Monday, June 24, 2019

ഖസാഖ്


ഖസാഖ്

ഒരു ബസ്സിറക്കത്തിനും കാത്തുകിടപ്പിനുമിടയിൽ
ഇതിഹാസം ഇതൾ വിരിയിക്കുന്നു

തെറ്റിച്ചുറ്റിയ കാവിക്കച്ചയുടുത്തു ചെന്നുകയറിയതു
ജന്മിയുടെ, വിത്തൊഴിഞ്ഞ ഞാറ്റുപുരയിൽ
അക്ഷരത്തിന്റെ കറ്റ മെതിച്ചു അറിവിന്റെ വിളവെടുക്കാൻ
ആകാംക്ഷയെക്കാൾ, ജിജ്ഞയാസയേക്കാൾ
ദൈന്യവും , ദുഖവും മിഴിനിറച്ച കുട്ടികൾക്ക് മുകളിൽ
നിത്യവും ഉദിക്കാൻ ഒരേകാധ്യാപകൻ
കഥകേൾക്കാൻ, ഓന്തിനെയും ക്ലാസ്സിലേക്ക്
കൂട്ടികൊണ്ടുവന്ന നിറം മാറാത്ത ബാല്യം
പേനിന്റെ  "ആത്മാവെവിടെ "എന്ന കൗതുകം
ബോർഡിൽ ദിനോസറിനെ  കണ്ട അത്ഭുതം
"O " കരം മാത്രം കൊത്തിയെടുക്കുന്ന അപ്പുക്കിളി
മിഴിനീരിൽ സുറുമ പരന്ന കണ്ണുകൾ

കുട്ടികൾ കഥകേൾകാൻ പോയപ്പോൾ
പുള്ളിക്കൊമ്പിൽ നിന്നും അടർന്നു വീണ ഉറുമ്പുകൾ
പതിവ്രതകളേ തേടിയലയുമ്പോൾ,
തീർത്തും ഒറ്റപ്പെട്ട സ്ത്രീകൾ മറുപറമ്പിലൂടെ
പലവഴി നടന്നു, പലതായി മാറി
രാജാവിന്റെപള്ളി തണുവിലെ   രതി
ചോറുവെച്ചു പകുത്തെടുത്ത പാപം
യവനകഥയെ ഓർമിപ്പിക്കുന്ന തെറ്റിന്റെ ഉന്മാദം
സ്വന്തം അച്ഛൻ കൂട്ടികൊടുത്തതിന്റെ ഭാരം
പല ഗവേഷണങ്ങൾ നടത്തി തിരിച്ചെത്തി,
വഴിതെറ്റുന്ന  തോണിക്കു നങ്കൂരമിടാൻ
തന്റെ പദ്മദളം വിടർത്തികൊടുക്കുന്ന പ്രണയം

പൗരുഷം തൊട്ടുതീണ്ടിയിട്ടില്ലാത്ത പുരുഷാരം
പ്രതാപമസ്തമിച്ച ജന്മിത്തം
ഒന്നും തുന്നിച്ചേർക്കാനാവാത്ത തുന്നൽക്കാരൻ
ആസക്തി കണ്ണ് കുത്തിപ്പൊട്ടിച്ച ഇരുട്ട്
കാലിലെ വ്രണം നൊന്തു പതറിയ പഥികൻ
ചെങ്കൊടിയിൽ നിന്നും ജിനിന്നെ ആവാഹിച്ച മാന്ത്രികൻ

അഭയമില്ലാത്ത തുരുത്തിൽ  പന കാറ്റു  വീശി
ചെതലിയുടെ താഴ്വരം ശാപമേറ്റ പോലെ കറുത്തു

വെയിലുപോലെ തെളിഞ്ഞ ചാരായതിന്റെ  ചതിയിൽ
ഒറ്റപെട്ടു പോയ ദൈവം
കൈതകാടിനപ്പുറം ഇളകിയൊഴിഞ്ഞ പരിഹാസം
മന്ത്രമായും, മന്ത്രച്ചരടായും , ചന്ദനത്തിരിയായും
ഒഴുകി നടക്കുന്ന ലൗകികത

എന്നിട്ടും കളിച്ചു തീരാത്ത ജീവന്റെ നാടകം
കൈത്തണ്ടയിൽ കുംകുമ കുറിയായി ഒറ്റി വീണ ജീവന്റെ തുടിപ്പ്
സന്ധ്യക്ക്‌ , അനുജത്തി മറന്നു പോയ ചെമ്പകത്തിന്റെ വിരഹം
വിരൽത്തുമ്പിൽ നിന്നും, ഒരു എട്ടുഅണ വട്ടത്തിൽ പടരുന്ന അർബുദം
സ്വർഗത്തിൽ നിന്നും കരിക്കിൻ തുണ്ടു ഉതിർന്നപോലെ അച്ഛന്റ്റെ മരണം

കഥയ്ക്കും ജീവിതതിനുമിടയിൽ എവിടെയോ
വഴിപിഴച്ച അധ്യാപകൻ ഒറ്റക്കു ആവുന്നു

എന്നാൽ ഒടുവിൽ,
"  ദുരൂഹമായ സ്ഥലരാശി തേടി"
കാലത്തിന്റെ ഗംഗാതടത്തിലേക്കുള്ള
മടക്കയാത്രയിൽ അവൻ ഒറ്റക്കായിരുന്നില്ല
കനിവ് പോലെ പെയ്തിറങ്ങിയ മഴ കൂട്ടുണ്ടായിരുന്നു

തിരികെ പോരാൻ സമയമായി എന്ന
കല്പന സ്വീകരിക്കാൻ
അവൻ പെരുവിരൽ നീട്ടി കൊടുത്തു
ആഴത്തിൽ രണ്ടു മുദ്ര പതിപ്പിച്ചു
ആയിരം ഫണം താഴ്ത്തി
ദൈവദൂതൻ തിരിച്ചു പോയി

ഇവിടേക്കിറക്കിവെച്ച ബസ്സ്
തിരികെവരാൻ അവൻ കാത്തു കിടന്നു


രാജേഷ് ആത്രശ്ശേരി

Friday, February 22, 2019

മുറ്റമടി


മുറ്റമടി



നഗരത്തിൽ ജീവിച്ചു ജീർണിക്കുമ്പോൾ
തിരികെ വരണം
ടാറിട്ട റോഡവസാനിക്കുനതിന്നുമപ്പുറം
ഊടുവഴികൾ കടന്നു, ചുറ്റിലും
മരങ്ങൾ നിറഞ്ഞ പറമ്പിൽ വീട് വെക്കണം
നിത്യവും രാവിലെ വീടിന്റെ മിഴികൾ തുറന്നു
നഗ്നപാദനായി , പുറത്തിറങ്ങി മുറ്റമടിക്കണം
മുറ്റം വൃത്തിയായ വീടെന്നും നിറഞ്ഞിരിക്കും
കയറിവരുന്നവരുടെ കാൽപാടെന്നും തെളിഞ്ഞിരിക്കും
 മുറ്റമടിക്കുക എളുപ്പമല്ല
എന്നുമുണരുമ്പോൾ മുറ്റമാകെ വ്യസനങ്ങളും ,വേദനയും,
വെറുപ്പും, ഭയവും, ഒരൽപം സ്വപ്നവും ചിതറികിടക്കും
മുറ്റംനിറഞ്ഞുനിന്ന ചെടികളിൽ നിന്നുമടർന്നു വീണവ
അതിരുകൾ അതിക്രമിച്ചു കയറി വെടിയുതിർത്തവ
കാറ്റിന്റെ കൈയിൽ തൂങ്ങി വന്നവ
മറ്റാരോ വന്നു കുത്തി നിറച്ചവ
ഇര തേടിയാരോചിക്കിചികഞ്ഞവ
ഒരിളം തെന്നലിൽ  മറ്റിടങ്ങളില്ലേക്ക്പടരുന്നവ
എത്രയടിച്ചു കളഞ്ഞാലും ബാക്കിയാവുന്നവ

ചവറു വീഴാതിരിക്കാൻ മുറ്റം വലകൊണ്ടു മൂടാതെ നോക്കണം
ചുറ്റുമുള്ള മരങ്ങളും , കൊമ്പുകളും വെട്ടിമാറ്റാതെ കാക്കണം
ഇല കൊഴിയുന്ന മുറ്റത്തെ തണലുണ്ടാവൂ
മുറ്റമടി എളുപ്പമാക്കാൻ ചുറ്റും കരിങ്കല്ല് പാകത്തെ നിർത്തണം
വേരോടുന്ന മുറ്റത്തിനെ ആഴമുണ്ടാവൂ
മുറ്റമടികാൻ മറ്റൊരാളെ നിയോഗിക്കരുത്
കടമെടുത്ത ചൂലുകൾക്കു മുറ്റത്തിന്റെ
ഹൃദയഭാരത്തിന്റെ തുടിപ്പറിയില്ല
സ്വന്തം കൈകൊണ്ടുഴിഞ്ഞ ചൂലിനെ
സ്വന്തം മുറ്റത്തിന്റെ സ്പന്ദനമറിയൂ

നിത്യവും മുറ്റമടിക്കണം
മുറ്റമടിക്കുന്നതിനു മുമ്പ് കുളിച്ചീറനണിയണം
തുളസിത്തറയിൽ ഒരു തിരി കൊളുത്തണം
ഒരരികിൽ നിന്നും തുടങ്ങണം
ശാന്തനായ്, സൗമ്യനായ്‌, ധ്യാനനിരതനായ്
എല്ലാ ചവറുകളും അടിച്ചു നീക്കണം
അടിച്ചു കൂട്ടിയവയിൽ ചിലതു
കുപ്പയിലേക്കു തള്ളണം, ചിലതു
മറ്റൊന്നിനു വളമാകണം വല്ലാതെ,  പഴുത്തത്
കതിച്ചുചാമ്പലാകണം,കനൽ പടരാതെ നോക്കണം
ചവറുകൾക്കടിയിൽ പതിയിരിക്കുന്ന വിഷജന്തുക്കളെ തുരത്തണം
മനസിന്റെ മാളങ്ങളെലാം ശൂന്യമാകണം
ചൂലടിപ്പാടിന്റ്റെ ചെറിയ നീറ്റലിൽ മനം തെളിയണം
ചപ്പുകൾക്കിടയിൽ , അറിയാതെ കൊഴിഞ്ഞ
പൂക്കളെയെടുത്തു മാറ്റണം
എല്ലാം നീക്കിക്കഴിയുമ്പോൾ ഹൃദയകമലം വിരിയണം

നിത്യവും മുറ്റമടിക്കണം
ഓരോ ഉറക്കവും
ഉണർന്നു
മുറ്റമടികാനുള്ളതാവണം

രാജേഷ് ആത്രശ്ശേരി

Wednesday, February 6, 2019

മറവി


മറവി
അങ്ങിനെ ഇരിക്കെയൊരു ദിവസമാണ് അമ്മമ്മക്ക് മറവി തുടങ്ങിയത്
എവിടെ  കിടന്നെന്നും ,എന്തിന്നു ഉണർന്നെന്നുംമറിയാതെ ആണതിൻ തുടക്കം.
ഉണർന്നെഴുന്നേറ്റപ്പോൾ അമ്മമ വടക്കുപുറത്തു ചെന്ന്
ഉമ്മികരിയെവിടെയെന്നു ചോദിച്ചു
ഉമ്മിക്കരിയെന്തെന്നറിയാത്ത മരുമകൾ പൽപൊടിയെടുത്തു കൊടുത്തു
പൽ പൊടിയുമായി പറമ്പിലേക്കിറങ്ങിയ അമ്മമ്മക് വഴി തെറ്റി
അപ്പുറത്തെ ഷാരത്തെത്തി
തിരികെ കൊണ്ടുവരുമ്പോൾ അമ്മമ വ്യസനത്തോടെ  പറഞ്ഞു
" ഷാരത്തെ കുളത്തിൽ തുള്ളിയും   വെള്ളമില്ല"
അമ്മമ്മയുടെ ഉൾക്കുളത്തിൽ നിന്നും വെള്ളം വറ്റി തുടങ്ങിയിരുന്നു
വെള്ളം വറ്റിയ മനസ്സ് മറവിക്കും ഓർമക്കുമിടയിൽ ഊഞ്ഞാലാടി
പ്രാതലിന് , പ്ലേറ്റിൽ ദോശക്കു മുകളിൽ ചട്ടിണി ഒഴിച്ച്
അമ്മമ എന്തോ ഓർത്തിരുന്നു
കരിഞ്ഞ ഓർമകളുടെ ദുസ്വാദ് തികട്ടി വന്നു
പ്രാതലിന് ശേഷം മുത്തശ്ശനെ വിളിച്ചു കല്പിച്ചു'
" കാട്ടിലേക്കയച്ച രാമനോട് തിരികെ വരാൻ പറയു"
അത് കേട്ട് വീട്ടിൽ തന്നെ താമസിക്കുന്ന മൂത്ത മകൻ വിഷണ്ണനായി
" ഒകെ അഭിനയമാണ് . ഏട്ടൻ ഇതൊന്നും കണ്ടു പരിഭ്രമിക്കണ്ട"
മരുമകൾ ധൈര്യം കൊടുത്തു.
വിവരമറിഞ്ഞു പഞ്ച കന്യകമാരിൽ രണ്ടാമത്തവൾ ഓടിയെത്തി
അവളെ ചേർത്ത് നിർത്തി അമ്മമ ചോദിച്ചു:
" അഞ്ചു കശ്മലന്മാരും കൂടെ നിന്നെ വല്ലാതെ ദ്രോഹിക്കുന്നുണ്ടോ?
അമ്മയുടെ മറവിയുടെ ആഴം കണ്ടു മകൾ അനൗചിത്യത്തോടെ
ഉറക്കെ നിലവിളിച്ചു
ഏത്തഞ്ചു പേരെന്നോർത്തു, തനിക്കു തരാമെന്നു
പറഞ്ഞ കല്ലുമാല നാത്തൂൻ അടിച്ചുമാറ്റുമോ എന്ന ഭയത്തിൽ
അലമാര തപ്പാൻ  അകത്തേക്ക് പോയി.
കുളിക്കാൻ മറന്നു, നെറുകയിൽ തേച്ച എണ്ണ
കിനിഞ്ഞിറങ്ങി  കണ്ണുമൂടിയപ്പോളാണ്
മുടന്തി മുടന്തിയാണെകിലും, പെങ്ങളെ കാണാൻ അമ്മാമനെത്തിയത്
വാക്കിൽആവോളും മധുരം നിറച്ചു അമ്മാമൻ ചോദിച്ചു
" ഓപ്പോൾക്കു എന്ത് പറ്റി"?
ഓപ്പോൾ വിളിയുടെ മന്ത്രച്ചരട് എവിടെയോ ഉടക്കി
ഓർമകളുടെ പകിട തിരിഞ്ഞു നിശ്ചലമായി
അമ്മാമന്റെ കണ്ണിലേക്കു നിസ്സംഗമായി നോക്കി അമ്മമ ചോദിച്ചു:
" കുരുക്ഷേത്രം കഴിഞ്ഞോ? കർണ്ണൻ അസ്തമിച്ചോ?
പതുകെ വന്നു മൂടുന്ന മറവിയിൽ അമ്മമ ഓർമകളുടെ ആഴങ്ങളിലേകിറങ്ങി
കഷായം കുടിക്കാൻ മറന്നിരിക്കുമ്പോളാണ്
വയ്യെങ്കിലും , നണ്ണ്യേമ്മ വടിയും കുത്തിയെത്തിയത്
" തംബ്രാട്യേ" എന്ന് വിളിച്ചു അമ്മമ്മയുടെ കൈകൾ കൂട്ടി പിടിച്ചു
സപർശം മറവിയെ  തുളച്ചു ഓര്മകളില് തലോടി
" നാണ്ണിയെ, അമ്മിണിപ്പയു പെറ്റുവോ ?"
ചോദിക്കുമ്പോൾ കണ്ണിമ നനഞ്ഞു
അമ്മിണിപ്പയിന്നെ ഓർത്തെടുക്കാൻ നാണിയമ്മക്ക്  ഒരു നിമിഷമെടുത്തു
ചോദ്യത്തിന്റെ പൊരുളറിഞ്ഞപ്പോൾ ,തൊണ്ടയിടറി പറഞ്ഞു
" പെറ്റു, നല്ലൊരു മൂരികുട്ടൻ"
അമ്മമ ചിരിച്ചു. ചിരിയിൽ പാൽ പതഞ്ഞുയർന്നു .
വൈകുന്നേരം കൊടുത്ത കാപ്പി ഉമ്മറത്തിണ്ണയിലിരുന്നു
തണുത്തു, പാടകെട്ടി
പാടകെട്ടിയ  ഓർമകളിൽ അമ്മാമയെന്തോ തപ്പി
കാപ്പിക്കൊപ്പം കൊടുത്ത ചക്കയുടെ ചുള ദൂരെയെറിഞ്ഞു
വിറയ്ക്കുന്ന കൈക്കുള്ളിൽ കുരു മുറുക്കെ പിടിച്ചു
പറമ്പിലേക്കിറങ്ങി , കൈകൊണ്ടു കുഴികുത്തി
കുഴിയിൽ കുരുവിട്ടു മൂടി
മറവിയുടെ ആഴങ്ങളിൽ വരും കാലത്തേക്കൊരു വിത്ത് നട്ടു
സന്ധ്യക്ക്‌, കൊളുത്താത്ത നിലവിളക്കിനു മുന്നിലിരുന്നു
" മരം , മരം" എന്ന് ജപിച്ചു
മറവിയും, ഓർമയും ആകാശത്തിന്റെ സീമന്ത രേഖയിൽ
കുക്കുംമവർണമായി പടർന്നലിഞ്ഞു

രാത്രി , എല്ലാവരുംഉറങ്ങിയപ്പോൾ
കത്തിച്ച നിലവിളക്കു ,കൈകൊണ്ടു മൂടി,
കാറ്റിൽ കെടാതെ
അമ്മമ എല്ലാവർക്കും ഇടയിലൂടെ നടന്നു
ദുസ്വപ്നം കണ്ടു ഞെട്ടിയുണർന്നവരെ പുറത്തു തട്ടിയുറക്കി
തണുക്കാതിരിക്കാൻ പുതപ്പിച്ചു
കുട്ടികളെയുറക്കാൻ, ഓർമകളിൽ മുങ്ങിത്തപ്പി
ഒടുക്കത്തെ ഒരു കഥ പറഞ്ഞു
പിന്നെ,
ഒട്ടും മറക്കാതെ , വിളക്കെടുത്തു വാതിൽ പടി കടന്നു
ആകാശത്തു കാത്തു നിന്ന നക്ഷത്രം
വിളക്കിന്റെ തെളിഞ്ഞ ജ്യോതിസിന്നെ
തന്റെ നെഞ്ചോടു ചേർത്തു

അമ്മമ ഉമ്മറത്തിറക്കിവെച്ച മറവി
ഞങ്ങൾ പങ്കിട്ടെടുത്തു
ഞങ്ങൾ അമ്മമ്മയെ മറന്നു

രാജേഷ് ആത്രശ്ശേരി

Monday, January 21, 2019

തേച്ചു


തേച്ചു

കഴിഞ്ഞാഴ്ച മകന് വല്ലാത്ത വിഷാദം
എല്ലാത്തിനോടും താത്പര്യ കുറവ്
സ്വതവേ സംസാരിക്കാനുള്ള മടി വർധിച്ചു

ഒരച്ഛന്റെ ഉത്തവാദിത്തത്തോടെ ഞാൻ
എന്ത് പറ്റി എന്ന് ചോദിച്ചു
താത്പര്യമില്ലെങ്കിലും  രണ്ടു ദിവസം കഴിഞ്ഞപ്പോൾ
അവൻ മെസ്സേജ് ഇട്ടു
" അവളെന്നെ തേച്ചിട്ടു പോയി"
പുതിയ ഭാഷയുടെ അർത്ഥവ്യാകരണമറിയാതെ ഞാൻ പരുങ്ങി
തേച്ചതിന്റെ പഴയ സമവാക്യങ്ങളില്ലേക് ഞാൻ തിരിച്ചു ചെന്നു

വെറുതെ ചെത്തി തേച്ച വീട്ടിലാണ്
ഞാനും അവളും ജീവിതം തുടങ്ങിയത്
എന്നിട്ടും അവൾ ജീവിതത്തിന്റെ ഓരോ
മുക്കും , മൂലയും എന്നും തേച്ചു മിനുക്കി വെച്ചു
തേച്ചു കഴുകിയ പാത്രത്തിൽ കഞ്ഞി വിളമ്പി
യാത്രകൾക്കു അലക്കി തേച്ച വസ്ത്രങ്ങൾ ഒരുക്കി തന്നു
കൂടെ കിടക്കുമ്പോൾ എന്നും കാച്ചിയ വെളിച്ചെണ്ണ തേച്ചു
ഏതു ആകുലതയിലും കുളിരായതു അവൾ
നെറ്റിയിൽ തേച്ച ചന്ദനമായിരുന്നു

തേപ്പിന്റെ  പുതിയ ഭാഷ എന്നെ അമ്പരപ്പിച്ചു
അവന്റെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയാതെ ഞാൻ
ഏതച്ഛനും ചെയുന്ന പോലെ
ഒരു തത്വജ്ഞാനം  അവന്നുമായി  പങ്കുവെച്ചു
തേഞ്ഞു തുടങ്ങിയ അക്ഷരങ്ങളുടെ കട്ടകൾ
ഓരോന്നായി , വിരലുകൾ കൊണ്ട് ഞെക്കിയമർത്തി എഴുതി
" തേഞ്ഞു, തേഞ്ഞു ഇല്ലാതാവുന്നതാണ് ജീവിതം"

ഞാൻ എഴുതിയതിന്റെ പൊരുൾ എനിക്ക് തന്നെ
 മനസ്സിലായില്ല

ഇടതുകൈയിന്റെ പെരുവിരൽ
ഉയർത്തിപ്പിടിച്ച ചിന്ഹമിട്ടു
അവൻ മറുപടി തന്നു.

രാജേഷ് ആത്രശ്ശേരി