തേച്ചു
കഴിഞ്ഞാഴ്ച മകന് വല്ലാത്ത വിഷാദം
എല്ലാത്തിനോടും താത്പര്യ കുറവ്
സ്വതവേ സംസാരിക്കാനുള്ള മടി വർധിച്ചു
ഒരച്ഛന്റെ ഉത്തവാദിത്തത്തോടെ ഞാൻ
എന്ത് പറ്റി എന്ന് ചോദിച്ചു
താത്പര്യമില്ലെങ്കിലും രണ്ടു ദിവസം കഴിഞ്ഞപ്പോൾ
അവൻ മെസ്സേജ് ഇട്ടു
" അവളെന്നെ തേച്ചിട്ടു പോയി"
പുതിയ ഭാഷയുടെ അർത്ഥവ്യാകരണമറിയാതെ ഞാൻ പരുങ്ങി
തേച്ചതിന്റെ പഴയ സമവാക്യങ്ങളില്ലേക് ഞാൻ തിരിച്ചു ചെന്നു
വെറുതെ ചെത്തി തേച്ച വീട്ടിലാണ്
ഞാനും അവളും ജീവിതം തുടങ്ങിയത്
എന്നിട്ടും അവൾ ജീവിതത്തിന്റെ ഓരോ
മുക്കും , മൂലയും എന്നും തേച്ചു മിനുക്കി വെച്ചു
തേച്ചു കഴുകിയ പാത്രത്തിൽ കഞ്ഞി വിളമ്പി
യാത്രകൾക്കു അലക്കി തേച്ച വസ്ത്രങ്ങൾ ഒരുക്കി തന്നു
കൂടെ കിടക്കുമ്പോൾ എന്നും കാച്ചിയ വെളിച്ചെണ്ണ തേച്ചു
ഏതു ആകുലതയിലും കുളിരായതു അവൾ
നെറ്റിയിൽ തേച്ച ചന്ദനമായിരുന്നു
തേപ്പിന്റെ പുതിയ ഭാഷ എന്നെ അമ്പരപ്പിച്ചു
അവന്റെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയാതെ ഞാൻ
ഏതച്ഛനും ചെയുന്ന പോലെ
ഒരു തത്വജ്ഞാനം അവന്നുമായി പങ്കുവെച്ചു
തേഞ്ഞു തുടങ്ങിയ അക്ഷരങ്ങളുടെ കട്ടകൾ
ഓരോന്നായി , വിരലുകൾ കൊണ്ട് ഞെക്കിയമർത്തി എഴുതി
" തേഞ്ഞു, തേഞ്ഞു ഇല്ലാതാവുന്നതാണ് ജീവിതം"
ഞാൻ എഴുതിയതിന്റെ പൊരുൾ എനിക്ക് തന്നെ
മനസ്സിലായില്ല
ഇടതുകൈയിന്റെ പെരുവിരൽ
ഉയർത്തിപ്പിടിച്ച ചിന്ഹമിട്ടു
അവൻ മറുപടി തന്നു.
രാജേഷ് ആത്രശ്ശേരി