Monday, November 23, 2020

ഒരു കുളിമുറി പാട്ടുകാരൻ എസ്.പി.ബിയെ ഓർക്കുമ്പോൾ

 

ഒരു കുളിമുറി പാട്ടുകാരൻ എസ്.പി.ബിയെ ഓർക്കുമ്പോൾ.

എന്നെ പോലൊരാൾക്കും എസ്.പി.ബിയെ കുറിച്ച് പറയാനുണ്ട് എന്നതാവും അദ്ദേഹത്തിന്റെ മഹത്ത്വം.

ചെറുപ്പത്തിൽ സിനിമ കാണാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. സാമ്പത്തികമാണ്  പ്രശ്നം. എങ്കിലും തച്ചോളി അമ്പുവും, പടയോട്ടവും ഒക്കെ വരുമ്പോൾ അച്ഛൻ എല്ലാവരെയും കൊണ്ടുപോകും. നേരെത്തെ പോയി ക്യു  നിന്ന് സെക്കന്റ് ഷോ കാണും . അച്ഛന്റെ ഒരു സഹപ്രവർത്തകൻ എല്ലാ സിനിമയും കാണുമായിരുന്നു. അവർ രണ്ടു പേരും ജോലിക്കാരായതു  കൊണ്ട് മാത്രമാണ് അവർക്കു അതിനു കഴിഞ്ഞത്. സിനിമ കണ്ടു വന്നു അവരുടെ കുട്ടികൾ അതിന്റെ കഥ പറയുമ്പോൾ ഞങ്ങൾക്കു അസൂയ തോന്നുമായിരുന്നു.

അങ്ങിനെ ഒരു ദിവസമാണ് അവർ ശങ്കരാഭരണം എന്നൊരു സിനിമ വന്നിട്ടുണ്ടെന്നും ,അത് തീർച്ചയായും കാണണമെന്നും പറയുന്നത്. തെലുങ്കിൽ നിന്നും മലയാളത്തിലാക്കിയ സിനിമ, പോരാത്തതിന് പരിചയമുള്ള ഒരു നടനോ നടിയോ ഇല്ല. എനിക്ക് സിനിമ കാണാൻ വലിയ താത്പര്യം തോന്നിയില്ല. പക്ഷെ കുറെ പാട്ടുകൾ ഉണ്ടെന്നു കേട്ടപ്പോൾ കാണണം എന്ന് തോന്നി .

സിനിമ കണ്ടപ്പോൾ എനിക്ക് കഥയൊന്നും കാര്യമായി മനസിലായില്ല. പക്ഷെ സിനിമ കണ്ടു പുറത്തിറങ്ങിയപ്പോൾ പാട്ടുകൾ കൂടെ പോന്നു. അന്ന് പാട്ടൊക്കെ ഇഷ്ടംപോലെ കേൾക്കാനുള്ള സൗകര്യമൊന്നുമില്ല. എങ്കിലും ഏതാനും ദിവസങ്ങൾ കൊണ്ട് എവിടെ നോക്കിയാലും ശങ്കരാഭരണത്തിലെ പാട്ടുകൾ. അതും "ശങ്കര" എന്ന പാട്ട് എല്ലാവരുടെയും മനസ്സ് കവർന്നു.പലയിടത്തിനു നിന്നും കേട്ട് വരികൾ ഹൃദ്യസ്ഥമാക്കി. പക്ഷെ പാടാൻ ധൈര്യമില്ല. നല്ല ശാസ്ത്രീയമായ   അടിത്തറയുണ്ടെങ്കിൽ   മാത്രം പാടാൻ കഴിയുന്ന പാട്ടുകൾ.

പാട്ട് പഠിക്കണം എന്നത് വലിയ ആശയായിരുന്നു. എന്നാൽ അന്നൊക്കെ അതൊന്നും ചിന്തിക്കാൻ പോലും കഴിയാത്ത മോഹങ്ങളാണ്. അടുത്ത വീട്ടിലെ കുട്ടികൾ പാട്ടു  പഠിക്കുന്നുണ്ടായിരുന്നു . ഒരു ശനിയാഴ്ച അവരെ കളിക്കാൻ വിളിക്കാൻ പോയപ്പോൾ അവർ അകത്തു പാട്ട്  പഠിക്കുന്നത് കേട്ടു . ടീച്ചറുടെ മനോഹരമായ ശബ്ദവും, സംഗീതത്തിന്റെ മാന്ത്രികതയും എന്നെ അവിടെ പിടിച്ചിരുത്തി  . ക്ലാസ്സു കഴിയുന്നത് വരെ ഞാൻ ഉമ്മറത്തിരുന്നു. മറ്റൊരു ദിവസവും അങ്ങിനെ  ഉണ്ടായി. പിറ്റേന്നു അമ്മയെന്നോട്  ഇനിമുതൽ വീട്ടിലേക്കു പോകണ്ടായെന്നു പറഞ്ഞു. ഞാൻ ഉമ്മറത്തിരുന്നു, ഫീസ് കൊടുക്കാതെ  പാട്ട് പഠിക്കുന്നു എന്ന് ടീച്ചർക്ക് ആക്ഷേപമുണ്ടത്രേ. അത് ടീച്ചറുടെ അഭിപ്രായം തന്നെ ആയിരുന്നോ എന്ന് എനിക്ക് ഇന്നും ഉറപ്പില്ല.  

എന്തായാലും ഓട്ടകീശയുമായി ഒരു സിംഹത്തിന്റെ മടത്തേടി അലഞ്ഞതൊന്നുമില്ല. അപ്പോഴാണ് വാർത്ത അറിയുന്നത്. ശങ്കരാഭരണം എന്ന സിനിമയിൽ പാടിയ ആൾ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല. അദ്ദേഹത്തെ കുറിച്ച് വീണ്ടും കുറെ  കഥകൾ. അദ്ദേഹത്തിന്റെ പേര് എസ്. പി. ബാലസുബ്രഹ്മണ്യം  എന്നാണ് . പേര് ഓർമിച്ചു വെക്കാൻ കഴിഞ്ഞില്ല. യേശുദാസ്, ജയചന്ദ്രൻ, ഏറിയാൽ കിഷോർ, റാഫി എന്നൊക്കെ കേട്ട്   പഠിച്ചവന് ഇതൊരു കടിച്ചാൽ പൊട്ടാത്ത പേരായിരുന്നു. ( ജയചന്ദ്രന് പോലും അന്ന് ഇനിഷ്യൽ ഇല്ല).പക്ഷെ വാർത്ത വലിയൊരു പ്രോത്സാഹനമായി . അന്ന്  തന്നെ, കുളിക്കാൻ കയറിയപ്പോൾ  , അത് വരെ പാടാൻ മടിച്ചിരുന്ന " ശങ്കരാ " എന്ന പാട്ട്  തൊണ്ടതുറന്നു പാടി. പക്ഷെ , ശാസ്ത്രീയ സംഗീതം പഠിക്കാത്ത വലിയ പേരുകാരൻ അനായാസമായി പാടിയ പാട്ട്  പാടാൻ കഴിയാതെ ഞാൻ വഴിയിൽ ഇടറി നിന്നു . എങ്കിലും അതൊരു വലിയ പ്രചോദനമായിരുന്നു. കുളിമുറിയിൽ കയറി ഏതു പാട്ടും സങ്കോചമില്ലാതെ പാടാൻ തുടങ്ങി.

യേശുദാസിനും , ജയചന്ദ്രനും തരാൻ  കഴിയാത്ത ഒരു ധൈര്യം പുതിയ പാട്ടുകാരന് തരാൻ  കഴിഞ്ഞു. മറ്റുള്ള പാട്ടുകാർ നമുക്കൊന്നും സ്വപ്നം കാണാൻ കഴിയാത്ത ഉയരത്തിലാണ് എന്ന് തോന്നിയിരുന്ന സമയത്താണ് " നിനക്കും പാടാം"  എന്ന പറയുന്ന പോലെ ഒരു പാട്ടുകാരൻ വരുന്നത് .

ലാളിത്യമാകാം എന്നെ പാട്ടുകാരനോട് കൂടുതൽ അടുപ്പിച്ചത്  . പിന്നെ  അദ്ദേഹത്തെകുറിച്ചറിയുന്നത് ഹിന്ദി പാട്ടുകളിലൂടെയാണ്. " തേരെ മേരെ ബീച്ച് മേ " എന്ന് പാടി അദ്ദേഹം വന്നപ്പോൾ അക്ഷരാത്ഥത്തിൽ , നമ്മൾ തമ്മിലുള്ള ബന്ധം എത്ര അജ്ഞാതമാണ് എന്ന് ഓർത്തുപോയി. യേശുദാസിന്റെ ഉച്ചാരണ ശുദ്ധിയോ ,അക്ഷര സ്ഫുടതയോ ഇല്ലാത്ത ആലാപനം. തികച്ചും ഒരു മദ്രാസി ഹിന്ദി പാടുന്നത് പോലെ. എന്നിട്ടും പാട്ട് , പ്രേക്ഷകരുടെ  ഇതുവരെ അറിയാത്ത ഏതൊക്കെയോ തന്ത്രികളിൽ തൊട്ടു.ഓരോ തവണ കേൾക്കുമ്പോഴും പാട്ടിന്റെ സാന്ദ്രതയും, സൗന്ദര്യവും കൂടി കൂടി വന്നു. അത് മറ്റൊരു സൗകര്യത്തിനു വഴിതെളിച്ചു. ഉച്ചാരണത്തിന്റെ പോരായ്മ ഭയക്കാതെ പാടാൻ കുറച്ചു ഹിന്ദി പാട്ടുകൾ കിട്ടി.അതിനു മുമ്പ് , ഹിന്ദി പാട്ടുകൾ പാടുമ്പോൾ ഉച്ചാരണത്തിലെ മലയാളി ചൊവ നമുക്കുതന്നെ അരോചകമായി തോന്നിയിരുന്നു. സിനിമയിലെ പാട്ടുകൾ ഹിറ്റ് ആയത്തോടു കൂടി ബുദ്ധിമുട്ടും മാറി കിട്ടി. അപ്പോഴേക്കും ഇന്ത്യയിൽ തന്നെ അദ്ദേഹം അറിയപ്പെടുന്ന ഗായകനായി മാറിയിരുന്നു. നീണ്ട, പരിചയമില്ലാത്ത പേര് ഉച്ചരിക്കാനുള്ള വിഷമം ഒഴിവാക്കാൻ, അവർ അദ്ദേഹത്തെ എസ്. പി. ബി എന്ന് വിളിച്ചു തുടങ്ങി. ഒന്നോർത്താൽ മറ്റൊരു ഗായകനും കിട്ടാത്ത ഒരു അംഗീകാരമാണ് അത്. മുഹമ്മദ് റാഫിയെന്നും, മലേഷ്യ വാസുദേവനെന്നും, കമുകറ പുരുഷോത്തമനെന്നും, ലത മങ്കേഷ്കറെന്നും ,ആശ ബോൺസ്ലെ എന്നുമൊക്കെ ഗായിക ഗായകന്മാർ അറിയപെടുന്നിടത്താണ് ഒരാൾ മൂന്ന് ഇനീഷ്യലായി അംഗീകരിക്കപ്പെടുന്നത് . ഒരാളുടെ പേര് ഇനീഷ്യലായി ചുരുങ്ങുമ്പോൾ അയാൾ നമ്മുടെ മനസ്സിൽ വളർന്നു വലുതാവും എന്നതിന് ഉദാഹരണമാണ് എസ്.പി.ബി

പിന്നീട് ബോംബയിൽ ചെന്ന് ധൈര്യസമേതം ഹിന്ദി പാട്ടുകൾ പാടുമ്പോൾ പലരും ,നിങ്ങൾ എസ്. പി. ബിയെ  പോലെയാണ് പാടുന്നത് എന്ന് പറയാറുണ്ട്. അദ്ദേഹത്തിന്റെ അപാരമായ സംഗീത സിദ്ധിയുടെ ഏഴയലത്തു പോലുമെത്താത്ത നമുക്കു ഇത്തരം പ്രോത്സാഹനങ്ങൾ കിട്ടുന്നത്, ദക്ഷിണേന്ത്യൻ ഉച്ചാരണ സവിശേഷതയെ, അസാധാരണമായ തന്റെ കഴിവുകൊണ്ട് , ഹിന്ദി ഉച്ചാരണവുമായി അതി മനോഹരമായി അദ്ദേഹം കൂട്ടിച്ചേർത്ത് കൊണ്ട് മാത്രമാണ്.

പിന്നെ അദ്ദേഹത്തിനെ കുറിച്ച് എന്തൊക്കെ കഥകൾ കേട്ടു. ഗാനമേളയിലേ കുസൃതികൾ, കൂടെ ഉപകരണകൾ വായിക്കുന്ന ഓരോ കലാകാരനോടുമുള്ള കരുതൽ, ബഹുമാനം, അദ്ദേഹത്തിന്റെ മനുഷ്യ സ്നേഹം, ഓടക്കുഴൽ വായിക്കുമ്പോൾ ശ്രുതി തെറ്റിയ കലാകാരന് വേണ്ടി വീണ്ടും പാട്ടു  പാടിയ മഹാമനസ്സു, ഡോളിയിൽ   തന്നെ ഏറ്റി മലകയറുന്നവരുടെ കാല് തൊട്ടു നമസ്കരിക്കുന്ന ഭക്തി, ലാളിത്യം, സഹപാട്ടുകാരോടുള്ള സ്നേഹം. അങ്ങിനെ എത്ര കഥകൾ. എവിടെ ചെന്നാലും എസ്,.പി.ബി ഊർജത്തിന്റെ ഉറവിടമാകും . അദ്ദേഹം പറയുന്നതെല്ലാം ഹൃദയത്തിൽ നിന്നുമായതു കൊണ്ട് അതിനു അസാധാരണമായ ആഴവും, അർത്ഥവും ഉണ്ടാവും. അതൊന്നും അഭിനയമായിരുന്നില്ല. ഒട്ടും കളങ്കമില്ലാത്ത മനസിന്റെ സ്വാഭാവികമായ പ്രതികരണങ്ങൾ മാത്രമായിരുന്നു അതൊക്കെ. അദ്ദേഹത്തിനെ അങ്ങിനെ പെരുമാറാനെ കഴിയൂ.

അതുകഴിഞ്ഞാണ് വേറൊരു കഥകേൾക്കുന്നത് - അദ്ദേഹം ഐസ് ക്രീമും, ചോക്കലേറ്റും കഴിക്കും, പുകവലിക്കും, മദ്യം കഴിക്കും. അത്തരം കഥകളുടെ സത്യാവസ്ഥ  അറിയാൻ ശ്രമിക്കാറില്ല . ഒരു ഗായകനാകാൻ ഒഴിച്ചുകൂടാൻ കഴിയാത്ത എന്തൊക്കെ വേണമെന്നു  നമ്മേ പറഞ്ഞുപഠിപ്പിച്ച എല്ലാത്തിനെയും പൊളിച്ചെഴുതുന്ന ഒരു മഹാപ്രതിഭയുടെ അപ്രസക്തങ്ങളായ കഥകളുടെ പിന്നാലെ എന്തിനു പോകണം. ജീവിതം ഒരു ആഘോഷമാക്കിയ ഒരു വ്യക്തി അങ്ങിനെയൊക്കെ ചെയ്തില്ലെങ്കിലെ അത്ഭുതമുള്ളു. ഒരു ഐസ് ക്രീം കഴിച്ച , അല്ലെങ്കിൽ രണ്ടു പെഗ് അടിച്ചിരിക്കുന്ന എസ് .പി.ബിയുടെ വായ തുറന്നാൽ അവിടെ ഒരു  നാദപ്രപഞ്ചത്തിന്റെ  സൗന്ദര്യം മുഴുവൻ കാണാൻ കഴിയുമായിരുന്നു. അതുകൊണ്ടു തന്നെ  , പാടണമെങ്കിൽ ഐസ് ക്രീമും ,മദ്യവുമൊക്കെ ഉപേക്ഷിക്കണമെന്നു ഉപേദേശിച്ചവർക്കു ,എസ്, പി .ബിയുടെ ഉദാഹരണം കാട്ടിക്കൊടുത്തു.

ചുരുക്കത്തിൽ എന്നെ പോലുള്ള കുളിമുറി പാട്ടുകാർക്ക് അദ്ദേഹം നൽകിയ പ്രോത്സാഹനത്തിന്റെ കുറിച്ച് അദ്ദേഹം തന്നെ അറിയുന്നുണ്ടാവില്ല.  പാടാൻ ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറ വേണമെന്ന് നിർബന്ധമില്ല എന്ന അറിവ്, ഏതുഭാഷയിലും ഉള്ള പാട്ടുകൾ തന്റെ തന്നെ ഉച്ചാരണത്തിൽ പാടാനുള്ള കഴിവ്, മനസ്സിൽ സംഗീതത്തോട് അഗാധമായ സ്നേഹമുണ്ടെങ്കിൽ കഠിനമായ ചര്യകളും, നിഷ്ഠകളും  ആവശ്യമില്ലെന്നു പറയാൻ   കാണിച്ച ധൈര്യം, അതൊക്കെ മതിയായിരുന്നു കുളിമുറിയിൽ കയറി എല്ലാം മറന്നു  പാടാൻ.

കോവിഡ് നമ്മിൽ നിന്നും എന്തൊക്കെയോ തട്ടിയെടുക്കുന്നു. എങ്കിലും നമുക്ക് ഏറെ പ്രിയപ്പെട്ട ഈ  പാട്ടുകാരനെ തന്നെ  വേണമെന്ന് അതു എന്തിനാണ് ശഠിച്ചതു എന്ന് മനസിലാവുന്നില്ല. ചിലതങ്ങിനെയാണ് , നമ്മുടെ ഏറ്റവും പ്രിയപ്പെട്ടത് തട്ടിയെടുക്കുമ്പോഴെ   അതിനു  തൃപ്തിയാവൂ .

ദുഃഖമല്ല തോന്നുന്നത്. ദുഃഖം സമയത്തോടൊപ്പം അലിഞ്ഞില്ലാതെയാവും . എന്നാൽ ഉള്ളിൽ തോന്നുന്നത് വേദനയാണ്. അത് ഒരിക്കലും മാഞ്ഞുപോകില്ല. ഒരു മുറിവായി , നീറ്റലായി അത്  എന്നും ഉള്ളിൽ ഉണ്ടാവും . അതിനു ഒരു മറുമരുന്നേയുള്ളൂ , എസ് .പി. ബിയെന്ന മൂന്നക്ഷരവും, അദ്ദേഹം പാടി അനശ്വരമാക്കിയ ആയിരകണക്കിന് പാട്ടുകളുടെ സ്വാന്ത്വനവും.

ഇനിയുള്ള  ശിഷ്ടകാലം പാടാൻവേണ്ടി നാല്പത്തിനായിരിത്തിലേറെ പാട്ടുകൾ ബാക്കിവെച്ചിട്ടാണ് അദ്ദേഹം പോയത്. അതുധാരാളമാണ്. എങ്കിലും , അദ്ദേഹത്തിന്റെ ചിരി, സ്റ്റേജിലെ തമാശകൾ, പാട്ടിൽ കൊണ്ടുവരുന്ന അത്ഭുതകരമായ ശ്രുതിഭേദങ്ങൾ , കൂടെപാടുന്നവരെ , ഉപകരണങ്ങൾ വായിക്കുന്നവരെ ചേർത്തുപിടിക്കുന്ന ഊഷ്മളത, ഭൂമിയോളം താഴ്ന്ന ലാളിത്യം , ഇതൊക്കെ ഇനി ഉണ്ടാവില്ലലോ എന്നോർക്കുമ്പോൾ , ആരെയും അത്ഭുതപെടുത്തുന്ന സ്വരഭേദങ്ങളോടെ , അനുഗ്രഹീതമായ   ശബ്ദത്തിൽ  ഇനി ഒരു പുതിയ പാട്ട്  കേൾക്കാൻ  കഴിയില്ലലോ എന്ന സത്യമറിയുമ്പോൾ  മനസ്സിൽ എന്തോ കൊളുത്തി വലിക്കുന്ന ഒരു വേദന.

 

രാജേഷ് ആത്രശ്ശേരി

 

Monday, November 16, 2020

എട്ടു പെണ്ണാനകൾ നിരന്നു നിൽക്കുമ്പോൾ

 

എട്ടു പെണ്ണാനകൾ നിരന്നു നിൽക്കുമ്പോൾ

 

 നെറ്റി പട്ടവും  മറ്റു ആഡംബരങ്ങളുമൊന്നുമില്ലാതെ എട്ടു  പെണ്ണാനകൾ  നിരന്നു നിലക്കുന്നത്  നിങ്ങൾ കണ്ടിട്ടുണ്ടോ? ഉണ്ടാവാൻ വഴിയില്ല. അത് കാണണമെങ്കിൽ എൻ്റെ    വീട്ടിലേക്കു വന്നാൽ മതി. നെറ്റിപ്പട്ടവും, വെഞ്ചാമരവും, ആലവട്ടവുമൊക്കെയായി  ഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുന്ന ഗജവീരന്മാരെ   കണ്ടു തഴമ്പിച്ച നിങ്ങൾക്കു എട്ടു പെണ്ണാനകളെ കണ്ണിൽ പിടിക്കില്ല. എൻ്റെ  വീട്ടിൽ വന്നവർ തന്നെ  ഞാൻ എന്താണ് പറയുന്നത് എന്ന് അത്ഭുതപ്പെടുന്നുണ്ടാവാം .  നെറ്റിപ്പട്ടമൊക്കെയണിഞ്ഞ ഗജവീരന്മാരായിരുന്നെങ്കിൽ അത് നിങ്ങളുടെ മനസ്സിൽ പതിഞ്ഞു കിടന്നേനെ. അനാർഭാടമായ  പെണ്ണാനകൾ ആയതു കൊണ്ടാണ് നിങ്ങളത് ശ്രദ്ധിക്കുക തന്നെ  ചെയ്യാതെ പോയത്.പിരിയധികം മുറുക്കിയാൽ  പൊട്ടിപ്പോകും. അതുകൊണ്ടു അരികുവത്കരിക്കപ്പെട്ട എട്ടു പെണ്ണാനകളുടെ കഥയിലേക്ക്   പോകാം.

ആനകൾ  വീട്ടിലേക്കു വന്നത് പെണ്ണാനകളായല്ല . നീണ്ട കൊമ്പൊക്കെയുള്ള വീരന്മാരായായിരുന്നു അവരുടെ വരവ്. എൻ്റെ ഒരു കൈപ്പിഴ, അല്ലെങ്കിൽ കാലത്തിന്റെ ഒരു തമാശയാകാം അവരെ പെണ്ണാക്കി മാറ്റിയത്.

പുതിയ വീട് പണിതപ്പോൾ അതിലേക്കു  സമ്മാനമായി  എന്റെ കൂട്ടുകാർ തന്നതാണ് ആനകളെ. ഒരു വലിയ മരപ്പലകയിൽ മനോഹരമായി കൊത്തിയെടുത്ത എട്ടു ആനകൾ . ഇടതു വശത്തെ ആന വളരെ വലുത്. പിന്നീടുള്ളവ ചെറുതായി ചെറുതായി വന്ന്  അവസാനത്തെ ആനയ്ക്കു ഒരു കുട്ടിയാനയുടെ വലിപ്പമേയുള്ളു.

പാലുകാച്ചലിന് വരാൻ  കഴിയാത്തതു കൊണ്ട് അവർ ഒരു ദിവസം മുമ്പ് എനിക്ക് സമ്മാനം തന്നു. വർണ കടലാസ്സുകൊണ്ടു ഭംഗിയായി അലങ്കരിച്ച ഒരു വലിയ പൊതിയായിരുന്നു അത്. നല്ല കനവും ഉണ്ടായിരുന്നു.വീട്ടിൽ കൊണ്ട് വന്നപ്പോൾ അവിടെ ആകെ തിരക്കായിരുന്നു. പിറ്റേ ദിവസത്തേക്കുള്ള തയ്യാറെടുപ്പുകൾ.അവസാന നിമിഷത്തെ മിനുക്കു പണികൾ, നിറയെ ആളുകൾ, ചെയ്തു തീർക്കാനുള്ള കാര്യങ്ങളുടെ ഒരു വലിയ ലിസ്റ്റ് . അതൊക്കെയായിരുന്നെങ്കിലും വലിയ പൊതി എല്ലാവരിലും കൗതുകമുയർത്തി. ഏതു അപ്പോൾ തന്നെ തുറന്നുനോക്കാനുള്ള ഉത്സാഹം എല്ലാവർക്കുമുണ്ടായി.

തുറന്നു നോക്കിയപ്പോൾ സുന്ദരമായ എട്ടാനകൾ അടിവെച്ചടിവെച്ചു പുറത്തേക്കു വന്നു. വരവിന്റെ ഭംഗിയിൽ എല്ലാവരും കുറച്ചു നേരം പണികളൊക്കെ മറന്നു നിന്നു . പിന്നെയാണ് ഇവരെ എവിടെ തളയ്ക്കുമെന്ന  ചിന്തയുണ്ടായത്. വീടിന്റെ പലയിടങ്ങളും നോക്കി ,അവസാനം പുസ്തകഷെൽഫിന്റെ  മുകളിൽ സ്ഥലം കണ്ടെത്തി. മരത്തിൽ കൊത്തിയെടുത്ത ശില്പഭംഗി , പുസ്തകകൂടിന്നു മുകളിൽ ഒരു കീരിടംപോലെ വിലസിനിന്നു.

കളയാൻ മടിതോന്നിയെങ്കിലും , പൊതിഞ്ഞു കൊണ്ടുവന്ന വർണക്കടലാസും മറ്റു സാധനങ്ങളും  , വലിച്ചെറിയാൻ ഒരുക്കി വെച്ചിരുന്ന ചപ്പു നിറച്ച ചാക്കിൽ കുത്തിത്തിരുകി.

ഏതാനും ദിവസം കഴിഞ്ഞാണ് സുഹൃത്തുക്കൾ  വീട്ടിലേക്കു വന്നത്. കയറിവന്നപ്പോൾ തന്നെ  അവർക്കു ആനകളെ ഇഷ്ടമായോ  എന്നറിയാനായിരുന്നു തിരക്ക്. എല്ലവർക്കും വളരെയിഷ്ടമായി എന്ന് പറഞ്ഞപ്പോൾ അത് എവിടെ വെച്ച് എന്നായി അടുത്ത ചോദ്യം. നേരെ പുസ്തകകൂടിനരികിലേക്കു കൊണ്ട് പോയി. ആനകളെ കണ്ടതും, ആദ്യത്തെ ആൾ ചോദിച്ചു, ഇതിന്റെ കൊമ്പെവിടെ? ചോദ്യം തന്നെ  മറ്റുള്ളവരും ആവർത്തിച്ചു . " ഏതു കൊമ്പ് ?" ഞാൻ മറുചോദ്യം ചോദിച്ചു.

ആപ്പോളാണവർ പറഞ്ഞത്, ആനയുടെ  കൂടെ കൊമ്പുമുണ്ടായിരുന്നു. അത് പൊട്ടിപോകാതിരിക്കാൻ, അതിനെ കടലാസ്സിൽ പൊതിഞ്ഞ് ആനകളുടെ   തുമ്പികൈയിനിടയിൽ തിരുകി വെച്ചിരുന്നു. അതവർ എന്നോട് പറയാൻ മറന്നു  പോയി. ഞങ്ങൾ വലിച്ചെറിഞ്ഞ ചവറുകൾക്കിടയിൽ കൊമ്പുകളും ഉണ്ടായിരുന്നു എന്ന് ചുരുക്കം. അപ്പോഴേക്കും എവിടേക്കെന്നറിയാത്ത വിധം കൊമ്പുകൾ യാത്രയായിരുന്നു. അന്ന് മുതലാണ് , കൊമ്പു കുലുക്കി നിൽക്കേണ്ട ഗജവീരന്മാർ  പെണ്ണാനകളായി എന്റെ പുസ്തകകൂടിനു മുകളിൽ നിരന്നു നിൽക്കാൻ തുടങ്ങിയത്.

 

ഇതൊരു ആകസ്മികതയാണോ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് . ആവാൻ വഴിയില്ല. സൃഷ്ടിയുടെ ഒരു നിമിഷത്തിലും ഇതിന്റെ ശില്പിയുടെ മനസിലേക്ക് പെണ്ണാനകൾ കടന്നുവന്നിട്ടുണ്ടാവില്ല. നീണ്ട കൊമ്പുകളും, ഒത്ത ശരീരവുമായ കരിവീരന്മാരെത്തന്നെയാണ് അയാൾ കടഞ്ഞെടുത്തിണ്ടുണ്ടാവുക ( അയാൾ എന്നതും ഒരു മുൻവിധിയാണ്. അവളുമാകാമെങ്കിലും മനസ്സ് സമ്മതിക്കുന്നില്ല ). കൊമ്പുകൾ ഊരിവെക്കുന്ന ഏർപ്പാടിനോട് ഒരു സൃഷ്ടികർത്താവ് എന്ന നിലയിൽ അയാൾ യോജിക്കുന്നുണ്ടാവില്ല. എന്നാൽ കച്ചവടത്തിന് അതാണ് സൗകര്യമെങ്കിൽ അതിനു വഴങ്ങിക്കൊടുക്കുകയല്ലാതെ അയാൾക്കു വേറെ വഴിയില്ല. അത് പക്ഷെ ഇങ്ങനെയൊരു വിനയായി തീരുമെന്ന് അയാൾ സ്വപ്നേനി കരുതിയിരിക്കില്ല. ഒരു ചെറിയ തെറ്റുകൊണ്ടു അയാളുടെ ഗജവീരന്മാർ പെണ്ണാനകളായി മാറി. ആവശ്യപ്പെട്ടാലല്ലാതെ ഒരിക്കലെങ്കിലും അയാൾ പെണ്ണാനകളുടെ ഇത്തരമൊരു കൂട്ടം ഉണ്ടാക്കാൻ മിനക്കെടുമോ? മരത്തിൽ കൊത്തിയ പിടിയാനകൾക്കു മാർക്കറ്റിൽ വലിയ വിലയില്ലെന്ന് അയാൾക്കും അറിയുന്നുണ്ടാവും.

അതുപോലെ തന്നെ , എനിക്ക് വേണ്ടി ഇത് സമ്മാനമായി തിരഞ്ഞെടുക്കുമ്പോൾ , കൊമ്പുയർത്തി നിൽക്കുന്ന ഗജവീരന്മാർ തന്നെയാണ് എന്റെ സുഹൃത്തുക്കൾ മനസ്സിൽ കണ്ടിട്ടുണ്ടാവുക. ലക്ഷങ്ങൾ ചിലവാക്കി പണിത വീടിന്റെ മോടി കൂട്ടാൻ എട്ടു പെണ്ണാനകൾക്കു കഴിയുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല.

എന്നിട്ടും, മാധവിക്കുട്ടിയും, സാറാജോസെഫും , കെ.ആർ. മീരയും, സിൽവിയ പ്ലാത്തും , ജയിൻ അയറും , താര പട്ടേലും, അനിത തമ്പിയുമൊക്കെ അക്ഷരങ്ങളുടെ രൂപത്തിൽ കുടികൊള്ളുന്ന പുസ്തകകൂടിനു മുകളിൽ , എട്ടു പെണ്ണാനകളായി ഇവർ എത്തി ചേർന്നത് ഒരു കാവ്യ നീതിയല്ലാതെ മറ്റൊന്നും ആവാൻ  വഴിയില്ല .

മറ്റൊരു രസകരമായ വസ്തുത , കൊമ്പുകൾ പോയപ്പോഴേക്കും ആനകളുടെ വ്യക്തിത്വം പൂർണമായി മാറിയെന്നതാണ്. കൊമ്പുകളാണ് അവരെ പെണ്ണുങ്ങളിൽ നിന്നും വേർതിരിച്ചു നിർത്തിയിരുന്നത്. സൂക്ഷിച്ചു നോക്കിയാൽ ഒരാനയ്ക്കും പെണ്ണുടലിന്റെ അടയാളങ്ങളില്ല. എല്ലാറ്റിനും ആണുടലിന്റെ കരുത്തുണ്ട്. എങ്കിലും കൊമ്പില്ലാതെ അവ പെണ്ണായിത്തീരുന്നു. അല്ലെങ്കിൽ ആണും  പെണ്ണും കെട്ടവനാകുന്നു . ആണായി പിറന്നത് കൊണ്ട് എന്ത് കാര്യം , ആണത്തമെവിടെ എന്ന് അത് എന്നോട് ചോദിക്കുകയാണോ ? ആണത്തമെന്നത് , (സ്ത്രീകൾക്ക് നേരെ ബലംപ്രയോഗിച്ചുള്ള കടന്നു കയറ്റമാണെന്നു ദൃഢമായി വിശ്വസിക്കുന്ന വർത്തമാനകാലത്ത്) , സ്ത്രീകളെ സംരക്ഷിക്കൽ കൂടിയാണെന്നും, അതിനു നീയിങ്ങനെ  കൊമ്പുകൾ ചപ്പുചവറുകൾക്കിടയിൽ കളഞ്ഞ് ഒരു മൊഴയായി ഇരുന്നാൽ  പോരാ എന്നെനെ ഓര്മപെടുത്തുകകൂടിയാണോ എട്ടാനകൾ  ചെയുന്നത്?

വീട്ടിലേക്കു വന്ന ആരും ആനകളെ കണ്ടിട്ട് , ഇതിന്റെ കൊമ്പെവിടെ എന്ന് ചോദിച്ചിട്ടില്ല; ഇത്ര ഭംഗിയുള്ള പിടിയാനകളുടെ ശിൽപം ഞങ്ങൾ കണ്ടിട്ടില്ല എന്ന് പറഞ്ഞതായി ഞാൻ ഓർക്കുന്നില്ല; ആദ്യമായാണ് ഒരു പിടിയാനകളുടെ കൂട്ടത്തെ  മരത്തിൽ കൊത്തിയെടുത്ത് കാണുന്നത് എന്നും ആരും പറഞ്ഞിട്ടില്ല. പലരും ആനകളെ ശ്രദ്ധിച്ചിട്ടു പോലുമുണ്ടാവില്ല. എന്നാൽ ഇതിനു പകരം, കൊമ്പുകുലുക്കി നിൽക്കുന്ന ഗജവീരന്മാരായിരുനെങ്കിൽ അവരെ ശ്രദ്ധിക്കാതിരിക്കാൻ ആർക്കെങ്കിലും കഴിയുമായിരുന്നോ ? എന്നും, എവിടെയും പാർശ്വവത്കരിക്കപ്പെട്ട സ്ത്രീ സമൂഹത്തിന്റെ മറ്റൊരു ഉദാഹരണം മാത്രമാണ് എട്ടാനകൾ. .അനാർഭാടമായ ശിൽപം ആരുടേയും കണ്ണിൽ പെടുന്നില്ല. തട്ടിൻ മുകളിൽ ഉപേക്ഷിക്കപ്പെട്ട മറ്റൊരു മരപ്പണിയായി അതെന്റെ പുസ്തകങ്ങൾക്ക് മുകളിൽ പൊടിപിടിക്കുന്നു.

 

പുതിയ വീടാണെങ്കിൽ പോലും അതിനോടുള്ള നമ്മുടെ പുതുമ വേഗം കുറഞ്ഞു വരും. ആദ്യമൊക്കെ അത് അടിച്ചു, തുടച്ചു വൃത്തിയാക്കി വെക്കാൻ വലിയ ഉത്സാഹമാവും. പിന്നെയത്  സ്ത്രീകൾ  ചെയ്യണ്ട ഒരു ജോലിയാവും. ആനകൾക്കും അത് തന്നെയാണ് സംഭവിച്ചത്. തുടക്കത്തെ കൗതുകത്തിനു ശേഷം  അത് അവഗണിക്കപ്പെട്ടു. ഷെൽഫിനു മുകളിൽ പൊടിയും, മാറാലയുമേറ്റു അവ അപ്രസക്തമായി.

കഴിഞ്ഞ ദിവസം അതിലെ പൊടിയൊക്കെ ഒന്ന് തട്ടി കളയാമെന്നു കരുതി . തുടയ്ക്കാൻ മുകളിലേക്കു കയറിയപ്പോളാണ് ഞാൻ ശ്രദ്ധിച്ചത്. ആനകൾക്ക് വല്ലാത്തൊരു ഊർജ്ജസ്വലത .ഒന്ന് ഊരിവിട്ടാൽ മുന്നിലുള്ള ലോകത്തിലേക്ക് ചടുലമായ ചുവടുകളോടെ മുന്നേറാനുള്ള  ഒരാവേശം. എട്ടും പെണ്ണുങ്ങളാണെങ്കിലും അവർക്കിടയിൽ ദൃഢമായ  ഒരാത്മബന്ധം സ്ഥാപിച്ചതിന്റെ സൂചന.വളരെ കാലമായി എന്നോട് പറയാൻ കാത്തുവെച്ചിരുന്ന എന്തോ പറയാനുള്ള വെമ്പൽ . അതുവരെ തഴയപ്പെട്ടതിന്റെ വേദന .

തുണിയെടുത്തു തുടയ്ക്കുമ്പോൾ , മാധവിക്കുട്ടിയെ പോലെ സുന്ദരിയായ ഒരു ആന തുമ്പി കൈനീട്ടിയെന്റെ തോളിൽത്തട്ടി. ഞാൻ പകച്ചു നോക്കുമ്പോൾ അവരെന്റെ കാതിൽ  സ്വകാര്യം പറഞ്ഞു. ഞങ്ങളീ എട്ടാനകൾ ഇവിടെ ഇങ്ങനെ പൊടിപിടിച്ചു കിടക്കേണ്ടവരല്ല. നീ ഇടിയ്ക്കിടെ ഞങ്ങളെ പൊടിതട്ടി വെക്കുക. വരുന്നവർക്കൊക്കെ ഞങ്ങൾ നെറ്റിപ്പട്ടവും,കൊമ്പുമില്ലാത്ത പെണ്ണാനകളാണ്എന്ന് ഒട്ടും സങ്കോചമില്ലാതെ പരിചയപ്പെടുത്തുക.കരിവീരന്മാരെയാണ് മോഹിച്ചതെങ്കിലും, അപ്രതീക്ഷിതമായി കിട്ടിയ എട്ടു പെണ്ണുങ്ങളെയും, അവർ അർഹിക്കുന്ന അന്തസോടും , അഭിജാത്യത്തോടും കൂടിയാണ് ഇവിടെ കുടിയിരുന്നതിയിരിക്കുന്നത് എന്ന് പറയുക.ഞങ്ങളെ കുറിച്ച് നല്ല കഥകൾ ഉണ്ടാക്കി മറ്റുള്ളവരുമായി പങ്കുവെക്കുക.

 

സത്യമായും ഞാൻ മുകളിൽ എഴുതിയത് മുഴുവൻ , മാധവിക്കുട്ടിയെ പോലെ സുന്ദരിയായ, ആന  പറഞ്ഞു തന്നതാണ്. എനിക്ക് ഇങ്ങനെയൊന്നും എഴുതാൻ കഴിയില്ല എന്ന് നിങ്ങൾക്കറിയാമല്ലൊ. ഇനിയും കഥകൾ കേൾക്കണമെങ്കിൽ നിങ്ങൾക്കു എൻ്റെ  വീട്ടിലേക്കു വരാം . ആയിരകണക്കിന് കഥകളുമായി എട്ടാനകൾ എന്റെ പുസ്തകങ്ങൾക്കു മുകളിൽ കാത്തിരിക്കുന്നു.

Wednesday, November 4, 2020

കനൽ ഒരുക്കുന്നത്

 കനൽ ഒരുക്കുന്നത് 


എന്നെ കെട്ടിയവൻ രാത്രിയെന്റെ 

ശരീരത്തെ ഭോഗിക്കുമ്പോൾ 

ഞാൻ കടൽത്തീരത്ത് , അവനെ 

കാത്തിരിക്കുകയാവും 

വേലിയെറിയുമിറങ്ങിയും  വക്കിടിഞ്ഞ 

മണലിറമ്പു പോലെ ഞാൻ കാത്തിരുന്നു 


എന്റെ കൈപിടിച്ച് കൊടുക്കാൻ, അവ -

നൊരു ആണാണെന്നു തെളിയിക്കാൻ 

കടലിൽ പോയൊരു വമ്പൻ സ്രാവിനെ 

പിടിക്കാനച്ഛൻ പറഞ്ഞുവിട്ടതാണവനെ 


കേട്ടപാതി കേൾക്കാത്തപാതി അവൻ 

വലയും  വള്ളവുമെടുത്തിറങ്ങി 

നീ ആണാണെന്നു തെളിയിക്കാൻ 

കടലിലേക്കല്ല,യെന്നിലേക്കാണ് ഇറങ്ങേണ്ടതെന്നു 

ഞാനവനോട് പറഞ്ഞില്ല 

പറഞ്ഞാലുമവൻ കേൾക്കില്ല 

ഇനി ചൂണ്ടയിൽ സ്രാവിനെ കൊളുത്തി 

പൗരുഷത്തിന്റെ കൊടികുത്തിയ 

വള്ളംതുഴഞ്ഞു വന്നതിനെയച്ഛന്റെ 

മുന്നിലേക്കെറിഞ്ഞു കൊടുത്താലെ 

അവനിലെ ആണുണരൂ 


അവൻപോയയുടനെ 

അച്ഛൻപറഞ്ഞെന്നെ കെട്ടിയവൻ 

ചൂണ്ടയിൽ കൊളുത്തിയെന്നെ വലിച്ചത് 

ഈ മണൽക്കരയിലൂടെയാണ് 

എന്നെ കെട്ടിയവന് കരയിൽ 

ചൂണ്ടയിട്ട് ഇരയെ പിടിക്കാനെയറിയൂ 

അയാളുടെ ഉയർന്ന കൊടിയെന്നുമിറങ്ങുന്നത് 

എന്റെ ശരീരത്തിലൊരിടത്താണ് 


എങ്കിലുമെന്നെങ്കിലും ഒരിക്കൽ 

വള്ളംനിറയെ  സ്രാവുമായവൻ 

വരുമ്പോൾ, കരയിൽ വഴികാട്ടാനാണ് 

ഞാനെന്നും കണ്ണിൽ തീയെരിച്ചിരിക്കുന്നത് 

ഇടയ്ക്കെനിക്ക് കൂട്ടായി നിലാവ് വരും 


എന്റെയീ യാത്രകളൊന്നുമെന്നെ 

ഭോഗിക്കുന്നവൻ അറിയാറില്ല,യെങ്കിലും 

പുലരിപിറക്കുമുമ്പേ ഞാൻതിരികെയെത്തി 

തുടവിടർത്തി കിടക്കുന്നവളിലേക്കു തിരിച്ചുകയറും 

അപ്പോളവളുണർന്ന് മുഖം കഴുകി 

അടുക്കളയിൽ ചെന്നടുപ്പു  കത്തിക്കും 


ഇതുവരെ പിടികൊടുക്കാത്ത 

സ്രാവുമായൊരിക്കലവൻ  വരുമ്പോൾ 

ഉപ്പും മുളകുമിട്ട് ചുട്ടെടുക്കാൻ 

ഈ തിണ്ണയിൽ ഇലയിട്ട് 

ജീവിതത്തിന്റെ രുചിയറിയാനാണ് 

ഞാനെന്നും അടുക്കളയിലാണെങ്കിലും 

ചാരത്തിൽ മൂടിയാണെങ്കിലും 

ഒരുപിടികനലെന്നുമീ 

ഹൃത്തിലൊളിച്ചു പിടിക്കുന്നത്