Saturday, September 23, 2023

The Book Smeller

 

Yesterday, after roaming around in the mall, I walked into the bookshop, as usual. I always wonder, how my every visit to this mall ends up at this bookshop.

It is not a big store and among all the branded showrooms which were decorated with all posh and pomp, this simple and non descriptive bookstore stands out like a sore thumb. The book store was empty. I always enjoyed the exclusivity at this place. I can take my time , walk through the stands and can skim and scan through each and every title available.

Normally my visit to this store is always uneventful. Hardly anyone will walk into the shop and after collecting my books I leave. But yesterday was slightly different and I had a strange experience.

As I was leafing through the latest edition of the book- "I am a troll", I saw a girl walking into the shop and on her t- shirt it was boldly written- Textovert. That was something new for me and I was staring at her. It took me a minute to realize that I was unwittingly glaring at the wrong place. As I hastily withdrew my glare, I saw her sneering at me. The introvert in me cringed.

Then I saw two guys, in their early twenties, hurrying into the bookstall. I was sure they walked in by mistake. Or, they must have given the food order at one of those food stalls and must have thought of spending the time here till their order is ready

One guy was wearing jeans and a black t- shirt and was in his chappals. The other guy also had jeans, but had a formal shirt and leather shoes. This guy walked towards the stand where all management books were kept. From his stride it was evident that he is a frequent visitor here. As he picked up some books I shifted my attention to the first guy. He was talking loudly to himself and he picked up one book from the stand and started smelling its pages. I was taken aback and stood there not able to move. He went to another stand and smelled another book and it continued! Initially I felt he was trying to capture the smell of the various food items, from the nearby stalls, which came wafting through the air. But he was least bothered by that smell and was devouring many books through his nostrils. 

Meanwhile, the other guy picked up some well known titles and was going through the blurb. Seeing me with some management books, he asked unhesitantly, my opinion about the books he picked up. Only then I realized that I was transfixed by the smelling spree of his friend. I woke up from the trance and helped him in selecting a few books. 

This guy looked like a lover of books and a good reader. The other guy was still smelling each n(b)ook and corner of the stall. I think he frightened the Textovert as I saw her walking out of the store in a hurry. I was wondering how both these guys- a book lover and a book smeller, became friends? 

The smeller was excited to see many books on his friends hands and he rushed towards him, picked up the book at the top, opened it and started smelling it. For a second, I even believed that by just smelling the book, he could fully understand the essence of that book.

I felt very uneasy and I paid the bill and ran out of the store. I went to the food court ,ordered a cold lime juice and tried to drown my strange experience by gulping it down. I could not get over it easily.

It was Francis Bacon who said, " Some books are to be tasted, some to be swallowed and few to be chewed and digested". Is there anyone who said, some books are to be smelled??!!

Sunday, August 27, 2023

അമ്പിളിയെന്ന വെള്ളിയോടം

 


കഴിഞ്ഞാഴ്ച്ച റോട്ടറി ക്ലബിൽ "The importance of story telling" എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു.

നമ്മുടെ ജീവിതം കലയിൽ നിന്നും ദൂരേയ്ക്ക് അകന്നു പോകുന്നു, അഥവാ നാം കലയ്ക്ക് നമ്മുടെ ജീവിതത്തിൽ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്നാണ് ഞാൻ പറയാൻ ശ്രമിച്ച ഒരു ആശയം .

സ്വന്തം കുട്ടി കവിയാകാനോ ചിത്രകാരനാവാനോ ആഗ്രഹിച്ചാൽ നാമത് പ്രോത്സാഹിപ്പിക്കില്ല. ആദ്യം ഒരെഞ്ചിനിയർ ആവാൻ നോക്ക്, അതു കഴിഞ്ഞ് കവിയോ ചിത്രകാരനോ ഓക്കെ ആവാം എന്നാണ് നമ്മൾ അവരോട് പറയുക.

ടെക്നോളജിക്കും ശാസ്ത്രത്തിനും ഇന്നു നാം അമിത പ്രാധാന്യം നൽക്കുന്നുണ്ട്. അത് തെറ്റാണ് എന്നല്ല. എന്നാൽ അതോടൊപ്പം നമ്മുടെ കലാ ബോധവും വളർന്നിട്ടില്ലെങ്കിൽ പിന്നെ ജീവിതത്തിൽ നിന്നും സൗന്ദര്യങ്ങളും , മനസ്സിന്റെ ഉൾത്തുടിപ്പുകളും, മനുഷ്യന് മാത്രം സാദ്ധ്യമായ ഭാവനയും ഒഴിഞ്ഞു പോകും. അത് സംഭവിക്കാൻ നാം അനുവദിക്കരുത്.

സംസാരത്തിനിടയിൽ, ഭാഷയുടെ ഉപയോഗം കുറഞ്ഞു വരുന്നതിലെ ആശങ്ക ഞാൻ പങ്കുവെച്ചു. ആശാന്റെ പദ്യകൃതികൾ വായിക്കുമ്പോൾ പകുതിയിലധികം വാക്കുകളും എനിക്ക് മനസ്സിലാവുന്നില്ല. അത്ര ശുഷ്ക്കമായി കൊണ്ടിരിക്കുകയാണ് എന്റെ ഭാഷാ ജ്ഞാനം.

സംസാരത്തിൽ, ചന്ദ്രനിൽ പേടകം ഇറക്കുന്നതിനെ കുറിച്ചും ഞാൻ സൂചിപ്പിച്ചു. അത് സാദ്ധ്യമാക്കുന്ന വിധത്തിൽ നമ്മുടെ സാങ്കേതികമായ അറിവ് വികസിച്ചത് അഭിനന്ദനാർഹം തന്നെ. എന്നാൽ അതെ സമയം ചന്ദ്രൻ എന്ന അതി മനോഹരമായ കാവ്യ ബിംബത്തെ നാം മറക്കരുത്.

യാദൃച്ഛികമായിട്ടാണ് ഞാൻ ആശാന്റെ ചില വരികൾ വായിച്ചത്. ഞാൻ പറയാൻ ശ്രമിച്ചത് ആശാൻ അതി മനോഹരമായി പറഞ്ഞു വെച്ചിരിക്കുന്നു. അത് നിങ്ങളുമായി പങ്കു വെക്കാൻ ആണ് ഈ കുറിപ്പ്.

" ഈ വല്ലിയിൽ നിന്നു ചെമ്മേ - പൂക്കൾ

പോവുന്നിതാ പറന്നമ്മേ!

തെറ്റീ ! നിനക്കുണ്ണി ചൊല്ലാം - നൽപൂ-

മ്പാറ്റകളല്ലേയിതെല്ലാം ."

പൂമ്പാറ്റകളെ കണ്ട് പൂക്കൾ പറന്നു പോവുകയാണ് എന്നു തോന്നിയ ഉണ്ണിക്ക് അമ്മ ലളിതമായ ഒരു പ്രപഞ്ച സത്യം പറഞ്ഞു കൊടുക്കുന്ന മനോഹരമായ രണ്ടു വരികളാണ് ഇത്. ഉണ്ണി വലുതായി അതിന്റെ ശാസ്ത്രീയമായ ആഴങ്ങൾ മനസ്സിലാക്കുന്നുണ്ടാവാം. പക്ഷെ ആ അറിവിന് അമ്മയുടെ ഈ രണ്ടു വരികളുടെ ചാരുത ഉണ്ടാവില്ല, ഉറപ്പ്.


ആകാശത്ത് അമ്പിളിയെ കണ്ട കുട്ടി അത്ഭുതപ്പെടുന്നു

"തുമ്പപ്പൂവിലും തൂമയെഴും

നിലാ-

വൻപിൽത്തുവിക്കൊണ്ടാകാശവീഥിയിൽ

അമ്പിളി പൊങ്ങി നിൽക്കുന്നിതാ മര-

ക്കൊമ്പിന്മേൽ നിന്നു കോലോളം ദൂരത്തിൽ

വെള്ള മേഘശകലങ്ങളാം നുര-

തള്ളിച്ചു കൊണ്ടു ദേവകൾ വിണ്ണാകും

വെള്ളത്തിൽ വിളയാടിത്തുഴഞ്ഞുപോം

വെള്ളിയോടമിതെന്നു തോന്നീടുന്നു !"

എന്തൊരു മനോഹരമായ ഭാവന! വിണ്ണാകുന്ന വെള്ളത്തിൽ ദേവകൾ തുഴയുന്ന വെള്ളിയോടമാണ് അമ്പിളി അവന്. അവന്റെ ഭാവന വീണ്ടും വളരുന്നുണ്ട്.


" വട്ടം നന്നല്ലിതീവണ്ണമോടിയാൽ

മുട്ടുമേ ചെന്നക്കു ന്നിന്മുകളിൽ നീ;

ഒട്ടു നിൽക്കങ്ങു വന്നൊന്നു നിന്മേനി

തൊട്ടിടാനും കൊതിയെ നിക്കോമനേ.

എന്നു കൈ പൊക്കിയോടിനാനുന്മുഖൻ

കുന്നേറാനൊരു സാഹസി ബാലകൻ,

ചെന്നു പിന്നിൽ ഗൃഹപാഠകാലമാ-

യെന്നു ജ്യേഷ്ഠൻ തടഞ്ഞു ഞെട്ടും വരെ "

അമ്പിളി മലമുകളിൽ ചെന്ന് മുട്ടി നിൽക്കുമ്പോൾ അതിനെ പിടിക്കാൻ ഓടുന്ന ബാലനെയാണ്, ഗൃഹപാഠത്തിന് സമയമായി എന്നു പറഞ്ഞ് ഏട്ടൻ തിരികെ വിളിച്ചു കൊണ്ടു പോകുന്നത്. ഗൃഹപാഠം ചെയ്യാനുള്ള ഈ തിരിച്ചു വിളികൾ നമ്മുടെ കലാ ഹൃദയത്തിന് എത്രമാത്രം ദോഷം ചെയ്യുന്നുണ്ട് എന്നു നാം അറിയുന്നില്ല.

ആ ഗൃഹപാഠം പഠിച്ച് അവൻ ചന്ദ്രനിലേക്ക് പേടകങ്ങൾ അയക്കുന്ന ശാസ്ത്രജ്ഞൻ ആകുമായിരിക്കും. എന്നാൽ അതെ സമയം, കുന്നിൻ മുകളിലിൽ നിന്നും ചന്ദ്രനെ പിടിക്കാൻ വെമ്പുന്ന, ഗഗന സാഗരത്തിൽ അമ്പിളിയുടെ വെള്ളിയോടം തുഴയാൻ കൊതിക്കുന്ന ഒരു കവിയെയാവും ആ ഗൃഹപാഠം കൊണ്ട് നമുക്ക് നഷ്ടമാകുന്നത്.

ചന്ദ്രനിൽ പേടകം ഇറങ്ങി എന്നു കേട്ടപ്പോൾ തോന്നിയ അഭിമാനത്തെക്കാൾ കൂടുതൽ ആനന്ദം ഈ വരികൾ വായിക്കുമ്പോൾ എനിക്ക് തോന്നിയത് എന്റെ മനസ്സിലെ കവിത വറ്റാത്തതു കൊണ്ടാണ്. വരും കാലങ്ങളിൽ ഇവിടെ നിന്നും അന്യ ഗ്രഹങ്ങളിലേക്ക് ചേക്കേറേണ്ടി വന്നാലും , കൈയിൽ ഒരു കവിതാ പുസ്തകം കരുതണം എന്നാണ് എന്റെ മോഹം. ശാസ്ത്രം ചെന്നെത്തുന്നതിന് എത്രയോ മുമ്പ് ഒരു കവിഹൃദയം ആ വെള്ളിയോടത്തിൽ ചെന്നെത്തിയിട്ടുണ്ട് എന്ന് നമ്മൾ മറക്കരുത്.

Sunday, July 30, 2023

കുഞ്ഞി വായിലെ ലോകം



ആകുലമായ വാർത്തകൾ ചുറ്റിലും,

മതവും, മാംസവും, മതിലും രണ്ടു തട്ടിലാക്കിയവർ

കോറിയിടുന്ന ആസുര ചിത്രങ്ങൾ .

 മഹാവ്യാധിയിൽ ഒറ്റപ്പെട്ടു പോയവർ .

പ്രളയത്തിൽ മാത്രം ഒന്നിക്കുന്നവർ.

വയ്യാ, ഒരു പുറത്തിനപ്പുറം വായിക്കുവാൻ, പത്രത്താളിൽ നിന്നും തലയുയർത്തി നോക്കുമ്പോൾ കണ്ടു അടുത്ത വീട്ടിലെ രണ്ടവയസ്സുകാരി മുറ്റത്തോടി കളിക്കുന്നു.

കുറുമ്പിയാണവൾ

കുസ്യതിക്ക് കാൽതളയിട്ട വൾ

ചിന്തയിൽ ഇനിയും കറ പുരളാത്തോൾ

ആനാകുലമായി കുലുങ്ങി ചിരിപ്പവൾ

വെറുതെ വിളിച്ചാൽ ഓടിയെത്തും

അവൾക്കില്ലയതിരുകൾ,

പൂക്കൾ നുള്ളിയും

പൂമ്പാറ്റകളെ തൊട്ടും

അവൾ പാറി നടക്കും

അടുക്കള മണം കേട്ടാൽ അവളിങ്ങോട്ടെത്തും 

അയലത്തെ കിങ്ങിണ്ണി പൂച്ച കരഞ്ഞാലങ്ങോട്ടോടും

അടുത്ത വീട്ടിലെ ചേച്ചിക്കും ചേട്ടനുമൊപ്പം മഴയത്ത് കടലാസ്സ് തോണികളിറക്കും.

കാത്തിരിക്കാറുണ്ട് ഞങ്ങളവളെ,

അവൾക്കായ് തുറന്നിടും വാതിലുകളെപ്പോഴും,

കുഞ്ഞിച്ചെരുപ്പിന്റെ കീ കീ ഒച്ചയ്ക്കായ് കാതോർക്കും,

കൂട്ടിലെ സ്ഫടിക ഭരണിയിൽ മധുരങ്ങൾ കരുതും,

അവളുടെ ചിരിയും കൊഞ്ചലും ഉള്ളുണർത്തും,

അവളിലൂടെ ഭാവിയുടെ പാൽനിലാവു കാണും


എന്നാൽ , ഇന്നലെ മുറ്റത്തു കളിക്കുമ്പോൾ അവൾ വാരി വിഴുങ്ങിയ ഒരു പിടി മണ്ണു മാറ്റുവാനവളുടെ

കുഞ്ഞി വായ പിളർന്നപ്പോൾ കണ്ടു,

നാം ഒന്നല്ലെന്നു പറഞ്ഞാർത്തും കയർത്തുമാ യുധമേറ്റിയോർ തീർത്ത

രണനദികൾക്കിടയിൽ, അറുത്തു വാങ്ങിയ പെരുവിരൽ പോലെ വല്ലാതെ

ചുരുങ്ങിപ്പോയ, ചോരയുറഞ്ഞ മണ്ണിൽ കുരുങ്ങിയ ഒരു മഹാരാജ്യം.

Friday, July 28, 2023

ഉൾവാതിൽ

 


ഉൾവാതിലിന് വല്ലാത്ത ഞെരുക്കം.

തുറക്കാനുമടയ്ക്കാനും ബലം.

എണ്ണയിട്ടു, വിജാഗിരി മാറ്റി

എന്നിട്ടും, തുറക്കുമ്പോൾ

അത് പ്രതിഷേധിച്ചു.

"എപ്പോഴുമുള്ളിൽ തന്നെ

 അടച്ചിരുന്നിട്ടാണ്.

ഇടയ്ക്കെങ്കിലും തുറക്കണം

നാലാളെ വിളിച്ചകത്തു കയറ്റണം", വിദഗ്ധൻ പറഞ്ഞിട്ടും മനസ്സനുവദിച്ചില്ല.

ഒടുവിൽ,  തുറക്കാതെ തുരുമ്പിച്ചയുള്ളം മാറ്റിവെച്ചു.

പുതിയ സാങ്കേതിക വിദ്യയാണ്.

തുറന്നിട്ടാൽ താനെയടയും

താക്കോൽ എപ്പോഴും കൈയിൽ വേണം.

ഇന്ന്,മഴ കണ്ട ആഹ്ളാദത്തിൽ

വാതിൽ തുറന്നിറങ്ങി

താക്കോൽ മറന്നു

വാതിലടഞ്ഞു

എന്നിൽ നിന്നും ഞാനും

പുറത്തായി

Wednesday, July 5, 2023

മഴയത്ത്

 മഴയത്ത്

ഉൾച്ചൂടിന്റെ പുതപ്പിൽ

മൂടി പുണർന്നു കിടക്കണം

കട്ടിലിനോരത്തെ 

ജാലകച്ചില്ല തുറക്കണം

മഴ തഴുകിയുണർത്തിയ

ഇലച്ചാർത്തുകൾ കാണണം

ഇണതേടി പറന്നൊരു

പക്ഷിയുപേക്ഷിച്ചു

പോയ, കുതിർന്ന

ഒരു തൂവൽ തേടണം

എന്നോയടഞ്ഞുപ്പോയ

ഈ ചെപ്പിലേക്കോർമ്മയുടെ

മഞ്ചാടിമണി വീഴണം

ഇറയത്തിറ്റു വീഴും

മഴത്തുള്ളിതൻ താളത്തിൽ

മോഹിച്ചൊരാൾ വരുന്നതിൻ

പദസ്വനം കേൾക്കണം

ആകാശമാകെ നിറഞ്ഞ

ഘനശ്യാമ ഭംഗിയിൽ

മനസ്സിൽ ഒളിച്ചു വെച്ച

മയിൽപ്പീലികളൊക്കെ വിരിയണം

കരളിലൊളിപ്പിച്ച കനവുകളൊക്കെ

കനലായ് എരിയണം

ഉൾത്താപത്തിലാണ്ട്

മയങ്ങിയുണരും വിയർപ്പിൽ

പ്രണയത്തിന്റെ സൗഗന്ധിക

സൗരഭമുണ്ടാവണം

Thursday, June 29, 2023

മാങ്കോസ്റ്റീൻ ക്ലബ്

 


 

അനുഭവം പങ്കുവെയ്ക്കാതിരിക്കാൻ കഴിയില്ല. സംഗീതവും സിനിമയും നെഞ്ചേറ്റി നടക്കുന്ന ഒരു പറ്റം ചെറു ബാല്യക്കാരുടെ കൂട്ടായ്മയാണ് മാങ്കോസ്റ്റീൻ. കഴിഞ്ഞ മൂന്നു വർഷത്തിൽ അവർ കുറച്ച് മ്യൂസിക്കൽ വീഡിയോകളും, ഹ്രസ്വ സിനിമകളുമൊക്കെ ചെയ്തു. വളരെ സമകാലീന പ്രസക്തിയുള്ള വിഷയങ്ങളാണ് അവർ തിരഞ്ഞെടുക്കുക. അവരുടെ എല്ലാ വർക്കുകളുടെയും നൈതികതയും, ആത്മാർത്ഥയും, രാഷ്ട്രീയവും, ക്രിയത്മകതയും , സുതാര്യതയും എന്നെ ആകർഷിച്ചിട്ടുണ്ട്.

അവരുടെ കൂട്ടത്തിലെ ഒരു ചെറുപ്പക്കാരൻ എന്റെ പ്രിയ സുഹൃത്തിന്റെ മകനാണ്. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോഴാണ് അവനിൽ സിനിമാ ഭ്രമം ആവേശിച്ചത്. സാമ്പ്രദായികമായ വിദ്യാഭ്യാസം വേണ്ടെന്നു വെച്ച് അവൻ സിനിമയുടെ വഴിയിലേക്കിറങ്ങിയപ്പോൾ അവന്റെ അച്ഛൻ അനുഭവിച്ച ആധി ഞാൻ അടുത്തു നിന്നറിഞ്ഞിട്ടുണ്ട്. മക്കൾ ഉയർച്ചയുടെ പടവുകൾ പടിപടിയായി കയറി പോകണമെന്ന ആധുനിക കാല സമവാക്യവുമായി ചേർന്നു പോകുന്നതായിരുന്നില്ല തീരുമാനം. സാമ്പത്തികമോ സാമൂഹികമോ ആയ ഒരു സുരക്ഷയും ഉറപ്പു നൽക്കാത്ത മേഖലയാണ് സിനിമ . അവിടെ ചുവടുറപ്പിക്കുക എളുപ്പമല്ല. അവൻ ഇഷ്ടപ്പെട്ട വഴിയിലൂടെ നടക്കട്ടെ എന്ന് സുഹൃത്തിനോട് പറയുമ്പോഴും ഉള്ളിൽ ഭയവും അരക്ഷിതത്വവും ഉണ്ടായിരുന്നു. സുഹൃത്തും സിനിമാ ഭ്രാന്തനായതുകൊണ്ട് തീരുമാനമെടുക്കാൻ വലിയ പ്രയാസമുണ്ടായില്ല.

ഇങ്ങനെ വ്യത്യസ്തമായ വഴിയെ പോകണമെന്നു ശാഠ്യം പിടിച്ച പല സുഹൃത്തുക്കളുടെ മക്കളും പാതിവഴിയിൽ പകച്ച് എവിടെയുമെത്താതെ ലക്ഷ്യമറ്റവരായതിന്റെ അനേകം അനുഭവങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ അവരുടെ ആഗ്രഹത്തിന്റെ തീവ്രതയും, അവർ എത്തിച്ചേരുന്ന കൂട്ടായ്മകളുടെ ക്രിയാത്മകതയും അവരുടെ വളർച്ചയിൽ വലിയ പങ്കു വഹിക്കുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രത്യുഷ് സംവിധാനം ചെയ്ത ചില ഹ്രസ്വ സിനിമയിൽ നിന്നും പ്രത്യുഷിന്റെ സിനിമയോടുള്ള പ്രണയം ഞാനറിഞ്ഞിരുന്നു. പ്രത്യുഷ് ഭാഗമായ മാക്കോസ്റ്റീൻ എന്ന കൂട്ടായ്മയെ കുറിച്ച് സുഹൃത്താണ് പറഞ്ഞത്. അവരുടെ ചില ഷോർട്ട് ഫിലിംസ് കണ്ടപ്പോൾ വലിയ പ്രതീക്ഷയും തോന്നി.

മാങ്കോസ്റ്റീൻ ക്ലബിന്റെ മൂന്നാം വാർഷികവും, അവരുടെ പുതിയ ഹ്രസ്വ സിനിമയായ" കാതലോര"ത്തിന്റെ റിലീസും ആഘോഷിക്കുന്ന ചടങ്ങിലേക്ക് അവിചാരിതമായാണ് ഞാൻ എത്തുന്നത്. കോഴിക്കോട് ബീച്ചിലുള്ള തക്കാര ഹോട്ടലിന്റെ പിറകലുള്ള ഹാളിലാണ് പരിപാടി. ഞാൻ ഒരല്പം മുമ്പെത്തി. ഹാളിലേക്ക് കയറിയപ്പോൾ ഞാനൊന്ന് അമ്പരന്നു. യൗവനതീക്ഷണമായ ഊർജ്ജം പ്രസരിപ്പിക്കുന്ന ഒരു കൂട്ടം ആളുകൾ. മുടി വളർത്തിയവർ, അത് കെട്ടിവെച്ചവർ, താടി നീട്ടിയവർ, അലസമായ വസ്ത്രം ധരിച്ചവർ, ഉറക്കെ സംസാരിച്ചും, ചിരിച്ചും പരസ്പരം കെട്ടിപിടിക്കുന്നവർ. അവർക്കിടയിൽ തല നരച്ച ഞാനും. ഒട്ടും പരിചിതമല്ലാത്ത ഒരിടത്തിൽ ചെന്നു പെട്ടപ്പോൾ ഞാൻ പകച്ചു. പ്രത്യുഷ് വന്ന് കെട്ടി പിടിച്ചാണ് എന്നെ അകത്തേക്ക് കൂട്ടി കൊണ്ടു പോയത്. സ്പർശത്തിലെ ഊഷ്മളത ഹൃദയത്തെ തൊട്ടു.

നൂറുകണക്കിന് ചെറുപ്പക്കാർ അവിടെ ഒത്തു കൂടിയിരുന്നു. തീർത്തും അനാർഭാടമായ സജ്ജീകരണങ്ങൾ. അനൗപചാരികമായ ചടങ്ങുകൾ. ക്ലബിലെ ഒന്നു രണ്ടു പേർ അവരുടെ പ്രവർത്തനത്തെ കുറിച്ച് പറഞ്ഞു. കൃത്യം ഏഴു മണിക്ക് സിനിമ പ്രകാശിപ്പിച്ചു. സ്വവർഗ പ്രണയത്തിന്റെ ആത്മാവ് ഒപ്പിയെടുത്ത ഒരു കൊച്ചു ദൃശ്യ കവിത. അതിന്റെ അണിയറ പ്രവർത്തകരൊക്കെ വളരെ വികാരാധീതരായി സംസാരിച്ചു. അവരുടെ സംസാരത്തിലെ ആത്മാർത്ഥത എന്നെ വല്ലാതെ സ്പർശിച്ചു. ഒട്ടും ജാഡയില്ലാത്ത ഹൃദയ ഭാഷ. എങ്കിലും അതിൽ അവരുടെ കഴിവിനെ കുറിച്ചുള്ള വിശ്വാസം പ്രകടമായിരുന്നു. സിനിമ കഴിഞ്ഞപ്പോൾ എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുന്നതു കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. അപൂർവമായി ലഭിക്കുന്ന ജൈവവാസനകളെയും ക്രിയാത്മകതയേയും അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും അവർ കാണിക്കുന്ന സത്യസന്ധതയിൽ ഞാൻ പുതിയ തലമുറയുടെ സൗവർണ രശ്മികൾ വിടരുന്നത് കണ്ടു. സ്നേഹത്തിന്റെയും കരുതലിന്റെയും അദൃശ്യമായ ഒരിഴ അവിടെ കൂടിയിരുന്ന എല്ലാവരേയും കോർത്തിണക്കിയ പോലെ തോന്നി. പങ്കുവെയ്ക്കലിനു ശേഷം അവർ തന്നെ എഴുതി ചിട്ടപ്പെടുത്തിയ കുറെ പാട്ടുകൾ അവർ പാടി. ആർദ്രവും ആഴവുമുള്ള വരികൾ. ലളിതമായ സംഗീതം. ഹൃദയത്തിൽ തൊടുന്ന താളരാഗലയം. സത്യമായും എനിക്കവരെ കുറിച്ച് വലിയ അഭിമാനം തോന്നി. ചെറുപ്രായത്തിൽ തന്നെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന ക്രിയാത്മകതയ്ക്ക് പലതരത്തിൽ രൂപം നൽകാൻ അവർക്ക് കഴിയുന്നുണ്ട് എന്നത് ചെറിയ നേട്ടമല്ല.

അവരുടെ പ്രായത്തിൽ എനിക്കൊക്കെ നഷ്ടമായത് ഇത്തരമൊരു കൂട്ടായ്മയാണ് എന്ന് അവർക്കിടയിൽ ഇരുന്നപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. എല്ലാ രംഗത്തിലും പെട്ട ആളുകളും അവരുടെ കൂട്ടായ്മയുടെ ഭാഗമാണ് എന്നതാണ് ക്ലബിന്റെ സവിശേഷത. അവർക്കിടയിൽ തന്നെ കഥാകൃത്തും, സംവിധായകനും, ഛായാഗ്രാഹകനും, ഗാനരചയിതാവും, സംഗീത സംവിധായകനും, വസ്ത്രാലങ്കാര വിദഗ്ധരും, പാട്ടുകാരനുമൊക്കെയുണ്ട്. ഇവരുടെ കൂട്ടായ പരിശ്രമത്തിൽ നിന്നാണ് ഓരോ വർക്കും പിറവിയെടുക്കുന്നത്. ഇവരുടെ ചിന്തയുടെയും, രാഷ്ട്രീയത്തിന്റെയും, ഭാവനയുടെയും മനോഹരമായ ഒരു സമ്മേളനം ഇവർ അണിയിച്ചൊരുക്കുന്ന ഓരോ ആൽബത്തിലും പ്രകടമാണ്.

 

പ്രത്യൂഷിന്റെ പല ചിത്രങ്ങളിൽ നിന്നും അവനിലെ സംവിധായകനെ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ പക്വമായി വരുന്ന അവനിലെ കലാകാരനെ കൂടുതൽ മിനുക്കിയെടുക്കാൻ കൂട്ടായ്മക്കു കഴിഞ്ഞു എന്ന് എനിക്കന്നു മനസ്സിലായി. പരസ്പരം ഊർജ്ജവും പ്രോത്സാഹനവും പകർന്ന് ഓരോ വ്യക്തിയിലേയും കലാകാരനെ കൂടുതൽ പൊലിപ്പിച്ചെടുക്കാൻ മാങ്കോസ്റ്റീൻ ക്ലബിന് കഴിയുന്നുണ്ട് എന്ന് നിസ്സംശയം പറയാൻ കഴിയും.

മറ്റൊരു പ്രധാന കാര്യം അന്നവിടെ കൂടിയവരിൽ ആരും തന്നെ മദ്യത്തിന്റെ യോ മറ്റു ലഹരി വസ്തുക്കളുടെയോ സ്വാധീനത്തിൽ ആയിരുന്നില്ല എന്നതാണ്. നാലാൾ കൂടുന്നിടത്ത് മദ്യത്തിന്റെ അഥവാ ലഹരിയുടെ സാന്നിധ്യം അനിവാര്യമായ ഒരു കാലത്താണ് ഇവർ വ്യത്യസ്തരാവുന്നത്. അവരുടെ സ്വകാര്യ നിമിഷങ്ങളിൽ അവരത് ആസ്വദിക്കുന്നുണ്ടാവാം. എന്നാൽ, ഇത്തരം ഒരു പരിപാടിക്ക് ഇന്ധനമാവാൻ ലഹരി വേണ്ട എന്ന തീരുമാനം അഭിനന്ദനം അർഹിക്കുന്നു. സിരകളിൽ സിനിമയും സംഗീതവും ഒഴുകുന്നവർക്ക് മറ്റു ലഹരിയുടെ ആവശ്യമുണ്ടാവില്ല.

ഞാനിത് എഴുതാനുള്ള കാരണങ്ങൾ ചിലതാണ്. ഒന്ന്,നിങ്ങളുടെ മക്കൾ കലയുടെ പാതയിലേക്ക് പോകാൻ താത്പര്യം കാണിക്കുന്നുണ്ടെങ്കിൽ അവരെ തീർത്തും നിരുത്സാഹപ്പെടുത്തരുത്. അവർക്ക് കലയോട് തീവ്രമായ മോഹവും അവർക്കു ചുറ്റും സമാന ചിന്തയുള്ള സുഹൃത്തുക്കളും ഉണ്ടെങ്കിൽ അവർക്ക് രംഗത്ത് വിജയിക്കാനാവും.

രണ്ട്, മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും പിടിയിലമരുന്ന പുതിയ തലമുറയെ കുറിച്ച് ആശങ്കപ്പെടുമ്പോൾ അത്തരം പ്രലോഭനങ്ങളെ അവഗണിക്കാൻ കഴിയുന്ന ഇതു പോലെയുള്ള ചെറുപ്പക്കാരെ കാണാതെ പോകരുത്. ഇവർ, മറ്റുള്ളവരുമായി പങ്കുവെയ്ക്കാവുന്ന നല്ല ഉദാഹരണമാണ്.

മൂന്ന്, മക്കൾ തിരഞ്ഞെടുക്കുന്ന വഴിയിലൂടെ , അവർക്കൊപ്പം ഒരല്പ ദൂരം മാതാപിതാക്കളും നടന്നാൽ, അവർ വഴി തെറ്റാതിരിക്കാൻ അത് ഒരു വലിയ പരിതി വരെ സഹായിക്കും.

നാല്, ക്രിയാത്മകത മനസ്സിലുള്ളവർ ഒത്തു ചേർന്നാൽ അവർക്ക് മനോഹരമായ കലാരൂപങ്ങൾ സൃഷ്ടിക്കാനാവും

അഞ്ച് , ഇങ്ങിനെയും ഒരു കൂട്ടം ചെറുപ്പക്കാർ സമൂഹത്തിൽ ഉണ്ടെന്ന് ഉറക്കെ പറയേണ്ടത് കാലത്തിന്റെ ഒരാവശ്യമാണ്.

മാങ്കോസ്റ്റീൻ മരത്തിനെ വിഖ്യാതമാക്കിയത് ബേപ്പൂർ സുൽത്താനാണ്. അദ്ദേഹത്തെ പോലെ തന്നെ, മറ്റൊരു മാങ്കോസ്റ്റീന്റെ മരത്തണലിൽ ഇരുന്ന് വലിയൊരു ദുനിയാവ് സ്വപ്നം കാണുന്നവരാണ് ചെറുപ്പക്കാർ. ഒന്നും ഒന്നും കൂട്ടി ഇമ്മിണി വല്ല്യൊരു ഒന്ന് ഉണ്ടാക്കാനാണ് ഇവർ ശ്രമിക്കുന്നത്.

വാണിജ്യ ലോകത്തെ വർഷാവസാന കണക്കെടുപ്പിൽ ചിലപ്പോൾ ഇവരുടെ ബാലൻസ് ഷീറ്റ് ടാലി ആയില്ല എന്നു വരാം. എന്നാൽ ഇവരുടെ ഏറ്റവും പുതിയ ഷോർട്ട് ഫിലിമായ " കാതലോരം" രണ്ടാഴ്ച കൊണ്ട് അമ്പതിനായിരത്തിലധികം ആളുകൾ കണ്ടു എന്നത് പ്രതീക്ഷ നൽകുന്നു. മാങ്കോസ്റ്റീൻ ക്ലബിന്റെ തരുശാഖകളിൽ ഇനിയും വസന്തത്തിന്റെ തളിരിലകൾ നിറയട്ടെ.

Sunday, May 21, 2023

തുഞ്ചൻപ്പറമ്പിൽ

 

തുഞ്ചൻപ്പറമ്പിൽ

 

കഴിഞ്ഞ ദിവസം, സുഗതകുമാരി ടീച്ചറുടെ വീടിനെ കുറിച്ച് വാർത്ത വന്നപ്പോൾ, പ്രിയ സുഹൃത്ത് പി. സുധാകരൻ ഫേസ്ബുക്കിൽ, നമ്മൾ എങ്ങിനെയാണ് എഴുത്തുകാരേയും, കലാകാരൻമാരേയും ആദരിക്കുന്നത് എന്നതിനെ പറ്റി ഒരു കുറിപ്പ് ഇട്ടിരുന്നു. അവസരത്തിൽ,, ഒരിക്കൽ ഡെൻമാർക്കിൽ പോയപ്പോൾ, ഹാൻ ആൻഡേഴ്സന്റെ സ്മാരകമായി മാറ്റിയ പഴയ വീട്ടിലേക്ക് എന്നെ അവിടെ ഉള്ളവർ അഭിമാനത്തോടെ കൊണ്ടുപോയത് ഞാൻ ഓർത്തിരുന്നു. അടുത്തിടെ , 'ഒരു രാജ്യം എഴുത്തുകാരനെ ആദരിക്കുന്ന വിധം ' എന്ന ഒരു ലേഖനവും ഒരു വാരികയിൽ വന്നു.

 ഇതൊക്കെ ഓർക്കാൻ കാരണം, മലയാളത്തിന്റെ പ്രിയ കാഥികനായി അറിയപ്പെടുന്ന എം.ടി യുടെ നവതി ആഘോഷത്തിന്റെ ഭാഗമായി നാലഞ്ചു ദിവസമായി തുഞ്ചൻപറമ്പിൽ നടക്കുന്ന പരിപാടിയിൽ പങ്കു ചേർന്നപ്പോഴാണ്.

 എം.ടിയെ കുറിച്ച് അനേകം കഥകളും അനുഭവങ്ങളും പറഞ്ഞും, വായിച്ചും അറിഞ്ഞിട്ടുണ്ട്. അതിൽ കൂടുതലായി ആർക്കെങ്കിലും എന്തെങ്കിലും പറയാനും പങ്കുവെയ്ക്കാനും ഉണ്ടാവുമെന്നു ഞാൻ കരുതുന്നില്ല.

 എന്നിട്ടും ഒരു നേരമെങ്കിലും പരിപാടികളുടെ ഭാഗമാകണം എന്നു തോന്നിയത്, ഒരു കലാകാരനെ സമൂഹം ആദരിക്കുമ്പോൾ അതിൽ പങ്കു ചേരണം എന്നു തോന്നിയതു കൊണ്ടു മാത്രമാണ്.

 കലയെ പൊതുവേയും, എഴുത്തിനെ പ്രത്യേകിച്ചും അവഗണിക്കുന്ന കാലത്ത്; സാമൂഹ്യ മാധ്യമങ്ങളിൽ നാലു വരിയെഴുതിയാൽ പോലും പ്രസിദ്ധനാകുന്ന സമയത്ത്; ചാറ്റ് ജി പിടി എഴുത്തുകാരന്റെ കസേര തട്ടിയെടുക്കുന്ന നേരത്ത്, ഒരു എഴുത്തുകാരനെ ആദരിക്കാൻ നാലഞ്ചു ദിവസങ്ങൾ മാറ്റിവെയ്ക്കുന്നത് ഒരുപാട് പ്രതീക്ഷ നൽകുന്നു എന്നതിന് തർക്കമുണ്ടാവില്ല.

ഇത്ര വലിയ ഒരാദരം മറ്റൊരു മലയാളി എഴുത്തുകാരന് കിട്ടുമോ എന്ന് എനിക്കുറപ്പില്ല. ഇനി വരാൻ പോകുന്ന തലമുറയിലും അങ്ങനെ ഒരെഴുത്തുകാരൻ ഉണ്ടാകുമോ എന്നും ഉറപ്പില്ല.

 എന്നാലും, ഓരോ കലാകാരനും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമൂഹത്തിന്റെ ആദരവും സ്നേഹവും അർഹിക്കുന്നുണ്ട്. അതു പ്രകടമാക്കാനുള്ള ഉത്തരവാദിത്വം നമ്മൾ ഓരോ വ്യക്തിക്കൾക്കും ഉണ്ട്.

 എല്ലാവർക്കും ഇത്ര വിപുലമായ സ്നേഹാദരം കിട്ടുമോ എന്ന് ഉറപ്പില്ല. എന്നാൽ ഒരു ചിത്രകാരന്റെ ചിത്ര പ്രദർശനം കണ്ടും, നർത്തകിയുടെ നൃത്തം ആസ്വദിച്ചും, എഴുത്തുക്കാരന്റെ പുസ്തകം വായിച്ചുമൊക്കെ നമുക്കാ ആദരവും സ്നേഹവും പ്രകടിപ്പിക്കാം.

 നാലഞ്ചു ദിവസമായി തുഞ്ചൻപ്പറമ്പിൽ നടക്കുന്ന ഉത്സവം, മനുഷ്യ മനസ്സിൽ നിന്നും, കലയോടും സാഹിത്യത്തോടുമൊക്കെയുള്ള സ്നേഹം, പൂർണമായും വറ്റി പോയിട്ടില്ല എന്നതിന് തെളിവാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

  ആഘോഷങ്ങൾ ഏതാനും വ്യക്തികളിൽ മാത്രം ഒതുങ്ങാതെ , കലാ ലോകത്തുള്ള എല്ലാവർക്കും വേണ്ടിയും, അത് പലവിധത്തിൽ ആണെങ്കിൽ കൂടി, ആവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

 തുഞ്ചൻ പറമ്പിൽ എത്തിച്ചേർന്ന ഉത്സാഹികളെ കണ്ടപ്പോൾ , എഴുത്തും വായനയുമൊക്കെ ഇനിയും കുറേ ദൂരം കൂടി സഞ്ചരിക്കുമെന്ന ഒരുറപ്പ് എനിക്കുണ്ടായി.

 വാൽക്കഷ്ണം: അവിടെ വന്നു പോകുന്ന അനേകം പ്രശസ്തർക്കിടയിലും, വിനീത് എന്ന നടന്റെ ചുറ്റിലുമായിരുന്നു ഏറ്റവും വലിയ ആൾക്കൂട്ടമെന്നത് ഒരു സ്വാഭാവികതയായി കണ്ട് ഞാൻ കണ്ണടച്ചു.