Monday, September 14, 2020

ഒരു ബിയറിന്റെ ചുറ്റുമിരുന്നു വീട് പണിയുന്ന നാലുപേർ

 

ഒരു ബിയറിന്റെ ചുറ്റുമിരുന്നു വീട് പണിയുന്ന നാലുപേർ

 

മാസാദ്യം, ശമ്പളം കിട്ടുന്ന ദിവസം ബാറിൽ പോയി ബിയർ കുടിക്കുന്ന ശീലം തുടങ്ങിയിട്ട് കുറച്ചു കാലമായി. ഞങ്ങൾ നാലുപേരാണ് പോവുക. എല്ലാ മാസവും ഒരേ ബാറിൽ. അത്ഭുതമെന്നു പറയട്ടെ ഒരിക്കലും ആളിൻറെയെണ്ണം  കുറയുകയോ പരിപാടിക്കു തടസ്സം  വരികയോ ഉണ്ടായിട്ടില്ല. എന്നാൽ, എല്ലാവരും മധ്യ വയസിലെത്തി നില്കുന്നത് കൊണ്ടാവാം, ബിയറിന്റെ എണ്ണത്തിന് കുറവ് വന്നിട്ടുണ്ട്. നാലുപേർ നാലു ബിയർ, ഏറിയാൽ അഞ്ചു. അതിനപ്പുറം പോവില്ല.

ആദ്യം രണ്ടു കുപ്പി വരും. നല്ല തണുത്ത ബിയർ ഗ്ലാസ്സിലൊഴിക്കുമ്പോൾ , ഒരു മാസമായി അടക്കിവെച്ചിരുന്ന ദേഷ്യവും, അസ്വസ്ഥതയും, കുശുമ്പും,കുന്നായ്മയും, പരദൂഷണവുമൊക്കെ , ഇപ്പോൾ തുളുമ്പുമെന്ന മട്ടിൽ പതഞ്ഞു വക്കിലേക്കുയർന്നു വരും. രണ്ടു കവിൾ   കുടിക്കുമ്പോൾ പതയിറങ്ങും . മനസ്സ്, സൗവർണ്ണ  നിറമോലുന്ന ബീയറുപോലെ സാന്ദ്രമാവും. രണ്ടിറക്കിന്റെ  ഊക്കിൽ മനസിലെ ആകുലതകളുടെ കെട്ടഴിച്ചു വിടുമ്പോൾ ശരീരം പോലെ മനസ്സും ശാന്തമാകും. അപ്പോൾ ഞങ്ങൾ സഹപ്രവർത്തകർ എന്ന വസ്ത്രമൂരിവെച്ചു  സൗഹൃദത്തിൻറെ  കുപ്പായമണിയും.

ബീയറിനോടൊപ്പം കൊറിക്കാൻ ബാറുകാരൻ ഫ്രീയായി തരുന്ന കടലമണികൾ പോലെ എവിടെ നിന്നോ പല ഓർമ്മകൾ മേശപ്പുറത്തെ പിഞ്ഞാണത്തിൽ വന്നു നിറയും. പൊള്ളുന്ന പൂഴിമണലിൽ വറുത്തു, അല്പം ഉപ്പും മുളകും ചേർത്തവ. അന്ന്, ഓർഡർ ചെയ്യാതെ തന്നെ , വിളമ്പിയ വിഷയം വീടിനെ കുറിച്ചായിരുന്നു.

തോമസാണ് വിഷയം എടുത്തിട്ടത് . അവന്റെ ഗ്ലാസ് കാലിയായിരുന്നു. അവനെന്നും, എല്ലാറ്റിനും ഞങ്ങളെക്കാൾ  ഒന്ന് രണ്ടു  പടി മുന്നിലാവും. അത് കൊണ്ട് തന്നെ  ഞങ്ങൾക്കിടയിൽ അവനാണ് ആദ്യം വീട് കെട്ടിയതു.

" വീടാകെ പഴകിയിരിക്കുന്നു " അവൻ പരിഭവം പറഞ്ഞു. " എത്ര പെയിന്റടിച്ചിട്ടും  ചുവരുകൾക്കു തെളിച്ചം വരുന്നില്ല. മുറിയുടെ മൂലകളിൽ മാറാല നിറയുന്നു. വീടിനു വലിപ്പം പോരെന്ന തോന്നൽ."

 

കെട്ടിയപ്പോൾ സാമാന്യം വലിപ്പമുള്ള വീടുതന്നെയായിരുന്നു. ഇത്ര ചെറുപ്പത്തിൽ തന്നെ  ഇത്ര വലിയ വീടുവെച്ചതിൽ ഞങ്ങളവനെ അഭിനന്ദിച്ചിരുന്നു . ഇപ്പോഴും വീടിന്റെ വലിപ്പമൊന്നും കുറഞ്ഞിട്ടില്ല. ചുറ്റും കൂറ്റൻ വീടുകൾ വന്നപ്പോൾ ഇത് ചെറുതായതു പോലെ തോന്നുന്നു എന്ന് മാത്രം.

ഒരു മുറി കൂടി വേണം. ആരെങ്കിലുമൊരാൾ പുറമെ നിന്ന് വന്നാൽ മുറിയൊഴിഞ്ഞു കൊടുക്കേണ്ടി വരുന്നു.ഒരു മുറി കൂടി പണിതാൽ ഏച്ചു കൂട്ടിയതു  പോലെയുണ്ടാവുമെന്നാണ് എഞ്ചിനീയർ പറയുന്നത്. ഒരിടത്തു തൊട്ടാൽ വീട് മുഴുവൻ മാറ്റി പണിയേണ്ടി വരും. ഉള്ളതിനെ മിനുക്കാമെന്നു വെച്ചാൽ , എത്ര മേയ്ക്കപ്പിട്ടാലും തൂർക്കാനാവാത്ത  വിധം ചുളിവുകൾ വീണു കഴിഞ്ഞു എന്നാണ് അയാൾ പറയുന്നത്. മുഴുവൻ മാറ്റാനുള്ള സാമ്പത്തിക സ്ഥിതിയുമില്ല."

കേൾക്കുമ്പോൾ വളരെ നിസാരമെന്നു തോന്നുമെങ്കിലും പലരെയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണിത് . ജീവിതത്തിന്റെ ഏതോ ഒരു പടവിൽ വെച്ച്, മനസ്സും ശരീരവും പോലെ, നമ്മുടെ വീടും പഴകി തുടങ്ങിയിരിക്കുന്നുയെന്ന് നാം തിരിച്ചറിയുന്നു. ചെറിയ അറ്റകുറ്റ പണികൾ കൊണ്ടൊന്നും ശരിയാക്കാൻ കഴിയാത്ത വിധം അത് ദ്രവിച്ചു തുടങ്ങുന്നു.എല്ലാം പൊളിച്ചു പുതിയതൊന്ന് കെട്ടിപ്പടുക്കുക എളുപ്പമല്ല.അല്പം മോടി  പിടിപ്പിക്കാമെന്നു കരുതിയാൽ പുതിയ കാലത്തിന്റെ നിറങ്ങളും രുചികളുമൊന്നും ജീർണിച്ച തുടങ്ങിയ ഉള്ളറകളുമായി യോചിച്ചു പോവില്ല.

" പത്തു മുപ്പതു ലക്ഷമെങ്കിലും  വേണ്ടിവരുമെന്നാണ് എഞ്ചിനീയർ പറയുന്നത്. അത് താങ്ങാനുള്ള പാങ്ങില്ല .ഒരു കാലത്തു ആവേശത്തോടെ ഓടി ചെന്നിരുന്ന വീട്ടിലേക്കു കയറിച്ചെല്ലാൻ പഴയ ആവേശമില്ല." തോമസ് പറഞ്ഞു നിർത്തി

അവനൊപ്പമെത്താൻ ഞങ്ങൾ അടുത്ത റൗണ്ട്  ബിയറൊഴിച്ചെങ്കിലും ചിതലരിച്ച, നിറം മങ്ങിയ മുറികൾ പോലെ ചുരുങ്ങിപ്പോയ  തോമസിന്റെ മനസിലേക്ക് അനായാസം കടന്നു ചെല്ലാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.

വിടരണോ അതോ  കൊഴിയണോ എന്നറിയാത്ത ഒരു പൂമൊട്ടിന്റെ സ്നിഗ്ദ്ധത പോലെ അവന്റെ വീട് മനസ്സിലൊരു അസ്വസ്ഥതയായി നിറഞ്ഞു.

ഞങ്ങൾക്കിടയിൽ ഘനീഭവിച്ചു നിന്ന നിശ്ശബ്ദതയിലേക്കു ബിയർ മഗ്ഗ് ഊക്കോടെ വെച്ച് കുര്യൻ പറഞ്ഞു:

" നിശബ്ദതയാണ് എന്റെ പ്രശ്നം.എന്റെ വീട് പുതിയതാണ്. മുറികളെലാം വലുതാണ് . വീടാകെ മനോഹരമായി അലങ്കരിച്ചതാണ്. അതിൽ ആവശ്യമില്ലാത്തയൊന്നുമില്ല. ഒന്നുമെടുത്തു മാറ്റാനുമില്ല. പക്ഷെ അവിടെ, തോമസിന്റെ വീട്ടിലെ പോലെ ഭാര്യയും, കുട്ടിയും, അമ്മയുമൊന്നു ഇല്ല.

 ഞാൻ ഒറ്റക്കാണ് .വീട്ടിലെപ്പോഴും എന്നെ കാത്തിരിക്കുന്നത് കനത്ത നിശബ്ദതയാണ്. കാരണം മറ്റൊന്നാണെങ്കിലും , തോമസിനെ പോലെ എനിക്കും വീട്ടിലേക്കു ഓടിച്ചെല്ലാൻ  തോന്നാറില്ല." കുര്യൻ അതുപറഞ്ഞപ്പോൾ  അവന്റെ കണ്ണുകൾ ഈറനണിഞ്ഞോ, തൊണ്ടയിടറിയോ എന്നൊരു സംശയം. തണുത്ത ബിയർ മഗ്ഗിന്റെ  വക്കിൽ നിന്നും ഒരു നീർതുള്ളി ചാലായൊഴുകി മേശയിൽ വിരിച്ചിരുന്ന വെളുത്ത വിരിയിൽ പടർന്നു,

കുര്യന്റെ ഭാര്യ കാനഡയിലാണ് . നേഴ്സ് ആണ്  ഭരിച്ച ശമ്പളം വാങ്ങുന്നുണ്ട് .അവർക്കു കുട്ടികളൊന്നുമില്ല. കാനഡയിലേക്കു ചേക്കേറാൻ കുര്യൻ ഒന്ന് രണ്ടു തവണ ശ്രമിച്ചതാണ്. ഒന്നും ശരിയായില്ല. ഭാര്യ തിരികെ വരാമെന്നു കരുതിയാൽ അത്ര വലിയ ശമ്പളം ഉപേക്ഷിക്കാനും മടി.

" രാത്രി വീടിന്റെ ഒരു മൂലയിൽ കിടക്കുമ്പോൾ ഞാൻ ഓർക്കും  ആർക്കു വേണ്ടിയാണ് ഇത്ര വലിയ ഒരു വീട്? രണ്ടുപേർക്കുമിടയിലേക്കു ഇനിയൊരാൾ വരുമെന്ന പ്രതീക്ഷയൊക്കെ പോയി.  ചെയ്യാത്ത ചികിത്സയോ ,കഴിക്കാത്ത മരുന്നോ  ഇല്ല. അത് കൊണ്ട് അവൾ  ലീവിൽ വരുമ്പോൾ പോലും വലിയ ആവേശമൊന്നും ഇല്ല്യാതായി. ഇണചേരുന്നത് പോലും ശരീരങ്ങളുടെ ഉഷ്ണം ശമിപ്പിക്കാൻ മാത്രമാകുമ്പോൾ വേഗം മടുക്കും. അതുകൊണ്ടാവണം തിരിച്ചു വരാൻ   അവൾക്കു തിരക്കിലാത്തത് . ഞാനും നിർബന്ധിക്കാത്തത്. 

 

ഞങ്ങളിടയ്ക്കു കുര്യന്റെ വീട്ടിൽ ഒത്തുച്ചേരാറുണ്ട് ." അങ്ങിനെയെങ്ങിലും  വീട്ടിനകത്തു ഒരനക്കമുണ്ടാവട്ടെ " അവൻ പറയും.

" തോമസ്സേ  നീ ഭാര്യയും, കുട്ടികളുമൊക്കെയായി എന്റെ വീട്ടിൽ വന്നു നിന്നോ. ഞാൻ നിന്റെ വീട്ടിലേക്കു മാറാം . എനിക്ക് ഒറ്റയ്ക്ക് വീട് ധാരാളം മതി. " കുര്യന്റെ വിചിത്രമായ തമാശയിൽ ഞങ്ങളൊക്കെ പങ്കുചേർന്നു.

 എങ്കിലും അത് ജീവിതം എന്ന മഹാത്ഭുതത്തിന്റെ കൊഞ്ഞനം കുത്തലായെനിക്ക് തോന്നി . ജീവിതത്തിന്റെ ഗണിത ശാസ്ത്രമൊരുക്കുന്ന പ്രഹേളിക.

" ബിയറടിക്കുന്ന ദിവസങ്ങളിൽ അല്ലലില്ലാതെ ഉറങ്ങാം ",കുര്യൻ അത്  പറഞ്ഞു ഗ്ലാസ് കാലിയാക്കിയപ്പോൾ , തണുത്ത ബിയർ അകത്തു ചെന്നിട്ടും എല്ലാവരുടെയും മനസ്സ് ഉൾത്താപത്തിൽ വെന്തെരിഞ്ഞു.

" എനിക്ക് വേണ്ടത് സ്വകാര്യതയാണ്"... പതിവില്ലാതെ രണ്ടു ബിയറിന് കൂടി ഓർഡർ കൊടുത്തു സുനിൽ സംഭാഷണത്തിലേക്കു കടന്നു വന്നു,

സ്വകാര്യത കൊണ്ട് അവനുദ്ദേശിക്കുന്നത് എന്താണെന്നു എല്ലാവർക്കുമറിയാം . അവനു കുട്ടികൾ നാലാണ് . ബീന കട്ടായം പറഞ്ഞിരുന്നില്ലെങ്കിൽ അത് ഇനിയും കൂടുമായിരുന്നു.

ജീവിതം ആസ്വദിക്കാനുള്ളതാണ് എന്നാണ് അവന്റെ ഫിലോസഫി." പൗരുഷമറിഞ്ഞു കഴിഞ്ഞാൽ ഉടനെ ഇണയെ തിരയാൻ തുടങ്ങണം. ചേലോലക്കു എളുപ്പം ശരിയാവും ചേലോലക്കു ശരിയാവൂല എപ്പോഴാണ് ജന്മത്തിലെ കൂട്ടിനെ കണ്ടുമുട്ടുകയെന്നു പറയാൻ കഴിയില്ല. അതിനിടയിൽ പലതും സംഭവിക്കാം. പ്രേമം, നൈരാശ്യം, അപ്രതീക്ഷിതമായ അവസരങ്ങൾ, അങ്ങിനെ പലതും. അതൊക്കെ ആസ്വദിക്കണം.

അല്ലാതെ പെണ്ണുകണ്ടു , കല്യാണം കഴിക്കുന്ന വരെ കാത്തിരുന്ന് സമയം പാഴാക്കി  കളയരുത്. ഒരു പ്രായമാകുമ്പോൾ ഗോപികമാരൊക്കെ പിരിഞ്ഞു പോയി രുക്മിണി വരും. പൂർവാശ്രമത്തിലെ  ആനന്ദം മറ്റൊരു തരത്തിലാണ്. ആദ്യത്തെ പുതുമ കഴിഞ്ഞാൽ പിന്നെയത് ഉത്പാദനത്തിനുള്ള പരിശ്രമമാകും. കാലം തികച്ചും വിരസമാണ്. ശരിക്കും ആസ്വദിക്കാൻ കഴിയില്ല. പല പുതിയ ചട്ടക്കൂടുകളും ഉണ്ടാവും. കുടുംബത്തിലെ പുതിയ അംഗങ്ങൾ കൂടുതൽ ശ്രദ്ധ ആവശ്യപ്പെടും. അപ്പോൾ ഒന്നിനും വലിയ ഉത്സാഹം കാണില്ല. കുട്ടികളൊക്കെ ഒന്ന് വളർന്നു കഴിഞ്ഞാൽ വീണ്ടും വസന്തകാലം വരവായി. പഴയ ഊർജ്ജവും പ്രസരിപ്പുമൊന്നുമില്ലെങ്കിലും ശരീരത്തിനൊരു പുതിയ താളവും ലയവുമൊക്കെ കൈവരും. ഇപ്പോഴും ഇണചേരണം എന്നൊന്നുമില്ല. ഒരു കെട്ടിപ്പിടുത്തം, കഴയ്ക്കുന്ന കാൽവണ്ണയിൽ സ്നേഹത്തോടെ ഒരു തടവൽ, നെഞ്ചിൽ തലവെച്ചു ഭാരമിറക്കൽ .... അങ്ങിനെ തീർത്തും സ്വകാര്യമായ കുറെ നിമിഷങ്ങൾ. അതൊന്നും നടക്കുന്നില്ല. വീട്ടിൽ നിറയെ ആളുകൾ. ഒന്ന് മിണ്ടിപ്പറയാൻ പോലും കഴിയാതെ ഞങ്ങൾ രണ്ടു ധ്രുവങ്ങളിൽ ആകുന്നു. ഒരു കല്യാണത്തിനോ മറ്റോ പോകുമ്പോൾ അവൾ അണിഞ്ഞൊരുങ്ങുന്നത് പോലും കാണാൻ  കഴിയാത്ത വിധം സ്വകാര്യത നഷ്ടമായിരിക്കുന്നു. അപൂർവമായി കിട്ടുന്ന നിമിഷങ്ങളിൽ നടത്തുന്ന ഒളിച്ചുകളിയിലേക്കു ജീവിതം ചുരുങ്ങിപോയതു പോലെ. ഒറ്റയ്ക്കു ഉറങ്ങുന്ന രാത്രികളിൽ ഞെട്ടിയുണരുമ്പോൾ മുറിയിലാകെ ചൂഴ്ന്നു നിൽക്കുന്ന മടുപ്പും, വിരസതയും , ഉണർന്നുകഴിയുമ്പോളും ദിവസമാകെ പിന്തുടരുന്നു..ബാക്കിയുള്ള ബിയർ വലിച്ചുകുടിച്ചു. ശൂന്യമായ മഗ്ഗിലേക്കു നോക്കി അവൻ നെടുവീർപ്പിട്ടു.

ഒന്നോർത്താൽ ജീവിതതിന്റെ ഏതോ ഒരിടത്തിൽവെച്ചു നമ്മുടെ ആഘോഷങ്ങളും , ആസ്വാദനവുമൊക്കെ  ചുരുങ്ങി  ചുരുങ്ങി ഏതാനും ചില സ്വകാര്യ നിമിഷങ്ങളിലേക്കു ഒതുങ്ങുന്നു .പുറമേയ്ക്ക് എത്ര ആടിത്തിമർത്താലും നമ്മൾ ഒടുവിലാ സ്വകാര്യ നിമിഷങ്ങളിലേക്കു  തിരിച്ചു വരൻ ആഗ്രഹിക്കുന്നു. അത്തരം നിമിഷങ്ങൾക്ക്  അഭയമൊരുക്കുന്ന ഒരു കൊച്ചു തുരുത്താകുന്നു വീട്. നിമിഷങ്ങൾ നഷ്ടമാകുമ്പോൾ വീടിനു അർത്ഥമില്ലാതാകുന്നു .

ജീവിതത്തിന്റെ എല്ലാ ആർഭാടങ്ങളെയും  ആസ്വദിക്കണമെന്നു ആഗ്രഹിക്കുന്ന സുനിലുപോലും  അപൂർവമായി വീണു കിട്ടുന്ന സ്വകാര്യ നിമിഷങ്ങൾക്ക് വേണ്ടിയാണ് കൊതിക്കുന്നത്. ആഘോഷമോ, ആർഭാടമോ ഇല്ലാത്ത പച്ചയായ  കുറച്ചു നിമിഷം.

 

 

നീയെന്താ ഒന്നും മിണ്ടാതിരിക്കുന്നത്. ഇതെല്ലാം  കേട്ട് വല്ല കഥയെഴുതാനുമുള്ള പരിപാടിയിലാണോ ? മൂന്നുപേരും ഒരുമിച്ചാണ് ചോദിച്ചത്.

 

എനിക്ക് പറയാനൊരു വീടില്ല. അപ്പോൾ ഞാൻ എന്തിനെ കുറിച്ച് പറയും?

എന്റെ പഴയ വീട്ടിലിരുന്നാണ് ഞങ്ങൾ ആദ്യമായി ബിയർ കുടിക്കാൻ തുടങ്ങിയത് എന്നാണ് സത്യം. അച്ഛനുമമ്മയും  വീട്ടിലില്ലാത്തപ്പോഴാണ് പരിപാടി. പിന്നീട് അവർ മരിച്ചു കുറെ കഴിഞ്ഞപ്പോൾ ചില സാഹചര്യങ്ങൾ കൊണ്ട് വീട് വിൽക്കേണ്ടി വന്നു. അതിൽ നിന്നും കിട്ടിയ പണം കൊണ്ട് നഗരത്തിനു വെളിയിൽ അല്പം സ്ഥലം വാങ്ങിയിട്ടിട്ടുണ്ട് . എന്നെങ്കിലുമൊരിക്കൽ വീട് വെക്കാമെന്ന പ്രതീക്ഷയിലാണ് വാങ്ങിയത്. പക്ഷെ അതുണ്ടായില്ല. ജീവിതത്തിന്റെ ഒരുപാട് അലച്ചിലുകൾ. പല യാത്രകൾ. ഒരു യാത്രയിലും, തിരിച്ചുവരുമ്പോൾ കൂടൊരുക്കാനുള്ള നാരും , ചുള്ളിക്കൊമ്പും , ചകിരിയുമൊക്കെ കൊത്തികൊണ്ടുവരാമെന്നു തോന്നിയില്ല. വീട് ഒരു സ്വപ്നമെയായിരുന്നില്ല. ഇവരുടെയൊക്കെ വീടുകളെയോർത്തു ഞാൻ അത്ഭുതപെടാറുണ്ട് . സ്വന്തം വീടെന്നു സങ്കല്പിക്കാൻ പോലും കഴിയുന്നതിനു മുമ്പ് വീട് വെച്ച തോമസ്. ആഗ്രഹത്തിനനുസരിച്ചു വലിയ മാളിക തന്നെ  പണിത കുര്യൻ. ഇണയെ പോലെ തന്നെ , ദീർഘവും, സൂക്ഷ്മവുമായ തിരച്ചിലിലൂടെ വീട് കണ്ടെത്തിയ സുനിൽ.

ഇന്ന് മൂന്നുപേർക്കും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വീട് അസ്വസ്ഥതയാവുന്നു. തോമസ്, പഴകിയ, ഇടുങ്ങിയ മുറികൾക്കുള്ളിൽ     കുരുങ്ങി കിടക്കുന്നു. വീടിൻറെ  ധാരാളിത്തവും, മുറികളുടെ ശൂന്യതയും കുര്യനെ അസ്വസ്ഥനാക്കുന്നു . വലിയ വീട്ടിനുള്ളിൽ   സ്വന്തമായൊരിടമില്ലാതെ സുനിൽ വ്യാകുലനാകുന്നു.

പറമ്പിൽ കുറച്ചു വാഴയും തെങ്ങുമുണ്ട് . പണ്ടെങ്ങാനോ നട്ട മാവും, പ്ലാവും വളർന്നു വലുതായി തണൽ വിരിച്ചു നില്കുന്നു. അതിനിടയിലൊരു വീട് സങ്കല്പത്തിൽ വന്നിട്ടില്ല. വാടക മുറികളിലെ  താമസമൊരു ശീലമായിരിക്കുന്നു. കവിപറഞ്ഞതു പോലെ, ഭൂമിയിൽ നാമൊക്കെ വാടകക്കാരാണല്ലോ ? അതാണ് ഒരുതരത്തിൽ നല്ലതു. എന്തായാലും, സ്വന്തമെന്നു കരുതുന്നതെല്ലാം ഒരിക്കൽ ഒഴിഞ്ഞു കൊടുക്കണം.

 എത്ര വിചിത്രമാണ് ജീവിതം. ഒരാൾക്ക് വീടിൻറെ ഇടുക്കമാണ്   പ്രശ്നം. മറ്റേയാൾക്കു വീടിന്റെ വലിപ്പവും. മൂന്നാമത്തെയാൾക്കു വീട്ടിൽ നഷ്ടപെടുന്ന സ്വകാര്യതയാണ് വിഷയം.

ഇതിനിടയിൽ വീടില്ലാത്ത എന്നെ എവിടെ ചേർത്തും.

പണിതീരാത്ത കെട്ടിടത്തിന്റെ പകുതിയുയർത്തിയ തൂണുകൾ പോലെ നിൽക്കുന്ന ആറു  ബിയർ കുപ്പികൾ നോക്കി ഞാൻ പറഞ്ഞു," എല്ലാവര്ക്കും സമ്മതമാണെങ്കിൽ ഒരൊഴിവ് ദിവസം പറമ്പിൽ ചെന്ന്, മാവിന്റെ തണലിലിരുന്നു ബിയർ  അടിക്കാം , ആശയത്തിന്റെ പുതുമയിൽ എല്ലാവരുടെയും മനസുണർന്നു, കണ്ണുകൾ തിളങ്ങി.

വീടിന്റെ അസ്വസ്ഥമാക്കുന്ന ചിന്തകളിൽ നിന്നും പ്രകൃതിയുടെ തുറസിലേക്കു എല്ലാവരുമിറങ്ങി . ബില്ല് പേ ചെയ്തു

ഞങ്ങളുടെ ഒത്തുചേരലിന്, വീടില്ലാത്ത എന്റെ പറമ്പിലെ ഒരു മാവിൻ തണൽ കാത്തിരുന്നു .

 

 

Wednesday, August 19, 2020

എൺപതിലും വാടാത്ത പ്രണയം

 

എൺപതിലും വാടാത്ത പ്രണയം

കുറച്ചു ദിവസം മുമ്പ്, 'അമ്മ തങ്കമണിയുടെ നമ്പറൊന്ന് വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു .തങ്കമണി അമ്മയുടെ പെങ്ങളാണ്, എന്റെ ചെറിയമ്മയാണ് എന്നറിയുമ്പോൾ ,അതിൽ എന്താണ് അസ്വാഭാവികത എന്ന് നിങ്ങൾക്കു തോന്നാം.എന്നാൽ അമ്മക്ക് ഫോൺ ഇല്ലെന്നും , ഇനിയുണ്ടെങ്കിൽ തന്നെ  അത് വിളിക്കാൻ അറിയില്ലെന്നും പറയുമ്പോൾ എന്റെ ആശ്ചര്യത്തിന്റെ    കാരണം നിങ്ങൾക്കും മനസ്സിലാവും. .

എന്തോ ഓർമ്മക്കുറവിൽ ചോദിച്ചതാവും എന്ന് കരുതിയ എനിക്ക്    തെറ്റി. ഒന്ന് രണ്ടു തവണ 'അമ്മ  ഓര്മിപ്പിച്ചപ്പോൾ  ഞാനൊരു കടലാസ്സിൽ നമ്പർ കുറിച്ച് കൊടുത്തു. 'അമ്മ കുറച്ചു നേരം നമ്പറിലേക്ക് നോക്കിയിരുന്നു.  പിന്നെ എന്തോ  ഓർത്തിട്ടെന്ന പോലെ അതും കൊണ്ട് അകത്തേക്കു പോയി.

പത്തക്കം അമർത്തിയാൽ , അല്ലെങ്കിൽ മൂന്ന് നാല് മണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന ദൂരമേ അനുജത്തിയുമായിട്ടുള്ളൂ . പക്ഷെ അത് ചെയ്യണമെങ്കിൽ അമ്മയ്ക്കു എന്റെ സഹായം വേണം.

നമ്പറിന്റെ പിന്നിൽ എന്നോട് പറയാൻ മടിക്കുന്ന എന്തോ ഒന്നുണ്ടെന്നു എന്റെ മനസ്സു പറഞ്ഞു.ഞാനറിയാതെ , അമ്മെയ്ക്കു എന്താണ് ചെറിയമ്മയോടു പറയാനുള്ളത്?

മോളാണ് പറഞ്ഞത്, ഈയിടെയായി അച്ഛമ്മയ്ക്കു എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട്. അധികം സംസാരിക്കാറില്ല. പലപ്പോഴും വലിയ ആലോചനയിലാണ്. ചിലപ്പോഴൊക്കെ അച്ഛൻ എഴുതി കൊടുത്ത നമ്പറും പിടിച്ചിരിക്കുന്നത് കാണാം . പതുക്കെ പതുക്കെ പത്തക്കം  വീട്ടിനുള്ളിൽ നിഗൂഢതയുടെ വല നെയ്തു.

വൈകുന്നേരത്തെ സൗഹൃദ കൂട്ടത്തിൽ മറ്റുള്ളവരുമായി ഇത് പങ്കു വെച്ചപ്പോൾ , കവിയും ചിന്തകനുമായ സതീഷ് പറഞ്ഞു:പ്രായമാകുമ്പോൾ നമ്മൾ തിരികെ നടക്കാൻ തുടങ്ങും . ജീവിതത്തിന്റെ ഒരു ബിന്ദുവിൽ മുന്നോട്ടുള്ള യാത്രയുടെ പ്രസക്തി നഷ്ടപ്പെടും . നില്കുന്നിടത്തു നിൽക്കാനും വയ്യാതാവും. അപ്പോളവർ പിന്നിലേക്ക് നടക്കാൻ തുടങ്ങും. നമ്പർ അത്തരമൊരു മടക്കയാത്രയുടെ സൂചനയാണ്. അക്കങ്ങളില്ലെവിടെയോ പഴയ കാലത്തിന്റെ ഒരു രഹസ്യം ചൂഴ്ന്നു നിൽക്കുന്നുണ്ട്. 'അമ്മ, പതുക്കെ  അതിലേക്കു തിരിച്ചു നടക്കാൻ ശ്രെമിക്കുകയാണ് . അല്ലെങ്കിൽ വർഷങ്ങളായി കുരുങ്ങി കിടക്കുന്ന എന്തോ ഒരു കുരുക്ക്  അഴിക്കാൻ ശ്രമിക്കുകയാണ്.

എല്ലാവരും കേട്ടിരുന്നെങ്കിലും ആരും ഒന്നും പറഞ്ഞില്ല. 'അമ്മ അഴിക്കാൻ ശ്രമിക്കുന്ന കുരുക്ക്  എന്താണ്  എന്നറിയാനുള്ള  ആകാംക്ഷ എല്ലാവരിലേക്കും പടർന്നു.

'അമ്മ കൂടുതൽ മൗനിയായി എന്നത് ശരിയാണ്. അത് കൂടാതെ എല്ലാറ്റിനോടും വല്ലാത്തൊരു അമർഷവും, അപ്രിയവും.

എന്ത് പറഞ്ഞാലും പഴയ കാര്യങ്ങൾ എടുത്തിടാൻ തുടങ്ങി. നാട്ടിലെ ഇഡ്ഡലിയുടെ സ്വാദ് , ചുറ്റുമുള്ള  പച്ചപ്പ്‌, പുഴയിലെ കുളി , മഴക്കാലത്തു സ്കൂളിലേക്കുള്ള നടത്തം, വീട്ടുകാരും, അയൽക്കാരും ചേർന്നുള്ള കളികൾ , അമ്പലത്തിലെ ഉത്സവം , ചങ്ങമ്പുഴയുടെ  കവിതകൾ...അങ്ങിനെ ഗൃഹാതുരമായ കുറെ ഓർമ്മകൾ അമ്മയെ പതുക്കെ   പൊതിയാൻ തുടങ്ങി.

അച്ഛന്റെ മരണം അമ്മയെ അധികമൊന്നും ഉലച്ചതായി എനിക്ക് തോന്നിയിട്ടില്ല. അവർക്കിടയിൽ സാധാരണമായ ഒരു ഭാര്യ ഭർതൃ ബന്ധമല്ലാതെ അതിൽ കൂടുതൽ ആഴമുള്ളതായി എനിക്ക് അനുഭവപെട്ടിട്ടില്ല. അത് കൊണ്ട് തന്നെ  അച്ഛന്റെ മരണത്തെ മറ്റൊരു സ്വാഭാവികതയായേ 'അമ്മ കണ്ടിട്ടുള്ളു. പേരക്കുട്ടികളുടെ വളർച്ചയിലേക്കും , അവരുടെ കൗതുകങ്ങളിലേക്കും , ജീവിതത്തിന്റെ പുതിയ രസക്കൂട്ടിലേക്കും 'അമ്മ അനായാസം ഇറങ്ങി ചെന്നു. ഒന്നോർത്താൽ അമ്മയുടെ ഉള്ളെന്താണ് എന്ന് എനിക്കറിയില്ല. അച്ഛന്റെ മുന്നിൽ ഭാര്യയായും, ഞങ്ങൾക്കമ്മയായും , സ്കൂളിലും നാട്ടിലും ടീച്ചറായുമുള്ള  അമ്മയുടെ ബാഹ്യ പരിസരം മാത്രമേ എനിക്കറിയുള്ളു. അതിനപ്പുറത്തേക്കു കടന്നു ചെല്ലാൻ ഞാൻ ശ്രമിച്ചിട്ടില്ല. 'അമ്മ അനുവദിച്ചിട്ടുമില്ല.

'അമ്മ എന്തിനെക്കുറിച്ചെങ്കിലും ചിന്തിച്ചു വേവലാതി  പെട്ടിട്ടു ഞാൻ കണ്ടിട്ടില്ല. എല്ലാ ഒന്നാം തീയ്യതിയും പെൻഷൻ വാങ്ങണം, മാസത്തിൽ രണ്ടു ദിവസമെങ്കിലും ഹോട്ടലിൽ നിന്നും പൊറോട്ട വാങ്ങണം എന്നതുമൊഴിച്ചാൽ അമ്മയ്ക്ക് വേറെ നിർബന്ധങ്ങൾ ഒന്നുമില്ല . ജീവിതത്തെ കുറിച്ച് വലിയ പ്രതീക്ഷകളും , സ്വപ്നങ്ങളും അമ്മയ്ക്കുണ്ടായിരുന്നതായി തോന്നിയിട്ടില്ല. അങ്ങിനെയുള്ള അമ്മയാണ് ഒരു ഫോൺ നമ്പറും കൈയിൽ വെച്ച്, വലിയ ആലോചനയിൽ മുഴുകി ഇരിക്കുന്നത്.

" ഇന്നലെ അച്ഛമ്മ ഒരു പൊറോട്ടയെ കഴിച്ചിട്ടുള്ളൂ " അമ്മയുടെ ഉൾവലിയലിന്റെ , ആലോചനയുടെ തീവ്രത ചൂണ്ടിക്കാട്ടാൻ മകൾ പറഞ്ഞു.

പ്രിയപ്പെട്ട പൊറോട്ടയോടു കൂടി വിമുഖത കാണിക്കാൻ മാത്രമെന്താണ് അച്ഛമ്മയെ അലട്ടുന്നത് എന്ന് അവൾ അത്ഭുതപ്പെടുന്നുണ്ടാവും .അച്ഛമ്മയുടെ ഇപ്പോഴത്തെ മനസികാവസ്ഥയിലേക്കെത്താൻ  അനേകം വർഷങ്ങൾ വേണമെന്ന് അവളറിയാൻ ഇരിക്കുന്നതേയുള്ളു .

രണ്ടു മൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചെറിയമ്മയോടു സംസാരിക്കണോ എന്ന് ഞാൻ അമ്മയോട് ചോദിച്ചു .ഒരല്പം ആലോചിച്ചു, നിഗൂഢതയുടെ ആഴം കൂട്ടികൊണ്ടമ്മ  പറഞ്ഞു ," ഇപ്പോൾ ആയിട്ടില്ല". പാകപ്പെട്ടു  വരാൻ  വേണ്ടി എന്തൊയൊന്നു 'അമ്മ മനസ്സിൽ ഒളിച്ചു വെച്ചിട്ടുണ്ട്. ഓർമകളുടെ ചില്ലിക്കൊമ്പുകൾ കൂട്ടി  വെച്ച കൂട്ടിൽ ഏതോ ഗതകാല സ്‌മൃതികളുടെ  മുകളിൽ ഒരു തള്ള പക്ഷിയെ പോലെ  'അമ്മ അടയിരിക്കുകയാണ്. ഇനിയും മായാത്ത സ്വപ്നങ്ങളുടെ ചൂടേറ്റവ വിരിയുന്നതും കാത്തിരിക്കുകയെ വഴിയുള്ളു.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ 'അമ്മ, ചെറിയമ്മയോടു സംസാരിക്കണം എന്ന് പറഞ്ഞു. ചെയ്യാൻ പോകുന്ന വലിയ പ്രയത്നത്തിന് മനസും ശരീരവും ഒരുങ്ങി കഴിഞ്ഞിരുന്നു. സിനിമയുടെ ക്ലൈമാക്സ് രംഗമെത്തുന്ന സന്തോഷത്തോടെ ഞങ്ങൾ   ഉത്സുകരായി . മോളാണ് വേഗം ഡയല് ചെയ്തു കൊടുത്തതു . ലൈൻ കിട്ടിയപ്പോൾ 'അമ്മ പതിവില്ലാതെ അകത്തെ മുറിയിലേക്കു പോയി. സാധാരണ എല്ലാവരുടെയും മുന്നിൽ വെച്ച് സംസാരിക്കുന്നയാൾ എന്തിനാണ് മുറിയുടെ സ്വകാര്യതയിൽ അഭയം തേടുന്നത്?

മകൾ,  മാറാല   തട്ടാൻ എന്ന ഭാവത്തിൽ ഒരു ചൂലുമായി വാതിലിന്റെ  അടുത്ത് ചുറ്റിപറ്റി നിന്നു . ഞാൻ, തലേന്നത്തെ കാറ്റിൽ വേരിളകിയ വേപ്പുമരത്തിനെ കെട്ടാൻ എന്ന വ്യാജേന ജനലിനരികിൽ നിന്നു ചെവി വട്ടം പിടിച്ചു.

തുടക്കത്തിൽ സാധാരണ പോലെ ഉറക്കെയായിരുന്നു സംസാരം. എല്ലാം പൊതുവായ  കാര്യങ്ങളെ കുറിച്ച്.  ഇടയ്ക്കു "നമ്മുടെ കണ്ണൻ ഇപ്പോൾ എവിടെയാ" എന്ന് ചോദിക്കുന്നത് കേട്ടു .ചെറിയമ്മയുടെ മകൻ കണ്ണൻ അമേരിക്കയിലാണെന്നു എല്ലാവർക്കും  അറിയുന്ന കാര്യമാണ്. പിന്നെ എന്താ 'അമ്മ അതു ചോദിക്കാൻ? ചെറിയമ്മ എന്തോ ഉത്തരം പറഞ്ഞു. പിന്നെ ശബ്‍ദം പതുക്കെയാക്കി 'അമ്മ പറഞ്ഞു തുടങ്ങി," അതെല്ലടി , നമ്മുടെ..."

 ഒരു  കാക്ക മുകളിലൂടെ കരഞ്ഞു  പറന്നത് കൊണ്ട് അമ്മ പറഞ്ഞത് ഞാൻ കേട്ടില്ല. ഞാൻ വേഗം അകത്തേക്കു   നടന്നു . മകൾ വാതിൽക്കൽ ചെവിയമർത്തി നിൽക്കുന്നുണ്ട് . അവളും കേട്ടില്ലായെന്നു മുഖഭാവത്തിൽ നിന്നും മനസ്സിലായി. അത്രയ്ക്ക് പതുക്കെയാണ് അമ്മ സംസാരിച്ചത് .

പെട്ടന്നാണ് അകത്തു നിന്നും കരച്ചിൽ കേട്ടത്. അകത്തേക്കു ചെന്നപ്പോൾ " എന്നോടാരും പറഞ്ഞില്ല. ഒന്ന് അറിയിക്കുകയെങ്കിലും  ചെയ്യാമായിരുന്നു എന്ന് പറഞ്ഞു അമ്മ ഫോൺ കട്ടിലിലേക്കെറിഞ്ഞു. കൈകൊണ്ടു മുഖം അമർത്തിപ്പിടിച്ചു കരയാൻ തുടങ്ങി. എന്താണെന്നു എത്ര ചോദിച്ചിട്ടും അമ്മ പറയുന്നില്ല.ചെറിയമ്മയെ വിളിച്ചപ്പോൾ അവിടെയും  എല്ലാവരും പരിഭ്രമിച്ചിരികയാണ്.

" ചേച്ചി അടുത്ത വീട്ടിലുണ്ടായിരുന്ന കണ്ണനെ കുറിച്ച് ചോദിച്ചു. ആദ്യമായാണ് അങ്ങിനെ ചോദിക്കുന്നത്. അവർ ഒരേ ക്ലാസ്സിലായിരുന്നു പഠിച്ചിരുന്നത്.  അദ്ദേഹം കഴിഞ്ഞ വർഷം  മരിച്ചു പോയിരുന്നു. അത് പറഞ്ഞപ്പോൾ ചേച്ചിയുടെ  മട്ട് മാറി  " എന്നോടാരും ഒന്നും പറഞ്ഞില്ലായെന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു. ചേച്ചിക്കിതെന്തു പറ്റി .  അത് തന്നെയാണ് ഞങ്ങൾക്കും മനസ്സിലാവാഞ്ഞത്.

ഏതോ കള്ള കണ്ണന്റെ അവിചാരിതമായ രംഗപ്രവേശം വീടിന്റെ അന്തരീക്ഷത്തെ താറുമാറാക്കി. അമ്മ മുറിയിൽ  നിന്നും പുറത്തു വന്നില്ല. ഭക്ഷണം വേണ്ടെന്നു പറഞ്ഞു. ഷുഗറും, പ്രേഷറും ഉള്ള ആളാണ്. നിർബന്ധിച്ചു ഭക്ഷണം  കൊടുത്തു. പറഞ്ഞറിയിക്കാൻ കഴിയാത്ത ഏതോ വേദനയുടെ, വിഷാദത്തിന്റെ ചുഴിയിൽ അമ്മ പെട്ടിരുന്നു. കുറച്ചു നേരം ഒറ്റയ്ക്കിരുന്നാൽ  ശരിയാവും. അമ്മയെ സ്വന്തം ദുഃഖങ്ങൾക്കു  വിട്ടു കൊടുത്തു വാതിലടച്ചു.

രണ്ടു മൂന്ന് ദിവസം അമ്മ മൗനവ്രതത്തിലായിരുന്നു . ഞങ്ങൾക്കിടയിൽ മാത്രം തങ്ങി  നിന്നിരുന്ന ഉദ്ദ്വേഗം കുടുംബത്തിലാകെ പരന്നു .അയൽവാസിയായ കണ്ണെന്റെ മരണം അമ്മയെ ഇത്രമാത്രം ഉലച്ചതിൻറെ കരണമന്വേഷിച്ചു ആളുകൾ പലവഴിക്ക് തിരിഞ്ഞു. മഥുരയിലും , വൃന്ദാവനത്തിലും , ദ്വാരകയിലുമൊക്കെ ഒരു സൂചനക്കായി തിരഞ്ഞു.

ജീവിതത്തിൽ നിന്നും പ്രിയകരമായ എന്തോ ഒന്ന് നഷ്ടപെട്ടത് പോലെ അമ്മ തീർത്തും ഏകാകിയായി. കഠിനമായ ഏതോ വിഷാദത്തിന്റെ ചുഴിയിൽ നിന്നും രക്ഷപെടാനാവാതെ അമ്മ വലഞ്ഞു. അസുഖകരമായ ഒരു മൂകത വീട്ടിലേക്കു പടർന്നിറങ്ങി.

അന്ന് പൂർണിമയായിരുന്നു. നിലാവ് ഉമ്മറത്തേക്ക്  വീണുകിടന്നു .ചന്ദ്രികപോലും വിഷാദത്തിൽ അലിഞ്ഞത്‌ പോലെ തോന്നി .പെട്ടന്നാണ് അമ്മ ഉമ്മറത്തേക്ക് വന്നത്. ഞാൻ ലൈറ്റിടാൻ എഴുന്നേറ്റപ്പോൾ അമ്മ വേണ്ടാന്ന് പറഞ്ഞു. രാവിൻറെ ഇരുട്ടും, നിലാവിന്റെ വെളിച്ചവും ഇഴചേർന്ന അമ്മയുടെ മുഖം കൂടുതൽ ദുഃഖസാന്ദ്രമായി. ഒഴുകി പരക്കുന്ന നിലാവിലേക്കു നോക്കി അമ്മ സ്വയം എന്നപോലെ പറഞ്ഞു തുടങ്ങി.

" എനിക്ക് കണ്ണനെ ഇഷ്ടമായിരുന്നു.ഞങ്ങൾ സഹപാഠികളായിരുന്നു. ഒരുമിച്ചാണ് സ്കൂളിൽ പോവുകയും വരികയും ചെയ്തിരുന്നത്. എന്റെ ഇഷ്ടം കണ്ണന് അറിയാമായിരുന്നോ എനിക്കറിയില്ല . തെളിഞ്ഞും മറിഞ്ഞും പല സൂചനകൾ ഞാൻ കൊടുത്തിരുന്നു.അന്നൊക്കെ അത്രയല്ലേ പറ്റൂ. ക്ലാസ്സിൽ ചങ്ങമ്പുഴയുടെ കവിത പഠിപ്പിക്കുമ്പോൾ ഞാൻ അവനെ നോക്കിയിരിക്കും. വരികളുടെ അർത്ഥമറിയാമെങ്കിലും വെറുതെ അവനോടു അതിന്റെ പറഞ്ഞു തരാൻ  പറയും. സ്കൂൾ വിട്ടാൽ അവൻ മൈതാനത്തു പന്ത് കളിക്കുന്നത് നോക്കിയിരിക്കും. അവൻ ഗോളടിച്ചാൽ ഞാൻ കൈയടിക്കും. വീട്ടിൽ വിശേഷപ്പെട്ട പലഹാരമുണ്ടാക്കിയാൽ ഒന്ന് അവനു വേണ്ടി മാറ്റിവെക്കും. പിറന്നാളിന് അമ്പലത്തിൽ പോയി പ്രത്യേകം പ്രാർത്ഥിക്കും. നിലാവുള്ള രാത്രിയിൽ അവനെ ഓർത്തു കിടക്കും. അവനിതൊന്നും അറിയില്ല. ഞാൻ പറഞ്ഞിട്ടില്ല. വീട്ടിൽ ആർക്കുമറിയില്ല. എങ്കിലും എന്റെ ഇഷ്ടം അവനു മനസിലായി കാണും എന്ന് തന്നെയാണ് ഞാൻ കരുതിയത്. മനസിന്റെ ഇഷ്ട്ങ്ങൾ  ഉറക്കെ പറയേണ്ട കാര്യമില്ലലോ.ജോലി കിട്ടി ഇവിടേയ്ക്ക് വരുന്നതിനു മുമ്പ് അവനെ കാണാൻ ചെന്നു .

" പോവുകയാണോ?' അവൻ ചോദിച്ചു. ആ ചോദ്യത്തിന്റെ അർഥം എനിക്കിന്നും മനസിലായിട്ടില്ല.

" അതെ, പക്ഷെ വിളിച്ചാൽ ഞാൻ തിരിച്ചു വരും", ഞാൻ മറുപടി പറഞ്ഞു  ഞാൻ പറഞ്ഞത് മനസിലാക്കാൻ മാത്രം ബുദ്ധിയൊക്കെ അവനുണ്ടായിരുന്നു.

എങ്കിലും വിളിച്ചില്ല. എന്നോട് അങ്ങിനെയൊന്നും തോന്നിയിട്ടുണ്ടാവില്ല.എന്താ വിളിക്കാത്തതു എന്ന് ചോദിക്കാൻ കഴിയില്ലാലോ. പിന്നെ ജോലി കിട്ടി എവിടേക്കോ പോയി എന്നറിഞ്ഞു. എന്നിട്ടും മനസ്സ് വെറുതെ പ്രതീക്ഷിച്ചിരുന്നു.

   അതിനിടയിലാണ് , നിന്റെ അച്ഛൻ " കൂടെ പോരുന്നോ " എന്ന് ചോദിച്ചത്. കണ്ണന് തോന്നാത്ത ധൈര്യം കണ്ണനലെങ്കിലും കണ്ണന്റെ പേരുള്ളവന്  തോന്നി . എങ്കിലും ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. ഒരു പൊട്ടിയെ പോലെ , എന്നെങ്കിലും ഒരു ഓടകുഴൽ വിളി എന്നെ തേടി വരും എന്ന് ഞാൻ വെറുതെ ഓർത്തു.ഒടുവിൽ മോഹങ്ങളൊക്കെ വാടാൻ  തുടങ്ങിയപ്പോൾ ഞാൻ സമ്മതിച്ചു. അന്നൊക്കെ ഒരു പെൺകുട്ടിക്ക്  എത്ര കാലം കാത്തിരിക്കാൻ കഴിയും.

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ തിരയടങ്ങിയ കടൽ പോലെ അമ്മയുടെ മനസ് ശാന്തമായി. ഇതുവരെ അമ്മ ഇത്രയേറെ സംസാരിച്ചു  കണ്ടിട്ടില്ല. അമ്മയുടെ വിഷാദമെല്ലാം നിലാവ് ഒപ്പിയെടുത്തത് പോലെ. നിലാവിലേക്കു നോക്കിയിരുന്ന അമ്മയുടെ കണ്ണുകൾ ചന്ദ്രികയിലലിഞ്ഞ നിളാനദി പോലെ ദീപ്തമായി.

ആരും അധികമൊന്നും കാണാൻ സാധ്യത ഇല്ലാത്ത ഒരു രംഗം ജീവിതമവിടെ  ഒരുക്കുകയായിരുന്നു. അമ്മയുടെ പ്രണയകഥ കേട്ടിരിക്കുന്ന മകൻ; അച്ഛമ്മയുടെ പ്രണയമറിയുന്ന പേരക്കുട്ടി.

വളരെ നിർവികാരമായാണ് 'അമ്മ കഥ പറഞ്ഞെതെങ്കിലും ഓരോ വാക്കിലും തീവ്രവും, വിരഹാർദ്രവുമായ വേദന നിറഞ്ഞു നിന്നിരുന്നു.

അമ്മ മോളെ അടുത്തേക്ക് വിളിച്ചു, തലയിൽ വിരലോടിച്ചു പറഞ്ഞു, മോൾക്ക് എന്നെങ്കിലും ഇങ്ങനെയൊക്കെ തോന്നിയാൽ തുറന്നു പറയണം, ആരോടെങ്കിലും. കുറെ വർഷങ്ങൾക്കു ശേഷം തിരിഞ്ഞു നോക്കി ദുഖിച്ചിട്ടു കാര്യമില്ലലോ. അവൾ എന്ത് പറയണം എന്നറിയാതെ തരിച്ചിരുന്നു. പിന്നെ പതുക്കെ അച്ഛമ്മയെ കെട്ടിപിടിച്ചു .വാക്കുകൾ മതിവരാത്ത, അപ്രസക്തമാവുന്ന സന്ദർഭങ്ങളിൽ ശരീരങ്ങൾ വാചാലമാവും.

"അച്ഛനറിയാമായിരുന്നോ?" ഞാൻ ചോദിച്ചു.

" ഞാൻ പറഞ്ഞിട്ടില്ല' എങ്കിലും അതിന്റെ സൂചനകൾ അച്ഛന് കിട്ടിയിട്ടുണ്ടാവും. പക്ഷെ കല്യാണം കഴിഞ്ഞു കുറച്ചു കാലത്തിനു ശേഷം ഞാൻ അതൊക്കെ മറന്നു. അച്ഛനോട് പ്രണയമൊന്നും തോന്നിയിട്ടില്ലെങ്കിലും ജീവിതത്തിൽ സുഖവും സന്തോഷവും ഉണ്ടായിരുന്നു. എന്നാൽ കുറച്ചു ദിവസമായി പഴയ ഓർമകൾ വല്ലാതെ അലട്ടുന്നു. ഓർമകളുടെ തിരകളേറി വരുന്നത് കണ്ണന്റെ മുഖമല്ല, പകരം ഹൃദയത്തിലെവിടെയോ ഊറി കിടന്ന പ്രണയത്തിന്റെ ഒരാലിലയാണ്. കണ്ണൻ മരിച്ചതിലല്ല  എന്റെ ദുഃഖം. മനസ്സിലെവിടെയോ സൂക്ഷിച്ചു വെച്ചിരുന്ന പ്രണയത്തിന്റെ ഒടുവിലത്തെ തുള്ളിയും വറ്റി പോയതിലാണ് വേദന.

പുറത്തെ നിലാവ് ഉമ്മറത്തേക്ക് കയറിവന്നു അവിടെയൊരു വൃന്ദാവനമൊരുക്കി. അമ്മയതിൽ , എൺപതാം വയസ്സിലും  ഹൃദയത്തിൽ പ്രണയമൊരുക്കി കാത്തിരിക്കുന്ന രാധയായി .

വർണപ്പകിട്ടും , വാക്കുകളുടെ ധാരാളിത്തവും, ഇപ്പോഴും കാണാനുള്ള സാദ്ധ്യതയും , ആഘോഷങ്ങളുമില്ലാത്ത അതിവിചിത്രമായൊരു പ്രണയകഥയും നെഞ്ചിലേറ്റി മകൾ മുറിയിലേക്കു  പോയി.

ഈ കഥ കേട്ടതിനു ശേഷം അവളുടെ പ്രണയസങ്കല്പങ്ങൾ തീർത്തും മാറിയിരിക്കുമെന്നു എനിക്കുറപ്പായിരുന്നു. അമ്മയുടെ, ഞാനറിയാതെ ആഴങ്ങളിൽ , ഇനിയുമെന്തെലാം അത്ഭുതങ്ങൾ  ബാക്കിയുണ്ടെന്നോർത്തു ഞാൻ ഉറങ്ങാൻ കിടന്നു .

പിറ്റേന്ന് രാവിലെ പത്രം വായിച്ചു കൊണ്ടിരിക്കുമ്പോൾ 'അമ്മ ,ചെറിയമ്മയുടെ നമ്പർ എഴുതി കൊടുത്ത കടലാസ്സു തിരിച്ചു തന്നു. ഇനി ആ  അക്കങ്ങൾക്കു അർത്ഥമില്ല. അത് വാങ്ങുമ്പോൾ, അമ്മയ്ക്കു, ആ അക്കങ്ങൾക്കപ്പുറമൊരു പ്രതീക്ഷയുണ്ടായിരുന്നു. ഇനിയതില്ല . ഇനി ജന്മാന്തരങ്ങളുടെ മറ്റൊരു വഴിത്താരയിൽ കണ്ടുമുട്ടാനുള്ളവര്ക്കു വേണ്ടി കാത്തിരിക്കുകയെ വഴിയുള്ളു. പ്രണയാതുരമായ മനസ്സുകളെ കൂട്ടിയോജിപ്പിക്കുന്ന ആ അക്കങ്ങൾ എവിടെയോ ഒരുങ്ങുന്നുണ്ടാവാം.

ഞാനാ കടലാസ്സു ചുരുട്ടി തെങ്ങിൻ ചുവട്ടിലേക്ക് വലിച്ചെറിഞ്ഞു. അപ്പോൾ, ഫോണിൽ അടക്കിപ്പിടിച്ചു എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ഭാര്യ പറമ്പിലേക്ക് നടക്കുന്നത് കണ്ടു.

മനസ്സറിയാതെ വിളിച്ചു പോയി,

" എന്റെ കണ്ണാ?!!!

.