഇനിയും അനേകായിരം നാഴികകൾ ഉണ്ടെന്ന പാഠം ഉൾക്കൊണ്ടാണ് ഞാൻ തിരികെ വന്നത്.