റഫി സാബും കിശോർദായുമൊക്കെ ചെയ്ത ചതി
ചതിയെന്നത് കഠിനമായ പദമാണെന്നറിയാം.
ഇവിടെ ആ വാക്കിനെ സ്നേഹാർദ്രമായ ഒരു പരിഭവമായി കണ്ടാൽ മതി. യേശുദാസ് , ജാനകിയമ്മ, ജയചന്ദ്രൻ തുടങ്ങിയ മലയാള പാട്ടുകാരോടൊപ്പം ഞാൻ നെഞ്ചിലേറ്റി നടന്നവരാണ് റഫി സാബും, കിശോർദായും, ആശാജിയുമൊക്കെ .പലപ്പോഴും ഇവരിലാരെയാണ് കൂടുതൽ ഇഷ്ടമെന്ന ചോദ്യമുയരാറുണ്ട്. കോഴിക്കോടുകാരനായ എന്റെ ഒരു സുഹൃത്ത് പറഞ്ഞ മറുപടിയാണ് അതിന് ഏറ്റവും അനുയോജ്യമെന്നു ഞാൻ കരുതുന്നു. അവൻ പറഞ്ഞു, 'അത് പൊറൊട്ടയാണോ,
ബീഫ് കറിയാണോ കൂടുതൽ നല്ലത് എന്നു ചോദിക്കുന്നതു പോലെയാണ്. രണ്ടും കൂടിയാലെ ശരിയാവുള്ളൂ. പക്ഷെ ചില സമയത്ത് പൊറൊട്ടയും,
മറ്റു സമയങ്ങളിൽ ബീഫും ഒരു പൊടി കേമമാകാം. ഇത്തരം മഹാൻമാരായ ഗായകരെ ഭക്ഷണത്തിനോട് ഉപമിച്ചതിൽ ചിലർക്ക് അതൃപ്തി തോന്നാം. എന്നാൽ ഭക്ഷണത്തേയും, പാട്ടിനെയും ഒരുപോലെ സ്നേഹിക്കുന്ന കോഴിക്കോട്ടുക്കാർക്ക് ഇതിലും നന്നായി ആ ചോദ്യത്തിന് ഉത്തരം നൽകാനാവില്ല.
ഇതൊന്നുമല്ല ഞാനെഴുതാൻ ഉദ്ദേശിച്ചത്. ഇവരെക്കുറിച്ചൊക്കെ എഴുതുമ്പോൾ ചിന്തകൾ പിടിവിട്ടു പല വഴിക്കു പോകും
ചെറുപ്പത്തിൽ, പലരേയും പോലെ നാഷണൽ പാനസോണിക്കും ,
റേഡിയോയും വഴിയാണ് ഞാനും പാട്ടു കേട്ടിരുന്നത്. ദക്ഷിണേന്ത്യക്കാരനായിട്ടും, ഹിന്ദി സെക്കന്റ് ലാംഗ്വേജ് ആയിട്ടും
(ഇംഗ്ലീഷിന് അത്തരം തരം തിരിവൊന്നുമില്ല), മലയാളം പോലെ തന്നെ ഹിന്ദി പാട്ടുകളും യഥേഷ്ടം കേട്ടിരുന്നു. ഒരല്പം സംഗീതം ഉള്ളിലുള്ളതു കൊണ്ടാവാം ഒന്നു രണ്ടു തവണ കേൾക്കുമ്പോഴേക്കും പല പാട്ടുകളും മനസ്സ് ഒപ്പിയെടുക്കും. ഇനി സംഗീതമില്ലെങ്കിൽ പോലും ആരുടെ മനസ്സിലാണ് ആ പാട്ടുകൾ പതിയാത്തത്? റഫി സാബിന്റെയും കിശോർദായുടെയുമൊക്കെ മാസ്മരിക ശബ്ദവും, അനിതരസാധാരണമായ ആലാപന ശൈലിയും പല പാട്ടുകളെയും പ്രിയമുള്ളതാക്കി. മനസ്സിൽ കേട്ടു പതിഞ്ഞ വരികൾ മൂളിയും, അവസരം കിട്ടുമ്പോൾ മറ്റുള്ളവരുമായി പങ്കു വെച്ചും യൗവനതീക്ഷണവും രാഗബന്ധുരവുമായ വർഷങ്ങൾ കടന്നുപോയി.
എന്നാൽ ജോലിയന്വേഷിച്ച് ഉത്തരേന്ത്യയിലേക്ക് പോയപ്പോഴാണ് മുകളിൽ പറഞ്ഞ ചതിക്കുഴിയിൽ വീണത്. അവിടുത്തെ പാട്ടുകാർക്കും ആസ്വാദകർക്കും ഇടയിലിരുന്ന്, ഹിന്ദിയിലെ എല്ലാ പാട്ടുകളും മൂളിയപ്പോഴാണ് ഒരു കാര്യം തിരിച്ചറിഞ്ഞത്. എനിക്ക് ഒരു പാട്ടിന്റെയും വരികളുടെ അർത്ഥമറിയില്ല. അതൊരു വലിയ പോരായ്മ
തന്നെയായിരുന്നു. പല പാട്ടുകളും അവർക്കൊപ്പമിരുന്നു പാട്ടുമ്പോളും അറിവില്ലായ്മ കൊണ്ടു സംഭവിക്കുന്ന തെറ്റുകൾ നാണക്കേടുണ്ടാക്കുന്നതായിരുന്നു.
അത്, ഒരു വിധം പാട്ടൊക്കെയറിയാമെന്ന അഹങ്കാരത്തിനേറ്റ പ്രഹരമായിരുന്നു.ഹിന്ദിയിൽ മുപ്പത്തഞ്ചും നാൽപ്പതും മാർക്കു വാങ്ങുന്നയെനിക്ക് ഈ വരികളുടെയൊക്കെ അർത്ഥം എങ്ങിനെയറിയാന്നാണ്. എന്നാൽ ഉത്തരേന്ത്യൻ സുഹൃത്തുക്കൾ ,അർത്ഥസമ്പുഷ്ടമായ ആ വരികളെ മനസ്സിലേക്കാവാഹിച്ച് പാടുന്നത് കേട്ടപ്പോൾ ലജ്ജ തോന്നി. ഒപ്പം റഫി സാബിനോടും,
കിശോർദായോടും ദേഷ്യവും. അവർ ഓരോ പാട്ടും ഇത്ര മനോഹരമായി പാടി, നേരിട്ട് ഹൃദയത്തിലേക്കൊഴിച്ചു തന്നതു കൊണ്ടല്ലേ ഞാൻ മറ്റൊന്നുമോർക്കാതെ അത് നെഞ്ചിലേറ്റു വാങ്ങിയത്.
അവരുടെ ശബ്ദത്തിന്റെ,രാഗതാളലയത്തിന്റെ സൗന്ദര്യത്തിൽ മതിമറന്നതു
കൊണ്ടല്ലേ ഞാൻ പാട്ടുകളുടെ ആത്മാവിനെ തൊട്ടറിയാൻ ശ്രമിക്കാതിരുന്നത്? അകത്തേക്കു കയറാതെ, പുറംമോടിയിൽ ഞാൻ ഭ്രമിച്ചു
നിന്നുപ്പോയ സ്വർണ്ണ ഗോപുരങ്ങളായിരുന്നു ആ പാട്ടുകൾ എന്നു ഞാൻ മനസ്സിലാക്കി. ഈ ചതി എന്നോട് വേണ്ടായിരുന്നു എന്ന് സ്നേഹത്തോടെ ഞാനാ മഹാഗായകരോട്, മനസ്സാൽ പരാതിപറഞ്ഞു.
മലയാളിയായ ഒരു സുഹൃത്ത് തന്നെയാണ് എന്നെയാ തങ്കഗോപുരങ്ങളുടെ ഉള്ളിലേക്ക് കൈപിടിച്ചു കയറ്റിയത്. അജ്ഞതയുടെ പാദുകം പുറത്തൂരി വെച്ച് ആ സ്വർണ്ണ സൗധത്തിനകത്തേക്ക് കയറിയപ്പോഴാണ് ആ പാട്ടുകളുടെ യഥാർത്ഥ ഭംഗി ഞാൻ അനുഭവിച്ചറിഞ്ഞത്.
ആ അനുഭവങ്ങൾ മുഴുവൻ ഇവിടെ വിവരിക്കാനാവില്ല. എങ്കിലും,
" ഓ ദുനിയാ കേ രഖ് വാലേ , ചിങ്കാരി കോയി ബഡ്ക്കെ , മേരാ കുച്ച് സാമാൻ എന്നൊക്കെയുള്ള പാട്ടുകളുടെ വരികളിലേക്ക് ഇറങ്ങിച്ചെന്നപ്പോഴാണ് ഇത്രയും കാലം ഞാൻ പലതും നഷ്ടപ്പെടുത്തിയിരുന്നു എന്നു മനസ്സിലായത്. ആ വരികളുടെ അർത്ഥം മുഴുവനും ഗായകർ ആത്മാവിലേക്ക് ആവാഹിച്ചതു കൊണ്ടാണ് ഓരോ പാട്ടും ഇത്ര മനോഹരമായത്. ഓരോ വാക്കിന്റെയും പൊരുളറിഞ്ഞു പാടിയതു കൊണ്ടാണ് ഓരോ ഇതളായി വിരിഞ്ഞ പൂവുപോലെ പാട്ടുകളിൽ ഇത്ര സൗന്ദര്യം തുളുമ്പിയത്.കേട്ട് ഹൃദസ്ഥമാക്കിയതിൽ വന്ന പിഴവുകൾ, അർത്ഥമറിയാതെ പാടിയതിന്റെ തെറ്റുകൾ ഞാൻ തിരിച്ചറിഞ്ഞു. വരികളുടെ അർത്ഥം കൂടിയറിഞ്ഞ് ആസ്വദിക്കാൻ തുടങ്ങിയപ്പോൾ ഓരോ പാട്ടും മനസ്സിലെ ഗാന പ്രപഞ്ചത്തിലെ കൂടുതൽ തിളക്കമാർന്ന നക്ഷത്രങ്ങളായി.
അതിനു ശേഷം പല പാട്ടുകളുടെയും അർത്ഥമറിയാൻ ശ്രമിച്ചിട്ടുണ്ട്. അതിൽ പൂർണമായും വിജയിച്ചു എന്നു പറയാൻ കഴിയില്ല. ചിലപ്പോഴൊക്കെ മുങ്ങിച്ചെന്ന് അടിത്തട്ടിലെ മുത്തുകൾ വാരാൻ ശ്രമിക്കാറുണ്ടെങ്കിലും
, കൂടുതൽ പ്രിയം പാട്ടിന്റെ ആലിലയിൽ വെറുതെയൊഴുകി നടക്കാൻ തന്നെയാണ്.
അങ്ങിനെ അല്ലലിലാതെ ഒഴുകുമ്പോഴാണ് ചില വരികൾ നമ്മെ ആഴങ്ങളിലേക്ക് തള്ളിയിടുക.
" പൽക്കോം കി ഛിൽമൻ ഉഡാക്കർ ഗിരാനാ, ഗിരാക്കർ ഉഡാനാ “ “ രിംജിം ഗിരേ സാവൻ"
"ദിൽ ഛീസ് ക്യാ ഹേ
".എന്നൊക്കെ കേൾക്കുമ്പോൾ മറ്റൊരു ലോകത്തേക്ക് എത്തിപ്പെട്ടതു പോലെ തോന്നും. ഒന്നുരണ്ടു ഉദാഹരണം പറഞ്ഞു എന്നു മാത്രം. എല്ലാവർക്കും ഇത്തരം ഇഷ്ട്ടപ്പെട്ട വരികളുണ്ടാവുമെന്നറിയാം.
ചതിയെക്കുറിച്ചാണല്ലോ പറഞ്ഞു തുടങ്ങിയത്. അതെ, അന്ന് അതൊരു വലിയ ചതിക്കുഴിയായിരുന്നു. എന്നാൽ ഇപ്പോൾ എനിക്കറിയാം ചില ചതിക്കുഴികൾ നല്ലതാണ്. ഇതിൽ വീണതു കൊണ്ടാണല്ലോ ഹിന്ദി സിനിമാ ഗാനങ്ങളുടെ അകപ്പൊരുൾ കൂടുതൽ അനുഭവിക്കാനായത്. അതു കൊണ്ടാണല്ലോ റഫി സാബും കിശോർദായും ആശാജിയുമൊക്കെ എനിക്ക് കൂടുതൽ പ്രിയങ്കരരായിത്തീർന്നത്.
അതു കൊണ്ടാണല്ലോ ഒരിക്കലും മായാത്ത വിധം മനസ്സും ചുണ്ടും അവരുടെ ഈണങ്ങൾ മൂളിക്കൊണ്ടിരിക്കുന്നത്.