അടുപ്പെരിയാത്ത
അടുക്കളകൾ
രാവിലെ
നടത്തം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഗേറ്റിലെ പാറാവുകാരൻ വിഷണ്ണനായി നിൽക്കുന്നതു കണ്ടു.
ഉള്ളിലെ
വിങ്ങൽ ആരോടെങ്കിലും പങ്കുവെയ്ക്കാൻ വെമ്പി നിൽക്കുന്ന പോലെ, എന്നെ കണ്ടതും പറഞ്ഞു," എല്ലാം ഒരുപാട് മാറിയിരിക്കുന്നു".
എന്താണ്
മാറിയത് എന്നുറപ്പില്ലാത്തതു കൊണ്ട് ഞാൻ ചോദിച്ചു," എന്തു
പറ്റി ദാമോദരേട്ടാ"?
" ഒരു
വീട്ടിലും അടുപ്പ് പുകയുന്നില്ല എന്നു തോന്നുന്നു." ദാമോദരേട്ടൻ വിഷമത്തോടെ പറഞ്ഞു.
ദാമോദരേട്ടൻ
സാധാരണ രാഷ്ട്രീയം പറയാറില്ല. രാജ്യത്ത് സാമ്പത്തിക ഞരക്കം ഉണ്ട് എന്ന് ഞാൻ അറിഞ്ഞിരുന്നു. പത്രങ്ങൾ
വിസ്തരിച്ച് വായിക്കുന്നതു കൊണ്ടാവാം കാര്യങ്ങൾ ഒന്നും മനസ്സിലാവാറില്ല. എന്റെ അങ്കലാപ്പ് കണ്ടിട്ടാവാം, ദാമോദരേട്ടൻ പറഞ്ഞു: " രാവിലെ മുതൽ രാത്രി വരെ
ഞാനേറ്റവും അധികം ഗേറ്റ് തുറന്നു കൊടുക്കുന്നത് ഭക്ഷണം പൊതിയിലാക്കി കൊണ്ടു വരുന്നവർക്ക് വേണ്ടിയാണ്. രാവിലെ ആറു മണി മുതൽ
രാത്രി ഒരു മണി വരെയൊക്കെ
അവർ വരും" ദാമോദരേട്ടൻ പറഞ്ഞു നിർത്തി.
ശരിയാണ്
എന്ന് ഞാനും ഓർത്തു. ഒരു ദിവസം എത്ര
പേരാണ് ഭക്ഷണം വിൽക്കാൻ ഈ പടി കടന്നെത്തുന്നത്! വിസിറ്റേർസ് റജിസ്റ്ററിന്റെ മുക്കാൽ ഭാഗവും സ്വിഗിയും, സോമാറ്റോയും, പോട്ടാഫോയും ഒക്കെയാണ്.
" ഇപ്പോൾ
ഒരടുക്കളയിലും അടുപ്പെരിയാറില്ല എന്നു തോന്നുന്നു. കഴിഞ്ഞ തവണ പോലും ഡോക്ടർ
പ്രത്യേകം പറഞ്ഞു വീട്ടിലെ ഭക്ഷണം കഴിച്ചാൽ മതിയെന്ന്. എന്നോട് ഭാര്യയും ഭക്ഷണം വരുത്തി കഴിക്കാൻ പറയുമോ എന്നാണ് പേടി".
ദാമോദരേട്ടന്റെ
കണ്ണിലെ ഭയം ഞാൻ കണ്ടു.
അതിനപ്പുറം, സെക്യൂരിറ്റി കാബിനിൽ വൃത്തിയായി അടുക്കി വെച്ച ചോറ്റു പാത്രവും കണ്ടു.
" അടുത്ത
തവണത്തെ മീറ്റിങ്ങിൽ ഭക്ഷണം ഓർഡർ ചെയ്യാൻ സൗകര്യമുള്ള
മൊബൈൽ ഫോൺ ഞങ്ങൾക്കും പാസാക്കി
തരണം" ദാമോദരേട്ടൻ അഭ്യർത്ഥിച്ചു.
എന്തു
പറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാതെ പരുങ്ങുമ്പോൾ, ബൈക്കിൽ വന്ന സ്വിഗിക്കാരന് ഗേറ്റ്
തുറന്നു കൊടുക്കാൻ ദാമോദരേട്ടൻ പോയി. ഞാൻ വേഗം നീങ്ങി.
ഇടയിൽ അയാൾ എന്റെ വീടിന്റെ
നമ്പർ പറഞ്ഞത് കേട്ടു. ഞാൻ മുന്നേ എത്താൻ
ആഞ്ഞു നടന്നു. പക്ഷെ എന്നെ തോൽപ്പിച്ച് ആ ബൈക്കുകാരൻ വീട്ടിലെത്തി
കേളിങ്ങ് ബെല്ലമർത്തി. ഒഴിഞ്ഞ അടുക്കളയിൽ ബെല്ലിന്റെ ശബ്ദം മുഴങ്ങി.
അനാഥമാക്കപ്പെടുന്ന
ശവശരീരങ്ങൾ
മരണമാണ്
മനുഷ്യന്റെ ഏറ്റവും വലിയ ഭയങ്ങളിൽ ഒന്ന്
എന്നാണ് പറയപ്പെടുന്നത്. നാം മരിച്ചു കഴിഞ്ഞാൽ
നമുക്ക് പ്രിയപ്പെട്ട പലരും ഒറ്റപ്പെട്ടു പോകും എന്നതാവാം ആ ഭയത്തിന് കാരണം.
എന്നാൽ, മരണത്തിന് ശേഷം ശവശരീരം ഒറ്റപ്പെട്ടു
പോവുകയെന്ന ഭയാനകതയെക്കുറിച്ച് നമ്മൾ ഓർത്തിട്ടുണ്ടോ?
മണിപ്പൂരിൽ
വർഗീയ ലഹളയിൽ കൊല്ലപ്പെട്ടവരിൽ തൊന്നൂറോളം ശവശരീരങ്ങൾ
അനാഥമായി കിടക്കുന്നുവത്രേ!
എന്തായിരിക്കാം
ഇതിനു കാരണം? ആ കുടുംബത്തിലെ എല്ലാവരും
തന്നെ കലാപത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടാവാം. അല്ലെങ്കിൽ, അക്രമത്തിന്റെ ആഘാതത്തിൽ, ഇനിയൊരിക്കലും കണ്ടുമുട്ടാൻ ആവാത്ത വിധം അവരെല്ലാം വേർപ്പെട്ടു
പോയിട്ടുണ്ടാവാം
ഒരു
പ്രദേശത്ത്, പരസ്പരം വിശ്വസിച്ചും സ്നേഹിച്ചും കഴിഞ്ഞവരാകാം അവർ. പെട്ടെന്നാണ് ഒരു
ദിവസം അവരുടെ ജീവിതം കീഴ്മേൽ മറിഞ്ഞത്. എന്താണ് എന്നറിയുന്നതിന് മുമ്പ് പലരും കൊല്ലപ്പെട്ടിരിക്കാം. പലരും ചിതറിത്തെറിച്ചിരിക്കാം.
ഉറ്റവരും
ഉടയവരും ഇല്ലാതെ , ഇപ്പോഴും സൂക്ഷിച്ചു വെച്ചിരിക്കുന്ന ഈ ശവശരീരങ്ങൾ അർഹിക്കുന്ന
ആദരവോടെ മറവു ചെയ്യണമെന്നാണ് കോടതി
നിർദ്ദേശിച്ചിരിക്കുന്നത്.
ഇന്ന്, ജീവിച്ചിരിക്കുമ്പോൾ തന്നെ അനേകം കാരണങ്ങളാൽ നാം പല ചേരികളായി
മാറി കൊണ്ടിരിക്കുന്നു. പകയുടെയും, വിദ്വേഷത്തിന്റെയും, വേർത്തിരിവിന്റെയും ആസുര വിത്തുകൾ ആരോ
നമ്മുടെ ഹൃദയത്തിൽ പാകിയിരിക്കുന്നു. എന്നാൽ, കൊലക്കത്തിയാൽ അറുക്കപ്പെട്ട് വെറും ശവമായി തീർന്ന ശരീരം പോലും അനാഥമാകും വിധം നീചമായോ മനുഷ്യ
മനസ്സ്? അനാഥമാകപ്പെടുന്ന ഈ ശവശരീരങ്ങൾ എന്റെ
സ്വാസ്ഥ്യം കെടുത്തുന്നു.
മരുഭൂമി
ഏറ്റവും
വലിയ മരുഭൂമിയേത് ?
ടീച്ചർ
ചോദിച്ചു.
" എന്റെ
മനസ്സ്" കുട്ടി നിസ്സംശയം ഉത്തരം പറഞ്ഞു.
ഉത്തരം
മനസ്സിലാവാത്ത ടീച്ചർ ജനറൽ നോളജ് ബുക്കിൽ
നോക്കി, ഉത്തരം തെറ്റ് എന്നു വിധിച്ചു
മറ്റുള്ളവർ
ഉത്തരം പറയും മുമ്പ് ഇന്റർവെലിന് മണിയടിച്ചു.
മുൻ
ബെഞ്ചിലെ ഒരു പെൺകുട്ടി മാത്രം
അവന്,
അവൾ
കരുതി വെച്ചതിൽ നിന്നും
ഒരു
കുമ്പിൾ വെള്ളം
പകർന്നു
കൊടുത്തു.