Friday, February 22, 2019

മുറ്റമടി


മുറ്റമടി



നഗരത്തിൽ ജീവിച്ചു ജീർണിക്കുമ്പോൾ
തിരികെ വരണം
ടാറിട്ട റോഡവസാനിക്കുനതിന്നുമപ്പുറം
ഊടുവഴികൾ കടന്നു, ചുറ്റിലും
മരങ്ങൾ നിറഞ്ഞ പറമ്പിൽ വീട് വെക്കണം
നിത്യവും രാവിലെ വീടിന്റെ മിഴികൾ തുറന്നു
നഗ്നപാദനായി , പുറത്തിറങ്ങി മുറ്റമടിക്കണം
മുറ്റം വൃത്തിയായ വീടെന്നും നിറഞ്ഞിരിക്കും
കയറിവരുന്നവരുടെ കാൽപാടെന്നും തെളിഞ്ഞിരിക്കും
 മുറ്റമടിക്കുക എളുപ്പമല്ല
എന്നുമുണരുമ്പോൾ മുറ്റമാകെ വ്യസനങ്ങളും ,വേദനയും,
വെറുപ്പും, ഭയവും, ഒരൽപം സ്വപ്നവും ചിതറികിടക്കും
മുറ്റംനിറഞ്ഞുനിന്ന ചെടികളിൽ നിന്നുമടർന്നു വീണവ
അതിരുകൾ അതിക്രമിച്ചു കയറി വെടിയുതിർത്തവ
കാറ്റിന്റെ കൈയിൽ തൂങ്ങി വന്നവ
മറ്റാരോ വന്നു കുത്തി നിറച്ചവ
ഇര തേടിയാരോചിക്കിചികഞ്ഞവ
ഒരിളം തെന്നലിൽ  മറ്റിടങ്ങളില്ലേക്ക്പടരുന്നവ
എത്രയടിച്ചു കളഞ്ഞാലും ബാക്കിയാവുന്നവ

ചവറു വീഴാതിരിക്കാൻ മുറ്റം വലകൊണ്ടു മൂടാതെ നോക്കണം
ചുറ്റുമുള്ള മരങ്ങളും , കൊമ്പുകളും വെട്ടിമാറ്റാതെ കാക്കണം
ഇല കൊഴിയുന്ന മുറ്റത്തെ തണലുണ്ടാവൂ
മുറ്റമടി എളുപ്പമാക്കാൻ ചുറ്റും കരിങ്കല്ല് പാകത്തെ നിർത്തണം
വേരോടുന്ന മുറ്റത്തിനെ ആഴമുണ്ടാവൂ
മുറ്റമടികാൻ മറ്റൊരാളെ നിയോഗിക്കരുത്
കടമെടുത്ത ചൂലുകൾക്കു മുറ്റത്തിന്റെ
ഹൃദയഭാരത്തിന്റെ തുടിപ്പറിയില്ല
സ്വന്തം കൈകൊണ്ടുഴിഞ്ഞ ചൂലിനെ
സ്വന്തം മുറ്റത്തിന്റെ സ്പന്ദനമറിയൂ

നിത്യവും മുറ്റമടിക്കണം
മുറ്റമടിക്കുന്നതിനു മുമ്പ് കുളിച്ചീറനണിയണം
തുളസിത്തറയിൽ ഒരു തിരി കൊളുത്തണം
ഒരരികിൽ നിന്നും തുടങ്ങണം
ശാന്തനായ്, സൗമ്യനായ്‌, ധ്യാനനിരതനായ്
എല്ലാ ചവറുകളും അടിച്ചു നീക്കണം
അടിച്ചു കൂട്ടിയവയിൽ ചിലതു
കുപ്പയിലേക്കു തള്ളണം, ചിലതു
മറ്റൊന്നിനു വളമാകണം വല്ലാതെ,  പഴുത്തത്
കതിച്ചുചാമ്പലാകണം,കനൽ പടരാതെ നോക്കണം
ചവറുകൾക്കടിയിൽ പതിയിരിക്കുന്ന വിഷജന്തുക്കളെ തുരത്തണം
മനസിന്റെ മാളങ്ങളെലാം ശൂന്യമാകണം
ചൂലടിപ്പാടിന്റ്റെ ചെറിയ നീറ്റലിൽ മനം തെളിയണം
ചപ്പുകൾക്കിടയിൽ , അറിയാതെ കൊഴിഞ്ഞ
പൂക്കളെയെടുത്തു മാറ്റണം
എല്ലാം നീക്കിക്കഴിയുമ്പോൾ ഹൃദയകമലം വിരിയണം

നിത്യവും മുറ്റമടിക്കണം
ഓരോ ഉറക്കവും
ഉണർന്നു
മുറ്റമടികാനുള്ളതാവണം

രാജേഷ് ആത്രശ്ശേരി

Wednesday, February 6, 2019

മറവി


മറവി
അങ്ങിനെ ഇരിക്കെയൊരു ദിവസമാണ് അമ്മമ്മക്ക് മറവി തുടങ്ങിയത്
എവിടെ  കിടന്നെന്നും ,എന്തിന്നു ഉണർന്നെന്നുംമറിയാതെ ആണതിൻ തുടക്കം.
ഉണർന്നെഴുന്നേറ്റപ്പോൾ അമ്മമ വടക്കുപുറത്തു ചെന്ന്
ഉമ്മികരിയെവിടെയെന്നു ചോദിച്ചു
ഉമ്മിക്കരിയെന്തെന്നറിയാത്ത മരുമകൾ പൽപൊടിയെടുത്തു കൊടുത്തു
പൽ പൊടിയുമായി പറമ്പിലേക്കിറങ്ങിയ അമ്മമ്മക് വഴി തെറ്റി
അപ്പുറത്തെ ഷാരത്തെത്തി
തിരികെ കൊണ്ടുവരുമ്പോൾ അമ്മമ വ്യസനത്തോടെ  പറഞ്ഞു
" ഷാരത്തെ കുളത്തിൽ തുള്ളിയും   വെള്ളമില്ല"
അമ്മമ്മയുടെ ഉൾക്കുളത്തിൽ നിന്നും വെള്ളം വറ്റി തുടങ്ങിയിരുന്നു
വെള്ളം വറ്റിയ മനസ്സ് മറവിക്കും ഓർമക്കുമിടയിൽ ഊഞ്ഞാലാടി
പ്രാതലിന് , പ്ലേറ്റിൽ ദോശക്കു മുകളിൽ ചട്ടിണി ഒഴിച്ച്
അമ്മമ എന്തോ ഓർത്തിരുന്നു
കരിഞ്ഞ ഓർമകളുടെ ദുസ്വാദ് തികട്ടി വന്നു
പ്രാതലിന് ശേഷം മുത്തശ്ശനെ വിളിച്ചു കല്പിച്ചു'
" കാട്ടിലേക്കയച്ച രാമനോട് തിരികെ വരാൻ പറയു"
അത് കേട്ട് വീട്ടിൽ തന്നെ താമസിക്കുന്ന മൂത്ത മകൻ വിഷണ്ണനായി
" ഒകെ അഭിനയമാണ് . ഏട്ടൻ ഇതൊന്നും കണ്ടു പരിഭ്രമിക്കണ്ട"
മരുമകൾ ധൈര്യം കൊടുത്തു.
വിവരമറിഞ്ഞു പഞ്ച കന്യകമാരിൽ രണ്ടാമത്തവൾ ഓടിയെത്തി
അവളെ ചേർത്ത് നിർത്തി അമ്മമ ചോദിച്ചു:
" അഞ്ചു കശ്മലന്മാരും കൂടെ നിന്നെ വല്ലാതെ ദ്രോഹിക്കുന്നുണ്ടോ?
അമ്മയുടെ മറവിയുടെ ആഴം കണ്ടു മകൾ അനൗചിത്യത്തോടെ
ഉറക്കെ നിലവിളിച്ചു
ഏത്തഞ്ചു പേരെന്നോർത്തു, തനിക്കു തരാമെന്നു
പറഞ്ഞ കല്ലുമാല നാത്തൂൻ അടിച്ചുമാറ്റുമോ എന്ന ഭയത്തിൽ
അലമാര തപ്പാൻ  അകത്തേക്ക് പോയി.
കുളിക്കാൻ മറന്നു, നെറുകയിൽ തേച്ച എണ്ണ
കിനിഞ്ഞിറങ്ങി  കണ്ണുമൂടിയപ്പോളാണ്
മുടന്തി മുടന്തിയാണെകിലും, പെങ്ങളെ കാണാൻ അമ്മാമനെത്തിയത്
വാക്കിൽആവോളും മധുരം നിറച്ചു അമ്മാമൻ ചോദിച്ചു
" ഓപ്പോൾക്കു എന്ത് പറ്റി"?
ഓപ്പോൾ വിളിയുടെ മന്ത്രച്ചരട് എവിടെയോ ഉടക്കി
ഓർമകളുടെ പകിട തിരിഞ്ഞു നിശ്ചലമായി
അമ്മാമന്റെ കണ്ണിലേക്കു നിസ്സംഗമായി നോക്കി അമ്മമ ചോദിച്ചു:
" കുരുക്ഷേത്രം കഴിഞ്ഞോ? കർണ്ണൻ അസ്തമിച്ചോ?
പതുകെ വന്നു മൂടുന്ന മറവിയിൽ അമ്മമ ഓർമകളുടെ ആഴങ്ങളിലേകിറങ്ങി
കഷായം കുടിക്കാൻ മറന്നിരിക്കുമ്പോളാണ്
വയ്യെങ്കിലും , നണ്ണ്യേമ്മ വടിയും കുത്തിയെത്തിയത്
" തംബ്രാട്യേ" എന്ന് വിളിച്ചു അമ്മമ്മയുടെ കൈകൾ കൂട്ടി പിടിച്ചു
സപർശം മറവിയെ  തുളച്ചു ഓര്മകളില് തലോടി
" നാണ്ണിയെ, അമ്മിണിപ്പയു പെറ്റുവോ ?"
ചോദിക്കുമ്പോൾ കണ്ണിമ നനഞ്ഞു
അമ്മിണിപ്പയിന്നെ ഓർത്തെടുക്കാൻ നാണിയമ്മക്ക്  ഒരു നിമിഷമെടുത്തു
ചോദ്യത്തിന്റെ പൊരുളറിഞ്ഞപ്പോൾ ,തൊണ്ടയിടറി പറഞ്ഞു
" പെറ്റു, നല്ലൊരു മൂരികുട്ടൻ"
അമ്മമ ചിരിച്ചു. ചിരിയിൽ പാൽ പതഞ്ഞുയർന്നു .
വൈകുന്നേരം കൊടുത്ത കാപ്പി ഉമ്മറത്തിണ്ണയിലിരുന്നു
തണുത്തു, പാടകെട്ടി
പാടകെട്ടിയ  ഓർമകളിൽ അമ്മാമയെന്തോ തപ്പി
കാപ്പിക്കൊപ്പം കൊടുത്ത ചക്കയുടെ ചുള ദൂരെയെറിഞ്ഞു
വിറയ്ക്കുന്ന കൈക്കുള്ളിൽ കുരു മുറുക്കെ പിടിച്ചു
പറമ്പിലേക്കിറങ്ങി , കൈകൊണ്ടു കുഴികുത്തി
കുഴിയിൽ കുരുവിട്ടു മൂടി
മറവിയുടെ ആഴങ്ങളിൽ വരും കാലത്തേക്കൊരു വിത്ത് നട്ടു
സന്ധ്യക്ക്‌, കൊളുത്താത്ത നിലവിളക്കിനു മുന്നിലിരുന്നു
" മരം , മരം" എന്ന് ജപിച്ചു
മറവിയും, ഓർമയും ആകാശത്തിന്റെ സീമന്ത രേഖയിൽ
കുക്കുംമവർണമായി പടർന്നലിഞ്ഞു

രാത്രി , എല്ലാവരുംഉറങ്ങിയപ്പോൾ
കത്തിച്ച നിലവിളക്കു ,കൈകൊണ്ടു മൂടി,
കാറ്റിൽ കെടാതെ
അമ്മമ എല്ലാവർക്കും ഇടയിലൂടെ നടന്നു
ദുസ്വപ്നം കണ്ടു ഞെട്ടിയുണർന്നവരെ പുറത്തു തട്ടിയുറക്കി
തണുക്കാതിരിക്കാൻ പുതപ്പിച്ചു
കുട്ടികളെയുറക്കാൻ, ഓർമകളിൽ മുങ്ങിത്തപ്പി
ഒടുക്കത്തെ ഒരു കഥ പറഞ്ഞു
പിന്നെ,
ഒട്ടും മറക്കാതെ , വിളക്കെടുത്തു വാതിൽ പടി കടന്നു
ആകാശത്തു കാത്തു നിന്ന നക്ഷത്രം
വിളക്കിന്റെ തെളിഞ്ഞ ജ്യോതിസിന്നെ
തന്റെ നെഞ്ചോടു ചേർത്തു

അമ്മമ ഉമ്മറത്തിറക്കിവെച്ച മറവി
ഞങ്ങൾ പങ്കിട്ടെടുത്തു
ഞങ്ങൾ അമ്മമ്മയെ മറന്നു

രാജേഷ് ആത്രശ്ശേരി

Monday, January 21, 2019

തേച്ചു


തേച്ചു

കഴിഞ്ഞാഴ്ച മകന് വല്ലാത്ത വിഷാദം
എല്ലാത്തിനോടും താത്പര്യ കുറവ്
സ്വതവേ സംസാരിക്കാനുള്ള മടി വർധിച്ചു

ഒരച്ഛന്റെ ഉത്തവാദിത്തത്തോടെ ഞാൻ
എന്ത് പറ്റി എന്ന് ചോദിച്ചു
താത്പര്യമില്ലെങ്കിലും  രണ്ടു ദിവസം കഴിഞ്ഞപ്പോൾ
അവൻ മെസ്സേജ് ഇട്ടു
" അവളെന്നെ തേച്ചിട്ടു പോയി"
പുതിയ ഭാഷയുടെ അർത്ഥവ്യാകരണമറിയാതെ ഞാൻ പരുങ്ങി
തേച്ചതിന്റെ പഴയ സമവാക്യങ്ങളില്ലേക് ഞാൻ തിരിച്ചു ചെന്നു

വെറുതെ ചെത്തി തേച്ച വീട്ടിലാണ്
ഞാനും അവളും ജീവിതം തുടങ്ങിയത്
എന്നിട്ടും അവൾ ജീവിതത്തിന്റെ ഓരോ
മുക്കും , മൂലയും എന്നും തേച്ചു മിനുക്കി വെച്ചു
തേച്ചു കഴുകിയ പാത്രത്തിൽ കഞ്ഞി വിളമ്പി
യാത്രകൾക്കു അലക്കി തേച്ച വസ്ത്രങ്ങൾ ഒരുക്കി തന്നു
കൂടെ കിടക്കുമ്പോൾ എന്നും കാച്ചിയ വെളിച്ചെണ്ണ തേച്ചു
ഏതു ആകുലതയിലും കുളിരായതു അവൾ
നെറ്റിയിൽ തേച്ച ചന്ദനമായിരുന്നു

തേപ്പിന്റെ  പുതിയ ഭാഷ എന്നെ അമ്പരപ്പിച്ചു
അവന്റെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയാതെ ഞാൻ
ഏതച്ഛനും ചെയുന്ന പോലെ
ഒരു തത്വജ്ഞാനം  അവന്നുമായി  പങ്കുവെച്ചു
തേഞ്ഞു തുടങ്ങിയ അക്ഷരങ്ങളുടെ കട്ടകൾ
ഓരോന്നായി , വിരലുകൾ കൊണ്ട് ഞെക്കിയമർത്തി എഴുതി
" തേഞ്ഞു, തേഞ്ഞു ഇല്ലാതാവുന്നതാണ് ജീവിതം"

ഞാൻ എഴുതിയതിന്റെ പൊരുൾ എനിക്ക് തന്നെ
 മനസ്സിലായില്ല

ഇടതുകൈയിന്റെ പെരുവിരൽ
ഉയർത്തിപ്പിടിച്ച ചിന്ഹമിട്ടു
അവൻ മറുപടി തന്നു.

രാജേഷ് ആത്രശ്ശേരി

Monday, November 19, 2018

ഏതു ദൈവം?


ഏതു ദൈവം?
ബിനോയിയുടെ  ഹൃദയത്തിന്റെ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയായിരുന്നു വ്യാഴാഴ്ച . കോഴിക്കോടെ ഒരു ആശുപത്രിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ. ബിനോയ് വര്ഷങ്ങളായി ബഹറിനിൽ ആണ്. ബിനോയ് ജോൺസ്ആരാണ് എന്നു രണ്ടു വര്ഷം മുമ്പ് എന്നോട് ചോദിച്ചാൽ , സ്കൂളിൽ ഒന്നിച്ചു പഠിച്ച ആൾ എന്ന് മാത്രമേ പറയാൻ കഴിയൂ. രണ്ടു വർഷങ്ങൾക്ക് മുമ്പാണ് ഞങ്ങൾ സ്കൂൾ ഗ്രൂപ്പ് തുടങ്ങിയത് . അതിനു ശേഷം പലരുമായും വളരെ അടുത്തു. വര്ഷങ്ങള്ക്കു മുമ്പ് പല സ്ഥലത്തേക്കുമായി ചിതറി പോയവർ വീണ്ടും ഒന്നിച്ചു കൂടുമ്പോൾ ഉണ്ടാകുന്ന അപൂർവമായ പാരസ്പര്യം. അത് കൂട്ടായ്മമയായും, സൗഹൃദമായും, സ്നേഹമായും, സഹായമായും  ഒക്കെ വളർന്നത് നിഷേധിക്കാൻ ആവില്ല.
  രണ്ടു വർഷങ്ങൾക്കിടയിൽ അർഥവർത്തും, ഉപകാരപ്രദവും, സ്നേഹനിര്ഭരവും ആയ പലതും ചെയ്യാൻ  ഗ്രൂപ്പിന് കഴിഞ്ഞു . വെറുമൊരു വാട്ട് സാപ് ഗ്രൂപ്പിൽ നിന്നും അത് വളരുന്നതിന്റ്റെ  വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നു. എല്ലായിടത്തും സംഭവിക്കുന്നത് പോലെ ഇവിടെയും അഭിപ്രായ വ്യതാസങ്ങളും , വഴക്കും, രാഷ്ട്രീയവും ഒക്കെ കടന്നു വന്നിട്ടുണ്ട് . പലപ്പോഴും അതിന്റെ അതിപ്രസരം പലരെയും നിശ്ശബ്ദരാകാനും , പിരിഞ്ഞു പോകാനും വരെ പ്രേരിപ്പിച്ചിട്ടുണ്ട് . സമൂഹത്തിൽ ആകെ കണ്ടു വരുന്ന മാറ്റങ്ങളുടെ പ്രതിഫലനം ഗ്രൂപ്പിലും ഉണ്ടായി എന്ന് മാത്രം.
ഞാൻ പങ്കുവെക്കാൻ പോകുന്നത് പലർക്കും അപ്രിയമായി തോന്നാം. പലതും അതിശയോക്തി എന്ന് പറഞ്ഞു തള്ളപ്പെടാം. എങ്കിലും എനിക്കിതു പങ്കുവെക്കാതെ വയ്യ. എത്രയൊക്കെ നിഷേധിച്ചാലും, നമ്മുക്കിടയിൽ ചില വിള്ളലുകൾ തീർക്കാൻ ചില വിശ്വാസങ്ങൾക്കും , അല്ലെങ്കിൽ ചിലരുടെ വാക്കുകൾക്കും, വാദങ്ങൾക്കും കഴിഞ്ഞിട്ടുണ്ട് എന്നത് നിഷേധിക്കാൻ ആവില്ല. നാം ആഗ്രഹിക്കാതെ തന്നെ നമുക്കിടയിൽ ഒരകലം കൂടി വരുന്നു.  ഒരു ചിന്ത മനസ്സിന്നെ വേദനിപ്പിക്കുമ്പോൾ ആണ് ഞാൻ അനുഭവത്തിലൂടെ കടന്നു പോയത്. അതിൽ നിന്നും ഞാൻ ഉൾക്കൊണ്ടത് പങ്കുവെയ്ക്കുന്നു.
ക്രിസ്താനിയായ ബിനോയിയെ വിമാനത്താവളത്തിൽ നിന്നും കൂടി കൊണ്ടുവരാൻ പോയത് മുസ്ലിം ആയ റഷീദും , ഹിന്ദുവായ ജിഗേഷുമാണ് എന്ന് എഴുതുമ്പോൾ പലരുടെയും നെറ്റി ചുളിയും. അത് അറിഞ്ഞു കൊണ്ട് തന്നെയാണ് ഇത് എഴുതുന്നത്, ഞാൻ പറയാൻ ഉദ്ദേശിക്കുന്ന  കാര്യത്തിന് മുഖവുര ആവശ്യമാണ് .
ഓപ്പറേഷന്റെ തലേ ദിവസം ബിനോയ്ക്ക്  കൂട്ട്  കിടക്കാൻ എനിക്ക് അവസരം ലഭിച്ചു. ബിനോയ്ക്ക്പരിഭ്രമമൊന്നും ഉണ്ടായിരുന്നില്ല. നിങ്ങളൊക്കെ കൂടെ ഉള്ളപ്പോൾ എന്തിന്നു പേടിക്കണം എന്നവൻ ചോദിച്ചു. ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നു. പരസ്പരം പലതും പറഞ്ഞു വര്ഷങ്ങളുടെ വിടവ് തീർത്തു. അപ്പോൾ ബിനോയ് , എനിക്ക് അടുത്തറിയുന്ന സുഹൃത്തായി . സ്കൂൾ വിട്ടതിനു ശേഷം , രണ്ടു വര്ഷങ്ങള്ക്കു മുമ്പ് വരെ, ഒന്ന് കാണുക പോലും ചെയ്യാത്ത ഞങ്ങൾ ഇനീ ആശുപത്രി മുറിയിൽ ഒന്നിച്ചത് തികച്ചും ആകസ്മികമാവുമോ? അതോ ഞങ്ങൾ  രണ്ടു പേരും ജീവിതത്തിലെ നന്മകളുടെ ഇഴചേരലിന്റെ ഒരു ഭാഗമായി തീർന്നോ? നല്ല ചിത്രങ്ങൾ മാത്രം വരയ്ക്കുന്ന ഒരു ചിത്രകാരന്റെ ഒരു ശുഭ ചിത്രത്തിന്റെ കഥാപാത്രങ്ങളായി ഞങ്ങൾ മാറിയതോ?
ലൈറ്റണച് കിടക്കുമ്പോൾ, ബിനോയുടെ ഓരോ ചെറിയ ചലനത്തിൽ പോലും മനസ്സും, ശരീരവും ഉണർന്നു. അവൻ സുഖമായുറങ്ങട്ടെ എന്നും, പ്രാർത്ഥിച്ചു . ഒന്ന് വിളിച്ചാൽ അഞ്ചു മിനിറ്റുകൊണ്ട് ഓടിയെത്താമെന്ന റഷീദിന്റെ വാക്കുകളുടെ ബലത്തിൽ ഉറങ്ങി.
രാവിലേ ഓപ്പറേഷന് പോകുന്നതിനു മുമ്പ് ബിനോയുടെ അച്ഛനും , പെങ്ങളും വന്നു. ഞാൻ അവരെ ആദ്യമായി കാണുകയാണ് . മുറിയിൽ നിന്നും കൊണ്ടുപോകുന്നതിന് മുമ്പ് അവർ പ്രാർത്ഥനക്കു തെയ്യാറെടുത്തു . എന്താണ് അവരുടെ പ്രാർത്ഥന എന്ന് അറിയില്ലയെങ്കിലും എനിക്ക് പ്രാർത്ഥനയിൽ പങ്കുചേരാൻ അല്പവും ബുദ്ധിമുട്ടു തോന്നിയില്ല. എനിക്കറിയുന്ന പോലെ ഞാൻ പ്രാർത്ഥിച്ചു. കണ്ണുതുറന്നപ്പോൾ അരികിൽ കണ്ണടച്ചു പ്രാർത്ഥിച്ചു കൊണ്ട് റഷീദ്!!!!!
ശസ്ത്രക്രിയക്ക് മുമ്പ് ഒരാളെ ഡോക്ടർ അകത്തേക്ക് വിളിച്ചു. ഞാനാണ് പോയത്. ശസ്ത്രക്രിയയുടെ കാര്യങ്ങളൊക്കെ വിശദീകരിച്ച ശേഷം ഡോക്ടർ എന്നോട് ബിനോയിയെ കാണാൻ പറഞ്ഞു.
ബിനോയ് ബെഡിൽ ചാരി കിടക്കുകയായിരുന്നു. പലതരം കുഴലുകൾ ശരീരത്തിൽ , മുറിയിൽ മരുന്നിന്റെ  ഗന്ധം. എന്ത് പറയണം എന്നറിയാതെ ഞാൻ ഒരു നിമിഷം പരുങ്ങി. പിന്നെ അത്തരം നിമിഷങ്ങളിൽ നമ്മൾ സ്വാഭിവികമായി ചെയുന്നത് ചെയ്തു - പ്രാർത്ഥിച്ചു .
ഞാൻ പ്രാർഥിച്ചത് എനിക്കറിയുന്ന ഹിന്ദു ദൈവങ്ങളേ വിളിച്ചാണ്,സ്വർഗത്തിൽ എല്ലാ ദൈവങ്ങളും ഒരുമിച്ചായിരിക്കും ഇരിക്കുകയെന്നും, ഞാനയച്ച പ്രാർത്ഥന ഹിന്ദു ദൈവം ക്രിസ്തു ദേവന് ഫോർവേഡ് ചെയ്യുമെന്ന ഉറപ്പിൽ ഞാൻ മുറിയിൽ നിന്നും പുറത്തു വന്നു.
പുറത്തെ മുറിയിൽ, ശസ്ത്രക്രിയ കഴിയുന്നതും കാത്തിരിക്കുമ്പോൾ ഞാൻ ഓർത്തു, വാൽവ് മാറ്റിവെക്കാൻ ഹൃദയം തുറന്നു നോക്കുമ്പോൾ ഡോക്ടർ കാണുന്നത് ഒരു ക്രിസ്ത്യൻ ഹൃദയമാവുമോ? അതോ, ദുഃഖത്തിൽ തപിക്കുകയും , സുഖത്തിൽ തുടിക്കുകയും, സ്നേഹത്തിൽ വിടരുകയും ചെയുന്ന ഒരു പാവം ഹൃദയമോ?
ബിനോയുടെ ബെസ്റ്റാന്ഡേഴ്സ് ആയി ഞാനും, ജിഗേഷും, റഷീദും പുറത്തു കാത്തിരുന്നു. ബെസ്റ്റാൻഡേർ- എത്ര മനോഹരമായ പദം. മലയാളത്തിലേക്ക് ഞാൻ അതൊന്നു തർജമ ചെയ്തു നോക്കി- കൂടെ നിൽക്കുന്നവർ. ഇത്തരം സന്ദര്ഭങ്ങളില് മാത്രം കൂടെ നില്കുകയാണോ  ഒരു സൗഹൃദത്തിന്റെ ഉത്തരവാദിത്തം? അതോ ഓരോ നിമിഷവും നമ്മൾ കൂടെ ഉണ്ട് എന്ന വിശ്വാസം കൊടുക്കാൻ കഴിയുന്നതോ?

അകത്തു ബിനോയ്ക്ക്എന്തായി എന്ന ആകംക്ഷയോടെ ഇരിക്കുമ്പോൾ ഞാൻ ഓർത്തു, നമ്മുക്കിപ്പോൾ ആവശ്യം മതത്തിന്റെ മതിലുകളല്ല,  മറിച്ചു സൗഹൃദത്തിന്റെ അതിരില്ലായ്മയാണ് . നമ്മെ ഭിന്നിപ്പിക്കുന്ന, വിഘടിപ്പിക്കുന്ന  ഒന്നിനെയും പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന് മാത്രമല്ല, സ്നേഹത്തെയും , സൗഹൃദത്തേയും ആവോളും വളർത്തുകയും വേണം. വിദ്വേഷങ്ങളുടെ മതിലുകൾ കെട്ടിയുയർത്താൻ എളുപ്പമാണ്. അസത്യങ്ങളുടെ, അർദ്ധസത്യങ്ങളുടെ നിരന്തര പ്രചാരണം കൊണ്ട് അത് സാധിക്കും. എന്നാൽ സ്നേഹത്തിന്റെ നന്മയിൽ വിദ്വേഷത്തെ അലിയിച്ചെടുക്കാൻ എളുപ്പമല്ല. അതിന്നു ഉള്ളിൽ നിന്നും ഊറി വരുന്ന അലിവ് വേണം. അലിവ് നമ്മൾ നഷ്ടപ്പെടുത്തി കൂടാ.
ഈശ്വരന്മാർ തമ്മിൽ ഐക്യമുണ്ട് എന്ന് വേഗം മനസിലായി. ശസ്ത്രക്രിയ വിജയകരമായിരുന്നു.  എന്റെയും, ബിനോയിയുടെയും , റഷീദിന്റെയുമൊക്കെ പ്രാർത്ഥനകൾ ഒരു സ്ഥലത്തേക്ക് തന്നെ യാണ് എത്തിച്ചേർന്നത്  എന്ന് ഉറപ്പായി . കറകളഞ്ഞ ഹൃദയത്തിൽ നിന്നും ഉയരുന്ന പ്രാർത്ഥനകൾ ഏതു ദൈവത്തിന്നു കേട്ടില്ലെന്നു നടിക്കാനാവും?
ഓപ്പറേഷൻ കഴിഞ്ഞു രണ്ടാം ദിവസം ബിനോയിയെ കാണാൻ ജിഗേഷ് അകത്തു  ചെന്നപ്പോൾ , കൂടെയുള്ള നഴ്സുമാരോട് ബിനോയ് ജിഗേഷിന്നെ പരിചയപ്പെടുത്തി- ഇതെന്റെ ബാല്യകാല സുഹൃത്താണ് !!!! ഒരു സെഡേറ്റീവിനും മായ്ച്ചു കളയാൻ ആവാത്ത സൗഹൃദത്തിന്റെ തരളമായ ഓർമ്മകൾ!!!! വാൽവ് മാറ്റിവെച്ചിട്ടും ഹൃദയം തിരിച്ചറിയുന്ന സ്നേഹത്തിന്റെ തുടിപ്പ്!!!!
നന്ദിയറിയിക്കാൻ ഞങ്ങൾ ഡോക്ടറെ കാണാൻ പോയി. നന്ദി പറഞ്ഞപ്പോൾ, ഒരു നിമിഷം കണ്ണടച്ച്, കൈകൂപ്പി മുകളിലേക്ക് നോക്കി ഡോക്ടർ പറഞ്ഞു- ഒകെ ദൈവത്തിന്റെ കൃപ.

ഏതു ദൈവമെന്നു ഞങ്ങൾ മൂന്ന് പേരും   ചോദിച്ചില്ല.

രാജേഷ് ആത്രശ്ശേരി