Sunday, August 4, 2019

പൂമ്പാറ്റയെ പുറത്താക്കി അടച്ച വാതിൽ


പൂമ്പാറ്റയെ പുറത്താക്കി അടച്ച വാതിൽ

നഗരത്തിന്റെ വിരസതയും ,വിങ്ങലും തട്ടിക്കളയാനാണ് തിരികെ നാട്ടിലേക്കു വരൻ തീരുമാനിച്ചത്. വലിയ പട്ടണത്തിലെ ഹൗസിങ് സൊസൈറ്റിയിൽ വീടിനു ഫ്ലാറ്റ് എന്നാണ് പറയുക. ഒന്നിന് മുകളിൽ മറ്റൊന്നായി കെട്ടിവെച്ചിരിക്കുന്ന വീടുകൾക്ക് ഫ്ലാറ്റ് എന്ന് എങ്ങിനെ പേര് വന്നു എന്ന്  ചിന്തിച്ചിട്ടുണ്ട് . മറ്റു  പലതും പോലെ ഉത്തരം കണ്ടുപിടിക്കാൻ ശ്രെമിച്ചിട്ടില്ല. നഗരത്തിലെ ജീവിതത്തിനെ ഫ്ലാറ്റ് എന്ന് വിശേഷിപ്പിച്ചാൽ തെറ്റില്ല..ഏറ്റക്കുറച്ചിലുകൾ ഒന്നുമില്ലാത്ത ഫ്ലാറ്റായ ഒരു ജീവിതം. ഒരു നേർരേഖ പോലെ അത് വിരസമാകുന്നു.
ഫ്ലാറ്റിലെല്ലാം അടച്ചിടണം. ഒരു ചെറിയ പഴുതു മതി പുറത്തുള്ള പൊടിയും, മാലിന്യവും ഇരച്ചു കയറാൻ. രണ്ടു ജാലകപാളിയുടെ അകലമാണ് അടുത്ത വീടുമായി ഉണ്ടാവുക. അപ്പോൾ അടച്ചിട്ടിട്ടില്ലെങ്കിൽ വാക്കും, നോക്കും, മണവും, രഹസ്യവും, സ്വകാര്യതയുമൊക്കെ ജാലകപ്പഴുതിലൂടെ അടുത്ത വീട്ടിലെത്തും. വാതിലും , ജനാലയും അടച്ചാൽ മാത്രം പോരാ, അവയെ കട്ടിയുള്ള കർട്ടൻ കൊണ്ട് മറയ്ക്കുകയും  വേണം.  നഗരത്തിലാണെങ്കിലും പലപ്പോഴും ഒരു ഗുഹക്കുള്ളിൽ അകപ്പെട്ടത് പോലുള്ള അനുഭവമാണ്.
ചെറുപ്പത്തിൽ , നാട്ടിൽ വീട്ടിലെ വാതിൽ രാത്രിയിലല്ലാതെ  ഒരിക്കലും അടയ്ക്കാറില്ല .ചേർത്തടയാകാത്തതു കൊണ്ട് ജനല്പാളികൾ പലപ്പോഴും  മുഖം വീർപ്പിക്കാറുണ്ട് . അടയ്ക്കാത്ത വാതിലിലൂടെയും, ജനലിലൂടെയും ചെറിയ പ്രാണികളും, ഇഴ ജന്തുക്കളും കയറി വരും.
എട്ടുകാലിയെ കണ്ടു ഭയന്ന് നിലവിളിക്കുമ്പോൾ 'അമ്മ ശകാരിക്കും, " അതൊരു ചെറിയ ജന്തു. ഇര കിട്ടി കഴിഞ്ഞാൽ അത് അതിന്റെ വഴിക്കു പോയിക്കൊള്ളും." സഹജീവനത്തിന്നെ കുറിച്ചുള്ള ഏറ്റവും ലളിതവും, ആഴത്തിലുള്ളതുമായ പാഠമായിരുന്നു അത്. അത് കേട്ടാണ് വളർന്നത്.
വലിയ നഗരത്തിൽ നിന്നും നാട്ടിലേക്ക് തിരിച്ചു വന്നപ്പോൾ, ടൗണിൽ നിന്നും അല്പം വിട്ടാണ് വീട് വെച്ചത്. ചുറ്റും പച്ചപ്പുള്ള ഒരു കുന്നിൻ ചെരുവിൽ ഒരു ചെറിയ വീട്. മുന്നിൽ ചെറിയ ഒരമ്പലം. കിടപ്പു മുറിയോട് ചേർന്ന ബാൽക്കണി സ്വപ്ന സാക്ഷാത്കാരമായിരുന്നു . പുതിയ വീട്ടിൽ താമസം തുടങ്ങിയപ്പോൾ അച്ഛനും, അമ്മയും കൂടെ പോന്നു.
ആദ്യത്തെ ദിവസം തന്നെ എല്ലാ ജാലകങ്ങളും തുറന്നിട്ടാണ് കിടന്നതു. മണിക്കൂറുകളോളം സുഖമായി ഉറങ്ങി. ഉണർന്നപ്പോൾ ഉന്മേഷവും, ഉണർവും തോന്നി. പുറത്തെ പച്ചപ്പും, കുളിർമയും മനസ്സിലേക്കും പടർന്നത് പോലെ.
ഒരു ദിവസം രാത്രി അമ്മ താഴത്തെ ജാലകങ്ങളെലാം അടയ്ക്കുന്നത് കണ്ടപ്പോൾ അത്ഭുതം  തോന്നി .
" അമ്മയെന്തിനാ എല്ലാം അടയ്ക്കുന്നത്"? ഞാൻ ചോദിച്ചു.
" ഇത് നഗരമാണ്, നിനക്കിവിടുത്തെ ഇപ്പോഴത്തെ രീതിയൊന്നും അറിയില്ല.". 'അമ്മ ചിരിച്ചു. എന്നിട്ടു ഒരു കഥ പറഞ്ഞു. കഥയല്ല, അനുഭവം.
രാത്രി എന്തോ ശബ്ദം കേട്ടാണ് ഉറക്കത്തിൽ നിന്നും ഉണർന്നത്. ശബ്ദത്തിന്റെ ഉറവിടം ഏതാണ്  എന്നറിയാൻ ഒരു നിമിഷമെടുത്തു. ജനലിനു വെളിയിൽ ആരോ ഉള്ളത് പോലെ. തോന്നലാവുമെന്നു കരുതി. അപ്പോൾ ഇരുട്ടിലെന്തോ  ദേഹത്ത് തട്ടി. ടോർച്ചെടുത്തു അടിച്ചു നോക്കുമ്പോൾ ജനലിനു വെളിയിൽ ഒരു രൂപം, കറുത്ത മുഖംമൂടിയണിഞ്ഞു നില്കുന്നു . ടോർച്ചടിച്ചതും അയാൾ പെട്ടന്നു ഓടി പോയി. കൈയിലുണ്ടായിരുന്ന നീളൻ മുള വടി മുറിയിലേക്കു ശബ്ദത്തോടെ വീണു. വലിയ വടി കൊണ്ട് മാല പൊട്ടിക്കാനുള്ള ശ്രമമായിരുന്നു. അതിനു ശേഷം ജനൽ തുറന്നിട്ടാൽ അമ്മയ്ക്കു ഉറക്കമില്ല. പണ്ട് ഞങ്ങൾക്ക് ധൈര്യം പകർന്നു തന്ന അതേയമ്മ സംഭവത്തിന് ശേഷം പകച്ചു പോയി. പിന്നെ തുറന്നിട്ട ജാലകത്തിന്നപ്പുറം ഭയം മാത്രമേ അമ്മയ്ക്ക് കാണാൻ കഴിഞ്ഞിരുന്നുള്ളൂ . അത് കള്ളനായും, മരണമായും മറ്റു പലതുമായും ഇരുട്ടിൽ മറഞ്ഞു നിന്ന്. എന്നും.
കേട്ടപ്പോൾ അല്പം ഭയം എനിക്കുംതോന്നാതിരുന്നില്ല  . എങ്കിലും ധൈര്യമൊക്കെ അഭിനയിച്ചു ഞാൻ ജനലുകൾ തുറന്നു തന്നെ കിടന്നു. ഭയം കള്ളന്റെ വേഷത്തിൽ  വന്നു ഞെട്ടിയുണർത്തുന്നത് വരെ അങ്ങിനെ തന്നെ തുടരാൻ തീരുമാനിച്ചു

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മകൻ പറഞ്ഞു, " അച്ഛാ എനിക്ക് മുറിയിൽ കിടക്കാൻ കഴിയില്ല. അച്ഛൻ ജനൽ തുറക്കുന്നത് കൊണ്ട് . സി ഇടാൻ കഴിയുന്നില്ല. " അവൻ പറയുന്നതിലും കാര്യമുണ്ട്. .സി യിൽ ജീവിച്ചു വളർന്നതാണ്. അവർക്കു അതില്ലാതെ ജീവിക്കാൻ പ്രയാസമാണ്.
.സി യുടെ ദോഷങ്ങളെ കുറിച്ചും, ജനലുകൾ തുറന്നിട്ടു കിടക്കുമ്പോൾ ഉണ്ടാകുന്ന ഗുണത്തെ കുറിച്ചും ഞാൻ അവന്നു പറഞ്ഞു കൊടുത്തു. അവൻ എല്ലാം കേട്ടിരുന്നു. രാത്രി, അടുത്ത മുറിയിൽ ചെന്ന് . സി ഇട്ടു സുഖമായി കിടന്നുറങ്ങി. പുതിയ തലമുറയ്ക്ക് തുറന്ന ഇടങ്ങളോട് വലിയ ഇഷ്ടമില്ല. ജാലകം തുറക്കുമ്പോൾ പലതും പകരമായി കൊടുക്കേണ്ടി വരും.
ഇപ്പോൾ രാവിലെ നേരത്തെ ഉണരുന്നു. ആരും വിളിച്ചുണർത്തേണ്ട. ഉണരുമ്പോൾ. അനേകം കിളികളുടെ ശബ്ദങ്ങൾ. പതുക്കെ   പൊട്ടിവിടരുന്ന പ്രഭാതം. ആകാശത്തിൽ നിന്നും താഴ്ത്തിയ സ്വർണനൂലു പോലെ സൂര്യന്റെ ആദ്യ കിരണം. മേഘങ്ങൾ പല രൂപങ്ങൾ വരയ്ക്കുന്ന തെളിഞ്ഞ ആകാശം . സന്ധ്യക്കു വാനമാകെ പടരുന്ന പാടല വർണം. രാത്രി, കിടക്കയിലേക്ക് അരിച്ചെത്തുന്ന നിലാവ്. ഇതൊക്കെ കാണുമ്പോൾ, അനുഭവിക്കുമ്പോൾ ജനലും വാതിലും അടച്ചിടുന്നതെങ്ങിനെ?
അപ്പോഴാണ് കർക്കിടകം വന്നെത്തിയത് . പുറത്തു ആകാശവും ഭൂമിയും തമ്മില്ലുള്ള കടുത്ത പ്രണയം. നേർത്ത മുരൾച്ചയും, ശീല്കാരവും. കുളിരുള്ള സ്പർശം. രാത്രിയുടെ ഇരുളിൽ അവർ കെട്ടിപുണരുന്നതിന്റ്റെ മിന്നൽ പിണരുകൾ. പ്രകൃതി ഒരുക്കി തന്ന സൗന്ദര്യം ഞാൻ ആവോളം ആസ്വദിക്കുകയായിരുന്നു.ഫ്ലാറ്റിൽ തടഞ്ഞു വെച്ചതിനു പകരമായി മഴ മുറിയിലേക്കു കയറിവന്നു.
രാത്രി 'അമ്മ പറഞ്ഞു" ജനലും വാതിലും അടച്ചു കിടന്നോ, എന്തൊക്കെയാണ് കയറി വരികയെന്ന് അറിയില്ല". ഇന്ന് അമ്മയ്ക്കു ഉറക്കമുണ്ടാവില്ല.
എന്തൊക്കെയാണ് കയറി വരുന്നത് എന്ന് ഞാൻ കണ്ടു. ആദ്യം   വന്നത് ഈയാംപാറ്റയാണ്. ഇരുട്ടിൽ തെളിഞ്ഞ വെളിച്ചം തേടി വന്നവർ. ആനന്ദത്തോടെ വട്ടം ചുറ്റി പറക്കാൻ  തുടങ്ങുമ്പോഴേക്കും അവ ചിറകറ്റു കൊഴിഞ്ഞു വീണു.
അപ്പോൾ ചുമരിൻമേൽ ഒരു പല്ലി പ്രത്യക്ഷപ്പെട്ടത് ഞാൻ കൗതുകത്തോടെ നോക്കിയിരുന്നു. ഏറ്റവും അധികം വംശ നാശം സംഭവിച്ച ജന്തുവാണ്. ഇവന്റെ പിതാമഹന്മാർ ഒരിക്കൽ ഭീമാകാരം പൂണ്ടു ഭൂമിയെ ഭരിച്ചിരുന്നു. പരിണാമത്തിന്റെ ക്രൂരതയിൽ അവ ചുരുങ്ങി ചുരുങ്ങി വന്നു. വംശം അറ്റു പോകാതിരിക്കാൻ അവൻ എന്റെ മുറിയിൽ നായാട്ടിനിറങ്ങി. ഒരിക്കൽ നിനക്കും ഇത് തന്നെ ഗതിയെന്നു ഓർമിപ്പിച്ചു . അപ്പോൾ ചുമരിന്റെ മറ്റേ മൂലയിൽ ഒരു ചിലന്തി എത്തി. പാറി പറക്കുന്ന പ്രാണികളെ അത് വലനെയ്തു പിടിച്ചു. രാജാവ് അല്ലാത്തത് കൊണ്ട് ഞാൻ ചിലന്തിയിൽ നിന്നും ഒന്നും പഠിച്ചില്ല. ഉറുമ്പുകൾ വളരെ തിരക്കിട്ടാണ് വന്നത്. ഒരുപാടു ജോലികൾ ചെയ്തു തീർക്കാൻ ഉള്ളത് കൊണ്ട് അവർ വേഗം ജോലിയിൽ ഏർപ്പെട്ടു.  മിനുമിനുത്ത തറയിൽ പഴുതാരയ്ക്കു കാലിടറി.
ഞാൻ നോക്കി കൊണ്ടിരിക്കുമ്പോൾ അനേകതരം പ്രാണികളും, ജന്തുക്കളും മുറിയിലേക്ക് പറന്നും, ഇഴഞ്ഞുമെത്തി . അതിരുകളെല്ലാം നഷ്ടപെട്ട മുറി പ്രകൃതിയുമായി ചേർന്നത് പോലെ. ചെടികളും , ജന്തുക്കളും നിറഞ്ഞ ജൈവസാന്നിധ്യത്തിൽ    ഞാൻ എന്റെ അടിവേരുത്തിരിയുകയായിരുന്നു.
പുറത്തെ മഴ പ്രളയമാകുമെന്ന   ഭയത്താൽ എല്ലാ ജീവികളും എന്റെ മുറിയിൽ അഭയം തേടിയെത്തി. നോഹയുടെ നൗകപോലെ  എന്റെ മുറി എല്ലാവര്ക്കും അഭയമേകി. വാതിലും, ജനലും ,മനസുമെല്ലാം തുറന്നിടത്തു മഴയുടെ സംഗീതം, പുതുമണിന്റെ ഗന്ധം, ഇലകളുടെ സ്പർശം.
ജനനവും, ജീവിതവും, മരണവും പലതരം നാടകം കളിക്കുന്ന മുറിക്കുള്ളിൽ നിറയെ സ്വപ്നങ്ങളും കണ്ടു ഞാൻ ഉറങ്ങി.  താഴെ ബഹളം കേട്ടാണ് ഉണർന്നത്. ഇറങ്ങി  ചെന്നപ്പോൾ  കാര്യം മനസിലായി. ഇങ്ങനെ ജനലും, വാതിലും തുറന്നിട്ടു; എല്ലാ ജന്തുക്കളെയും അകത്തേക്ക് കയറ്റുന്ന വീട്ടിൽ പണിയെടുക്കാൻ വേലക്കാരിക്ക് ബുദ്ധിമുട്ടുണ്ടത്രെ. വേലക്കാരിയില്ലാതെ വീട് നോക്കി നടത്താൻ പറ്റില്ലെന്ന് 'അമ്മ തറപ്പിച്ചു പറഞ്ഞു. ഈയാംപാറ്റയുടെ ചിറകുകൾ പോലെ എന്റെ സ്വപ്നവും കൊഴിഞ്ഞു വീഴുന്നുവോ?

ബാൽക്കണിയിൽ ചായ കുടിച്ചിരിക്കുമ്പോൾ എന്റെ മുന്നിൽ തിരഞ്ഞെടുക്കാൻ രണ്ടു തീരുമാനങ്ങൾ ഉണ്ടായിരുന്നു. ഒന്ന്, വാതിലും ജനാലയും എപ്പോഴു തുറന്ന, എന്നാൽ ആരുമില്ലാത്ത ഒരു വീട്. അല്ലെങ്കിൽ, അടച്ചിട്ട ജാലകങ്ങളുള്ള, എന്നാൽ പൊടികയറാത്ത, വേലക്കാരി നിത്യവും വൃത്തിയാക്കി വെക്കുന്ന , .സി യുടെ തണുപ്പിൽ കുടംബത്തോടൊപ്പം ഉറങ്ങുന്ന, ഭയത്തെ പുറത്താക്കി വാതിൽ അടയ്ക്കുന്ന ഒരു വീട്.

ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പൂമ്പാറ്റ പറന്നു വന്നു. അകത്തേക്ക് വരാനുള്ള അനുവാദത്തിനായി അത് വാതിലിനു വെളിയിൽ ചുറ്റി പറന്നു. വേലക്കാരി പറഞ്ഞത് അത് കേട്ടുവോ?
ഞാനൊരു നിമിഷം ചിന്തിച്ചു. എന്നിട്ടു അതിന്റെ മുഖംപോലും നോക്കാതെ  വാതിൽ കൊട്ടിയടച്ചു.
രാജേഷ് ആത്രശ്ശേരി

Monday, July 22, 2019

കല്ല്


കല്ല്
രാവിലെ  നടക്കാൻ ഇറങ്ങിയപ്പോൾ
ഒരു നായ പെട്ടന്ന് കുരച്ചു ചാടി വന്നു
ബ്രേക്ക് ഇടതു പോലെ ഞാൻ നിന്നു
ഭയംകൊണ്ട് എന്നിൽ നിന്നും
വികൃതമായൊരു ശബ്ദമുയർന്നു
ഏതോ ഉൾപ്രേരണയാൽ
ഒരു വലിയ കല്ല് കുനിഞ്ഞെടുത്തു
നായക്കുനേരെ ഓങ്ങി
അനാദിയായ ആയുധം കണ്ടു
നായ പകച്ചു നിന്നു
ഒടുവിൽ വലിയ മതിൽ ചാടിക്കടന്നു
എവിടേക്കോ രക്ഷപെട്ടു
ഞാനെറിഞ്ഞിരുന്നുവെങ്കിൽങ്കല്ലു
ലക്ഷ്യത്തിൽ കൊള്ളുമായിരുന്നോ?
ലക്ഷ്യത്തിൽ കൊണ്ടാൽ അതിനു വേദനിക്കുമോ?
അതിനു മുറിവേൽകുമായിരുന്നോ?
ആയുധം കണ്ടപ്പോൾ അതെത്ര മാരകമെന്നു
നായ തിരിച്ചറിഞ്ഞതെങ്ങിനെ ?
മുന്പരിചയമോ? ജന്മവാസനയോ?
ഓരോന്നുമാലോചിച്ചു ഞാൻ തിരികെ വന്നു
വീട്ടുപടിക്കൽ ഉപേക്ഷിച്ചപ്പോൾ
ആയുധം വീണ്ടും കല്ലായി

ചായകുടിക്കാൻ തുടങ്ങിയപ്പോൾ
" മധുരമില്ലാ"യെന്നു ഞാൻ ഭാര്യയ്കു നേരെ കുരച്ചു
പെട്ടന്നവളൊരു അമ്മികുഴയുമായി കുതിച്ചു വന്നു
പിന്നെ,അവ്യക്തമായൊരു   കീഴടങ്ങലിൽ അമ്മികുഴ താഴെ വെച്ച്
അകത്തു പോയി മധുരവുമായി തിരിച്ചുവന്നു
 ഓഫീസിലേക്ക് പോകുമ്പോൾ
അവൾ അമ്മികുഴകൊണ്ടു
ചമ്മന്തി അരയ്ക്കുന്നുണ്ടായിരുന്നു

ഓഫീസിലേക്ക് കാറിൽ കുതിച്ചുപായുമ്പോൾ
മുന്നിൽ ഒരു വാഹനം ബ്രേക്കിട്ടു നിർത്തി
" ആരെടാ....മോനെ" എന്നാക്രോശിച്ചു ഞാൻ ചാടിയിറങ്ങി
വാഹനത്തിന്റെ മുകളിൽ ഉറപ്പിച്ച കോളാമ്പിയിൽ നിന്നും
ഒരു വികൃത ശബ്ദമുയർന്നു
" നമ്മുടെ പ്രിയങ്കരനായ സ്ഥാനാർഥിക്കു
കല്ലടയാളത്തിൽ വോട്ട് രേഖപ്പെടുത്തുക"
സ്ഥാനാർത്ഥിയുടെ ചിഹ്നം കൈലിട്ടമാനമാടി
ചിലർ വാഹനത്തിൽ നിന്നും പുറത്തിറങ്ങി
വിനീതനായി, തിരികെ വന്നു ഞാൻ
ഇല്ലാത്ത അരികിലേക്ക് കാറൊതുക്കി ,ഓടിച്ചുപോയി

എല്ലാ ദേഷ്യവും ഇറക്കി വെക്കാൻ ഓഫീസിലെത്തി
പേപ്പർവൈറ്റ് കൈയിലെടുത്തു കറക്കി
ആരെ എറിയുമെന്നോർത്തപ്പോൾ
ഭയപ്പെടുത്തുന്ന ശബ്ദത്തിൽ ഫോണടിച്ചു
ഞെട്ടിയെടുത്തപ്പോൾ , അപ്പുറത്തു ഒരു കുര
" അകത്തേക്കു വരൂ"
അകത്തേക്കു ചെന്നപ്പോൾ , വലിയ കസേരയുടെ
സ്ഥാനം ഒരിക്കലും ഇളകാതിരിക്കാൻ എന്ന പോലെ
ഒരു വലിയെ കല്ല് എന്നെ നോക്കിയിരിക്കുന്നു !!!

ഏതു വന്മതിൽ ചാടികിടന്നാലാണ്
രക്ഷാമാർഗം?

രാജേഷ് ആത്രശ്ശേരി 


Saturday, July 13, 2019

Swiggy or Zomato


SWIGGY OR ZOMATO


In the morning someone knocked on my door
When I opened, it was the guy from swiggy
With steaming  hot bed tea
He was also carrying her coffee.
Will send Idly Sambhar for breakfast,
The Zomato guyed informed.
They know clearly that I take only vegetarian on Monday
Exactly at 1.15 the guy from Food Panda,
In his black and white uniform, delivered the lunch
Yesterday evening I had ordered fried chicken.
He brought a chilled soda bottle along,
This is complimentary, he told me.
How easily they can predict what I will do on a Sunday evening!!!
At night, they suggested a “light” dinner
As I had already ordered chicken in the evening
I can’t refuse their suggestions.
Today, while waiting for dinner to be delivered
I got the smell of onion being fried from kitchen
Before it could tempt me, I told my son
“ Please give the number of swiggy guy to grandma too”

Rajesh Athrassery


സ്വിഗ്ഗി അഥവാ ഫുഡ് പാണ്ട




സ്വിഗ്ഗി അഥവാ ഫുഡ് പാണ്ട

രാവിലെയാരോ വാതിലിൽ മുട്ടി വിളിച്ചു
വാതിൽ തുറന്നപ്പോൾ
ആവിപറക്കുന്ന ചൂടുചായയുമായി
സ്വിഗിയിലെ പയ്യൻ
അവന്റെ മറ്റേ കൈയിൽ അവൾക്കുള്ള
കാപ്പിയുമുണ്ട്
പ്രാതലിന് പുട്ടും കടലയുമാകാം
സോമറ്റൊകാരൻ വിളിച്ചു പറഞ്ഞു
തിങ്കളാഴ്ച ഞാൻ ഓംലെറ്റ് കഴിക്കില്ലെന്ന്
അവർക്കു കൃത്യമായി അറിയാം
ഉച്ചക്ക് ഒന്നേകാലിന്നു ,ക്യാബിന്റ്റെ
വാതിൽ തുറന്നു വെള്ളയും കറുപ്പുമിട്ട
ഫുഡ് പാണ്ഡകാരനെത്തി
ഇന്നലെ വൈകീട് കോഴിപൊരിച്ചതു
കൊണ്ടുവരുമ്പോൾ കൂടെ തണുത്ത ഒരു സോഡയും !!
" ഇത് കോംപ്ലിമെന്ററി ആണ് ", അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
ഞായറാഴ്ച വൈകുനേരം ഞാൻ എന്ത് ചെയ്യുമെന്ന്
അവർക്കു എത്ര വ്യെക്തമായിട്ടറിയാം?
വൈകുനേരം ചിക്കൻ കഴിച്ചത് കൊണ്ട്
രാത്രി " ലൈറ്റ്" ആയിട്ടു മതിയെന്ന്
നിർദ്ദേശിച്ചതും അവർ തന്നെ.
ഇന്ന്, അത്താഴവും കാത്തിരിക്കുമ്പോൾ
അടുക്കളയിൽ നിന്നും കടുക് വറുത്ത മണം
കൊതിയേറും മുമ്പേ, മകനോട് പറഞ്ഞു
" മോനെ , അച്ഛമ്മയ്ക്കും സ്വിഗ്ഗിയുടെ നമ്പർ കൊടുക്കൂ"

രാജേഷ് ആത്രശ്ശേരി

Monday, June 24, 2019

ഖസാഖ്


ഖസാഖ്

ഒരു ബസ്സിറക്കത്തിനും കാത്തുകിടപ്പിനുമിടയിൽ
ഇതിഹാസം ഇതൾ വിരിയിക്കുന്നു

തെറ്റിച്ചുറ്റിയ കാവിക്കച്ചയുടുത്തു ചെന്നുകയറിയതു
ജന്മിയുടെ, വിത്തൊഴിഞ്ഞ ഞാറ്റുപുരയിൽ
അക്ഷരത്തിന്റെ കറ്റ മെതിച്ചു അറിവിന്റെ വിളവെടുക്കാൻ
ആകാംക്ഷയെക്കാൾ, ജിജ്ഞയാസയേക്കാൾ
ദൈന്യവും , ദുഖവും മിഴിനിറച്ച കുട്ടികൾക്ക് മുകളിൽ
നിത്യവും ഉദിക്കാൻ ഒരേകാധ്യാപകൻ
കഥകേൾക്കാൻ, ഓന്തിനെയും ക്ലാസ്സിലേക്ക്
കൂട്ടികൊണ്ടുവന്ന നിറം മാറാത്ത ബാല്യം
പേനിന്റെ  "ആത്മാവെവിടെ "എന്ന കൗതുകം
ബോർഡിൽ ദിനോസറിനെ  കണ്ട അത്ഭുതം
"O " കരം മാത്രം കൊത്തിയെടുക്കുന്ന അപ്പുക്കിളി
മിഴിനീരിൽ സുറുമ പരന്ന കണ്ണുകൾ

കുട്ടികൾ കഥകേൾകാൻ പോയപ്പോൾ
പുള്ളിക്കൊമ്പിൽ നിന്നും അടർന്നു വീണ ഉറുമ്പുകൾ
പതിവ്രതകളേ തേടിയലയുമ്പോൾ,
തീർത്തും ഒറ്റപ്പെട്ട സ്ത്രീകൾ മറുപറമ്പിലൂടെ
പലവഴി നടന്നു, പലതായി മാറി
രാജാവിന്റെപള്ളി തണുവിലെ   രതി
ചോറുവെച്ചു പകുത്തെടുത്ത പാപം
യവനകഥയെ ഓർമിപ്പിക്കുന്ന തെറ്റിന്റെ ഉന്മാദം
സ്വന്തം അച്ഛൻ കൂട്ടികൊടുത്തതിന്റെ ഭാരം
പല ഗവേഷണങ്ങൾ നടത്തി തിരിച്ചെത്തി,
വഴിതെറ്റുന്ന  തോണിക്കു നങ്കൂരമിടാൻ
തന്റെ പദ്മദളം വിടർത്തികൊടുക്കുന്ന പ്രണയം

പൗരുഷം തൊട്ടുതീണ്ടിയിട്ടില്ലാത്ത പുരുഷാരം
പ്രതാപമസ്തമിച്ച ജന്മിത്തം
ഒന്നും തുന്നിച്ചേർക്കാനാവാത്ത തുന്നൽക്കാരൻ
ആസക്തി കണ്ണ് കുത്തിപ്പൊട്ടിച്ച ഇരുട്ട്
കാലിലെ വ്രണം നൊന്തു പതറിയ പഥികൻ
ചെങ്കൊടിയിൽ നിന്നും ജിനിന്നെ ആവാഹിച്ച മാന്ത്രികൻ

അഭയമില്ലാത്ത തുരുത്തിൽ  പന കാറ്റു  വീശി
ചെതലിയുടെ താഴ്വരം ശാപമേറ്റ പോലെ കറുത്തു

വെയിലുപോലെ തെളിഞ്ഞ ചാരായതിന്റെ  ചതിയിൽ
ഒറ്റപെട്ടു പോയ ദൈവം
കൈതകാടിനപ്പുറം ഇളകിയൊഴിഞ്ഞ പരിഹാസം
മന്ത്രമായും, മന്ത്രച്ചരടായും , ചന്ദനത്തിരിയായും
ഒഴുകി നടക്കുന്ന ലൗകികത

എന്നിട്ടും കളിച്ചു തീരാത്ത ജീവന്റെ നാടകം
കൈത്തണ്ടയിൽ കുംകുമ കുറിയായി ഒറ്റി വീണ ജീവന്റെ തുടിപ്പ്
സന്ധ്യക്ക്‌ , അനുജത്തി മറന്നു പോയ ചെമ്പകത്തിന്റെ വിരഹം
വിരൽത്തുമ്പിൽ നിന്നും, ഒരു എട്ടുഅണ വട്ടത്തിൽ പടരുന്ന അർബുദം
സ്വർഗത്തിൽ നിന്നും കരിക്കിൻ തുണ്ടു ഉതിർന്നപോലെ അച്ഛന്റ്റെ മരണം

കഥയ്ക്കും ജീവിതതിനുമിടയിൽ എവിടെയോ
വഴിപിഴച്ച അധ്യാപകൻ ഒറ്റക്കു ആവുന്നു

എന്നാൽ ഒടുവിൽ,
"  ദുരൂഹമായ സ്ഥലരാശി തേടി"
കാലത്തിന്റെ ഗംഗാതടത്തിലേക്കുള്ള
മടക്കയാത്രയിൽ അവൻ ഒറ്റക്കായിരുന്നില്ല
കനിവ് പോലെ പെയ്തിറങ്ങിയ മഴ കൂട്ടുണ്ടായിരുന്നു

തിരികെ പോരാൻ സമയമായി എന്ന
കല്പന സ്വീകരിക്കാൻ
അവൻ പെരുവിരൽ നീട്ടി കൊടുത്തു
ആഴത്തിൽ രണ്ടു മുദ്ര പതിപ്പിച്ചു
ആയിരം ഫണം താഴ്ത്തി
ദൈവദൂതൻ തിരിച്ചു പോയി

ഇവിടേക്കിറക്കിവെച്ച ബസ്സ്
തിരികെവരാൻ അവൻ കാത്തു കിടന്നു


രാജേഷ് ആത്രശ്ശേരി