ബുദ്ധഭിക്ഷുക്കളായ
കാക്കയും, പൂച്ചകളും
സുഹൃത്ത് വരുന്നതും കാത്തു റോഡരികിൽ നിൽക്കുകയായിരുന്നു. അങ്ങിനെ നില്കുമ്പോഴൊക്കെ പൊതുവെ ചെയ്യാറുള്ളത് മൊബൈൽ ഓൺ ആക്കുകയാണ് . മൊബൈൽ ഇല്ലാതെ കുറച്ചുനേരം ചിലവഴിക്കുക ഓർക്കാൻ പോലും കഴിയില്ല. അതുകൊണ്ടു തന്നെ ജീവിതത്തിലെ പല നല്ല കാഴ്ചകളും നഷ്ടമാവുന്നുണ്ട് എന്ന് അറിയാതെയല്ല. എങ്കിലും കൈയറിയാതെ മൊബൈലിലേക്ക് നീളുന്നു.
പാർക്കിൽ നിന്നും വളർന്നു വന്ന മരത്തിന്റെ തണലിൽ നിന്നു . പാർക്കിന്റെ മതിലിന്റെ ഒരു ഭാഗം ലോട്ടറി വിൽപ്പനക്കാരൻ തന്റെ കടയാക്കി മാറ്റിയിരിക്കുന്നു. മതിലിനോട് ചേർത്ത് തൂക്കിയിട്ടിരിക്കുന്ന വലിയ ബോർഡ് നിറയെ ലോട്ടറി ടിക്കറ്റുകളാണ്. ചുറ്റും ഭാഗ്യം പരീക്ഷിക്കാൻ പലരുമുണ്ട്.
മൊബൈൽ മാറ്റി വെക്കുമ്പോൾ ചുറ്റും കുറെ കാഴ്ചകൾ. റോഡിൽ തിരക്ക് കുറവാണ്. എവിടെയും കോവിഡ് ഭയമാണ്. നോക്കി നിൽക്കുമ്പോൾ ദൂരെ നിന്നും ഒരു വയസ്സൻ പഴയൊരു സ്കൂട്ടറിൽ വരുന്നത് കണ്ടു. സാധാരണ സമയമാണെങ്കിൽ വീട്ടിൽ പേരക്കുട്ടിയുടെ കൂടെ ഇരുന്നു കളിക്കേണ്ട ആളാണ് . കോവിഡ് കാരണം വീട്ടിലേക്കു തനിക്കു പറ്റുന്ന സഹായം ചെയ്യാം എന്ന് കരുതി ഇറങ്ങിയതാവും. അയാൾ സ്കൂട്ടർ മരത്തിന്റെ തണലിൽ നിർത്തി. കോവിഡ് ഒരു കുടുംബത്തിൽ മുഴവൻ വരുത്തി വെച്ച ദുരിതം അയാളുടെ മുഖത്ത് കാണാനുണ്ട്. സ്കൂട്ടറിന്റെ പിന്നിൽ പ്ലാസ്റ്റിക്കിന്റെ മീൻകൊട്ട . കച്ചവടം കഴിഞ്ഞു തിരിച്ചു വരുന്ന വഴിയാകും. മരത്തണലിൽ നിന്നെങ്കിലും അയാൾ ലോട്ടറിക്കാരനെ നോക്കുക പോലും ചെയ്തില്ല. അപ്രതീക്ഷിതമായ ഭാഗ്യത്തെക്കാൾ കൂടുതൽ കഠിനാധ്വാനത്തെയാണ് അയാൾ വിശ്വസിക്കുന്നത് എന്ന് തോന്നി .
പെട്ടെന്നു , എവിടെനിന്നെന്നറിയാതെ രണ്ടു കറുത്ത പൂച്ച കുട്ടികൾ ഓടിയെത്തി. ഇവർക്കെങ്ങിനെ ഇത്ര വേഗം മണംപിടിച്ചെത്താൻ കഴിയുന്നു എന്ന് ഞാൻ അത്ഭുതപ്പെട്ടു. മൃഗങ്ങളെ മനുഷ്യനിൽ നിന്നും വ്യത്യസ്തരാക്കുന്നത് ഭക്ഷണം തേടി കണ്ടുപിടിക്കാനുള്ള അവരുടെ ഈ കഴിവ് തന്നെയായിരിക്കും. പൂച്ചകൾ മീൻകാരനെ നോക്കി എന്തോ ഓർമിപ്പിക്കുന്ന പോലെ പതുക്കെ കരഞ്ഞു. പിന്നെ അയാളുടെ കാലിൽ ദേഹമുരസി സ്നേഹം പ്രകടിപ്പിച്ചു. എന്നിട്ടും അയാൾ കനിയുന്നില്ലെന്നു കണ്ടപ്പോൾ " തരൂ , തരൂ" എന്നപേക്ഷിക്കുന്ന പോലെ ദയനീയമായി വിലപിച്ചു. മീനക്കാരൻ , സ്നേഹം നിറഞ്ഞ ഒരു കള്ളചിരിച്ചിരിച്ച് , രണ്ടു മീനെടുത്ത് അവരുടെ മുന്നിലേക്ക് ഇട്ടു കൊടുത്തു. അതയാൾ അവർക്കു വേണ്ടി കരുതിയത് പോലെയുണ്ടായിരുന്നു .രണ്ടു പൂച്ചകളും, ഒരു സെക്കന്റുകൊണ്ട് മീനിനെ വായിലാക്കി അപ്രത്യക്ഷരായി . അവർ പോയി ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ മീനക്കാരൻ രണ്ടു മീനുകൾ കൂടി നിലത്തേക്കിട്ടു. അത് കണ്ടപ്പോൾ എനിക്ക് സങ്കടമായി. കിട്ടിയ മീനുംകൊണ്ട് പൂച്ചകളെന്തിന് ഓടിപ്പോയി . ഒരു നിമിഷംകൂടി കാത്തിരുന്നെങ്കിൽ അവർക്കു ഓരോ മീനുകൂടി കിട്ടുമായിരുന്നു. മാനേജ്മെന്റിലെ പല ആശയങ്ങളും എന്റെ ഉള്ളിലേക്ക് തിക്കി തിരക്കി വന്നു. പറ്റുമെങ്കിൽ , ക്ഷമയുടെ ആവശ്യത്തെക്കുറിച്ചു ഒരു ദിവസത്തെ ക്ലാസ്സ് തന്നെ അവർക്കു കൊടുക്കാൻ ഞാൻ തയ്യാറാണ്.
എന്നാൽ അവിടെ നിന്നപ്പോൾ ഞാനാണ് വലിയൊരു സത്യം പഠിച്ചത്. ആ പൂച്ചകൾക്ക് തത്കാലത്തെ വിശപ്പടക്കാൻ ആ മീനുകൾ മതി. അവർ അതുകൊണ്ടു സംതൃപ്തരാണ്. ഇനി വിശക്കുമ്പോളെ അവർ അന്നമന്വേഷിച്ചു വരൂ. ആവശ്യമുള്ളതിനേക്കാൾ കൂടുതൽ വേണമെന്ന മോഹം മനുഷ്യന് മാത്രമേയുളളൂ . അതുകൊണ്ടാണ് പൂച്ചകൾ മീനുംകൊണ്ട് പോയപ്പോൾ എനിക്ക് വിഷമം തോന്നിയത് . ലോക്ക് ഡൌൺ പ്രഖ്യാപിച്ചപ്പോൾ കടകളുടെ മുന്നിലെ ക്യൂ നമ്മൾ കണ്ടതാണല്ലോ . കഴിയുന്നത്ര വാങ്ങികൂട്ടുന്നതിലാണ് നമ്മുടെ സാമർത്ഥ്യമിരിക്കുന്നത് എന്നാണല്ലോ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. ബുദ്ധമതത്തിന്റെ അടിസ്ഥാന തത്ത്വം വേണ്ടത് മാത്രം ജീവിതത്തിൽ ആഗ്രഹിക്കുക, നേടുകയെന്നാണത്രെ . ബുദ്ധം ശരണമെന്നു പറഞ്ഞു ഭിക്ഷയെടുക്കുമ്പോൾ , ആവശ്യമുള്ളത് കിട്ടിക്കഴിഞ്ഞാൽ അവർ ആശ്രമത്തിലേക്കു തിരിച്ചു പോകുമത്രേ. എന്നാൽ ജീവിതത്തിൽ ഇത് പാലിക്കാൻ നമുക്കു ഭയമാണ്. അങ്ങിനെ ചിന്തിച്ചിരുന്നാൽ നാം പിന്തള്ളപ്പെട്ടു പോകും. മൃഗങ്ങൾക്കതു വേഗം മനസ്സിലാവും. മനുഷ്യനോ, എത്ര മതങ്ങൾ ഉണ്ടായാലും മനസിലാകുകയുമില്ല.
ഇതൊക്കെ ഓർത്തുകൊണ്ട് നിന്നപ്പോൾ , മീനക്കാരൻ രണ്ടാമതുമിട്ട രണ്ടു മത്സ്യങ്ങളെയും രണ്ടു കാക്കകൾ മിന്നൽ വേഗത്തിൽ വന്നു കൊത്തികൊണ്ടു പോയി.ഭക്ഷണം തേടാനുള്ള പക്ഷികളുടെ അസാധാരണമായ കഴിവ് ഞാൻ രാവിലെ കൂടി കണ്ടതാണ് .തലേന്നു ബാക്കിയായ ഏതാനും ബ്രെഡിന്റെ കഷ്ണങ്ങൾ ഞാൻ മുറ്റത്തേക്കിട്ടിരുന്നു. ഏറിന്റെ ശക്തിയിൽ ചില കഷ്ണങ്ങൾ മുറ്റത്തെ വള്ളിപ്പടർപ്പിലും, ചെടികൾക്കിടയിലും, മതിലിനപ്പുറവുമൊക്കെ തെറിച്ചു വീണിരുന്നു. എങ്കിലും ഒന്നു കണ്ണടച്ചു തുറക്കുന്നതിനു മുമ്പ് തന്നെ പലതരം പക്ഷികൾ പറന്നു വന്ന് ,ഒരു തരി പോലും ബാക്കിവെയ്ക്കാതെ മുഴുവൻ കൊത്തിയെടുത്തു.
മീൻകൊത്തിയെടുത്ത ഒരു കാക്ക എവിടേക്കോ പറന്നു രക്ഷപെട്ടു . എന്നാൽ മറ്റേ കാക്കയ്ക്ക് അത്ര ഭാഗ്യമുണ്ടായില്ല.അതിനു പിന്നാലെ ഒരു കാക്കപടതന്നെ ആർത്തടുത്തു.അപ്രതീക്ഷിതമായി കിട്ടിയ അന്നവുമായി പറന്നുയരാൻ കാക്ക ശ്രമിച്ചെങ്കിലും മറ്റേ കാക്കകൾ സമ്മതിച്ചില്ല. ഒരേ വർഗ്ഗത്തിൽ പെട്ട പക്ഷിയാണ്. കൂട്ടത്തിൽ ഒരാൾക്ക് കിട്ടി, അവൻ ഭാഗ്യവാൻ , അവനെങ്കിലും കഴിക്കട്ടെയെന്നു മറ്റുള്ളവർ വിചാരിക്കില്ല. സ്വന്തം വർഗ്ഗത്തിൽ പെട്ടവനാണെങ്കിലും , എങ്ങിനെയെങ്കിലും അവനെ കൊത്തിവീഴ്ത്തി അവന്റെ വായിലുള്ളത് കൈക്കലാക്കാനാണ് ആ കാക്കക്കൂട്ടം അവന് നേരെ പാഞ്ഞടുക്കുന്നത് . മനുഷ്യന് അതൊരു പുതമയല്ലലോ?
എന്നാൽ ഉള്ളവനെ ഇല്ലാത്തവർ ആക്രമിക്കുന്നത് മനുഷ്യന് പുതുമയാകും.ഇല്ലാത്തവർ ഉള്ളവനെ ഒരിക്കൽ തോല്പിക്കുമെന്നൊക്കെ ഒരു വലിയ ചിന്തകൻ പറഞ്ഞെങ്കിലും അതൊന്നും നടന്നില്ല. മാത്രമല്ല , മനുഷ്യർക്കിടയിൽ ഉള്ളവനാണ് ശക്തൻ. അവനു കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കും. എണ്ണംകൊണ്ട് ഇല്ലാത്തവർ കൂടുത്തതലാണെങ്കിലും കാര്യമൊന്നുമില്ല. സാദ്ധ്യമായ എല്ലാ മീനുകളെയും കൊത്തിയെടുത്തു ഉള്ളവൻ ഉയരത്തിലേക്ക് പറക്കും.
കാക്കകൂട്ടത്തിൽ നിന്നും രക്ഷപ്പെടാൻ ആ കാക്ക ആവുന്നതും ശ്രമിച്ചു . അപ്പോഴാണ് അതിനു ജ്ഞാനോദയമുണ്ടായത് , മറ്റു കാക്കകളുടെ ലക്ഷ്യം താനല്ല, തന്റെ കൊക്കിലിരിക്കുന്ന ഭക്ഷണമാണ്. ബോധിതണലിലെ ബുദ്ധനെ പോലെ,ബോധമുദിച്ച കാക്ക കൊക്ക് തുറന്ന് മീനിനെ താഴേക്കിട്ടു. അത്രയേ വേണ്ടൂ , സ്വന്തം എന്ന് കരുതുന്നതൊക്കെ ഓരോന്നായി ഉപേക്ഷിക്കുക.അടുത്ത നിമിഷം കാക്കക്കൂട്ടം മീനിന്റെ പിന്നാലെയായി. ക്ഷീണിച്ച കാക്ക ഒരു മരക്കൊമ്പിലിരുന്നു . സൂക്ഷിച്ചു നോക്കിയപ്പോൾ, കൈയിൽ വന്നത് നഷ്ടപ്പെട്ടതിന്റെ ദുഖമോ, ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസമോ കാക്കയിൽ കണ്ടില്ല. ഒരു തരം നിസ്സംഗത. അല്പംമിരുന്ന ശേഷം അത് ചിറകു വിടർത്തി അടുത്ത അന്നത്തിനായി കർമനിരതയായി .
അപ്പോൾ ആ രണ്ടു പൂച്ചകൾ തിരികെ വന്നു. കിട്ടിയ ഭക്ഷണം സ്വാദോടെ കഴിച്ചതിന്റെ സന്തോഷം മുഖത്ത് തെളിഞ്ഞു കണ്ടു. വയറു നിറയെ അന്നം കിട്ടിയതിന്റെ സംതൃപ്തിയിൽ, അടുത്ത അന്നത്തിനായി ശരീരം ചോദിക്കുന്നത് വരെ അവർ ഇളംവെയില്കൊണ്ടു കിടന്നു. സുഹൃത്തിന്റെ കാറിൽ കയറി ഞാൻ തിരിഞ്ഞു നോക്കി . തലമുണ്ഡനം ചെയ്ത രണ്ടു ബുദ്ധഭിക്ഷുക്കളെ പോലെ അവർ ധ്യാനനിരതരായി .
ഒരല്പ നേരം മൊബൈൽ മാറ്റിവെച്ചു കണ്ണ് തുറന്നു നോക്കിയാൽ എത്ര ആഴമുള്ള കാഴ്ചകളാണ് ജീവിതം നമുക്കു കാട്ടിത്തരുന്നത്.